Image

തീർത്ഥയാത്ര..(കഥ: നൈന മണ്ണഞ്ചേരി)

Published on 26 September, 2021
തീർത്ഥയാത്ര..(കഥ: നൈന മണ്ണഞ്ചേരി)
മകൻ വിദേശത്ത് നിന്ന് വന്നിട്ടുണ്ട്.അവധിക്കാലമാകുമ്പോൾ ഇടയ്ക്ക് അങ്ങനെ വരാറുള്ളതാണ്.മകനും മകളുമൊക്കെ വല്ലപ്പോഴും ഇങ്ങനെ എത്തുമ്പോഴല്ലാത്തപ്പോൾ താൻ വല്ലാതെ ഒറ്റപ്പെട്ടു പോകുകയാണ്.ഭാനു കൂടെയുണ്ടായിരുന്നപ്പോൾ ഒരാശ്വാസമായിരുന്നു.ചെറിയ പിണക്കങ്ങളും പരിഭവങ്ങളുമൊക്കെയായിരുന്നെങ്കിലും  അവൾ പോയപ്പോഴാണ് അവളുടെ വില അറിയുന്നത്.ഒരാൾ കൂട്ടിനുള്ളപ്പോൾ അതിന്റെ വില നാം അറിയാതെ പോകുന്നു.വിരസതയുടെ തുരുത്തിൽ ഒറ്റപ്പെട്ടു പോകുമ്പോഴാണ് ഒരു കൈത്താങ്ങിന് ആഗ്രഹിച്ചു പോകുന്നത്.സാന്ത്വനത്തിന്റെ ഒച്ചയനക്കത്തിന് കാതോർത്തു പോകുന്നത്.

കുറെ നാൾ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയി നോക്കി.കുറെയായപ്പോൾ അത് മടുത്തു.ജോലിക്കായി പോയതല്ല,വിരസതയ്ക്ക് ആശ്വാസമാകുമല്ലോ എന്നു കരുതി.സർക്കാർ ജോലിക്ക് പോകുമ്പോഴും എങ്ങനെയെങ്കിലും വിരമിച്ചാൽ മതിയെന്ന ചിന്തയായിരുന്നു എപ്പോഴും..അപ്പോൾ കൂട്ടിന് ഭാനുവും മക്കളുമുണ്ടായിരുന്നു.പിന്നെ മക്കൾ ഓരോ വഴിക്ക് പോയി.ഭാനുവും അധികം വൈകാതെ യാത്ര പറഞ്ഞു.

പണ്ടൊക്കെ മക്കളും ചെറുമക്കളുമൊക്കെ  വരുമ്പോൾ ചിരിയും കളിയുമായി ആകെ ബഹളമായിരുന്നു.കുറെ നാളായി അതും ഇല്ലാതായി.എല്ലാവരും ചാറ്റിന്റെയും ഫെയിസ് ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയുമൊക്കെ ലോകത്തായതു കൊണ്ട് എത്ര പേരു വന്നാലും ഒരു ബഹളവുമില്ല.അച്ഛൻ ലാപ് ടോപ്പുമയി ഒരു മുറിയിൽ.അമ്മ മൊബൈലുമായി വേറൊരു മുറിയിൽ.മക്കൾ ടാബും മൊബൈലുമായി അവരവരുടെ ലോകത്ത്..

‘’അച്ഛാ,ഞാനൊരു കാര്യം അച്ഛനോട് പറയണമെന്ന് വിചാരിക്കുകയായിരുന്നു.’’ ആലോചനകൾക്ക് വിരാമമിട്ട്  മകന്റെ ശബ്ദം..  ഔപചാരികത കണ്ടപ്പോൾ അയാൾക്ക് സംശയമായി.,സ്വത്ത് ഭാഗം വെക്കുന്ന കാര്യം വല്ലതും പറയാനാണോ?

‘’നമുക്ക് എല്ലാവർക്കും കൂടി ഒരു തീർത്ഥയാത്രയ്ക്ക് പോയാലോ?’’ മകന്റെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമാണ് തോന്നേണ്ടിയിരുന്നത്.പക്ഷേ..

അച്ഛൻ മറുപടി പറയാതിരുന്നത് കൊണ്ടാകാം മകൻ ചോദിച്ചു..’’അച്ഛന്റെ അഭിപ്രായമെന്താണ്?നമുക്ക് ഗുരുവായൂർ,പഴനി ഒക്കെ ഒന്ന് പോയിട്ട് വന്നാലോ..അച്ഛന്റെ ഈ മടുപ്പൊക്കെ ഒന്ന്  മാറിക്കിട്ടും,നീതുവിനും കുട്ടികൾക്കും പോയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്.’’
തെല്ല് നിശബ്ദതയ്ക്ക് ശേഷം അച്ഛൻ പറഞ്ഞു.’’ഇപ്പോൾ വേണ്ട മോനെ,അടുത്ത അവധിയ്ക്ക് വരുമ്പോഴാകാം.നിങ്ങൾ പോയിട്ട് വരൂ..ഭാര്യയുടെയും മക്കളുടെയും ആഗ്രഹം മുടക്കണ്ട.’’
അച്ഛന്റെ മറുപടി കേട്ടപ്പോൾ മകന് സന്ദേഹം,എന്തേ അച്ഛൻ ഇങ്ങനെ പറയാൻ..പക്ഷേ അച്ഛന് യാതൊരു സന്ദേഹവുമില്ലായിരുന്നു,’നടതള്ള’ലിനെക്കുറിച്ച് വന്ന റിപ്പോർട്ട് വായിച്ചിട്ട് പത്രം മടക്കി വെച്ചിട്ടേ ഉണ്ടായിരുന്നുള്ളു അയാൾ..


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക