Image

ആറന്‍മുളയില്‍ വീണാ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായി

ജോബിന്‍സ് Published on 15 September, 2021
ആറന്‍മുളയില്‍ വീണാ ജോര്‍ജിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ശ്രമമുണ്ടായി
ആറന്‍മുളയില്‍ നിന്നും മത്സരിച്ചു വിജയിച്ച ഇപ്പോള്‍ ആരോഗ്യമന്ത്രിയായിരിക്കുന്ന വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വീഴ്ചയുണ്ടായതായി സിപിഎം അവലോകന റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൃത്യമായ ചുമതലകള്‍ വഹിക്കേണ്ട നേതാക്കളടക്കം 267 പേര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്നതായാണ് ആളുകളുടെ പേരുള്‍പ്പെടെ കൃത്യമായി പറഞ്ഞ് അവലോകന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്. 

ഇരവിപുരം , കോഴഞ്ചേരി , പന്തളം, പത്തനംതിട്ട് ഏരിയാ കമ്മിറ്റികളുടെ കീഴില്‍ വരുന്ന 22 ലോക്കല്‍ കമ്മിറ്റികളിലായി 20 ഇടങ്ങളിലാണ് പാര്‍ട്ടിക്കുള്ളില്‍ തന്നെ വീണയോട് എതിര്‍പ്പുണ്ടായതായും ആളുകള്‍ വിട്ടു നിന്നതായും കണ്ടെത്തിയിരിക്കുന്നത്. പത്തനംതിട്ട ഏരിയാ കമ്മിറ്റി അംഗം ഷമീര്‍ കുമാര്‍ ചുമതല നിര്‍വ്വവഹിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 

തെരഞ്ഞെടുപ്പ് സമയത്ത തന്നെ സിപിഎം ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. ഇതിനു ശേഷം നിയോഗിച്ച പ്രത്യേക കമ്മിറ്റി പ്രദേശിക തലത്തില്‍ ആളുകളുമായി നേരിട്ടു സംസാരിക്കുകയും ചെയ്തു . ഇതിനു ശേഷമാണ് വിട്ടുനിന്നവരുടെ പേരുകള്‍ എടുത്തു പറയുന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

കഴിഞ്ഞ തവണ വീണ ജോര്‍ജ് എംഎല്‍എ ആയിരുന്നപ്പോള്‍ പല സമയങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫോണില്‍ വിളിച്ചാല്‍ കിട്ടിയിരുന്നില്ലെന്ന് പരാതി ഉണ്ടായിരുന്നു. ഇത്തരം പരാതികള്‍ ഉയര്‍ന്ന മേഖലകളിലാണ് പലരും തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നിരിക്കുന്നത്. അംഗങ്ങള്‍ വിട്ടുനിന്ന കാര്യത്തിനൊപ്പം ഇതും പാര്‍ട്ടി ഗൗരവമായാണ് എടുത്തിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക