Image

പെങ്ങൾ (കഥ: പി. ടി. പൗലോസ്)

Published on 17 September, 2021
പെങ്ങൾ (കഥ: പി. ടി. പൗലോസ്)
മൂല്യങ്ങളുടെ തെളിനീരുമായി ഗംഗയാറൊഴുകുന്ന കാലം.

പെങ്ങൾക്ക് ജന്മം നൽകിയപ്പോൾ അമ്മ എന്നോട് പറഞ്ഞു കുഞ്ഞുവാവക്കൊരു പേരിടാൻ.

ഞാനിട്ടു. മൂന്നക്ഷരങ്ങൾകൊണ്ട് മുവ്വായിരം മാറ്റുള്ളരോമനപ്പേര്‌ .  പേരുമായി പെങ്ങൾ വളർന്നു. അക്ഷരം പഠിച്ചു .  അക്ഷരങ്ങൾകൊണ്ട് അതിജീവനത്തിന്റെ അങ്കത്തട്ടൊരുക്കി. വെറുപ്പിന്റെ കറുത്ത അക്ഷരങ്ങൾ ചേര്‍ത്തുവച്ച് അവളെനിക്ക് കുറ്റപത്രമെഴുതി. ചെയ്യാത്ത തെറ്റിന് എന്നെ ഒറ്റിക്കൊടുത്ത ഇസ്ക്കരിയോത്തുമാര്‍
പണിത അനീതിയുടെ സിംഹാസനത്തിലിരുന്ന് അവൾ എന്നെ വിധിച്ചു, ഞാൻ കുറ്റവാളിയെന്ന്. കാലം സാക്ഷിയായി.

കാലഹരണപ്പെട്ട ഈ കൽവിളക്കിലെ അണയാറായ കരിന്തിരിയിൽ ഒരിറ്റ് എണ്ണയൂറ്റുന്നതിനു പകരം ഊതിക്കെടുത്താൻ പകയോടെ കാത്തിരിക്കുന്ന മുഖമറ്റ മനുഷ്യപിശാചുക്കളുടെ ചുടലനൃത്തം എന്നെ ചിലപ്പോൾ അസ്വസ്ഥനാക്കുന്നു.

പേരിന്റെ ഉടമസ്ഥയോട് എനിക്കും  നെറികേടിന്റെ ഒരു ചോദ്യമുണ്ട്. ഞാനിട്ട ആ പേര് ഇങ്ങു തിരിച്ചുതരുമോ? പറ്റില്ല, ഇല്ലേ? പറ്റില്ല. കാരണം അത് വ്യക്തിത്വത്തിന്റെ പുറംചട്ടയാണ്. അത് ഞാൻ ചെയ്ത ഒരു മഹാപാപമായി ജീവിതകാലം മുഴുവനും ഉണ്ടാകും. ജീവിതാന്ത്യം ചിതലുകൾക്ക് ഭക്ഷിക്കാൻ നന്ദികേടിന്റെ അക്കല്‍ദാമയില്‍ കബറടങ്ങുമ്പോൾ ഞാനിട്ട പേര് മാത്രം കാട്ടുപൂക്കൾക്കടിയിലെ കറുത്ത ഫലകത്തിലെ വെളുത്ത അക്ഷരങ്ങളിൽ തെളിഞ്ഞുനിൽക്കും. അപ്പോൾ എന്റെ ആത്മാവ് അക്കല്‍ദാമയിലെ ഇരുണ്ട ആകശത്ത് വട്ടമിട്ടു പറക്കുന്നുണ്ടാകും, മൂന്നക്ഷരങ്ങളുടെ ഉടമ എന്ന അവകാശത്തോടെ.

താഴെ ഭൂമിയിൽ, അപ്പോഴും ഗംഗയാറൊഴുകുന്നുണ്ടാകും .  ശാന്തമായല്ല. ആർത്തലച്ചുകൊണ്ട് മൂല്യങ്ങൾ വെന്തലിഞ്ഞ വിഷജലവുമായി....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക