Image

ഏഴുവയസ്സുകാരനെ പുലിപിടിച്ചു; കടിച്ചുവലിച്ച് വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം, പിതാവ് രക്ഷപ്പെടുത്തി

Published on 15 September, 2021
 ഏഴുവയസ്സുകാരനെ പുലിപിടിച്ചു; കടിച്ചുവലിച്ച് വനത്തിലേക്ക് കൊണ്ടുപോകാന്‍ ശ്രമം, പിതാവ് രക്ഷപ്പെടുത്തി



ലഖ്നൗ: പുലിയുടെ ആക്രമണത്തില്‍നിന്ന് മകനെ അതിസാഹസികമായി രക്ഷപ്പെടുത്തി പിതാവ്. ഉത്തര്‍പ്രദേശിലെ ലാഖിംപുര്‍ ഖേരിയിലാണ് സംഭവം. ദുദ്വ ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിന് സമീപത്തുള്ള ആ ഗ്രാമത്തില്‍ വെച്ചാണ് സന്ദീപ് എന്ന ഏഴുവയസ്സുകാരനെ പുലി ആക്രമിച്ചത്.  വീടിന് സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സന്ദീപിനെ അപ്രതീക്ഷിതമായി പുലി ആക്രമിക്കുകയായിരുന്നു. സന്ദീപിന്റെ വസ്ത്രത്തില്‍ കടിച്ച് വനത്തിലേക്ക് വലിച്ച് കൊണ്ടുപോവാന്‍ ശ്രമിക്കുന്നതിനിടെയാണ് പിതാവ് ഈ കാഴ്ച കണ്ടത്. ഉടന്‍ അദ്ദേഹം പുലിയുടെ നേരെ ചാടി അതിന്റെ കാലില്‍ പിടിച്ച് ബഹളം വെച്ചു. ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് പുലിയെ ഓടിച്ച് മകനെ രക്ഷപ്പെടുത്തുകയായിരുന്നു.  ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് 12 വയസുള്ള ആണ്‍കുട്ടിയെ ഇതേ പ്രദേശത്ത് പുലി കടിച്ചുകൊന്നിരുന്നുവെന്നാണ് വിവരം. 


പുലിയുടെ ആക്രമണത്തില്‍ സന്ദീപിന് നിസാര പരിക്കുകളേറ്റിട്ടുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും ആക്രമണമേറ്റതിന്റെ ഞെട്ടലിലാണ് കുട്ടിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.  ടൈഗര്‍ റിസര്‍വ് കേന്ദ്രത്തിന് സമീപത്തായതുകൊണ്ടാണ് പുലി ഇറങ്ങുന്നത്. കനത്ത മഴയില്‍ വനത്തില്‍ പലയിടത്തും വെള്ളം കയറിയതും പുലി നാട്ടിലേക്കിറങ്ങുന്നതിന് കാരണമായി. ഗ്രാമപ്രദേശത്ത് ഇറങ്ങിയ പുലിയെ പിടിച്ച് കാട്ടിലേക്ക് അയക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍ പട്ടേല്‍ പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക