Image

മാര്‍ കല്ലറങ്ങാട്ടിനെതിരെ ഫാ. പോള്‍ തേലക്കാട്ട്

ജോബിന്‍സ് Published on 15 September, 2021
മാര്‍ കല്ലറങ്ങാട്ടിനെതിരെ ഫാ. പോള്‍ തേലക്കാട്ട്
നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പാലാ രുതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ തള്ളി സഭയുടെ മുന്‍ വക്താവ് ഫാ. പോള്‍ തേലേക്കാട്ടില്‍ രംഗത്ത്. ജിഹാദിന്റെ രണ്ട് മുഖങ്ങള്‍ ഉള്ളതാണോ അതോ അദ്ദേഹത്തിന്റെ ഭാവനയാണോ എന്നറിയില്ലെന്നാണ് ഫാദര്‍ പോള്‍ തേലേക്കാട്ടില്‍ പറഞ്ഞത്. ഇനി സത്യമാണെങ്കില്‍ അധികാരികളെ കൊണ്ട് നടപടിയെടുപ്പിക്കാന്‍ കഴിവില്ലാത്ത നിസ്സാരനല്ല മാര്‍ ജോസഫ് കല്ലറങ്ങാട്ടെന്നും പോള്‍ തേലേക്കാട്ടില്‍ പറഞ്ഞു. 

സഭാധ്യക്ഷനായ ബിഷപ്പ് സമുദായ നേതാവ് മാത്രമായെന്നും സൗഹൃദ സംഭാഷണങ്ങളുടെ വഴിയില്‍ നിന്നും ഒഴിഞ്ഞ് മാറി തര്‍ക്ക യുദ്ധത്തിന് തുടക്കം കുറിക്കുകയാണ് ബിഷപ്പ് ചെയ്തതെന്നും ഫാദര്‍ പോള്‍  തേലേക്കാട്ട് ആരോപിച്ചു. ഒരു മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു പ്രതികരണം.

സീറോ മലബാര്‍ സഭയില്‍ എറണാകുളം-അങ്കമാലി അതിരൂപത കേന്ദ്രികരിച്ച് സഭാ നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന വിഭാഗത്തിന്റെ ഭാഗമാണ് ഇപ്പോള്‍ ഫാദര്‍ പോള്‍ തേലേക്കാട്ട്. കര്‍ദ്ദിനാള്‍ ഉള്‍പ്പെട്ട ഭൂമിയിടപാട് വിഷയത്തിലും തുടര്‍ന്ന് സിനഡ് നടപ്പിലാക്കാന്‍ തീരുമാനിച്ച കുര്‍ബാന ഏകീകരണ വിഷയത്തിലും ഈ വിഭാഗം സഭാ നേതൃത്വത്തിനെതിരാണ്. 

ഇതിനു പുറമേ പാലാ ബിഷപ്പിന്റെ പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തിലും മറു ചേരിയില്‍ നില്‍ക്കാനാണ് ഈ വിഭാഗത്തിന്റെ നീക്കമെന്നാണ് ഫാദര്‍ പോള്‍ തേലേക്കാട്ടിന്റെ പ്രതികരണത്തില്‍ നിന്നും വ്യക്തമാകുന്നത്. കെസിബിസി ഉള്‍പ്പെടെ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വിമത വിഭാഗത്തിന്റെ മറുകണ്ടം ചാടല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക