Image

ഇന്ത്യയില്‍ 2020ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 8.3% കുറവ്

Published on 16 September, 2021
ഇന്ത്യയില്‍ 2020ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 8.3% കുറവ്
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ 2019നെ അപേക്ഷിച്ച് കുറവുണ്ടായതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി.)യുടെ റിപ്പോര്‍ട്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് രാജ്യത്ത് 2020ല്‍ രജിസ്റ്റര്‍ ചെയ്തത് 3,71,503 കേസുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2019നെ അപേക്ഷിച്ച് സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ 8.3 ശതമാനം കുറവുണ്ടായതായതാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2019ല്‍ 4,05,326 കേസുകളായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്. 2019നെ അപേക്ഷിച്ച് 2020ല്‍ 33823 കേസുകള്‍ കുറവാണ് ഉണ്ടായത്.

രാജ്യത്തെ കോവിഡ് ഒന്നാം തരംഗത്തില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യത്തില്‍ കുറവുണ്ടാകാന്‍ കാരണമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 2020 മാര്‍ച്ച് 25 മുതല്‍ 2020 മേയ് 31 വരെയായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.

സ്ത്രീകള്‍ ഭര്‍ത്താവില്‍നിന്നോ ഭര്‍തൃബന്ധുക്കളില്‍നിന്നോ ക്രൂരതയ്ക്കിരയാകുന്ന സംഭവങ്ങളാണ് ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 30.0 ശതമാനമാണ് കേസുകളാണ് ഈ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ 48,037 അതിക്രമങ്ങളും 2020ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 2,353 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1078 ലൈംഗിക അതിക്രമ കേസുകളും ഇക്കാലയളവില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഒഡീഷയിലാണ് 7,533 കേസുകള്‍. അതേസമയം ഏറ്റവും കൂടുതല്‍ ലൈംഗിക അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഹരിയാണയിലാണ്. ഈ വിഭാഗത്തില്‍ 3,889 കേസുകളാണ് ഹരിയാണയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക