Image

ആര്‍എസ്പി വഞ്ചകര്‍ ; അവര്‍ ഇടത്തേയ്ക്ക് വരേണ്ടെന്ന് എം.എ. ബേബി

ജോബിന്‍സ് Published on 15 September, 2021
ആര്‍എസ്പി വഞ്ചകര്‍ ; അവര്‍ ഇടത്തേയ്ക്ക് വരേണ്ടെന്ന് എം.എ. ബേബി
ആര്‍എസ്പി യുഡിഎഫില്‍ അസ്വസ്ഥരാണെന്നും എല്‍ഡിഎഫിലേയ്ക്ക് ചേക്കേറിയേക്കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ക്കിടെ ആര്‍എസ്പി യെ പൂര്‍ണ്ണമായി തള്ളി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആര്‍എസ്പി വഞ്ചകരാണെന്നും അവര്‍ ഇടതു മുന്നണിയിലേയ്ക്ക് വരേണ്ടതില്ലെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ എംഎ ബേബി തുറന്നടിച്ചു. 

ആര്‍എസ്പി മുന്നണി വിട്ട ശേഷം കൊല്ലം ലോക്‌സഭാ ആദ്യ മണ്ഡലത്തില്‍ നടന്ന അതിവാശിയേറിയ പോരാട്ടത്തില്‍ എംഎ ബേബിയും എന്‍.കെ. പ്രേമചന്ദ്രനും തമ്മിലായിരുന്നു പോരാട്ടം. ഇതില്‍ എന്‍.കെ. പ്രേമചന്ദ്രനായിരുന്നു വിജയിച്ചത്. ഈ സമയത്തായിരുന്നു പിണറായി വിജയന്‍ എന്‍.കെ. പ്രേമചന്ദ്രനെതിരെ ' പരനാറി ' പ്രയോഗം നടത്തിയത്. 

തന്നെ അങ്ങനെ വിളിച്ചതില്‍ പിണറായി വിജയനോട് യാതൊരു പരിഭവവുമില്ലെന്ന് കഴിഞ്ഞ ദിവസം എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞത് എല്‍ഡിഎഫിലേയ്ക്ക് അടുക്കുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് എം.എ. ബേബിയുടെ പരാമര്‍ശം ശ്രദ്ധേയമാകുന്നത്. 

യുഡിഎഫില്‍ നിന്നും കുടുതല്‍ ആളുകളും പ്രവര്‍ത്തകരും സിപിഎമ്മിലും എല്‍ഡിഎഫിലും എത്തുമെന്ന് എംഎ ബേബി പറഞ്ഞു. കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കളും പ്രവര്‍ത്തകരും ഇക്കൂട്ടത്തില്‍ ഉണ്ടാകുമെന്നും ഇവര്‍ നിരാശരാകേണ്ടി വരില്ലെന്നും എല്ലാവര്‍ക്കും മാന്യമായ പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കേരളാ കോണ്‍ഗ്രസ് എമ്മിന്റെ എല്‍ഡിഎഫിലേയ്ക്കുള്ള കടന്നുവരവ് എല്‍ഡിഎഫിന് ഗുണം ചെയ്‌തെന്നും ശക്തി തെളിയിക്കാന്‍ അവര്‍ക്കായെന്നും ഇതിലൂടെ എല്‍ഡിഎഫിനേയും അവര്‍ ശക്തിപ്പെടുത്തിയെന്നും എംഎ ബേബി പറഞ്ഞു. 
സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ കേരളാ കോണ്‍ഗ്രസിനെതിരെയുള്ള വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് ബേബിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക