Image

കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവും ; തെറ്റ് സമ്മതിച്ച് അമേരിക്ക

ജോബിന്‍സ് Published on 18 September, 2021
കൊല്ലപ്പെട്ടത് സന്നദ്ധപ്രവര്‍ത്തകനും കുടുംബവും ; തെറ്റ് സമ്മതിച്ച് അമേരിക്ക
ഐഎസ് തീവ്രവാദികള്‍ക്കെതിരെ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടത് തീവ്രവാദികളായിരുന്നില്ല മറിച്ച് സന്നദ്ധപ്രവര്‍ത്തകനും കുട്ടികളുമായിരുന്നുവെന്ന് ഒടുവില്‍ അമേരിക്ക സമ്മതിച്ചു. അമേരിക്ക അഫ്ഗാനില്‍ നിന്നും പിന്‍മാറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു അക്രമണം. 

കൊല്ലപ്പെട്ടത് തീവ്രവാദികളല്ലെന്നും മറിച്ച് നിരപരാധികളാണെന്നും ന്യൂയോര്‍ക്ക് ടൈസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഇപ്പോള്‍ അമേരിക്ക ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 
സന്നദ്ധപ്രവര്‍ത്തകനും അദ്ദേഹത്തിന്റെ ഏഴ് കുട്ടികളുമടങ്ങുന്ന പത്തംഗ കുടുംബമായിരുന്നു കൊല്ലപ്പെട്ടത്. 

വാഹനത്തില്‍ ഇദ്ദേഹം വെള്ളം നിറച്ച ബോട്ടിലുകള്‍ കയറ്റുന്നത് കണ്ട നിരീക്ഷണ ഡ്രോണ്‍ അത് സ്‌ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് ഇദ്ദേഹത്തെ പിന്തുടര്‍ന്ന് വീട് ആക്രമിക്കുകയായിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായ ന്യൂട്രിഷ്യന്‍ ആന്‍ഡ് എജ്യൂക്കഷേന്‍ എന്ന സന്നദ്ധ സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു സമയ്‌രി അക്മദി എന്നു പേരുള്ള ഇയാള്‍. 

ഓഗസ്റ്റ് 29നായിരുന്നു ആക്രമണം. ഒപ്പം ജോലി ചെയ്തിരുന്നവരെ വീടുകളില്‍ എത്തിച്ചശേഷം വൈകിട്ട് 4: 50 ഓടെ സ്വന്തം വീട്ടുമുറ്റത്തെത്തിയപ്പോഴായിരുന്നു ആക്രമണം. ഇദ്ദേഹമെതത്തിയത് കണ്ട് കുട്ടികളും കാറിനടുത്തേയ്ക്ക് വന്നിരുന്നു. ആക്രമണത്തിന് ശേഷം കാറിലുണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചിരുന്നു എന്നും അന്ന് യുഎസ് പറഞ്ഞിരുന്നു. 

എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിരീക്ഷണത്തില്‍ പിഴവ് പറ്റിയതിനാല്‍ നിരപരാധിയാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തുകയും ഇപ്പോള്‍ സമ്മതിക്കുകയും ചെയ്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക