Image

കോവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് ഐ.സി.എം.ആര്‍

Published on 17 September, 2021
 കോവിഡ് 19: ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്ന് ഐ.സി.എം.ആര്‍


ന്യുഡല്‍ഹി: കോവിഡ് 19 മഹാമാരിയുടെ വരവോടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിച്ചുവന്നതായി ഐ.സി.എം.ആര്‍ പഠന റിപ്പോര്‍ട്ട്. ജോലി ഭാരവും കാഠിന്യവും കൂടിയതും രോഗബാധ സാധ്യതയും കൂടുതല്‍ ഉത്തരവാദിത്തങ്ങളും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുണ്ട്. പുതിയ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടിവരുന്നതും പുതിയ നിയമാവലിയും ആരോഗ്യ പ്രവര്‍ത്തകരില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നാണ് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസേര്‍ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. 

മഹാമാരി നേരിടുന്ന ആരോഗ്യ പ്രവര്‍ത്താകരോടുള്ള  ജനങ്ങളുടെ പ്രതികരണവും പലപ്പോഴും മോശമായിരുന്നു. വാക്കുകള്‍ കൊണ്ടും ശാരീരികമായും നേരിട്ടും സമൂഹ- അച്ചടി മാധ്യമങ്ങളില്‍ കൂടിയും ആരോഗ്യ പ്രവര്‍ത്തകര്‍ക്കു നേരെ വിമര്‍ശനമുണ്ടായി. രാജ്യത്തിന്റെ പല ഭാഗത്തും ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നേരെ കയ്യേറ്റ ശ്രമങ്ങള്‍ നടന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ആശങ്കകളും ഉത്കണ്ഠയും നിരാശയും ഉറക്കക്കുറവ് പോലെയുള്ള പ്രശ്‌നങ്ങളുമുണ്ടാക്കി. 

കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കുടുംബാംഗങ്ങളെ പിരിഞ്ഞ് കഴിയേണ്ടിവരുന്നതും കുടുംബാംഗങ്ങള്‍ക്ക്് കോവിഡ് ബാധയുണ്ടാകുമോ എന്ന ആശങ്കയും ഇവരെ കൂടുതല്‍ അലട്ടി. തങ്ങള്‍ക്ക് അസുഖം വരുന്നതിലും കൂടുതല്‍ ഇവര്‍ ഭയപ്പെടുത്തിയത് കുടുംബാംഗങ്ങളുടെ കാര്യമായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിവിധ സംസ്ഥാനങ്ങളിലെ 10 നഗരങ്ങളില്‍ നിന്നായി 967 ആരോഗ്യ പ്രവര്‍ത്തകരാണ് പഠനത്തിന്റെ ഭാഗമായുള്ള സര്‍വേയില്‍ പങ്കെടുത്തത്. ഭുവനേശ്വര്‍ (ഒഡീഷ), മുംബൈ (മഹാരാഷ്ട്ര ), അഹമ്മദാബാദ് (ഗുജറാത്ത്), നോയിഡ (ഉത്തര്‍പ്രദേശ്), സൗത്ത് ഡല്‍ഹി, പത്തനംതിട്ട, കാസര്‍ഗോഡ് , ചെന്നൈ, ജബല്‍പുര്‍ (മധ്യപ്രദേശ്), കാംരൂപ് (അസം), ഈസ്റ്റ്് ഖാസി ഹില്‍സ് (മേഘാലയ) എന്നീ നഗരങ്ങളിലാണ് പഠനം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 54 % പേരും വനിതകളും 46 % പേര്‍ പുരുഷന്മാരുമായിരുന്നു. 20-40 മധ്യേ പ്രായത്തിലുള്ളവരായിരുന്നു ഇവര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക