Image

രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യക്ക് ബൈഡന്റെ പിന്തുണ

ജോബിന്‍സ് Published on 25 September, 2021
രക്ഷാ സമിതിയിലെ സ്ഥിരാംഗത്വം: ഇന്ത്യക്ക് ബൈഡന്റെ പിന്തുണ
ഐക്യരാഷ്ട്ര രക്ഷാ സമിതിയിലെ സ്ഥിരാംഗത്വമെന്ന ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള ആവശ്യത്തിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റ് പിന്തുണ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന അമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കുടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ  വര്‍ദ്ധന്‍ ശ്രിംഗ്‌ളയാണ് ഇക്കാര്യം പറഞ്ഞത്. 

ഇന്ത്യ ഐക്യരാഷ്ട്ര രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കേണ്ട രാജ്യമാണെന്ന വികാരം ബൈഡന്‍ പ്രകടിപ്പിച്ചതായാണ് ഹര്‍ഷ വര്‍ദ്ധന്‍ വെളിപ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയിലും പൊതുവിലും ഇന്ത്യ സ്വീകരിച്ച നിലപാടിനെ ബൈഡന്‍ അഭിനന്ദിക്കുകയും ചെയ്തു.

ഭീകരവാദത്തിനെതിരെ ഒന്നിച്ചു പോരാടാന്‍ ഇരു നേതാക്കളും തമ്മിലുള്ള യോഗത്തില്‍ ധാരണയായി. തീവ്രവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറല്‍, തീവ്രവാദികളെ കണ്ടെത്തല്‍, തീവ്രവാദികളുടെ ഇന്റര്‍നെറ്റ് ഉപയോഗം തടയല്‍,  ഇങ്ങനെ വിവിധ മേഖലകളില്‍ സഹകരണത്തിനാണ് തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധവും വ്യാപാര ബന്ധങ്ങളും ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി . 

കോവിഡ് , വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ഒരു പൊതു യാത്രാ ധാരണ എല്ലാ രാജ്യങ്ങള്‍ക്കുമിടയില്‍ ഉണ്ടാകണമെന്ന അഭിപ്രായം പ്രധാനമന്ത്രി ക്വാഡ് രാജ്യങ്ങളുടെ യോഗത്തില്‍ മുന്നോട്ട് വച്ചതായാണ് സൂചന

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക