EMALAYALEE SPECIAL

എണ്‍പത്തൊന്നിന്റെ നിറവില്‍ ചെറുപ്പത്തിന്റെ പ്രസരിപ്പോടെ ലക്ഷ്മി കുറുപ്പ് (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

Published

on

എൺപത്തി ഒന്നു വയസ്സുള്ള ഒരു കലാകാരിയുടെ വിശാലമായ ജീവിത കാന്‍വാസിലൂടെയുള്ള യാത്രയാണ് ... ജീവിത സായാഹ്നത്തില്‍ എത്തിനില്‍ക്കുമ്പോഴും യൗവ്വനത്തിന്റെ ചുറുചുറുക്കോടെ കലയേയും സാഹിത്യത്തേയും ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരു അസാധാരണ വ്യക്തി, ലക്ഷ്മി കുറുപ്പ്. ജീവിത സായാഹ്നത്തിലെത്തി നിൽക്കുമ്പോഴും  ഇപ്പോഴും കലയേയും സാഹിത്യത്തേയും സനേഹിക്കുന്നു എന്നതിലോ അല്ല  അതിലപ്പുറം നമ്മളെ വിസ്മയിപ്പിക്കുന്ന പല പ്രത്യേകതകളും ലക്ഷ്മി കുറുപ്പ് എന്ന ജീവിതേതിഹാസത്തിനുണ്ട്.

തിരുവല്ല വാഴേമഠത്തില്‍ വാമനന്‍ നമ്പൂതിരിയുടേയും, ചങ്ങനാശ്ശേരി നാരകത്തറ തുമ്പയില്‍ കുറുപ്പിന്റെ കുടുംബത്തിലുള്ള ഭവാനി പിളളയുടേയും മകളായി 1941 ആഗസ്റ്റ് 15 നായിരുന്നു ലക്ഷ്മി കുറുപ്പിന്റെ ജനനം. ബാല്യകാലത്തു തന്നെ കലാകായിക രംഗങ്ങളില്‍ തല്‍പരയായിരുന്നു. മാതാപിതാക്കളുടെ പ്രോത്സാഹനം ലക്ഷ്മിയേയും, അനിയത്തി ശ്രീദേവിയേയും ഉയരങ്ങളിലേക്കെത്തിച്ചു. അതുകൊണ്ടുതന്നെ സ്‌കൂള്‍ ജീവിതം വളരെ ആസ്വാദ്യകരമായിരുന്നു. നൃത്തം, സംഗീതം, അഭിനയം, മോണൊ ആക്റ്റ്, പ്രസംഗം, കഥാപ്രസംഗം, കൈ കൊട്ടിക്കളി, അങ്ങനെ എല്ലാ കലകളിലും, കായിക രംഗങ്ങളിലും, സാഹിത്യ രചനകളിലും ഈ സഹോദരിമാര്‍ തിളങ്ങി.

*കലാലോകത്തേയ്ക്കുള്ള കാല്‍വെയ്പ്പ്*
പഠനത്തിനു ശേഷം കെ.എസ്.ഇ.ബി. യില്‍ സ്റ്റെനോഗ്രാഫറായി ജോലി കിട്ടി. ജോലി ചെയ്യുന്ന സമയത്ത് സഹോദരിയുമായി ചേര്‍ന്ന് സ്വന്തമായി ജയശ്രീ നൃത്ത കലാലയം എന്നൊരു ട്രൂപ്പ് തുടങ്ങി. വെള്ളൂര്‍ സിസ്റ്റേര്‍സ് എന്ന പേരിലാണ് കേരളത്തില്‍ അന്നറിയപ്പെട്ടത്. യശ്ശഃശരീരനായ അച്ഛനായിരുന്നു സംഗീതത്തിലെ ആദ്യ ഗുരു, നൃത്തത്തില്‍ ആദ്യ ഗുരു ആര്‍.പി. വാരിയരും. കേരളം മുഴുവനും കലാപ്രവര്‍ത്തനങ്ങളുമായി ഈ ട്രൂപ്പ് അന്നു സഞ്ചരിച്ചിരുന്നു. ആര്‍. പി. വാരിയര്‍, ആര്‍.സി. കൈമള്‍, ധന്വന്തരി കോട്ടയം ഭവാനി ചെല്ലപ്പന്‍, മറിയംപിള്ളെ കോമളം, നടന്‍ എസ്സ്. പി. പിള്ള, നടി സുകുമാരി, സംഗീത വിദഗ്ദന്‍ വൈക്കം വാസുദേവന്‍ നായര്‍, വൈക്കം വര്‍മ്മ, വിക്രമന്‍ നമ്പൂതിരി തുടങ്ങി അന്നത്തെ പ്രശസ്തരായ കലാപ്രതിഭകളും ട്രൂപ്പിലുണ്ടായിരുന്നു. സഹോദരി നൃത്താധ്യാപികയായിരുന്നു. എന്‍. എന്‍. പിള്ളയുടെ നാടക ട്രൂപ്പിലും ഇവരുണ്ടായിരുന്നു. സഹോദരി ശ്രീദേവി മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

*പൊതുരംഗത്തും സജീവ സാന്നിദ്ധ്യം*
ക്രമേണ സഹോദരിമാര്‍ പൊതു പ്രവര്‍ത്തനത്തിലേക്ക് ചുടുവെച്ചു അന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തകരായ മന്ത്രി പി. കെ. കമലം, പെണ്ണമ്മ ജേക്കബ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, എന്നിവരോടൊപ്പമായിരുന്നു അന്നത്തെ പൊതു പ്രവര്‍ത്തനം. ആദര്‍ശ്ശധീരനായ അച്ഛനായിരുന്നു മക്കളുടെ അന്നത്തെ വഴികാട്ടി. ജീവിതം സന്തോഷകരവും മനോഹരവുമായി ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു വിവാഹം.

*വിവാഹവും എതിരൊഴുക്കുകളും*
1967 ലായിരുന്നു ചമ്പക്കര ശങ്കരവിലാസത്തിലെ ശങ്കരപിള്ള സാറിന്റേയും, മീനാക്ഷിയമ്മയുടേയും മകന്‍ എസ്. എന്‍. കുറുപ്പ് ലക്ഷ്മിയെ താലികെട്ടിയത്. അന്നത്തെ യാഥാസ്ഥിതിക മനോഭാവം വച്ചുപുലര്‍ത്തിയിരുന്ന കുടുംബത്തിലേക്കായിരുന്നു ലക്ഷ്മി വലതുകാല്‍ വച്ചു കയറിയത്. സ്ത്രീകളുടെ കഴിവിനേയും അറിവിനേയും ആ തറവാട്ടില്‍ ആരും അംഗീകരിച്ചിരുന്നില്ല. മാനസിക ചേര്‍ച്ചയേക്കാള്‍ ജാതകപ്പൊരുത്തത്തിന് മുന്‍തൂക്കം നല്‍കിയിരുന്ന കാലം. അതോടെ ലക്ഷ്മി എന്ന പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങളുടെ ചിറകുകള്‍ നഷ്ടപെട്ടു. അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ മുംബൈയില്‍ എത്തിയതിനു ശേഷം സ്വന്തം ജീവിതം നൂറു ശതമാനവും കുടത്തിലടക്കപ്പെട്ടു. പിന്നീടുള്ള കാലങ്ങള്‍ പോയ്‌പ്പോയ നല്ല വര്‍ഷങ്ങളെയോര്‍ത്ത് നാലു ചുവരുകള്‍ക്കുള്ളിലിരുന്ന് വീര്‍പ്പുമുട്ടലുകളും നെടുവീര്‍പ്പുകളും മാത്രമായി. ഭര്‍ത്താവ് എസ്. എന്‍. കുറുപ്പ് മുംബൈ, ശിവ്‌രിയിലെ പ്രൈവറ്റ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. മക്കളായ പ്രവീണും, ശ്രീലേഷും വന്നതോടെ ലക്ഷ്മി കുറുപ്പിന്റെ ജീവിതത്തിലും പൂക്കള്‍ വിരിയാന്‍ തുടങ്ങി. തന്റെ സ്വപ്‌നങ്ങള്‍ മക്കളിലൂടെ സാധിച്ചെടുക്കുക എന്നതായി അടുത്ത ലക്ഷ്യം. മക്കളെ ഭരതനാട്യം, നാടോടി നൃത്തം എന്നീ കലകള്‍ സ്വയം പഠിപ്പിച്ച് മത്സരവേദികളില്‍ എത്തിക്കാന്‍ തുടങ്ങി. കലാവാസനയുള്ള മക്കള്‍ ല്ക്ഷ്മി കുറുപ്പിന്റെ ജീവിതത്തിന് പുതിയ അര്‍ത്ഥങ്ങള്‍ സമ്മാനിച്ചു.

*അക്ഷരലോകത്തെ സംഭാവനകള്‍*
എഴുത്തിനേയും വായനയേയും ജീവനുതുല്യം സ്‌നേഹിക്കുന്ന ലക്ഷ്മി കുറുപ്പ് പതിമൂന്നു നോവലുകളും, അറുപത്തി എട്ടോളം ചെറുകഥകളും, മുപ്പതോളം കവിതകളും, വിവിധ വിഷയങ്ങളില്‍ ശ്രദ്ധേയമായ പത്തോളം ലേഖനങ്ങളും എഴുതിയിട്ടുണ്ട്. രണ്ടു നോവലുകള്‍ പ്രസിദ്ധീകരിച്ചു, സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം ബാക്കിയുള്ള സൃഷ്ടികള്‍ വീട്ടിലെ ഇരുട്ടില്‍ തള്ളപ്പെട്ടു. ഒരുപാട് സൃഷ്ടികള്‍ വിവിധ ആനുകാലികങ്ങളില്‍ ഇതിനകം പ്രസിദ്ധീകൃതമായിട്ടുണ്ട്.

*ജീവിത സായാഹ്നത്തില്‍ ചിലങ്കയണിഞ്ഞവള്‍*
തന്റെ പ്രിയപ്പെട്ട മക്കള്‍ അമ്മയെ കലാലോകത്തിലേക്ക് വീണ്ടും കൈപിടിച്ചുയര്‍ത്തി. കേരള സമാജം ഡോംബിവിലിയുടെ മത്സരവേദികളില്‍ പിന്നേയും ഈ കലാകാരി തിളങ്ങാന്‍ തുടങ്ങി. കവിതാപാരായണം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മോണോ ആക്റ്റ്, കഥാപ്രസംഗം തുടങ്ങി നിരവധി സ്റ്റേജ് പെര്‍ഫോര്‍മന്‍സുകളിലൂടെ ലക്ഷ്മി കുറുപ്പ്  നഗരവാസികളുടെ ഹൃദയം കവര്‍ന്നു.
സമാജത്തിന്റെ സ്‌പോര്‍ട്ട്‌സ് മത്സരങ്ങളിലും ലക്ഷ്മി കുറുപ്പ് മാറ്റുരച്ചിട്ടുണ്ട്. പ്രായത്തിന്റെ അവശതകള്‍ മറന്ന് നഗരത്തിലെ നാടകവേദികളിലും തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് ഈ കലാകാരി. 'അവസരങ്ങള്‍ നമ്മളെ തേടിയെത്തില്ല. യഥാര്‍ത്ഥ കലാകാരികള്‍ അവസരങ്ങളിലേക്ക് എത്തിപ്പെടണം.' ലക്ഷ്മി കുറുപ്പ് പറയുന്നു. മലയാള ഭാഷ പ്രചാരണ സംഘത്തിന്റെയും, നായര്‍ സമാജത്തിന്റേയും വേദികളിലെ ഏറ്റവും പ്രായം കൂടിയ മത്സരാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ഓണാഘോഷത്തിന് 'എണ്‍പതിന്റെ നിറവില്‍' എന്ന തലകെട്ടോടെ ലുങ്കിയും, ഷര്‍ട്ടു മണിഞ്ഞ് തലയില്‍ ഒരു നാടന്‍ ലുങ്കിക്കെട്ടുമായി ഓണ്‍ലൈനില്‍ നാടോടി നൃത്തം ചവിട്ടി. ഗോരെഗാവ് കേരള കലാ സംഘടനക്കു വേണ്ടിയായിരുന്നു ഈ നാടന്‍ കലാവിരുന്ന് അവതരിപ്പിച്ചത്. മുംബൈ മലയാളികള്‍ നിറഞ്ഞ മനസ്സോടെ ചേച്ചിയുടെ കലാവിരുന്ന് ഹൃദയത്തിലേറ്റി കലാകാരിയെ അനുമോദിച്ചു.

*മക്കള്‍ക്കും മരുമക്കള്‍ക്കും നിറദീപം, പ്രേരക ശക്തി*
മകന്‍ പ്രവീണ്‍കുറുപ്പിന്റെ ജീവിതത്തിലേയ്ക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്ന സമയത്ത് അമ്മ മകന് ഒരുപദേശം കൊടുത്തിരുന്നു 'നിന്റെ ജീവിതത്തിലേയ്ക്ക് കടന്ന പെണ്‍കുട്ടി പൂര്‍ണ്ണ സ്വതന്ത്രയായിരിക്കണം' എന്നായിരുന്നു അത്. കുടുംബത്തിനകത്തെ പുരുഷകേന്ദ്രീകൃതമായ വ്യവസ്ഥിതിയെ ലക്ഷ്മി കുറുപ്പ് അത്യധികം വെറുത്തിരുന്നു. തന്റെ കലാ സ്വപ്‌നങ്ങളേയും സ്വാതന്ത്ര്യ ബോധത്തേയും സര്‍ഗ്ഗാത്മകതയേയും തടഞ്ഞുവെച്ച വ്യവസ്ഥാപിത കുടുംബ നീതിയോട് ലക്ഷ്മി കുറുപ്പിന് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ലായിരുന്നു.
വിജു പ്രവീണ്‍ എന്ന തന്റെ മരുമകള്‍ ലക്ഷ്മികുറുപ്പിന് സ്വന്തം മകളായിരുന്നു. അവരെ വെസ്റ്റേണ്‍ ഡാന്‍സ് പഠിപ്പിച്ച് അരങ്ങിലെത്തിക്കാന്‍ ലക്ഷ്മി കുറുപ്പ് പരിശ്രമിച്ചു വിജയിച്ചു. സ്ത്രീ വീട്ടില്‍ തളച്ചിടേണ്ടവളല്ല, അവള്‍ക്ക് അവസര സമത്വം വേണം എന്ന മൂല്യബോധമാണ് ലക്ഷ്മി കുറുപ്പിനെ മുന്നോട്ടു നയിച്ചത്. പ്രവീണ്‍ വിജുദമ്പതികള്‍ക്ക് രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ ധനശ്രീയും, ധനലക്ഷ്മിയും. ഇവരാണ് മുത്തശ്ശിയുടെ ഇന്നത്തെ കൂട്ടുകാര്‍. എല്ലാ കലകളും മുത്തശ്ശിയില്‍ നിന്നും ഇവര്‍ സ്വായത്തമാക്കി കഴിഞ്ഞു. മുത്തശ്ശിയുടെ ഹരിത കഥാപ്രസംഗം, മോണോ ആക്റ്റ് എന്നിവയും പേരകുട്ടികള്‍ യൂടുബില്‍ ഇട്ടിരുന്നു എന്നു പറയുമ്പോള്‍ ലക്ഷ്മികുറുപ്പിന്റെ കണ്ണുകളില്‍ യുവത്വത്തിന്റെ തിളക്കം. പേരകുട്ടികളും കലാ സാഹിത്യ മത്സരങ്ങളില്‍ ആദ്യാവസാനം മുത്തശ്ശിക്കൊപ്പം മത്സരവേദികളിലുണ്ട്.
രണ്ടാമത്തെ മകന്‍ ശ്രീലേഷും, കുടുംബവും പൂണെയിലാണ്. മരുമകള്‍ സംഗീത നന്നായി സംഗീതമാലപിക്കും. അവര്‍ക്ക് രണ്ടാണ്‍മക്കള്‍ ധനേഷും, ധനുവിനും.

*എണ്‍പത്തൊന്നിലും ചുറുചുറുക്കോടെ*
കലാരംഗത്തുള്ള തന്റെ അറിവ് വരും തലമുറയ്ക്കുകൂടി പകര്‍ന്നുകൊടുക്കുക എന്ന ആഗ്രഹത്തിന്റെ പൂര്‍ത്തികരണമാണ് ലക്ഷ്മി കുറുപ്പ് എന്ന കലാ അദ്ധ്യപിക. സ്ത്രീകളേയും കുട്ടികളേയും നാടോടി നൃത്തം, കൈകൊട്ടിക്കളി, സമൂഹഗാനം എന്നിവ അഭ്യസിപ്പിക്കാനും ലക്ഷ്മി ചേച്ചി സമയം കണ്ടെത്തുന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് കോപ്പര്‍ ഗാവ് അയ്യപ്പ സംഘടനയുടെ സില്‍വര്‍ ജൂബിലിക്ക് 42 കലാകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ബാലെ അരങ്ങിലെത്തിച്ചു.

*വിശ്രമിക്കാന്‍ നേരമില്ല*
വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ല. അതുകൊണ്ടുതന്നെ നാടോടുമ്പോള്‍ നടുവെ ഓടണമെന്ന അഭിപ്രായക്കാരിയാണ്. യുവതയുടെ ഏറ്റവും പുതിയ അഭിരുചികള്‍ ലക്ഷ്മിക്കുറിപ്പിന്റേതുകൂടിയാണ്. ഭരതനാട്യം ഡ്രസ്സുകള്‍ സ്വയം തയ്ക്കുവാനും മുത്തു കൊണ്ടുള്ള നൃത്തത്തിനുള്ള ആഭരണങ്ങള്‍ നിര്‍മ്മിക്കുവാനും ലക്ഷ്മി കുറുപ്പിന് വൈദഗ്ദ്യമുണ്ട്. ഡോംബിവിലിയിലെ ഏതൊരു വേദിയിലും ലക്ഷ്മിയമ്മയുടെ നിറ സാന്നിദ്ധ്യമുണ്ടാകും. പക്ഷെ മഹാമാരിക്കാലം അടച്ചിരിപ്പിന്റെ കാലമായതോടെ കൊച്ചുമക്കള്‍ക്കൊപ്പം മൊബൈലും കമ്പ്യൂട്ടറുമൊക്കെയായി നവ സാങ്കേതിക വിദ്യയുടെ പുതുലോകത്ത് സമയം ചിലവഴിക്കുകയാണ് ഇവര്‍.

തെറ്റെവിടെക്കണ്ടാലും ഈ അമ്മ പ്രതികരിക്കും, പക്ഷെ അത് വളരെ സൗമ്യവും സരസവുമായിരിക്കുമെന്നുമാത്രം. ആരോടും മുഖം കറുക്കാതെ എല്ലാവരോടും ചിരിച്ചും കളിച്ചും സ്‌നേഹിച്ചും ചേര്‍ത്തു നിര്‍ത്തിയും ഈ അമ്മ നമുക്കൊപ്പം ജീവിക്കുന്നു.
സ്ത്രീകളോട് ഇവര്‍ക്ക് ഒന്നേ പറയാനുള്ളൂ. 'സ്ത്രീ ആരുടേയും അടിമയല്ല. അവള്‍ക്കും ഈ ലോകത്തില്‍ ഇഷ്ടത്തിനൊത്തു ജീവിക്കാന്‍ അവകാശമുണ്ട്. തളരാതെ, അടിപതറാതെ സ്വന്തം കഴിവുകളെ വളര്‍ത്തിയെടുക്കുക. പുരുഷ മേധാവിത്വത്തിനെതിരെ പ്രതികരിക്കുക. സ്ത്രീയില്ലെങ്കില്‍ പുരുഷന് അസ്ഥിത്വം ഇല്ലെന്ന് മനസ്സിലാക്കി കൊടുക്കുക.'
ലക്ഷ്മി കുറുപ്പ് കുടുംബത്തില്‍ ജീവിച്ചത് ഒഴുക്കിനെതിരെ ജീവിച്ചുകൊണ്ടാണ്. തന്റെ ഉള്ളിലെ പ്രകാശം സമൂഹത്തിനു പകുത്തുകൊടുത്തുകൊണ്ട് ജീവിക്കണമെന്ന ദൃഢനിശ്ചയമാണ് ലക്ഷ്മി കുറുപ്പ് എന്ന സ്ത്രീയെ കലാകാരിയെ പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ പ്രേരിപ്പിച്ചത്. ജീവിതത്തില്‍ പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ചകിതയാകുകയും ആത്മഹത്യയിലേയ്ക്ക് തിരിയുകയും ചെയ്യുന്ന ചപല ഹൃദയരായ സ്ത്രീകളാവരുത് ആരും എന്നാണ് ലക്ഷ്മിയമ്മയ്ക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്.
മഹാനഗരത്തിന്റെ മക്കളെ ചേര്‍ത്തുപിടിച്ച് സ്‌നേഹിക്കുന്ന ഈ മുത്തശ്ശിക്ക് ആയുരാരോഗ്യ സൗഖ്യം നേരാം. ഈ നിറവിനെ നമുക്ക് എന്നും ആദരിക്കാം.

Facebook Comments

Comments

  1. Sudhir Panikkaveetil

    2021-09-20 23:51:31

    അതുല്യ കലാകാരിക്ക് ആയുരാരോഗ്യ സൗഭാഗ്യങ്ങൾ ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ശ്രീമതി ഗിരിജ മാഡത്തിന്റെ സഹായത്തോടെ അമേരിക്കൻ മലയാളികൾക്കായി ശ്രീമതി കുറുപ്പിന്റെ കഥകൾ ഇമലയാളിയിൽ വായിക്കാമെന്നു പ്രതീക്ഷിക്കുന്നു.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

യേശുവിന്റെ തിരുക്കുടുംബത്തില്‍ 'വളര്‍ന്ന' മാത്യൂസ് തൃതീയൻ കാതോലിക്കാ (ഡോ. പോള്‍ മണലില്‍)

കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍: ബസേലിയസ് മാര്‍ത്തോമ്മ മാത്യുസ് ത്രുതീയന്‍ കാതോലിക്ക (ഫാ. ബിജു പി. തോമസ്-എഡിറ്റര്‍)

ഒരു നവരാത്രി കാലം (രമ്യ മനോജ്, അറ്റ്ലാൻറ്റാ)

ചേരമാന്‍ പെരുമാളിന്റെ കിണ്ടി (ചിത്രീകരണം: ജോണ്‍ ഇളമത)

ഇരുട്ടിലാകുമോ ലോകം (സനൂബ് ശശിധരന്‍)

പച്ചച്ചെങ്കൊടി സിന്ദാബാദ്... (സോമവിചാരം: ഇ.സോമനാഥ്)

View More