Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 26 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)
ത്രിദിന യുഎസ് സന്ദര്‍ശനം കഴിഞ്ഞു മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീകരണമൊരുക്കി ബിജെപി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ വാദ്യമേളങ്ങളോടെയാണു ബിജെപി നേതാക്കള്‍ സ്വീകരിച്ചത്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ജനറല്‍ സെക്രട്ടറിമാരായ അരുണ്‍ സിങ്, തരുണ്‍ ചുഗ്, മുന്‍ കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍ തുടങ്ങിയവര്‍ വിമാനത്താവളത്തിലെത്തി.
****************************
കെപിസിസി നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ തള്ളി വി.എം സുധീരന്‍. രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും രാജിവച്ച തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം തന്റെ വസതിയിലെത്തിയ വി.ഡി. സതീശനെ അറിയിച്ചു. നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് വി.ഡി. സതീശന്‍ സുധീരനോട് മാപ്പ് ചോദിച്ചു. അദ്ദേഹത്തിന് അഭിപ്രായം പറയാന്‍ അവസരം നല്‍കിയിരുന്നുവെന്നും എന്നാല്‍ അദ്ദേഹം അത് പ്രയോജനപ്പെടുത്തിയില്ലെന്നുമായിരുന്നു കെ.സുധാകരന്റെ പ്രതികരണം.
****************************
വി എം സുധീരന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്നും ഉമ്മന്‍ ചാണ്ടി. സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. 
*********************************
ജുഡീഷ്യറിയില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം ആവശ്യമാണെന്ന് ചീഫ് ജസ്റ്റീസ് എന്‍.വി. രമണ. രാജ്യത്തെ നിയമ കോളേജുകളിലും സമാനമായ സംവരണം വേണമെന്ന ആവശ്യത്തെ ചീഫ് ജസ്റ്റീസ് പിന്തുണയ്ക്കുകയും ചെയ്തു. സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ്.
******************************
കണ്ണൂരില്‍ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പെരിങ്കേരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്ക് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് മരിച്ചു.  പെരിങ്കിരി ചെങ്ങഴശ്ശേരി സ്വദേശിയും ചിട്ടി കമ്പനി ജീവനക്കാരനുമായ ജസ്റ്റിനെയാണ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിച്ചിട്ടശേഷം കാട്ടാന കുത്തിക്കൊന്നത്.  ഒപ്പമുണ്ടായിരുന്ന ഭാര്യ ജിനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ജസ്റ്റിനും ജിനിയും രാവിലെ ബൈക്കില്‍
 പളളിയില്‍ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്.
*******************
ചവറയില്‍ പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് അമേരിക്കന്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ബിജുവിന്റെ നടപടി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നാണ് സിപിഎം വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാകരുതാത്ത നടപടിയാണിതെന്നും സിപിഎം പറയുന്നു.
******************
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ രൂക്ഷമായി വിമര്‍ശിച്ച പി. ചിദംബരത്തെ തള്ളി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പാലാ ബിഷപ്പിനെ തള്ളിപ്പറയില്ലെന്നും സംസ്ഥാനത്തെ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ടത് സംസ്ഥാന നേതാക്കളാണെന്നും സുധാകരന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലായിരുന്നു ചിദംബരം പാലാ രൂപതാധ്യക്ഷനെ വിമര്‍ശിച്ചത്. 
************************************
രാജ്യത്തെ മാവേയിസ്റ്റ് സാന്നിധ്യവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം വിളിച്ച് അമിത് ഷാ. കേരളമടക്കം പത്തു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് അമിത് ഷാ ചര്‍ച്ച നടത്തിയത്. മാവോയിസ്റ്റുകളെ നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്ര ഫണ്ട് വര്‍ദ്ധിപ്പിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം കുറഞ്ഞു വരുന്നതായും മാവോയിസ്റ്റുകളെ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്ന സര്‍ക്കാര്‍ നയം ഫലം കാണുന്നതായും സംസ്ഥാനം യോഗത്തില്‍ അറിയിച്ചു. 
*******************************************

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക