Image

നീറ്റ് ആള്‍മാറാട്ടം: ലക്ഷ്യം സമ്പന്നകുടുംബങ്ങളിലെ കുട്ടികള്‍, പിന്നില്‍ വന്‍സംഘം; കൂടുതല്‍ അറസ്റ്റ്

Published on 15 September, 2021
 നീറ്റ് ആള്‍മാറാട്ടം: ലക്ഷ്യം സമ്പന്നകുടുംബങ്ങളിലെ കുട്ടികള്‍, പിന്നില്‍ വന്‍സംഘം; കൂടുതല്‍ അറസ്റ്റ്


ലഖ്നൗ: നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ കേസില്‍ മൂന്നുപേരെ കൂടി വാരണാസി പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ നേരത്തെ അറസ്റ്റിലായ ജൂലി എന്ന വിദ്യാഥിനിയുടെ സഹോദരന്‍ അഭയ്, കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ അവസാനവര്‍ഷ വിദ്യാര്‍ഥി ഒസാമ എന്നിവരെയാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത മൂന്നാമത്തെയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.  സെപ്റ്റംബര്‍ 12-ന് നടന്ന നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതിന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബി.ഡി.എസ്. വിദ്യാര്‍ഥിനി ജൂലിയെയും ഇവരുടെ മാതാവിനെയും പരീക്ഷാകേന്ദ്രത്തില്‍നിന്ന് പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇതിനുപിന്നാലെയാണ് നീറ്റ് പരീക്ഷാ ക്രമക്കേടില്‍ വിപുലമായ അന്വേഷണം നടത്തിയത്. ക്രമക്കേടിന് പിന്നില്‍ അന്തഃസംസ്ഥാന ബന്ധമുള്ള സംഘമാണെന്നാണ് പോലീസ് നല്‍കുന്നവിവരം.


ത്രിപുര സ്വദേശിയായ ഹിന ബിശ്വാസ് എന്ന വിദ്യാര്‍ഥിനിക്ക് വേണ്ടിയാണ് ജൂലി നീറ്റ് പരീക്ഷ എഴുതിയത്. യഥാര്‍ഥ ഹാള്‍ടിക്കറ്റിനെ വെല്ലുന്ന വ്യാജ ഹാള്‍ടിക്കറ്റും പെണ്‍കുട്ടിയില്‍നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ജൂലിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് പരീക്ഷാക്രമക്കേടിന് പിന്നില്‍ വലിയ സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായി പോലീസ് കണ്ടെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക