Image

കാത്തിരിപ്പ് (കവിത: ഇയാസ് ചുരല്‍മല)

Published on 20 September, 2021
കാത്തിരിപ്പ് (കവിത: ഇയാസ് ചുരല്‍മല)
പുഞ്ചിരി
പൊഴിക്കും രാത്രികൾ
എത്ര മനോഹരമായാണ്
നമ്മെ പറ്റിക്കുന്നത്

കാതങ്ങൾ താണ്ടി
ഇഴഞ്ഞിറങ്ങും
മരച്ചില്ലകളിൽ
പൂത്തുലയും

അമ്മതൻ
മടിയിലെ കുരുന്നിനായ്
മോഹം ചാർത്തും
വസന്തം തീർക്കും

പകലിൻ ചൂടിൽ
ചുട്ടുപഴുത്ത
ഹൃദയാന്തരങ്ങളിൽ
കുളിർ മഴ പെയ്യിക്കും

പ്രണയം പിടിപെട്ട
ചിത്രശലഭങ്ങളെ
ചേർത്തിരുത്തി
ഇറുകെ ചുംബിപ്പിക്കും

നഷ്ടസ്വപ്നങ്ങളിൽ
കുന്തിച്ചിരിക്കും മനുഷ്യരിൽ
തഴുകി തലോടി
പുതു ലക്ഷ്യം തീർക്കും

കാവലിരിക്കാമെന്ന്
വാക്കു നൽകി
ശാന്തമായ് താരാട്ട് പാടി
നമ്മെയുറക്കും

പുലരും നേരത്ത്
നാമറിയും
പകലിൻ കരങ്ങളിൽ
നമ്മെ ബന്ധിച്ച്
പൂനിലാവ് പോയ്മറഞ്ഞെന്ന്

എങ്കിലും
മറന്നു കളയാനാവില്ല
നാം കാത്തിരിക്കും
നിലാവ് പൂക്കും
രാത്രികൾക്കായ്...!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക