Image

മൃതിയുടെ ചിരി (കവിത: അശോക് കുമാര്‍.കെ)

അശോക് കുമാര്‍.കെ Published on 24 September, 2021
മൃതിയുടെ ചിരി (കവിത: അശോക് കുമാര്‍.കെ)
മൃതിയൊരു മരത്തിന്‍
ശാഖയിലൊരു ഊയലായി
ആലോലമാലോലമാടി ചിരിക്കുന്നു......

മൃതിയൊരാഴിയുടെയാഴത്തില്‍
നേര്‍ക്കുഴിയായി
കുമിള വര്‍ഷമായി
വീണ്ടും വീണ്ടും ചിരിക്കുന്നു.....

മൃതിയൊരു കൊടുങ്കാറ്റിന്റെ
ചിറകേറി
കാടുപിഴുതാ,ര്‍ത്താര്‍ത്ത്
ചിരിക്കുന്നു....

മൃതിയൊരാശുപത്രി
വരാന്തയില്‍
ദീനമിഴികളില്‍
ഉപ്പുനീരു നിറച്ചു ചിരിക്കുന്നു .....

മൃതിയൊരു വിഷപുഷ്പ്പത്തിന്‍
പരാഗണ ശലഭമായി
പാറിപ്പാറി കളിച്ചു ചിരിക്കുന്നു.....

ശലഭമേ...
നിന്‍ മൃദു ചൊടികളില്‍,
നിന്‍ സ്പര്‍ശനത്തില്‍
ഞങ്ങളബലര്‍....
മൃതിയുടെ ചിരിയലിഞ്ഞലിഞ്ഞ്
ഇല്ലാതാകുന്നവര്‍ ...

മൃതിയേ ,
നീയെന്നുമമൃതമായതിനാലാണോ
നിന്‍ മിഴിത്തുമ്പിലൊരു
നീര്‍മണി മുത്തു മുടയാത്തത്

മൃതിയേ ,....
നിന്നെ കാണുന്നോരാരെങ്കിലും
നിന്‍ ചിരി നിറയും
ചിറിയിണകള്‍ക്കൊരു
മറുചിരി
നല്‍കിയിട്ടുണ്ടോ  .....? :

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക