Image

സീറോ മലബാര്‍ സഭ നേതൃത്വത്തെ പരിഹസിച്ച് റോയ് മാത്യൂ

Published on 21 September, 2021
സീറോ മലബാര്‍ സഭ നേതൃത്വത്തെ പരിഹസിച്ച് റോയ് മാത്യൂ


തിരുവനന്തപുരം: പാലാ ബിഷപിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ സാമുദായി സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ കീമ്മിസ് കാതോലിക്കാ ബാവ വിളിച്ച യോഗത്തില്‍ നിന്നും സീറോ മലബാര്‍ സഭ നേതൃത്വം വിട്ടുനിന്നതിനെ പരിഹസിച്ച് മാധ്യമപ്രവര്‍ത്തകന്‍ റോയ് മാത്യൂവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 
കാതോലിക്ക ബാവയുടെ നീക്കങ്ങളെ പാടെ അട്ടിമറിച്ചത് കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ വിഭാഗമായ സീറോ മലബാര്‍ സഭാ നേതൃത്വമാണ്. ഈ അട്ടിമറിക്ക് പിന്നില്‍ പ്രധാനമായും നാലഞ്ച്  കാരണങ്ങളുണ്ട്. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കർദിനാൾ ക്ലിമീസിന് പണി കൊടുത്ത
സീറോ മെത്രാന്മാർ
അങ്ങേയറ്റം സദുദ്ദേശത്തോടെ തിരുവനന്തപുരത്ത് ഇന്നലെ (സെപ് 20) മതസമുദായ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത കർദിനാൾ മാർ ബസേലിയോസ് കാതോലിക്ക ബാവയുടെ നീക്കങ്ങളെ പാടെ അട്ടിമറിച്ചത് കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ വിഭാഗമായ സീറോ മലബാർ സഭാ നേതൃത്വമാണ്.
ഈ അട്ടിമറിക്ക് പിന്നിൽ പ്രധാനമായും നാലഞ്ച് കാരണങ്ങളുണ്ട്. മൊട കണ്ടാ ഇടപെടും അണ്ണാ എന്ന ക്ലിമ്മിസിൻ്റെ റോളിനെയാണ് സീറോ ടീം സ് കൂളിപ്പിച്ചു കെടത്തിയത്. കഷ്ടമായിപോയി. ശത്രുവിനോടു പോലും ഇമ്മാതിരി തറപ്പണി ചെയ്യരുതെന്ന് പറയാനെ പറ്റു. വലിയൊരു ചുവട് വെപ്പായി മാറേണ്ടിയിരുന്ന മതസൗഹാർദ യോഗത്തെ അട്ടിമറിച്ചതിൻ്റെ ചില പിന്നാമ്പുറകളികൾ - സാധ്യതകളൊക്കെ താഴെപ്പറയുന്നതിൽ ചിലതാവാം. കഴിഞ്ഞ ജന്മത്തിലെ ശത്രു ഈ ജന്മത്തിൽ സഹ മെത്രാന്മാരായി വരാമെന്ന് കർദ്ദിനാളിന് മനസിലായി. ഇത് തിരിച്ചറിയാൻ ഉപവാസ പ്രാർത്ഥനയും ധ്യാനം കൂടലും ഒന്നും വേണ്ട തിരുമേനി.
ഒന്ന് - സീറോ മലബാർ സഭയുമായി തട്ടിച്ചു നോക്കുമ്പോൾ അംഗസംഖ്യയിൽ താരതമ്യേന വളരെ വളരെ ചെറിയ ക്രൈസ്തവ സഭാ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കത്തോലിക്കാ വിഭാഗമാണ് മലങ്കര കത്തോലിക്ക സഭ - ഈ കൊച്ചു സഭയുടെ തലവനാണ് കർദ്ദിനാൾ മാർ ക്ലിമ്മീസ്.ഇങ്ങേരെ കർദിനാളാക്കിയത് സീറോ മലബാറ് കാർക്ക് ഒട്ടും പിടിച്ചിട്ടില്ല. ക്ലിമ്മിസിൻ്റെ സഭയുടെ അംഗ സംഖ്യ കഷ്ടിച്ച് രണ്ട് ലക്ഷത്തിൽ താഴെ മാത്രം!
( കേരളത്തിലെ ഒരു സഭയുടേയും യഥാർത്ഥ അംഗസംഖ്യ കർത്താവായ യേശുക്രിസ്തുവിനുപോലും അറിയില്ല. അതു കൊണ്ട് അതാരും അന്വേഷി ക്കാറുമില്ല. കൊട്ടത്താപ്പുകണക്കിലാണീ വണ്ടികൾ ഓടുന്നത്) രണ്ട് പെട്ടി ഓട്ടോയിൽ കേറാൻ മാത്രം വിശ്വാസികളുള്ള സഭയുടെ തലവൻ
കർദ്ദിനാൾ എന്ന ലേബലിൽ അറിയപ്പെടുന്നതിൽ സീറോ മലബാർ സഭയുടെ കൊടി കെട്ടിയ മെത്രാന്മാർക്ക് മുട്ടൻ അസൂയ ഉണ്ട്. ആരൊക്കെ നിഷേധിച്ചാലും ഈ ഒടുങ്ങാത്ത അസൂയയുടെ കാര്യം കർത്താവ് തമ്പുരാനും മാർപ്പാപ്പയ്ക്കുമറിയാം -
തലസ്ഥാനത്തെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവി എന്ന നിലയിലും സ്ഥലത്തെ പ്രധാന ദിവ്യനെന്ന നിലയിൽ മാർ ക്ലിമ്മിസിന് രാഷ്ടീയ - ഭരണ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന അംഗീകാരങ്ങളിൽ സീറോ മലബാർ സഭാ മെത്രാന്മാർ അസ്വസ്ഥരും കൃമികടി ഉള്ളവരുമാണ്. ഈ ചൊറിച്ചിൽ മാറാൻ ഇച്ച് ഗാർഡ് ഓയിൻമെൻ്റൊന്നും പോരായെന്ന് എല്ലാ ക്രിസ്ത്യാനിക്കുമറിയാം.
രണ്ട്. സാമുദായിക സൗഹാർദ്ദം അലമ്പാക്കിയതിൻ്റെ പേരിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന പാലാ മെത്രാനുൾപ്പെടുന്ന സീറോ മലബാർ സഭയുടെ നിലപാടുകൾക്കെതിരെ യോഗത്തിൽ വിമർശനം ഉയർന്നേക്കാമെന്ന് സ്വാഭാവികമായി അവർ കരുതിയിട്ടുണ്ടാവാം. അതിനു പുറമേ, മത സൗഹാർദം ഊട്ടിയുറപ്പിക്കുന്ന സമ്മേളനം വിളിച്ചു കൂട്ടി അതിൻ്റെ ചാമ്പ്യനാവാൻ ശ്രമിച്ച മാർ ക്ലിമ്മിസിന് പാലും വെള്ളത്തിൽ ഒരു പണി കൊടുക്കണമെന്ന് പാരവെപ്പിൽ സുഗ്രീവന്മാരായ സീറോ മലബാർ നേതൃത്വം കരുതിയിട്ടുണ്ടാവും. അതല്ലേ ടി - യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ചർച്ചയിൽ പങ്കെടുക്കാതെ മുങ്ങിയത്. പാപത്തെ വെറുക്കുകയും പാപികളോട് ക്ഷമിക്കണമെന്നൊക്കെ ഡയലോഗ് വിടുന്ന മെത്രാന്മാരുടെ ഉള്ളിൽ പകയും നാക്കിൽ കൊടും വിഷവുമാണെന്ന് തിരിച്ചറിയാൻ ചാത്തൻ സേവയൊന്നും നടത്തേണ്ട ആവശ്യമില്ല. മുട്ടൻ രാജവെമ്പാലകളാണിവർ.യോഗത്തിൽ പങ്കെടുക്കാതെ സ്ഥലം വിട്ട ചങ്ങനാശ്ശേരി പിതാവിനും കൂട്ടർക്കും പത്രസമ്മേളനത്തിൽ വെച്ച് ക്ലിമ്മീസ് തിരുമേനി നൈസായി രണ്ട് മൂന്ന് ആപ്പുകൾ അടിച്ചു കൊടുത്തു. മണിയാശാൻ്റെ ഗ്രാമ്യ ഭാഷയിൽ അണ്ണാക്കിലടി എന്നും പറയാം !
മൂന്ന്: പാലാ മെത്രാൻ്റ നർക്കോട്ടിക് ജിഹാദ് പ്രസ്താവന വന്നിട്ടിപ്പോ രണ്ടാഴ്ച കഴിഞ്ഞു. ആ പ്രയോഗമോ, പ്രസ്താവനയോ തിരുത്താൻ മേപ്പടി മെത്രാനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സഭയോ തയ്യാറായിട്ടില്ല. ആ പ്രയോഗമുണ്ടാക്കിയ അവിശ്വാസവും കാലുഷ്യവുമകറ്റാനിന്നു വരെ പാലാ മെത്രാനുൾപ്പെടുന്ന സഭാ സമൂഹം ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല. പറഞ്ഞ കാര്യത്തിൽ അവർ പാറപോലെ ഉറച്ചു നിൽക്കുന്നു. അനുതാപത്തിൻ്റെ ലാഞ്ചനപോലും അവരുടെ കേന്ദ്രങ്ങളിൽ നിന്നുണ്ടായിട്ടില്ല. വിവരക്കേട് വിളിച്ചു പറഞ്ഞ പാലാ മെത്രാൻ പണ്ഡിത ശ്രേഷ്ഠനാണെന്ന് മന്ത്രി പുംഗവൻ ഒരു സർട്ടിഫിക്കേറ്റും കൊടുത്തു. അപ്പോ സംഗതി വീണ്ടും ഹലാക്കിലായി.
നാല് - ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ പെരുന്തോട്ടത്തിൻ്റെ കീഴിലുള്ള രുപതാ ബിഷപ്പാണ് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്. അദ്ദേഹത്തിൻ്റെ (പാലമെത്രാൻ ) പ്രസ്താവനക്കെതിരെ നടക്കുന്ന കുറ്റവിചാരണ യോഗത്തിൽ പോയി തലവെക്കുന്നതിലെ അപകടം മണത്തതു കൊണ്ടാവും ചങ്ങനാശ്ശേരി മെത്രാൻ തിരോന്തോരത്തു നിന്ന് സ്കൂട്ടായത്. മാർ പെരുന്തോട്ടത്തലിൻ്റെ മുങ്ങലിനെ മനസിൽ വെച്ചു കൊണ്ടുള്ള തോണ്ടലാണ് ക്ലിമ്മീസ് വാർത്താ സമ്മേളനത്തിൽ നടത്തിയത് -
" നർക്കോട്ടിക്സിനെ നർക്കോട്ടിക്സ് എന്നു പറഞ്ഞാ മതി" എന്ന പഞ്ച് ഡയലോഗ് പാലാ മെത്രാനും കൂട്ടർക്കുമുള്ള മുട്ടൻ പാരയാണ്. അവരുടെ നർക്കോട്ടിക് ജിഹാദിനെ താൻ ലേശം പോലും അംഗീകരിക്കുന്നില്ലെന്ന് നല്ല വെടിപ്പായി കർദിനാൾ പറഞ്ഞു വെച്ചു. ഈ നിലപാടിനോട് പാലാ മെത്രാനും കൂട്ടരും ഒരിക്കലും യോജിക്കില്ല. അവരിതിനെ പരമാവധി വഷളാക്കും - തരം കിട്ടുമ്പോക്ലിമ്മിസിനിട്ട് നല്ല ഒന്നാം ക്ലാസ് പുളിയാപ്പ് വെക്കുകേം ചെയ്യും. - കഠിന ഹൃദയന്മാരായ മെത്രാന്മാരുടെ നിഘണ്ടുവിൽ ക്ഷമിക്കുക എന്നൊരു വാക്കില്ല. എതിർക്കുന്നവനെ പണിഞ്ഞു കെടത്തുക എന്ന ഗുണ്ടാ ലൈനാണിവർ പിന്തുടരുന്നത്. അതല്ലേ, ഒരു പടി കൂടി കടന്ന് മാർ ക്ലിമ്മീസ് സിംപിൾ പൂഴിക്കടകൻ പണി കുടി സീറോ മലബാർ മെത്രാന്മാർക്കിട്ട് കൊടുത്തത് - "ദീപികയിൽ വരുന്ന ലേഖനങ്ങൾ കത്തോലിക്ക സഭയുടെ നിലപാടല്ലെന്ന് , അങ്ങേര് നല്ല ഭേഷായി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്ചയായി സകല സീറോ മെത്രാന്മാരും അവരുടെ ശിങ്കിടി മുണ്ടന്മാരും ദീപികയിൽ ലേഖനമെഴുതി മറിയ്ക്കുകയായിരുന്നു.
പേറെടുക്കാൻ വന്നവൾ ഇരട്ടപെറ്റു എന്ന സ്ഥിതിയിലായി ആകമാന കത്തോലിക്കാ സഭയിലെ
കാര്യങ്ങൾ. കെ സി ബിസിയിലെ
കളർ നൈറ്റിയിട്ടവർ തമ്മിലൊന്ന് കോംപ്ലിമെൻസായിട്ട് പോരെ മത സൗഹാർദ്ദം - അതിലും വല്യ കോമഡിയും ഇന്നലത്തെ യോഗത്തിലുണ്ടായി - കഴിഞ്ഞ നൂറ് കൊല്ലമായി തെരുവിൽ പിച്ചാത്തി എടുത്ത് കുത്തുന്ന യാക്കോബായ- ഓർത്തഡോക്സ് സഭകളിലെ ഓരോ മെത്രാന്മാരും മത സൗഹാർദ്ദ യോഗത്തിൽ എഴുന്നെള്ളിയിരുന്നു - മാർ ഗബ്രിയേലും മാർ അന്ത്രയോസും. ഇവർക്കൊക്കെ മാലാഖമാരുടെ പേരൊക്കെയാണെങ്കിലും കയ്യിലിരുപ്പ് മറ്റേ പുള്ളിയുടേതാണ്.
ചാണകത്തിൽ ചവിട്ടിയവരും സെപ്റ്റിക് ടാങ്കിൽ സ്ഥിര താമസമാക്കിയവ രുമൊക്കെ ജായിൻ്റായി മത സൗഹാർദ്ദ യോഗം നടത്തി നമ്മളെ ഉദ്ബുദ്ധരാക്കുന്നു.
ഈ അസുരകാലത്ത് ദൈവത്തെ കച്ചവടമാക്കിയവരിൽ നിന്ന്
ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാനാണ്? ഇമ്മാതിരി യോഗങ്ങൾ കാണുമ്പോൾ എഴുത്തച്ഛനെ ഓർക്കാനെ തരമുള്ളു.
"കൊല്ലാതെ കൊള്ളാഞ്ഞതെന്തവൻ തന്നെ നീ
കൊല്ലിക്കയത്രേ നിനക്ക് രസമെടോ "

Join WhatsApp News
Light and darkness 2021-09-21 14:00:40
' You are a terrible person , there is no hope for you , God doesn't care for you ' - first three of the six lies of the enemy for those he has targeted , as narrated by an exorcist at his site - St.Michael's center for Spiritual Warfare - good prayers and all too , for protection and deliverance . The last of those lies leading to the spirit of despair and its effects - suicides , addictions, violence , against the born and the unborn , leading to the downward spiral ..Our Lord's warning words about the darkness in the eyes leading to darkness in the whole body - seeing malicious intentions where there are none , instead Wisdom , to take in what He Wills in various persons and their choices , to help bring peace , not wanting to be self serving and divisive against His Holy Will, with humility to redirect earlier decisions if needed , thus modeling the openness as needed in any who want to acknowledge God as God , not the idolatry of self ; same thus The Way for having enough of the holiness and discernment from The Lord , to know the true intention in the depth of hearts . May He protect all of us in His Mercy that ever pours forth and removes the darkness , helping us to live true to the children who have been already renewed in Him, by being truthful and humble enough to ask for help , that our inner eyes help us to see what truly motivates us , thanking The Lord that He provides for all our Fathers too - to speak up or be silent as guided by The Spirit .
ഒരു പാലാക്കാരൻ 2021-09-22 02:09:57
റോയി മാത്യു പണ്ടേ കഞ്ഞോലിക്കാ വിരോധിയാണ്. അവസരം കിട്ടുമ്പോഴെല്ലാം ചാനലുകളിൽ കയറി ഇരുന്നു കത്തോലിക്കരേയും മെത്രാൻമാരെയും അധിക്ഷേപിക്കുന്ന ഇയാളിൽ നിന്ന് നല്ലതൊന്നും പ്രതീക്ഷിക്കേണ്ട. ഇപ്പോൾ ക്ലീമീസ് തിരുമേനിയെ പൊക്കിപ്പിടിച്ച് സീറോ മലബാറിനിട്ടു പതിവു പോലെ ശരങ്ങൾ തൊടുക്കുന്നു. നടക്കട്ടെ നടക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക