Image

സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

Published on 24 September, 2021
സണ്ണി: മലയാളം മൂവി റിവ്യൂ (സൂരജ്.കെ.ആർ)

ഒറ്റപ്പെടലിനെയും, ജീവിതത്തിലെ പരാജയങ്ങളെയും അഭിമുഖീകരിക്കുന്ന ഒരു മനുഷ്യന്റെ കഥ, ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ പറയുന്ന ചിത്രമാണ് ഒറ്റ വാചകത്തില്‍ 'സണ്ണി.' പുണ്യാളന്‍, പ്രേതം സീരീസ് സിനിമകള്‍ക്ക് ശേഷം ജയസൂര്യയും സംവിധായകന്‍ രഞ്ജിത് ശങ്കറും വീണ്ടും ഒരുമിക്കുന്ന ചിത്രം. സെപ്റ്റംബര്‍ 23ന് ആമസോണ്‍ പ്രൈം വഴിയാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്.

കോവിഡ് കാരണം മലയാളത്തിലെ വലിയൊരു ശതമാനം സിനിമാ നിര്‍മ്മാണവും നിശ്ചലമായപ്പോഴുള്ള അതിജീവനശ്രമങ്ങളിലൊന്നാണ് 'സണ്ണി.' സീ യൂ സൂണ്‍, ജോജി, കുരുതി, വൂള്‍ഫ്, ഇരുള്‍, ലവ് തുടങ്ങിയ സിനിമകള്‍ പോലെ ലിമിറ്റഡ് സ്‌പേസില്‍ പറയുന്ന കഥയും, വളരെക്കുറവ് കഥാപാത്രങ്ങളും.

'സണ്ണി'യില്‍ പ്രധാനകഥാപാത്രമായ സണ്ണി തന്നെയാണ് 90 ശതമാനവും. അയാളുടെ മനോവ്യാപാരങ്ങളിലൂടെയും, വിഷമഘട്ടത്തിലെ ചെയ്തികളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്. അതേസമയം ഇടയ്‌ക്കെല്ലാം ചില കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും, മിക്ക സമയവും സണ്ണിയും, സണ്ണിയെ ഫോണിലൂടെ മാത്രം ബന്ധപ്പെടുന്ന അയാളുടെ പരിചയക്കാരും, ചുറ്റുമുള്ളവരും ശബ്ദമായി വരുന്ന വ്യത്യസ്തമായ ഒരു സമീപനം സംവിധായകന്‍ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നു.

ഗള്‍ഫില്‍ നിന്നും ബിസിനസ് പരാജയപ്പെടുകയും, സ്വകാര്യ ജീവിതത്തിലെ വലിയൊരു പ്രതിസന്ധി അഭിമുഖീകരിക്കുകയും ചെയ്യുന്ന സണ്ണി എന്ന 41-കാരന്‍, കോവിഡ് കാലത്ത് കേരളത്തിലേയ്ക്ക് തിരികെയെത്തുകയും, വലിയൊരു ആഡംബര ഹോട്ടലില്‍ 7 ദിവസം ക്വാറന്റൈനില്‍ പ്രവേശിക്കുകയും ചെയ്യുന്നിടത്തുനിന്നാണ് 'സണ്ണി' ഇതള്‍വിരിയുന്നത്. ക്വാറന്റൈനിന്റെ ഒറ്റപ്പെടലില്‍, കൊണ്ടുവന്ന മദ്യക്കുപ്പികള്‍ തീരുക കൂടി ചെയ്യുന്നതോടെ ഭൂതകാലവും, വര്‍ത്തമാനത്തിലെ പ്രതിസന്ധികളും, ഭാവിയുടെ അനിശ്ചിതത്വവും അയാളെ ഒരുപോലെ വേട്ടയാടുന്നു.

പ്രമേയത്തിലെ പുതുമ എന്ന് 'സണ്ണി'യെക്കുറിച്ച് പറയാനാകില്ലെങ്കിലും, ജയസൂര്യ എന്ന നടന്റെ കൈയടക്കം നിറഞ്ഞ പ്രകടനത്തിനായി കണ്ടിരിക്കാവുന്ന ചിത്രമാണ് സണ്ണി. 'ക്വാറന്റൈന്‍ കഴിഞ്ഞാല്‍ എങ്ങോട്ടാണ് പോകുക' എന്ന ചോദ്യത്തിന് 'അറിയില്ല' എന്ന് മാത്രം ഒറ്റവാക്കില്‍ മറുപടി പറയുന്ന സണ്ണിയുടെ എല്ലാ ആന്തരികസംഘര്‍ഷങ്ങളെയും ഒരൊറ്റ സെക്കന്റില്‍ ആവാഹിക്കാന്‍ തക്കവണ്ണം പ്രതിഭയുളള നടനെ ജയസൂര്യയില്‍ പ്രേക്ഷകര്‍ക്ക് ദര്‍ശിക്കാം. അതിതീവ്രമായും, നാടകീയമായും പൊട്ടിക്കരയുന്നതല്ല, മറിച്ച് വളരെ സൂക്ഷ്മമായ, സാധാരണമെന്ന് തോന്നുന്ന ഒരു ഭാവത്തെ അത്രമേല്‍ സ്വാഭാവികമായി അവതരിപ്പിക്കുന്നതാണി അഭിനയമെന്ന് അടിവരിടുന്ന പ്രകടനമാണ് ഈ സീനിലേത്.

പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് രഞ്ജിത് ശങ്കര്‍ 'സണ്ണി' നിര്‍മ്മിച്ചടുത്തത്. അതേസമയം ബോറടിപ്പിക്കാവുന്നൊരു പശ്ചാത്തലമായിട്ടുകൂടി വിരസത കയറിവരാതെ ശ്രദ്ധിച്ചതിന് അദ്ദേഹം അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഒന്നര മണിക്കൂര്‍ മാത്രമായി സിനിമയെ പരിമിതപ്പെടുത്താനും, ശബ്ദങ്ങളായി പല പല കഥാപാത്രങ്ങളെ അവതരിപ്പിക്കാനുമുണ്ടായ ചിന്ത പ്രശംസനീയമാണ്. മധു നീലകണ്ഠന്റെ ഛായാഗ്രഹണം ഏതാനും ചില ഷോട്ടുകളില്‍ അസ്വസ്ഥത പുലര്‍ത്തിയെങ്കിലും, ആകെത്തുകയില്‍ സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുന്നുണ്ട്. പശ്ചാത്തലസംഗീതവും കഥപറച്ചിലിനെ സഹായിക്കുന്നു. അതേസമയം സൗണ്ട് മിക്‌സിങ്ങില്‍ ഒന്നുകൂടി ശ്രദ്ധ പുലര്‍ത്തമായിരുന്നു എന്ന് തോന്നി. ചില സീനുകളില്‍ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് ശബ്ദമിശ്രണം.

ശബ്ദമായി മാത്രം അഭിനയിച്ച ഇന്നസെന്റ്, വിജരാഘവന്‍ എന്നിവരുടെ പ്രകനം എടുത്തുപറയേണ്ടതാണ്. ഇന്നസെന്റിന്റെ ഡോക്ടര്‍ കഥാപാത്രത്തെ ഒരിക്കലും പ്രേക്ഷകര്‍ കാണുന്നില്ലെങ്കില്‍ പോലും സിനിമ കഴിയുമ്പോഴും മനസില്‍ തങ്ങിനില്‍ക്കുന്നതാണ്.

ഇമോഷണല്‍ ഡ്രാമാ വിഭാഗത്തില്‍ പെടുത്താവുന്ന ഒരു കൊച്ചു സിനിമയാണ് 'സണ്ണി.' ചില ജീവിത തത്വങ്ങളെക്കുറിച്ചും, മൂല്യങ്ങളെക്കുറിച്ചുമെല്ലാം ചെറിയ വിചിന്തനങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്ന 'സണ്ണി' എല്ലാ പ്രേക്ഷകരെയും രസിപ്പിച്ചേക്കില്ലെങ്കിലും, സ്ലോ പേസ് ഡ്രാമാ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക