Image

ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 15 September, 2021
ചിയേഴ്‌സ്; കൂട്ടത്തില്‍ ഒരു ആമ്മീനും- (രാജു മൈലപ്രാ)
കുടിയന്‍മാര്‍ക്കു ചോദിക്കാനും പറയാനുമാരുമില്ലെന്നുള്ള ആ പഴയ പരാതിയൊക്കെ പഴയങ്കഥയാകുകയാണ്. അവരെ വെറും മൃഗങ്ങളെപ്പോലെ കരുതരുതെന്നും, വെയിലും, മഴയുമൊന്നുമേല്‍ക്കാതെ, നീണ്ട ക്യൂവില്‍ നിന്നു തളരാതെ മാന്യമായി മദ്യം വാങ്ങിക്കുവാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കണമെന്നും ഈ അടുത്തകാലത്ത് ഒരു കോടതി പരാമര്‍ശം ഉണ്ടായി.

കേരളത്തിന്റെ സാമ്പത്തീക അടിത്തറ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് മദ്യപാനികളാണ്. അതേക്കുറിച്ച് നമ്മുടെ ഭരണാധികാരികള്‍ ബോധവാന്‍മാരുമാണ്. അതു കൊണ്ടാണല്ലോ ഈ കഴിഞ്ഞ ഓണക്കാലത്ത് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും കര്‍ശനമാക്കാതെ മദ്യപന്മാര്‍ക്ക് ഇഷ്ടം പോലെ മദ്യം വാങ്ങുവാനുള്ള ഒരു മൗനാനുവാദം കൊടുത്തത്. വെറും പത്തു ദിവസത്തിനുള്ളില്‍ എഴുന്നൂറ്റിയന്‍പതു കോടി രൂപാ മലയാളികള്‍ മദ്യശാലകളിലെത്തിച്ചു എന്നാണു കണക്ക്. ഭക്ഷണത്തിനു ചിലവാക്കുന്നതിനേക്കാള്‍ മൂന്നിരട്ടി.

നല്ലൊരു ബിസിനസ്സാണെങ്കില്‍ അതു വികസിപ്പിക്കണം.(കേരളത്തില്‍ വികസന സൗഹാര്‍ദ്ദ അന്തരീക്ഷം ഇല്ലെന്നു പറയുന്നത് വെറും വെറുതെയാണെന്ന്, ബഹുമാനപ്പെട്ട ജോസ് കാടാപുറം തന്റെ ഒരു ലേഖനത്തില്‍ തെളിവു സഹിതം സമര്‍ത്ഥിച്ചിട്ടുണ്ട്.)
പഴയ പോലെയൊന്നുമല്ല കാര്യങ്ങള്‍- എല്ലാ്ത്തിനും സിംപിള്‍ പ്രാക്ടിക്കല്‍ സൊല്യൂഷനുണ്ട്. ഉദാഹരണത്തിന്, ഉറങ്ങിക്കിടക്കുന്ന ഒരു ഓണം കേറാമൂലയില്‍, ഒരു സുപ്രഭാതത്തില്‍ ഒരു ബിവറേജസ് ഔട്ട്‌ലെറ്റ് വന്നെന്നു കരുതുക. രണ്ടു മൂന്നു ദിവസം കുട്ടികളേയും, സ്ത്രീകളേയും മുന്നില്‍ നിര്‍ത്തി ഒരു പ്രതിഷേധ പ്രഹസനമൊക്കെ നടക്കും.

കാണേണ്ടവരെ വേണ്ടപോലെ കണ്ടു കഴിയുമ്പോള്‍ ഒരു സമവായ ചര്‍ച്ച നടക്കും. സൗകര്യപ്രദമായ മറ്റൊരു സ്ഥലം കിട്ടിയാലുടന്‍ ഈ മഹത്തായ സ്ഥാപനം ഇവിടെ നിന്നും മാറ്റിക്കൊള്ളാമെന്നുള്ള ഉറപ്പു ലഭിക്കും. സമരം ക്രമേണ ആവിയായിപ്പോകും.
കള്ളു കലത്തിലുണ്ടെങ്കില്‍ ഏതു കോത്താഴത്തു നിന്നും കുടിയന്മാരെത്തും. അങ്ങിനെ അവിടെ ആളു കൂടുന്നു. ആ കവല സാവധാനം ഉണരുന്നു. ഗ്ലാസ്, സോഡാ, വെള്ളം, കപ്പലണ്ടി, അച്ചാര്‍ തുടങ്ങിയ ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന മാടക്കടകള്‍, ഓംലെറ്റ്, പുഴുങ്ങിയ മുട്ട, എണ്ണപ്പലഹാരങ്ങള്‍, കപ്പ ബിരിയാണി തുടങ്ങിയവ ലഭിക്കുന്ന തട്ടുകടകളും, കാപ്പിക്കടകളും, കൂടാതെ മീന്‍ കട, കോഴിക്കട, പച്ചക്കറിക്കട തുടങ്ങിയവയും കൂട്ടത്തില്‍ കുടിയന്മാര്‍ക്കു ഭാഗ്യപരീക്ഷണത്തിനുള്ള അവസരം ഒരുക്കിക്കൊണ്ട് ലോ്ട്ടറി കച്ചവടക്കാരും. പിന്നാലെ, ആരുടേയും അനുവാദത്തിനു കാത്തു നില്‍ക്കാതെ അവിടെ ഒരു ഓട്ടോസ്റ്റാന്‍ഡ് വരുന്നു. ഓട്ടോയാകുമ്പോള്‍ രണ്ടു ഗുണമുണ്ട്. അതിലിരുന്നു കുടിക്കാം. അടിച്ചു പൂക്കുറ്റിയാകുമ്പോള്‍, വഴിയില്‍ വീണു കിടക്കാതെ കൊണ്ടിരിക്കയാണല്ലോ!

ഇതിന്റെ മാസ്റ്റര്‍പ്ലാന്‍ ഇങ്ങനെയാണ്. ബസ്റ്റാന്‍ഡുകളില്‍ ഉപയോഗമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന മുറികളില്‍ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറക്കുക. അതായത് സാക്ഷാല്‍ കള്ളുകച്ചവടം. അപ്പോള്‍ അവിടെ ആളുകൂടും. സമീപത്തുള്ള മുറഇകള്‍ക്കു വാടക കൂട്ടാം. ബെവ്‌കോയില്‍ നിന്നു കുപ്പി വരും. തട്ടുകടയില്‍ നിന്നു ഗ്ലാസും, വെള്ളവും, വെയിറ്റിംഗ് റൂമിലെ ചാരുബെഞ്ചില്‍ ഒന്നും ചാരിയിരുന്നു രണ്ടെണ്ണം അടിച്ച് ഒന്നു റിലാക്‌സാകുമ്പോഴേക്കും ബസു വരും. അതില്‍ കയറി സുഖമായി വീട്ടില്‍പ്പോകാം.
ദീര്‍ഘദൂര സര്‍വ്വീസുകളില്‍ ബസിനകത്തു തന്നെ മദ്യം വിളമ്പുന്ന കാര്യവും ആലോചിക്കാവുന്നതാണ്. അതും ഒരു അധിക വരുമാനമാണല്ലോ! ആരെങ്കിലും എതിര്‍ത്താല്‍ കുടിയന്മാര്‍ക്കു തടസ്സവാദം ഉന്നയിക്കാം. വിമാനത്തില്‍ ലിക്വര്‍ സേര്‍വു ചെയ്യുന്നുണ്ടല്ലോ! കപ്പലിലാണെങ്കില്‍ മുട്ടിനു മുട്ടിനു ബാറാണ്.
ബസുയാത്രക്കാരോടു മാത്രം എന്തിനീ വിവേചനമെന്നു ധൈര്യമായിട്ടു ചോദിക്കാം.
മദ്യ നിരോധനവും, മദ്യവര്‍ജ്ജനമൊന്നും നടക്കുന്ന കാര്യമല്ല. കുടിയന്‍മാര്‍ കുടിച്ചു കൊണ്ടേയിരിക്കും. പിന്നെയെന്തിന് നല്ലൊരു വരുമാനം വേണ്ടെന്നു വെയ്ക്കണം?
ചിയേഴ്‌സ്!

ഇതിന്റെ ഒരു ബൈപ്രോഡക്റ്റായി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ക്കും വരുമാനം കൂടും. കുടിച്ചു കുടിച്ചു ചങ്കും, കരളും, കിഡ്‌നിയുമെല്ലാം അരിപ്പ പോലെയാകും. തലച്ചോറിന്റെ ഫിലമെന്റുമടിച്ചു പോകും. അപ്പോള്‍ പിന്നെ ആശുപത്രി തന്നെ ശരണം.
ഡബിള്‍ ചിയേഴ്‌സ്!!

Join WhatsApp News
Advisor 2021-09-15 12:07:25
:മദ്യപാനം ആരോഗ്യത്തിനു ഹാനികരം" എന്നൊരു ബോർഡ് കൂടി വെച്ചാൽ തീരാവുന്ന പ്രശനമേയുള്ളു.
Believer 2021-09-15 14:26:06
മദ്യപാനത്തെ മഹത്വൽക്കരിക്കുന്ന പ്രവണത ശരിയല്ല. ദൗർഭാഗ്യവശാൽ നമ്മുടെ സിനിമകളും, സീരിയലുകളും, സാഹിത്യവുമെല്ലാം മദ്യപാനത്തെ glorify ചെയ്താണ് കാണിക്കുന്നത്. വിവാഹ സൽക്കാരങ്ങളിൽ, പ്രതിയേകിച്ചു പള്ളി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഒരു പരിപാടികളിലും പരസ്യമായോ രഹസ്യമായോ മദ്യപാനം അനുവദിക്കരുത്. ഒരു ആഘോഷത്തിനിടെ ഓഡിറ്റോറിയത്തിന്റെ കിച്ച്നിൽ നിന്ന് കള്ളൂ കുടിക്കുന്നവരെ കാണുവാൻ ഇടയായി. കുടുംബസമേതം പരിപാടികളിൽ പങ്കെടുക്കുവാൻ വരുന്നവർക്ക് ഇത് ബുദ്ധിമുട്ടു ഉണ്ടാക്കുന്ന കാര്യം ഭാരവാഹികൾ ശ്രദ്ധിക്കണം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക