Image

പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ

Published on 22 September, 2021
പാലാ ബിഷപ്പ് പ്രസ്താവന പിൻവലിക്കണമെന്ന് മുസ്ലിം സംഘടനകൾ
കോഴിക്കോട്:  പ്രസ്താവന പിൻവലിക്കാൻ പാലാ ബിഷപ്​ തയാറാകണമെന്ന് കോഴിക്കോട്​ നടന്ന മുസ്​ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ലവ്​ ജിഹാദ്, നാർകോട്ടിക് ജിഹാദ് എന്നീ പ്രയോഗങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഭരണകൂടം സന്നദ്ധമാകണം.  മുഖ്യമന്ത്രി പുലർത്തുന്ന സമീപനം ഇരട്ടത്താപ്പാണ്. 

സാമൂഹികാന്തരീക്ഷത്തിന്​ ഭംഗം വരുത്തുന്ന നീക്കങ്ങൾ ആരുടെ ഭാഗത്തുനിന്നു​ം ഉണ്ടാകാൻ പാടില്ലാത്തതാണെന്ന്​ യോഗ തീരുമാനങ്ങൾ വിശദീകരിച്ച പാണക്കാട്​ സാദിഖലി ശിഹാബ്​ തങ്ങൾ പറഞ്ഞു. സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തുന്ന പരാമർശം​ പാലാ ബിഷപ്പി​‍െൻറ ഭാഗത്തുനിന്ന്​ ഉണ്ടായത്​ ഗൗരവതരമാണെന്ന്​ യോഗം വിലയിരുത്തി. പ്രസ്​താവന ലക്ഷ്യംവെച്ചത്​ മുസ്​ലിം സമുദായത്തെയാണെന്ന്​ വ്യക്തമായിട്ടും പക്വതയോടെയുള്ള​ സമീപനമാണ്​ സമുദായ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായത്​. അതേ നാണയത്തിൽ തിരിച്ചടിക്കുന്ന രീതി അവലംബിച്ചില്ല. 

സർക്കാർ നോക്കിനിൽക്കുന്നത്​ ഭൂഷണമല്ല. കീഴ്​വഴക്കമനുസരിച്ച്​ നടപടിയെടുക്കണം. 

സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി.എം.എ. സലാം, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ (മുസ്​ലിം ലീഗ്​), ഡോ. കെ.എം. ബഹാഉദ്ദീൻ നദ്‌വി, ഡോ. എൻ.എ.എം. അബ്​ദുൽ ഖാദർ (സമസ്ത), ടി.പി. അബ്​ദുല്ലകോയ മദനി, ഡോ. എ.ഐ. മജീദ് സ്വലാഹി, ഹുസൈൻ മടവൂർ (കേരള നദ്​വതുൽ മുജാഹിദീൻ), പി. മുജീബ് റഹ്മാൻ, ശൈഖ് മുഹമ്മദ് കാരകുന്ന്, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി), സി.എ. മൂസ മൗലവി, ബാവ മൗലവി (ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ), അബ്​ദുല്ലത്വീഫ് മദനി, ടി.കെ. അശ്റഫ് (വിസ്ഡം), ഡോ. ഐ.പി. അബ്ദുസ്സലാം (മർകസുദ്ദഅ്​വ), ഹാശിം ഹദ്ദാദ് തങ്ങൾ (ജംഇയ്യതുൽ ഉലമാ ഹിന്ദ് ), ഖാസിമുൽ ഖാസിമി (കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ), ഡോ. ഫസൽ ഗഫൂർ (എം.ഇ.എസ്), സൈനുൽ ആബിദീൻ, മുഹമ്മദ് കോയ എൻജിനീയർ (എം.എസ്.എസ്), ഇ.പി അശ്റഫ് ബാഖവി, ഹാശിം ബാഫഖി തങ്ങൾ (കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ), ഡോ. സൈതു മുഹമ്മദ് (മെക്ക) എന്നിവർ പ​ങ്കെടുത്തു.

കണക്കുകൾ നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ലവ്​ ജിഹാദ്​, നാർകോട്ടിക്​ ജിഹാദ്​ വിഷയത്തിൽ കണക്കുകൾ നിരത്തി  മുഖ്യമന്ത്രി പിണറായി വിജയൻ. നിർബന്ധിച്ച്​ മതപരിവർത്തനം നടത്തിയതുമായി ബന്ധപ്പെട്ട്​ പരാതികളില്ല. പാലാ ബിഷപ്പിൻറെ  പരാമർശം നിർഭാഗ്യകരമാണ്​.  പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ  കണക്കിലേക്ക് തള്ളേണ്ടതല്ല. അതിന്റെ  പേരിൽ വിവാദങ്ങൾക്ക് തീകൊടുത്ത്  സമാധാനത്തിനും ഭംഗം വരുത്താനുള്ള  വ്യാമോഹം വ്യാമോഹമായി അവസാനിക്കുകയേയുള്ളൂവെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ക്രിസ്തുമതത്തിൽനിന്ന്​ ആളുകളെ ഇസ്​ലാം മതത്തിലേക്ക്​ കൂടുതലായി പരിവർത്തനം ചെയ്യുന്നെന്ന ആശങ്ക അടിസ്ഥാനരഹിതമാണ്. നിർബന്ധിത മതപരിവർത്തനം നടത്തിയതുസംബന്ധിച്ച് പരാതികളോ വ്യക്തമായ വിവരങ്ങളോ ലഭിച്ചിട്ടില്ല. ഏതാനും വർഷംമുമ്പ് കോട്ടയം സ്വദേശിനി അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് ഇസ്​ലാം മതത്തിലേക്ക്​ പരിവർത്തനം ചെയ്തത് നിർബന്ധിത മതപരിവർത്തനമാണെന്ന ആരോപണമുയർന്നു. കേരള ഹൈകോടതിയും സുപ്രീം കോടതിയും കേസ് വിശകലനം ചെയ്ത് ആരോപണം വാസ്തവവിരുദ്ധമാണെന്നും പ്രായപൂർത്തിയായ, മതിയായ വിദ്യാഭ്യാസമുള്ള യുവതി സ്വന്തം ഇഷ്​ടപ്രകാരം മതപരിവർത്തനം ചെയ്തതാണെന്ന്​ കണ്ടെത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചെർത്തു.

ഇതര മതസ്ഥരായ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപെടുത്തി മതപരിവർത്തനം നടത്തിയശേഷം ഐ.എസ് പോലുള്ള തീവ്രവാദ സംഘടനകളിലെത്തിക്കുന്നെന്ന പ്രചാരണത്തിന്റെ  നിജസ്ഥിതി പരിശോധിച്ചപ്പോൾ മറ്റൊരു ചിത്രമാണ് തെളിയുന്നത്. 2019 വരെ ഐ.എസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയശേഷം അവിടെനിന്ന്​ ഐ.എസ് ആശയങ്ങളിൽ ആകൃഷ്​ടരായി എത്തിപ്പെട്ടതാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ  മകൻ പ്രജു ഒഴികെ മറ്റെല്ലാവരും മുസ്​ലിംകളാണ്  . മറ്റുള്ള 28പേർ ഐ.എസ് ആശയങ്ങളിൽ ആകൃഷ്​ടരായി കേരളത്തിൽനിന്നുതന്നെ പോയവരാണെന്നും കണ്ടെത്തി.

28 ൽ അഞ്ചുപേർ മാത്രമാണ് മറ്റ് മതങ്ങളിൽനിന്ന്​ ഇസ്​ലാം സ്വീകരിച്ച ശേഷം ഐ.എസിൽ ചേർന്നത്. അതിൽതന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദു യുവതി പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം തമ്മനം സ്വദേശിനി മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്​റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ചശേഷമാണ് ഇസ്​ലാമിലേക്ക്​ പരിവർത്തനം നടത്തുകയും ഐ.എസിൽ ചേരുകയും ചെയ്​തത്​. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നെന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

2020ൽ സംസ്ഥാനത്ത് രജിസ്​റ്റർ ചെയ്ത നാർക്കോട്ടിക്  കേസുകൾ 4941 എണ്ണമാണ്. അവയിൽ പ്രതികളായ 5422 പേരിൽ 2700 (49.80 ശതമാനം) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47 ശതമാനം) പേർ ഇസ്​ലാം മതത്തിൽപെട്ടവരും 853 (15.73 ശതമാനം) പേർ ക്രിസ്തുമതത്തിൽപെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം.

നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതി ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെടുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപനക്കാരോ പ്രത്യേക സമുദായത്തിൽപെടുന്നവരാണ് എന്നതിനും തെളിവില്ല. സ്കൂൾ, കോളജ് തലങ്ങളിൽ നാനാജാതി മതസ്ഥരായ വിദ്യാർഥികളുണ്ട്​. അതിൽ ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുകയോ വിപണന ശൃംഖലയിലെ കണ്ണികളാവുകയോ ചെയ്താൽ അത് പ്രത്യേക സമുദായത്തി​െൻറ ആസൂത്രിത ശ്രമത്തി​െൻറ ഭാഗമാണെന്ന് വിലയിരുത്തുന്നത് ബാലിശമാണ്. അത്തരം പ്രചാരണങ്ങൾ എല്ലാ മതസ്ഥരും ഇടകലർന്ന്​ ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തി​െൻറ വിത്തിടലാകുമെന്നും​ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 ഇപ്പോൾ സർവകക്ഷിയോഗം വിളിച്ചാൽ പ്രത്യേക ഗുണമില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അനാവശ്യ പരാമര്‍ശം നടത്തിയവര്‍ തെറ്റുമനസ്സിലാക്കി തിരുത്തണം. ഐക്യം തകര്‍ക്കുന്ന പ്രചാരണങ്ങളും ഇടപെടലുകളും അവസാനിക്കണം. ഒരേ അഭിപ്രായമുള്ളവരുടെ യോഗം വിളിക്കേണ്ട ആവശ്യമില്ല. മത, സാമുദായിക നേതാക്കളെ കാണുന്നത് ആലോചിക്കാമെന്നും ചോദ്യത്തിന്​ മറുപടിയായി അദ്ദേഹം പറഞ്ഞു.

സർക്കാർ സർവകക്ഷിയോഗം വിളിക്കേണ്ട സ്വാഭാവിക ഘട്ടമുണ്ട്. ഇവിടെ അത്തരം സാഹചര്യമില്ല. സർവകക്ഷി യോഗത്തിലുള്ള ഏതെങ്കിലും കക്ഷിയുടെ ഭാഗത്തുനിന്നല്ല, പുറത്തുനിന്നാണ്​ തെറ്റായ പരാമർശം​ വന്നത്​. സർവകക്ഷി യോഗത്തിലൂടെ അതിന് പരിഹാരം കാണാനാവില്ല. പാലാ ബിഷപ് പ്രസ്താവന പിൻവലിക്കണോ എന്നത്​ അധികാര കേന്ദ്രത്തിൽനിന്ന് ആവശ്യപ്പെടേണ്ട വിഷയമല്ല. ഏതെങ്കിലും ഘട്ടത്തിൽ എടുത്ത നിലപാടിനോട്​ സമൂഹം യോജിക്കുന്നില്ലെന്ന് കണ്ടാൽ തിരുത്തേണ്ടത്​ ആ വ്യക്തികളാണ്​.

വിദ്വേഷത്തിന്റെ  വിത്തിടുന്നതാണ് അത്തരം പ്രസ്താവനകൾ.   പ്രതിപക്ഷനേതാവ് പറഞ്ഞതുപോലെ സർക്കാർ നിർദാക്ഷിണ്യം നിലപാട് സ്വീകരിക്കും. 

പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കരുത്. അത്തരം ശക്തികളെയും നേതാക്കളെയും തിരിച്ചറിയാൻ കഴിയുന്ന സമൂഹമാണ് കേരളത്തിലേത്.  കൂടുതൽ പ്രകോപനപരമായ നിലയിലേക്ക് നാടിനെ എത്തിക്കാൻ ആരും ശ്രമിക്കരുത്. 

പിന്നാക്കം പോകേണ്ടതില്ലെന്ന്​ സിറോ മലബാർ സഭ

കോട്ടയം: ലവ്​ ജിഹാദും നർകോട്ടിക്​ ജിഹാദും സംബന്ധിച്ച നിലപാടുകളിൽനിന്ന്​ പിന്നാക്കം പോകേണ്ടതില്ലെന്ന്​ സിറോ മലബാർ സഭ. കുറവിലങ്ങാട്​ പള്ളിയിലെ വിശ്വാസികളോട്​ നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ദുർവ്യാഖ്യാനം ചെയ്​ത്​ വിവാദമാക്കുകയായിരുന്നെന്നാണ്​ വലിയ വിഭാഗം വിശ്വാസികളും പുരോഹിതരും കരുതുന്നത്​. പള്ളിക്കകത്ത്​ നടന്ന കാര്യങ്ങൾ രാഷ്​​ട്രീയക്കാർ ഏറ്റെടുക്കേണ്ടതില്ല. മതം മതത്തി​െൻറ വഴിക്കും രാഷ്​ട്രീയം രാഷ്​ട്രീയത്തി​െൻറ വഴിക്കും പോകണം. ഈ നിലപാട്​ വരും ദിവസങ്ങളിൽ പരസ്യമായി പ്രഖ്യാപിക്കുമെന്ന്​ പാലാ രൂപതയുമായി ബന്ധപ്പെട്ട ഉന്നതർ വ്യക്തമാക്കി.
സംസ്ഥാനത്തെ ക്രൈസ്​തവരിൽ ബഹുഭൂരിപക്ഷവും റോമൻ കത്തോലിക്കരാണ്​. പാലാ ബിഷപ്പിനെ എതിർത്ത സി.എസ്​.ഐ, മലങ്കര വിഭാഗങ്ങൾക്ക്​ അനുയായികൾ കുറവാണ്​. ജനപിന്തുണയില്ലാത്തവരുടെ അഭിപ്രായം മുഖവിലയ്​ക്ക്​ എടുക്കേണ്ടതില്ലെന്നും അവർ കരുതുന്നു. 

വിശ്വാസത്തിൽ അന്യമതത്തിൽനിന്ന്​ വിവാഹം കഴിക്കരുതെന്ന നിയമവും ഉൾപ്പെടുന്നുണ്ട്​. ഈ കാര്യങ്ങൾ സഭാ വിശ്വാസികളിൽ പകർന്നുനൽകേണ്ട ഉത്തരവാദിത്തം ബിഷപ്പിനുണ്ട്​. ഇത്​ നിർവഹിച്ചതാണ്​ ഇപ്പോൾ വിവാദമാക്കുന്നതെന്നാണ്​ പാലാ രൂപതയുടെ നിലപാട്​. 

തുടക്കത്തിൽ ബിഷപ്പിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിന്നീട്​ മലക്കം മറിഞ്ഞതും രൂപതയെ ചൊടിപ്പിച്ചിട്ടുണ്ട്​. ബിഷപ്പിന്​ പൂർണ പിന്തുണയുമായി വിശ്വാസികളും രംഗത്തുണ്ട്​. വർഷങ്ങളായി പുരോഹിതർ ഉന്നയിക്കുന്ന വിഷയങ്ങൾ മാത്രമാണ്​ ബിഷപ്​ ആത്മീയ ഉപദേശത്തിലൂടെ നൽകിയതെന്ന്​ സിറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പറഞ്ഞു. ബിഷപ്പിനെ ശക്തമായി പിന്തുണക്കുകയാണെന്നും ഫോറം ​പ്രഖ്യാപിച്ചിട്ടുണ്ട്​.

ന്യൂഡൽഹി: പാലാ ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണെന്ന്​ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രൻ. പാലാ ബിഷപ്പി​െൻറ നാർകോട്ടിക്​ ജിഹാദ്​ ആരോപണം ഗൗരവപൂർവം സർക്കാർ ചർച്ച ചെയ്യണമെന്നും എന്നാൽ, ഈഴവ   ജിഹാദ്​ എന്ന ഒന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
(കടപ്പാട്:  മാധ്യമം) 

Join WhatsApp News
Love Life ! 2021-09-22 21:17:04
The reason for the flame throwing - would it be fear and envy that the tactics used in own domains with the deceptive intent to take power by #s might be undone by the plans in wisdom and compassion , set up by the Bishop to bless large families , for the eternal good from same as well as in reparation for the evils against life ,including from Govts who have fallen for the fear about life that pervade godless systems ! Let us hope that Christian families take heed to be domestic churches that support and cherish life and Life , willing to be involved in the True Love Jihad in The Way which has been revealed to us well . Love and glory to You Lord , in every heart !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക