Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 15 September, 2021
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ബുധനാഴ്ച (ജോബിന്‍സ്)
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സഭയുടെ മുന്‍ വക്താവ് ഫാ. പോള്‍ തേലേക്കാട്ടില്‍ രംഗത്ത്. ജിഹാദിന്റെ രണ്ട് മുഖങ്ങള്‍ ഉള്ളതാണോ അതോ അദ്ദേഹത്തിന്റെ ഭാവനയാണോ എന്നറിയില്ലെന്നാണ് ഫാദര്‍ പോള്‍ തേലേക്കാട്ടില്‍ പറഞ്ഞത്. ഇനി സത്യമാണെങ്കില്‍ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ കഴിവില്ലാത്ത നിസ്സാരനല്ല മാര്‍ ജോസഫ് കല്ലറങ്ങാട്ടെന്നും പോള്‍ തേലേക്കാട്ടില്‍ പറഞ്ഞു.
*****************************
ആറന്‍മുളയില്‍ നിന്നും മത്സരിച്ചു വിജയിച്ച ഇപ്പോള്‍ ആരോഗ്യമന്ത്രിയായിരിക്കുന്ന വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വീഴ്ചയുണ്ടായതായി സിപിഎം അവലോകന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ചുമതലകള്‍ വഹിക്കേണ്ട നേതാക്കളടക്കം 267 പേര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നതായാണ് ആളുകളുടെ പേരുള്‍പ്പെടെ കൃത്യമായി പറഞ്ഞ് അവലോകന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. 
******************************
മംഗലാപുരത്ത് നിപ രോഗം സംശയിച്ചയാളുടെ പരിശോധനാ ഫലം നെഗറ്റിവായി. ഇയാള്‍ക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചതോടെ ഈ മേഖലയില്‍ ഉടലെടുത്തിരുന്ന കടുത്ത ആശങ്ക ഒഴിവായി. പുനെയില്‍ നടത്തിയ സാംപിള്‍ പരിശാധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. കാര്‍വാഡ് സ്വദേശിയാണ് ഇയാള്‍
****************************
സോളാര്‍ ലൈംഗീക പീഡനക്കേസില്‍ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന് കുരുക്ക് മുറുകുന്നു. കേസില്‍ വേണുഗോപാലിനെതിരെ പരാതിക്കാരി സിബിഐയ്ക്ക് തെളിവുകള്‍ കൈമാറി. ഡിജിറ്റല്‍ തെളിവുകളാണ് കൈമാറിയത്. 2012 മേയ് മാസം 12 ന് മന്ത്രിയുടെ ഔദ്യോഗിക  വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് കൈമാറിയത്.
*****************************
കോണ്‍ഗ്രസ് വിട്ട് ആര് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.പി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേയ്ക്ക് പോയതിനെ കുറിച്ചായിരുന്നു പ്രതികരണം. കരുണാകരന്‍ വിട്ടുപോയപ്പോള്‍ പോലും പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചില്ലെന്നും പാര്‍ട്ടി തളര്‍ന്നിട്ടില്ലെന്നും സതീശന്‍ പറഞ്ഞു. കരുണാകരനെപ്പോലെ വലിയവര്‍ അല്ല ഇപ്പോള്‍ പോയിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
*****************************
ഡി സി സി അദ്ധ്യക്ഷന്മാരുടെ നിയമനത്തെച്ചൊല്ലിയുള്ള കലാപത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ രാജി അവസാനിക്കുന്നില്ല. കൊല്ലത്തുനിന്നുള്ള കോണ്‍ഗ്രസ് നേതാവ് ജി രതികുമാറാണ് ഏറ്റവും ഒടുവില്‍ രാജിവച്ചത്. എ.കെ.ജി സെന്ററിലെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ സ്വീകരിച്ചു. വാര്‍ത്താകുറിപ്പിലൂടെയാണ് രതികുമാര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ചത്.
**************************
മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സിഎസ്‌ഐ മധ്യകേരളമഹായിടവകാ ബിഷപ്പ് സാബു കോശി ചെറിയാനും കോട്ടയം താഴത്തങ്ങാടി പള്ളി ഇമാം ഷംസുദ്ദീന് മന്നാനി ഇലവുപാലവും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലൗ ജിഹാദായാലും നാര്‌കോട്ടിക് ജിഹാദായാലും ഉണ്ടോ ഇല്ലെയോന്ന് പറയേണ്ടത് സര്ക്കാരാണെന്ന് സിഎസ്ഐ ബിഷപ് പറഞ്ഞു.
****************************
കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ധാരണയിലെത്തിയതായി സൂചന. അഞ്ച് വര്‍ഷം ഭാരവാഹികളായവരെ പുനസംഘടനയില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് നേനതൃത്വത്തിലെ ധാരണ. നിലവില്‍ ജനപ്രതിനിധികളായ നേതാക്കളെയും കെപിസിസി ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക