Image

കെ എം റോയിസാറിന് നാടകക്കളരി പ്രസ്ഥാനത്തിൻറെ ആദരാഞ്ജലികൾ; ജോൺ ടി വേക്കൻ

Published on 19 September, 2021
കെ എം റോയിസാറിന് നാടകക്കളരി പ്രസ്ഥാനത്തിൻറെ ആദരാഞ്ജലികൾ; ജോൺ ടി വേക്കൻ


വൈക്കം തിരുനാൾ സ്ഥിരംനാടകവേദിയുടെയും കേരള ഫൈനാർട്സ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 2003 ഫെബ്രുവരി14,15 തീയതികളിൽ എറണാകുളം ഫൈനാർട്സ് ഹാളിൽ  നാടകക്കളരിപ്രസ്ഥാനത്തിൻറെ മുപ്പത്തിയഞ്ചാം വാർഷികം സംഘടിപ്പിച്ചിരുന്നു. 14ന് സി എൻ ശ്രീകണ്ഠൻനായരുടെ കാഞ്ചനസീത നാടകമാണ് അവതരിപ്പിച്ചത്. രണ്ടു ദിവസത്തെയും പരിപാടികളിൽ പങ്കെടുക്കാൻ വിശിഷ്ടാതിഥിയായി ഭരത് ഗോപി ഉണ്ടായിരുന്നു. 

എം വി ദേവൻ, കെ എസ് നാരായണപിള്ള, എം തോമസ് മാത്യു, ടി എം എബ്രഹാം, സി ആർ ഓമനക്കുട്ടൻ, സോമസുന്ദരൻ, സി എൻ ശ്രീകണ്ഠൻനായരുടെ മകൻ സി എൻ ഉണ്ണിക്കൃഷ്ണൻ എന്നിങ്ങനെ  പ്രഗത്ഭരും പ്രശസ്തരുമായ നിരവധി വ്യക്തികൾ നാടകം കാണാൻ എത്തിയിരുന്നു. നാടകാവതരണത്തിനുശേഷം നിരവധി ലേഖനങ്ങളും നാടകാസ്വാദനങ്ങളും പ്രസിദ്ധീകരിച്ചുവന്നു. അവയെല്ലാം ഞാൻ കാണുകയും വായിക്കുകയും ചെയ്തിരുന്നു. 

എന്നാൽ, ഒരു വ്യക്തി നാടകം കാണാൻ വന്നത് ഞാൻ കാണുകയൊ ആരും പറഞ്ഞ് അറിയുകയൊ ചെയ്തില്ല. അതു ഞാനറിഞ്ഞത് എറണാകുളത്തെ നാടകക്കളരിയിലെ ഒരംഗം എന്നെ ഫോണിൽ വിളിച്ച് പറയുമ്പോഴാണ്... മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന കോളത്തിൽ കാഞ്ചനസീത നാടകത്തെക്കുറിച്ച് കെ എം റോയിസാർ ലേഖനം എഴുതിയിരിക്കുന്നു... കേരളത്തിലെ മുതിർന്ന ഒരു  പത്രാധിപരും ബഹുമുഖ പ്രതിഭയുമായ റോയിസാറിനെപ്പോലെ ഒരാൾ ആരും ക്ഷണിക്കാതെതന്നെ തിരക്കുകൾക്കിടയിൽ വന്ന് നാടകം കണ്ട് വേഗം മടങ്ങിപ്പോകുകയായിരുന്നു... 
എനിക്ക് പരിചയമോ അടുപ്പമോ ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ തൂലികയിലൂടെ ഞാൻ സംവിധാനം ചെയ്ത ഒരു നാടകത്തെക്കുറിച്ച് ഒരു ലേഖനം എഴുതിക്കണ്ടതിൽ അന്ന് ഒരുപാട് സന്തോഷവും അഭിമാനവും തോന്നിയിരുന്നു. അതിനുശേഷമാണ് റോയിസാറുമായി പരിചയപ്പെടുന്നത്...

ഇന്ന് റോയിസാറിന്റെ വേർപാട് അറിയുമ്പോൾ വളരെ ദുഃഖം തോന്നുന്നു... 

റോയിസാറിന് നാടകക്കളരിപ്രസ്ഥാനത്തിൻറെയും വൈക്കം തിരുനാൾ സ്ഥിരംനാടകവേദിയുടെയും ആദരാഞ്ജലികൾ...
കെ എം റോയിസാറിന് നാടകക്കളരി പ്രസ്ഥാനത്തിൻറെ ആദരാഞ്ജലികൾ; ജോൺ ടി വേക്കൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക