Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 19 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ഞായറാഴ്ച (ജോബിന്‍സ്)
സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവ പഞ്ചാബ് മുഖ്യമന്ത്രിയാകും. ഏറെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് സുഖ്ജിന്തര്‍ സിംഗിന്റെ പേരിലേയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടി എത്തിയത്. ഭരത്ഭൂഷണ്‍ കരുണ ചൗധരി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരാകും. ഇതിനിടെ അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ വിമത നീക്കങ്ങളും സജീവമാണ്. 
***************************
ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു. നിലവില്‍ എനിക്ക് ചില ഉത്തരവാദിത്തങ്ങള്‍ പാര്‍ട്ടി നല്‍കിയിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റാനാണ് ശ്രമിക്കുന്നത്. ഏല്‍പ്പിച്ച ജോലി ഭംഗിയായി ചെയ്യാന്‍ തയ്യാറെടുത്താണ് പ്രവര്‍ത്തിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. 
*************************
വിമാന സര്‍വീസുകളില്‍ 85 ശതമാനം യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ അനുമതി.രാജ്യത്തെ കൊവിഡ് കേസുകളില്‍ ഗണ്യമായ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് തീരുമാനം. വിവരം വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്.
******************************
സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചെന്നും വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച ശേഷമാണ് സ്‌കൂളുകള്‍ തുറക്കാന്‍ തീരമുാനമെടുത്തതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാവും നടത്തുക . എല്ലാ ക്ലാസുകളിലും മാസ്‌കുകള്‍ നിര്‍ബന്ധമാക്കും. സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കുമെന്നും ബസുകള്‍ ഇല്ലാത്ത സ്‌കൂളുകളില്‍ പകരം സംവിധാനങ്ങളൊരുക്കുമെന്നും മന്ത്രി പറഞ്ഞു. 
****************************
 ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ അപ്പീല്‍ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ഗുരുതര ആരോപണവുമായി ടി.പി.യുടെ ഭാര്യ കെ.കെ രമ എംഎല്‍എ രംഗത്ത്. ടി.പി. വധക്കേസ് അന്വേഷണം ഉന്നതരിലേയ്ക്കെത്തുമോ എന്ന് ജഡ്ജി വരെ ഭയപ്പെട്ടിരുന്നതായി കെ.കെ. രമ പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പം നില്‍ക്കുമെന്ന് തനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലെന്നും അവര്‍ പറഞ്ഞു.
**********************
തെലങ്കാനയില്‍ നടത്താനുദ്ദേശിക്കുന്ന നിക്ഷേപം വര്‍ദ്ധിപ്പിച്ച് കിറ്റക്സ്. രണ്ട് വന്‍കിട പദ്ധതികളിലും കൂടി തെലങ്കാനയില്‍ നിക്ഷേപം നടത്തുമെന്ന് സാബു ജേക്കബ് പറഞ്ഞു. ഇതോടെ കിറ്റക്സ് തെലങ്കാനയില്‍ നടത്തുന്ന നിക്ഷേപം 2,400 കോടി രൂപയാകും. പുതിയ രണ്ട് പദ്ധതികളിലുമായി 40,000 പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക. ഈ പദ്ധതികള്‍ക്കായുള്ള ധാരണാ പത്രം തെലങ്കാനാ സര്‍ക്കാരുമായി കിറ്റക്സ് ഒപ്പുവെച്ചു. 
*********************
കേരളം സമ്പൂര്‍ണ്ണ വാക്സിനേഷന്‍ എന്ന ലക്ഷ്യത്തിലേയ്ക്ക്. 2022 ജനുവരിയോടെ ഈ ലക്ഷ്യം കൈവരിക്കാനുള്ള രീതിയിലാണ് കേരളം കാര്യങ്ങള്‍ മുന്നോട്ടു നീക്കുന്നത്. നിലവില്‍ ആദ്യ ഡോസ് 89 ശതമാനം പേര്‍ക്കും രണ്ടാം ഡോസ് 36.67 ശതമാനം പേര്‍ക്കും നല്‍കി കഴിഞ്ഞു . ആദ്യ ഡോസ് പൂര്‍ത്തിയാക്കാന്‍ ഇനി 25 ദിവസം മാത്രം മതിയാകുമെന്നാണ് കണക്കുകൂട്ടല്‍. 135 ദിവസങ്ങളാണ് രണ്ടാം ഡോസിനായി കണക്കാക്കുന്നത്.
**********************
മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയതിനെതിരെ കേസെടുത്തു. മലപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെയാണ് കേസ്. മഹല്ല് ഖാസിയടക്കമുളളവര്‍ക്കെതിരെയാണ് കരുവാരക്കുണ്ട് പൊലീസ് കേസെടുത്തത്. അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷലഭിക്കാവുന്ന കുറ്റമാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക