Image

മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.ബിനു ജെ.വര്‍ഗീസ്, ജോണ്‍ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഷാജി രാമപുരം Published on 16 September, 2021
 മാര്‍ത്തോമ്മാ സഭാ കൗണ്‍സിലേക്ക് റവ.ബിനു ജെ.വര്‍ഗീസ്, ജോണ്‍ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നും മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ ഭരണസമിതിയായ സഭാ കൗണ്‍സിലിലേക്ക് ( 2020 - 2023 ) റവ. ബിനു ജെ.വര്‍ഗീസ്, ജോണ്‍ ടൈറ്റസ്, സണ്ണി എബ്രഹാം, ചേച്ചാ ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടതായി ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു. 


മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഗ്രേയ്റ്റര്‍ സിയാറ്റില്‍ ഇടവകാംഗമായ ജോണ്‍ ടൈറ്റസ് കഴിഞ്ഞ അന്‍പത് വര്‍ഷമായി അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രമുഖനും, എയ്‌റോ കണ്‍ട്രോള്‍സ് എന്ന പ്രമുഖ എയര്‍ക്രാഫ്ട് മെയിന്റനസ് കമ്പനിയുടെ ഉടമയും, ഹോട്ടല്‍ വ്യവസായിയും, കൊച്ചി കാക്കനാട് നിര്‍മല്‍ ഇന്‍ഫോ പാര്‍ക്ക് കമ്പനി ചെയര്‍മാനും, കുമ്പനാട് സ്വദേശിയും ആണ്. ഭാര്യ കുസുമം ടൈറ്റസ് മുന്‍ സഭാ കൗണ്‍സില്‍ അംഗമായിരുന്നു. 


സണ്ണി എബ്രഹാം ഫിലാഡല്‍ഫിയ മാര്‍ത്തോമ്മ ഇടവകാംഗവും, മുന്‍ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന കൗണ്‍സില്‍ അംഗവും, അനേക വര്‍ഷമായി ഇന്‍ഷ്വറന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുകയും, അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്‌കാരിക എക്യൂമെനിക്കല്‍ രംഗങ്ങളില്‍ പ്രമുഖനും, മല്ലപ്പള്ളി സ്വദേശിയുമാണ്.


റവ.ബിനു ജെ. വര്‍ഗീസ് ലണ്ടന്‍ സെന്റ്.ജോണ്‍സ് ഇടവക വികാരിയും, നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഭാഗമായ യുകെ ആന്‍ഡ് യൂറോപ്പ് സോണല്‍ സെക്രട്ടറിയും, ബിഷപ് സെക്രട്ടറിയുമാണ്. തിരുവല്ലാ മേപ്രാല്‍ സ്വദേശിയാണ്. 


ചേച്ചാ ജോണ്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മ ഇടവകാംഗമാണ്. നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന സേവികാസംഘം മുന്‍ സെക്രട്ടറിയും, മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവും, ആതുര ശുശ്രുഷാ രംഗത്ത് വിവിധ അവാര്‍ഡുകള്‍ക്ക് ഉടമയും, പുനലൂര്‍ സ്വദേശിയുമാണ്. 


ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മാര്‍ത്തോമ്മാ സഭാ പ്രതിനിധി മണ്ഡലാംഗങ്ങള്‍ പോസ്റ്റല്‍  ബാലറ്റിലൂടെയാണ് സഭാ കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുത്തത്. സെപ്തംബര്‍ 15 ബുധനാഴ്ച്ച  ഉച്ചക്ക് 12.30 ന് മുന്‍പ് വരെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വരണാധികാരിക്ക്  ലഭിച്ച ബാലറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തിയാണ് വിജയികളെ പ്രഖ്യാപിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക