Image

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവും; കെ.സുധാകരന്‍

Published on 16 September, 2021
മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവും; കെ.സുധാകരന്‍
കോട്ടയം: സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാകുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ചങ്ങനാശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ ക്രൈസ്തവ സഭ എന്നും മുന്നില്‍ നിന്നിട്ടുണ്ട്. ഇനിയും അത്തരം നടപടിയുമായി മുന്നോട്ടുപോകുമെന്ന് ബിഷപ് അറിയിച്ചു. അതിനു കോണ്‍ഗ്രസ് പിന്തുണയും അറിയിച്ചു. വൃണപ്പെടാത്ത സാമുദായിക സൗഹാര്‍ദ്ദമാണ് ആവശ്യം. രാജ്യത്ത് വര്‍ഗീയതയുടെ വിഷവിത്ത് ചാലിക്കപ്പെട്ടാല്‍ പ്രത്യാഘാതമെന്താണെന്ന് നന്നായി മനസ്സിലാക്കുന്നവരാണ് നാം. അത്തരമൊരു സാഹചര്യത്തിലേക്ക് പോകാതിരിക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ട്. 

സമവായത്തിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരല്ലേ. സര്‍ക്കാരാണ് എല്ലാരേയും വിളിച്ചുകൂട്ടി ചര്‍ച്ച നടത്തേണ്ടത്. തമ്മില്‍ അടിക്കുന്നത് കണ്ട് വീഴുന്ന ചോര നക്കിത്തുടക്കാന്‍ കാത്തിരിക്കുന്ന ചെന്നായെ പോലെ സര്‍ക്കാര്‍ പെരുമാറുന്നു.

കെ.പി സിസി അധ്യക്ഷനായ ശേഷം ആളുകളെ കാണുന്നതിനു എല്ലാ ആരാധനാലയങ്ങളും മതലേധ്യക്ഷന്മാരേയും സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചിരുന്നു.  എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരേയും കാണാന്‍ ആഗ്രഹിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പിന്നീട് കാണാമെന്ന് ധാരണയായി. ഈ സഥലത്ത് സംഘടനാ പ്രവര്‍ത്തനത്തിന് എത്തേണ്ട സാഹചര്യം വന്നപ്പോള്‍ മതമേലധ്യക്ഷനേയും കണ്ടു. പാലാ ബിഷപ്പിനെ രണ്ടു മണിക്കു കാണും. വി.ഡി സതീശന്‍ സംഘത്തിലുണ്ടാവില്ല. 

ഇവിടെ സര്‍ക്കാര്‍ ചെവി കേട്ടിട്ടും കേള്‍ക്കാത്തപോലെ നടിക്കുന്നു. സമാന്തരമായ സമവായ നീക്കമെന്ന് അവകാശപ്പെടുന്നില്ല. ഈ സംസ്ഥാനത്തെ സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനു ഏതു കാലഘട്ടത്തിലും കോണ്‍ഗ്രസ് മുന്നിലുണ്ടാകും. മതേതരത്വം ഞങ്ങളുടെ സൃഷ്ടിയാണ്. 

സെമി കേഡര്‍ എന്താണെന്ന് പഠിക്കേണ്ടവരെ പഠിപ്പിക്കുന്നുണ്ട്. ഞങ്ങള്‍ ഒരു മാറ്റത്തിലേക്കാണ് പോകുന്നത്. മാറ്റത്തിലേക്ക് പോകുമ്പോള്‍ പലതും കളയേണ്ടിയും ത്യജിക്കേണ്ടിയും വരും. ഹസന് മറുപടി പറയാന്‍ താനില്ല. അനുയായികളുള്ളവരാണ് നേതാവ്. എ.കെ.ജി സെന്ററിലേക്ക് കയറിപ്പോകുമ്പോള്‍ കൈ ചുമലില്‍ വയ്ക്കാന്‍ ഒരാളെങ്കിലും ഇല്ലാത്താവരാണ് പോയ മൂന്നു പേരും. മാറ്റത്തിനു തടസ്സം നില്‍ക്കുന്ന മാലിന്യങ്ങള്‍ തള്ളിക്കളയും. അത് സ്വീകരിക്കാന്‍ നില്‍ക്കുന്ന സി.പി.എമ്മിന്റേത് രാഷ്ട്രീയ പാപ്പരത്തമാണ്. - കെ.സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക