Image

മാതാപിതാക്കളെ ഒന്നു ശ്രദ്ധിക്കു, ഇവരുടെ നൊമ്പരങ്ങൾ (ഗിരിജ ഉദയൻ മുന്നൂർക്കോട്)

Published on 26 September, 2021
മാതാപിതാക്കളെ ഒന്നു ശ്രദ്ധിക്കു, ഇവരുടെ നൊമ്പരങ്ങൾ (ഗിരിജ ഉദയൻ മുന്നൂർക്കോട്)
ഫൂലന്‍ ദേവി: പൂവിനെ ഒർമ്മിപ്പിക്കുന്ന പേരില്‍ അഗ്നിയുടെ കരുത്ത് ഒളിപ്പിച്ച സ്ത്രീ. ചമ്പൽ കാടിനെ വിറപ്പിച്ച ആ പെണ്‍കരുത്തു ലോകത്തിന്റെ മനസ്സില്‍‍ ഇടം നേടിയത് വില്ലത്തി എന്ന പേരിലല്ല. ക്രൂരമായ മാനഭംഗത്തിനു ഇരയായ ഫൂലന്‍ ദേവി എന്ന സ്ത്രീ ദുഷ്ട സമൂഹത്തിനോട് പ്രതികാരം ചെയ്തത് കൊള്ളക്കാരിയുടെ വേഷമണിഞ്ഞായിരുന്നു. അതേ....ആ കൊള്ളക്കാരിയെ ആരാധനയോടെയാണ് പിന്നീട് ലോകം നോക്കി കണ്ടത്. ചവിട്ടിയരക്കപെട്ട സ്ത്രീത്വത്തിന്റെി പ്രതീകമായി ഫൂലന്‍ ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്നു.
 
ഇതു പഴയ കഥ, ഫൂലന്‍ ദേവിയെപ്പോലെ പിന്നീട് നാം ആരേയും കണ്ടിട്ടില്ല. ഇത് ഓർമ്മിപ്പിക്കുവാൻ കാരണം ഇന്നും സ്ത്രീ പീഢനം നടക്കുന്നുണ്ട്. നിയമം അതിന്റേതായ രീതിയിൽ. പക്ഷേ എത്ര പേർ ശിക്ഷിക്കപ്പെടുന്നു? പീഢനം ചെയ്തവർ പിന്നേയും സമൂഹത്തിൽ ഇറങ്ങി നടക്കുന്നു. പീഢനത്തിനു വിധേയയായ ഇരക്ക് ജീവിതമില്ല. പകരം ചോദിക്കാൻ പോലും കഴിയാതെ നിസ്സഹായാവസ്ഥയിൽ നാലു ചുമരുകൾക്കുള്ളിലേക്ക് അവർ ചുരുങ്ങി പോകുന്നു . അതുകൊണ്ടാണ്  ഫൂലൻ ദേവിയെ ചവിട്ടിയരക്കപ്പെട്ട സ്ത്രീത്വത്തിന്റെ പ്രതീകമായി കാണുന്നത്.
 
 
രണ്ടു ദിവസം മുന്നേയാണ് മുംബൈ ഉപനഗരമായ ഡോംബിവ്‌ലിയിൽ 15 വയസ്സായ പെൺകുട്ടിയുടെ പീഡന വിവരങ്ങൾ പുറംലോകം  അറിയുന്നത്. സംഘം ചേർന്നാണ് ഒന്നിലധികം തവണ ഇരയെ ബലാത്സംഗം ചെയ്തത്.  രണ്ടു കൗമാര പ്രായക്കാർ അടങ്ങുന്ന 29  പേരാണ് 9 മാസമായി പെൺകുട്ടിയെ പീഡിപ്പിച്ചു കൊണ്ടിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിലാണ് പെൺകുട്ടിയുടെ കാമുകൻ പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തത്. പിന്നീട് മറ്റ് പ്രതികളായ സുഹൃത്തുക്കൾ പെൺകുട്ടിയെ വീഡിയോ കാണിച്ചു ബ്ലാക്ക്മെയിൽ ചെയ്യാനും കൂട്ടബലാത്സംഗം ചെയ്യാനും ഉപയോഗിക്കുകയായിരുന്നു. ഡോംബിവലി, ബദ്‌ലാപൂർ, മുർബാദ്, റബാലെ എന്നീ സ്ഥലങ്ങളിലായാണ് പീഡനം നടത്തിയതെന്നാണ് അറിയാൻ കഴിഞ്ഞത്. ഇരുപത്തിയൊമ്പതു പേരെ അറസ്റ്റു ചെയ്തെങ്കിലും ഇരക്ക് നീതി കിട്ടുമോ? 
 
എന്തുകൊണ്ടാണ് പെൺകുട്ടികൾ ആദ്യം പീഢനം നടന്ന സമയത്തു തന്നെ മാതാപിതാക്കളെ അറിയിക്കാതിരിക്കുന്നത്? ' കുടുംബം ഇമ്പമുള്ളതാകണം'. മാതാപിതാക്കളാകണം കുട്ടികളുടെ വിശ്വാസം ആദ്യം നേടി എടുക്കേണ്ടത്. എനിക്കെന്തു സംഭവിച്ചാലും മാതാപിതാക്കൾ കൂടെയുണ്ട് എന്ന വിശ്വാസം ബാല്യകാലത്തു തന്നെ  അവരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങണം. എന്തിനും ഏതിനും ശിക്ഷിക്കുന്ന മാതാപിതാക്കളെ കുട്ടികൾ വെറുക്കും. എന്നു മാത്രമല്ല നിങ്ങളോടുള്ള വിശ്വാസവും അവർക്ക് നഷ്ടപ്പെടും. എന്റെ കുഞ്ഞ് ഡോക്ടറാകണം, എഞ്ചിനീയറാകണം എന്ന് മാതാപിതാക്കൾ സ്വപ്നം കാണാതെ, അവരെ അടിച്ചേൽപ്പിക്കാതെ, അവർക്ക് ഭാവിയിൽ എന്താകണമെന്ന് കുഞ്ഞുങ്ങൾക്ക് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകുക. 
 
സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയാണ് വേണ്ടതെന്നും, കാമുകനല്ലെന്നും പെൺ കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുക. വിവാഹം കഴിക്കുന്ന വ്യക്തിയെ  തിരഞ്ഞെടുക്കാൻ മക്കൾക്ക് പൂർണ്ണ അവകാശമുണ്ട്. എന്നാൽ ജാതിയോ, മതമോ, സമ്പത്തോ അല്ലാ സ്വയംപര്യാപ്തത നേടിയ വിദ്യാഭ്യാസമുള്ള എന്തു ജോലി ചെയ്തും ജീവിക്കും എന്നു ചിന്തിക്കുന്നവരെ മാത്രം ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുക. മാതാപിതാക്കൾ നെഞ്ചോടടക്കി പിടിക്കാൻ കൂടെയുണ്ടെങ്കിൽ കുഞ്ഞുങ്ങൾ സമൂഹത്തിൽ നന്മയുള്ളവരായി തന്നെ വളരും.
 
ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങൾക്ക് സംസാരിക്കുവാൻ പോലും മാതാപിതാക്കളെ കിട്ടാറില്ല എന്നത് വേറൊരു സത്യം. ഒരു റൂമിൽ ലാപ്ടോപ്പിലും , ഫോണിലും മാത്രമുള്ള അച്ഛൻ. വേറൊരു മുറിയിൽ മൊബൈലിൽ നോക്കിയിരിക്കുന്ന അമ്മ . കഥ പറയാൻ അച്ഛമ്മയോ അമ്മമ്മയോ ഇല്ല. കാർട്ടൂൺ കണ്ട് മടുക്കുമ്പോൾ ആ കുട്ടി ആരോടും മിണ്ടാനാകാതെ വീർപ്പുമുട്ടും. മൊബൈൽ ആണ് സന്തോഷം എന്ന് സ്വയം  മനസ്സിൽ പതിപ്പിക്കും. ഓൺലൈൻ വിദ്യാഭ്യാസത്തിനു വേണ്ടി വാങ്ങിയ മൊബൈൽ പതുക്കെ പതുക്കെ അവരുടെ കൂട്ടുകാരാകും. ചിലർ ഗെയിംസിന്  അഡിക്റ്റാകുന്നു. മറ്റു ചിലർ മുഖ പുസ്തകത്തിലൂടെ  അത്ഭുതങ്ങൾ കാണുന്നു . അച്ഛനും അമ്മയും സഞ്ചരിക്കുന്ന വഴിയിലൂടെ അവരും പോകുന്നു. ചതിക്കുഴികളറിയാതെ പെൺകുട്ടികൾ അവരുടെ നൊമ്പരങ്ങൾ ആരൊടൊക്കെയൊ പങ്കു വെക്കുന്നു. ഏതോ മായിക ലോകത്ത് അവർ വിഹരിക്കുന്നു. ഒടുവിൽ ആത്മഹത്യ അല്ലെങ്കിൽ മാനസിക രോഗിയായി മാറുന്നു. മാതാപിതാക്കളെ നിങ്ങളറിയുന്നുണ്ടോ ഈ കുഞ്ഞു മനസ്സിലെ നൊമ്പരങ്ങൾ?
 
ഒരു കുടുംബത്തിൽ  ഭാര്യയും ഭർത്താവും തമ്മിലുള്ള ബഹളത്തിൽ നൊമ്പരമനുഭവിക്കുന്നത് ഒന്നുമറിയാത്ത ഈ പാവം കുഞ്ഞുങ്ങളാണ്. അച്ഛൻ പറയുന്നു "ഹോ നിനക്കിപ്പോൾ അവനോട് ചാറ്റു ചെയ്യാനും , ഫോൺ ചെയ്ത് ശ്യംഗരിക്കാനുമേ സമയമുള്ളൂ" ഇത് കേൾക്കേണ്ട താമസം അമ്മ പറയുന്നു, 'നിങ്ങൾ അവളോടൊപ്പം സിനിമക്കും ഹോട്ടലിലും പോകുന്നത് ഞാനും അറിയുന്നുണ്ട്. പകച്ചു നിൽക്കുന്ന കുഞ്ഞു മനസ്സിൽ ' അവൻ/അവൾ എന്തൊ ഒരു സംഭവമായി മാറുന്നു. മാതാപിതാക്കളോടുള്ള മനസ്സിലെ വിദ്വേഷം ആ കുഞ്ഞുങ്ങളെ സ്വയം പകപോക്കലാക്കി മാറ്റുകയും അതോടൊപ്പം അവർ സമൂഹത്തിനു പോലും ഉപദ്രവകാരികളായി മാറുകയും ചെയ്യുന്നു. സ്കൂളിലെ നല്ല അധ്യാപകരുടെ നീരീക്ഷണത്തിൽ സ്നേഹവും, കരുതലും കിട്ടുന്ന കുട്ടികളെ കൗൺസിലിങ്ങിലൂടെ മാറ്റി എടുക്കാൻ കഴിയും.
 
ഇനിയും പെൺകുഞ്ഞുങ്ങൾ പീഢിപ്പിക്കപ്പെടാതിരിക്കട്ടെ . പതിനഞ്ചു വയസ്സുകാരി പെൺകുട്ടിയെ അമ്പതു വയസ്സുകാരൻ പോലും വെറുതെ വിട്ടില്ല എന്നറിയുമ്പോൾ ഒരു പെൺകുഞ്ഞിന്റെ അമ്മയായ എന്റെ മനസ്സിലും വല്ലാത്തൊരു നൊമ്പരം. പുരുഷാ, നീ എന്താ ഇങ്ങിനെ ? ഒരമ്മയുടെ ഗർഭപാത്രത്തിൽ നിന്നല്ലേ നീ ജന്മം കൊണ്ടത് . അമ്മയും ഒരു സ്ത്രീയല്ലേ? വിരിയാൻ നിൽക്കുന്ന ഒരു ചെടിയിലെ പുഷ്പത്തിന്റെ മൊട്ടിനെ കശക്കിയെറിയുന്ന വണ്ടിനെപ്പോലെ നീയും എത്ര ക്രൂരത ചെയ്യുന്നു . നിനക്ക് ഒരിക്കലും മാപ്പില്ല.
Join WhatsApp News
American Mollakka 2021-09-26 22:52:22
ഗിരിജ സാഹിബാ ബലാല്സംഗത്തിനിരയായവർക്ക് നീതി ഒരിക്കലും ലഭിക്കില്ല. പെൺകുട്ടികളുടെ മാനം കവരുന്നവന്റെ ലിംഗം ചെത്തിക്കളയാനുള്ള നിയമം കൊണ്ടുവരാൻ സ്ത്രീകൾക്ക് സാധിക്കാത്ത കാലം വരെ കശ്മലന്മാർ സുഖിക്കും. അതിനു മാറ്റമില്ല. സ്ത്രീകൾക്ക് എങ്ങനെ പ്രസംഗിക്കാമെന്നല്ലാതെ വലിയ കയിവ് ഒന്നുമില്ല സാഹിബാ. ഉണ്ടായിരുന്നെങ്കിൽ ഈ ബലാലുകൾ ഇങ്ങനെ സെയ്യില്ല. സ്ത്രീകൾ ഒരുമിച്ച് നില്ക്കു. ലിംഗം ചെത്താനുള്ള നിയമത്തിനു എതിര് നിന്നതും സ്ത്രീകളാണ് കേട്ടാ . അപ്പൊ അസ്സലാമു അലൈക്കും.
V. V. Vijayan 2021-09-27 03:52:05
An upright, sensitive and righteous Judiciary alone can save us. Unfortunately, our legal system has been collapsing.The credit goes to our Rulers, the Judiciary, enforcers and administrators of law, the black coats, and of course, the so called social welfare organisations and activists. The largest democracy still suffers from serous flaws. Pitiably, those who dare raising their voice are failed, brutally suppressed, and eliminated. Ultimately the victims are left to fend for themselves. A very depressing situation indeed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക