സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നോട് എന്തുകൊണ്ടാണ് വിരോധം എന്നറിയില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി. സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ കേരള കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയത് വിവാദമായതിന് പിന്നാലെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ വലിപ്പ ചെറുപ്പമില്ലെന്നും എന്നും താന്‍ ബഹുമാനിക്കുന്ന നേതാവാണ് കാനം രാജേന്ദ്രനെന്നും ജോസ് കെ. മാണി പറഞ്ഞു. സിപിഐയുടെ റിപ്പോര്‍ട്ടില്‍ തനിക്ക് പരാതിയില്ലെന്നും തന്നോട് എന്തെങ്കിലും വിരോധമുണ്ടോയെന്ന് കാനത്തോടാണ് ചോദിക്കേണ്ടതെന്നും ജോസ് കെ. മാണി പറഞ്ഞു.
സിപിഐ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലെ പാരമാര്ശങ്ങള്ക്കെതിരെ മുന്നണി നേതൃത്വത്തിന് കേരള കോണ്‍ഗ്രസ് പരാതി നല്‍കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ജോസ് കെ. മാണിയുടെ പ്രതികരണം.