Image

ഗുരുവായൂര്‍ മേല്‍ശാന്തിയായി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു

Published on 16 September, 2021
ഗുരുവായൂര്‍ മേല്‍ശാന്തിയായി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരിയെ തെരഞ്ഞെടുത്തു
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ  മേല്‍ശാന്തിയായി ഷൊര്‍ണ്ണൂര്‍ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മനയ്ക്കല്‍ ജയപ്രകാശന്‍ നമ്പൂതിരി (52)യെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ ഒന്നുമുതല്‍ ആറുമാസത്തേയ്ക്കാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്. ആദ്യമായാണ് ജയപ്രകാശന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തിയാകുന്നത്. 26ാം തവണ നല്‍കിയ അപേക്ഷയിലാണ് നറുക്ക് വീണത്.

26 വര്‍ഷമായി കുളപ്പുള്ളിയില്‍ പോസ്റ്റ് മാസ്റ്ററാണ്. പാരമ്പര്യ ക്ഷേത്രമായ ചുടുവാലത്തൂര്‍ ക്ഷേത്രത്തില്‍ 25 വര്‍ഷമായി പൂജ നിര്‍വഹിക്കുന്നു. തെക്കേപ്പാട്ട് മനയില്‍ പരേതനായ നാരായണന്‍ നമ്പൂതിരിയുടെയും, ശ്രീകൃഷ്ണപുരം വടക്കേടത്ത് മനയില്‍ പാര്‍വതീദേവി അന്തര്‍ജനത്തിന്റെയും മകനാണ്. പ്രഭാപുരം എം.എം.ഐ.ടി.ഇ. ടി.ടി.സി. സ്ക്കൂളിന്റെ പ്രിന്‍സിപ്പാള്‍ വിജിയാണ് ഭാര്യ. പ്രവിജിത്ത് ഏകമകനാണ്.

നമസ്ക്കാരമണ്ഡപത്തില്‍ മേല്‍ശാന്തി തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരി വെളളിക്കുംഭത്തില്‍ നിന്ന് നറുക്കെടുത്തു.

തന്ത്രിമാരായ ചേന്നാസ് നാരായണന്‍ നമ്പൂതിരിപ്പാട്, ഹരി നമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് എന്നിവരും ദേവസ്വം ഭരണസമിതിയംഗങ്ങളും സന്നിഹിതരായിരുന്നു. നിയുക്ത മേല്‍ശാന്തി സെപ്റ്റംബര്‍ 30ന് രാത്രി ചുമതലയേല്‍ക്കും. അതിനുമുന്പ് 12 ദിവസം ക്ഷേത്രത്തില്‍ ഭജനമിരിക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക