Image

പഞ്ചാബില്‍ അമരിന്ദറിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി സൂചന, അടിയന്തര നിയമസഭാ കക്ഷിയോഗം വൈകിട്ട്

Published on 18 September, 2021
പഞ്ചാബില്‍ അമരിന്ദറിനോട് രാജിവയ്ക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി സൂചന, അടിയന്തര നിയമസഭാ കക്ഷിയോഗം വൈകിട്ട്
ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ പഞ്ചാബില്‍ ഭരണതലത്തില്‍ നേതൃമാറ്റത്തിന് കോണ്‍ഗ്രസ് തീരുമാനിച്ചതായി സൂചന. മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്ങിനോട് രാജി സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതായി ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്നു വൈകിട്ട് കോണ്‍ഗ്രസ് അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

അമരിന്ദര്‍ സിങ്ങിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കിടയിലാണ്, പുതിയ സംഭവ വികാസം. എംഎല്‍എമാരുടെ ആവശ്യപ്രകാരമാണ് നിയമസഭാ കക്ഷി യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നതെന്ന് പഞ്ചാബിന്റെ ചുമതലുയള്ള ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്തു. ഇന്നു വൈകിട്ട് അഞ്ചിനാണ് നിയമസഭാ കക്ഷി യോഗം.

117 അംഗ പഞ്ചാബ് നിയമസഭയില്‍ നാല്‍പ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ദുവിനൊപ്പം ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമരിന്ദറിനെതിരെ കലാക്കൊടി ഉയര്‍ത്തിയെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ അമരിന്ദറും സിദ്ദുവും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇനിയും ഗ്രൂപ്പു പോരു തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അതു പാര്‍ട്ടിക്കു തിരിച്ചടിയാവുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.

അമരിന്ദറിനോട് ഇന്നു തന്നെ രാജി സമര്‍പ്പിക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉന്നത നേതാക്കള്‍ പറയുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക