Image

യു.എസിൽ തിരക്കിട്ട ഷെഡ്യൂളുകളുമായി പ്രധാനമന്ത്രി

Published on 23 September, 2021
യു.എസിൽ  തിരക്കിട്ട ഷെഡ്യൂളുകളുമായി പ്രധാനമന്ത്രി
വാഷിംഗ്ടണ്‍ : മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് തിരക്കിട്ട ഷെഡ്യൂളുകളുമായി   പ്രധാനമന്ത്രി നരേന്ദ്രമോദി യു എസിലെത്തി. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ളിയുടെ 76ാം സെഷനില്‍ പങ്കെടുക്കുന്നതിന് പുറമേ ക്വാഡ് സമ്മേളനത്തിലും മോദി പങ്കെടുക്കുന്നു .  യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റ് കമലാഹാരിസ് എന്നിവരുമായും മോദി കൂടിക്കാഴ്ച നടത്തും.
ക്വാഡ് രാജ്യങ്ങളുടെ ഉച്ചകോടി നാളെയാണ് .  

 അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് പോകുന്നതെന്ന് യാത്രയ്ക്ക് മുമ്ബ് നല്‍കിയ സന്ദേശത്തില്‍ മോദി പറഞ്ഞിരുന്നു. 

കൊവിഡ് വ്യാപനകാലത്തും  ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്കയില്‍ എത്തുന്നത്  ചില സുപ്രധാന  ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണ്. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വി. ശൃംഗ്ല എന്നിവരുള്‍പ്പെട്ട ഉന്നതതല സംഘവും മോദിക്കൊപ്പമുണ്ട്. 

മറ്റന്നാള്‍ ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്ര മോദിയുടെ ഏഴാമത് അമേരിക്കന്‍ സന്ദര്‍ശനമാണിത്.

ബൈഡനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍) നേരിട്ടുള്ള ആദ്യയോഗം ചേരും. സുരക്ഷയും ഭീകരതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചര്‍ച്ച നടത്തും. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

താലിബാന്‍ വിഷയം,അതിര്‍ത്തി കടന്നുള്ള ഭീകരവാദം ക്വാഡ് ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചാ വിഷയമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക