Image

കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ സജീവം ; ഗ്രൂപ്പുകള്‍ക്കും പരിഗണന

ജോബിന്‍സ് Published on 26 September, 2021
കെപിസിസി പുനസംഘടനാ ചര്‍ച്ചകള്‍ സജീവം ; ഗ്രൂപ്പുകള്‍ക്കും പരിഗണന
ഡിസിസി പ്രസിഡന്റ് നിയമനങ്ങളെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസിലുണ്ടായത് സമീപ കാലത്തെങ്ങും ഉണ്ടായിട്ടില്ലാത്ത വിധമുള്ള പ്രശ്‌നങ്ങളാണ്. ഇനി നടക്കേണ്ടത് കെപിസിസി പുനസംഘടനയാണ്. കൂടുതല്‍ പ്രശ്‌നങ്ങളിലേയ്ക്ക് പോകാതെ ഇത് പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. ഇതിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലെത്തിയിട്ടുണ്ട്. വിവിധ തലങ്ങളിലുള്ള നേതാക്കന്‍മാരുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തും. 

ഡിസിസി പ്രസിഡന്റ്മാരുടെ കാര്യത്തില്‍ ഗ്രൂപ്പ് നേതാക്കളെ അവഗണിച്ചെന്നായിരുന്നു പ്രധാന പരാതി. ഇത് ഇത്തവണ ഉണ്ടാകാതിരിക്കാന്‍ എ,ഐ ഗ്രൂപ്പുകളുടെ ഭാഗത്തു നിന്നുള്ള പട്ടിക താരീഖ് അന്‍വര്‍ വാങ്ങിക്കഴിഞ്ഞു. ഈ പട്ടിക കൂടി പരിഗണിച്ച് ആര്‍ക്കും പരാതിയില്ലാതെ പുന;സംഘടന പൂര്‍ത്തിയാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. 

ഗ്രൂപ്പുകളുടെ സ്വാധീനം പൂര്‍ണ്ണമായും ഒഴിവാക്കുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ വി.ഡി സതീശനും കെ. സുധാകരനും പറഞ്ഞത്. ഇത് ഡിസിസി പ്രസിഡന്റ് നിയമനത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതേ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ള നേതാക്കള്‍ പരസ്യപ്രസ്താവനകളുമായി രംഗത്ത് വരികയും പ്രമുഖ നേതാക്കളടക്കം അഞ്ചോളം പേര്‍ പാര്‍ട്ടി വിടുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. 

ഇതോടെയാണ് കേരളത്തില്‍ ഗ്രൂപ്പുകളെ അവഗണിച്ച് മുന്നോട്ട് പോകാനാവില്ലെന്ന യാഥാര്‍ത്ഥ്യം നേതാക്കള്‍ ഉള്‍ക്കൊള്ളുന്നതും ഇരു ഗ്രൂപ്പുകളിലും നിന്നും കെപിസിസി നേതൃത്വത്തിലേയ്ക്ക് നിര്‍ദ്ദേശിക്കുന്ന നേതാക്കളുടെ പട്ടിക സംസ്ഥാന നേതൃത്വവും താരിഖ് അന്‍വറും വാങ്ങുകയും ചെയ്തത്. 

കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്നും വി.എം സുധീരന്‍ രാജിവച്ചതും ചര്‍ച്ചയാകും. അദ്ദേഹത്തെ അനുനയിപ്പിച്ച് ഒപ്പം നിര്‍ത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം . സുധീരന്‍ കടുത്ത അതൃപ്തിയില്‍ തന്നെയാണ്. തനിക്ക് വേണ്ട പരിഗണന നില്‍കുന്നില്ലെന്നാണ് സുധീരന്റെ പരാതി. എന്നാല്‍ സുധീരന്റെ പരാതി എന്താണെന്നറിയില്ലെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞത്. കൊടകര കുഴല്‍പ്പണക്കേസില്‍ നേതൃത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ബിജെപിയില്‍ നിന്നും പുറത്താക്കപ്പെട്ട റിഷി പല്‍പ്പു ഇന്ന് കോണ്‍ഗ്രസില്‍ ചേരും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക