Image

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍ നടത്തുന്നു; വിവാദ കൈപ്പുസ്തകവുമായി താമരശ്ശേരി രൂപത.

Published on 15 September, 2021
ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിക്കാന്‍ ആഭിചാരക്രിയകള്‍ നടത്തുന്നു; വിവാദ കൈപ്പുസ്തകവുമായി താമരശ്ശേരി രൂപത.


കണ്ണൂര്‍: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ലവ് ജിഹാദിനെതിരെയുള്ള കൈപ്പുസ്തകവുമായി താമരശ്ശേരി രൂപത രംഗത്ത്. ലവ് ജിഹാദ് നടപ്പിലാക്കുന്ന വിവിധ ഘട്ടങ്ങളെ കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത്. താമരശ്ശേരി രൂപതയുടെ കീഴിലുള്ള വിശ്വാസ പരിശീലന കേന്ദ്രം ഇടവകകളില്‍ വിതരണം ചെയ്യാനായി പുറത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ' എന്ന പുസ്തകമാണ് ലവ് ജിഹാദിന്റെ ഘട്ടങ്ങളും അതിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും വിശദീകരിക്കുന്നത്.

പെണ്‍കുട്ടികളെ വശീകരിക്കാനായി ഇസ്ലാം മത പുരോഹിതന്മാര്‍ വഴി ആഭിചാരക്രിയകള്‍ നടക്കുന്നുണ്ടെന്നും കൈപ്പുസ്തകത്തില്‍ പറയുന്നുണ്ട്. കൈവിഷം അഥവ ഓതിക്കെട്ടല്‍ എന്നാണ് ഇത്തരം ആഭിചാരക്രിയകള്‍ക്ക് പറയുന്ന പേര്. പെണ്‍കുട്ടിയുടെ പേനയോ, തൂവാലയോ തലമുടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ സ്വന്തമാക്കിയോ പെണ്‍കുട്ടിയുടെ പേര് പറഞ്ഞോ ഇങ്ങനെ കൈവിഷം നല്‍കുമെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ചരട്, നാണയം, മോതിരം, വെള്ളം, ഭക്ഷണപദാര്‍ത്ഥങ്ങള്‍, സമ്മാനങ്ങള്‍ എന്നിവയൊക്കെ ഇങ്ങനെ ഓതിക്കെട്ടാന്‍ ഉപയോഗിക്കുമെന്ന് കൈപുസ്തകം വിശദീകരിക്കുന്നു.

 
സാധാരണ സ്പര്‍ശത്തിലൂടെയോ കൈയിലോ ശരീരത്തിലോ തേയ്ക്കുന്ന ചിലതരം പൊടികളിലൂടെയോ വലിയൊരു വശീകരണ ലോകത്തേയ്ക്ക് എത്തിപ്പെടാമെന്ന മുന്നറിയിപ്പും പുസ്തകം നല്‍കുന്നുണ്ട്. ഒന്‍പത് ഘട്ടങ്ങളായാണ് ലവ് ജിഹാജ് നടപ്പാക്കുന്നത്. വശീകരണവും ലൈംഗിക ബന്ധവും വിവാഹവുമൊക്കെ ഇതിലെ വ്യത്യസ്ത ഘട്ടങ്ങളാണ്. ഇതില്‍ നിന്നും രക്ഷപെടാനുള്ള മാര്‍ഗ്ഗവും പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. 130 പേജുള്ള പുസ്തകം കഴിഞ്ഞ ദിവസമാണ് വിശ്വാസികള്‍ക്കായി പ്രകാശനം ചെയ്തത്.

 
ബന്ധന പ്രാര്‍ത്ഥനകളിലൂടെയും പരിഹാര മരുന്നുകളിലൂടെയും ഇതെല്ലാം മറികടക്കാനാകും. ഭക്ഷണത്തിലൂടെ കൈവിഷം നല്‍കിയതാണെങ്കില്‍ അതിനായി ചില പ്രകൃതിദത്ത മരുന്നുകളുണ്ട്. ആ മരുന്നുകള്‍ ഉപയോഗിച്ച് കൈവിഷം പുറത്തു കളയാമെന്നും പുസ്തകത്തില്‍ പറയുന്നു. മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടികളെ ഐഎസ് തീവ്രവാദികള്‍ക്ക് ലൈംഗിക അടിമകളാക്കി വില്‍ക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ ഉപയോഗിക്കുന്നുവെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക