Image

കവിതയെ പ്രണയിച്ചവളുടെ ദർശനങ്ങൾ ( അഭിമുഖം: തയാറാക്കിയത്: ഡോ.അജയ് നാരായണൻ)

Published on 15 September, 2021
കവിതയെ പ്രണയിച്ചവളുടെ ദർശനങ്ങൾ ( അഭിമുഖം: തയാറാക്കിയത്: ഡോ.അജയ് നാരായണൻ)
ദർശന എന്ന എഴുത്തുകാരിയെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത് പുകാസയുടെ തൃശൂർ വിഭാഗത്തിലൂടെയാണ്. എഴുതുന്ന കവിതകളുടെ തെളിമ, മറ്റുള്ളവരെ വായിക്കുമ്പോഴുള്ള സത്യസന്ധത, കൃത്യമായ നിലപാടുകളും ഇടപെടലുകളും ദർശന എന്ന എഴുത്തുകാരിയെ വ്യത്യസ്തയാക്കുന്നു. ദർശനയുടെ കവിതകളെ ഒറ്റവായനയിൽ ഒതുക്കുന്നത് കവിയോടും കവിതയോടും ചെയ്യുന്ന അനീതിയാകും. മലയാളഭാഷാസാഹിത്യത്തിന് അഭിമാനമാണ് ഈ എഴുത്തുകാരി എന്ന് ഉറച്ചുപറയാം.

ദർശന സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ.
ദർശന - എന്റെ അച്ഛന്റെ വീട് പുത്തൂർ ആണ്. അമ്മയുടെ വീട്  കൊരട്ടി അടുത്ത് ചെറുവാളൂർ എന്ന സ്ഥലത്തും. രണ്ടു വീട്ടിലെയും മുതിർന്ന കുട്ടിയായിരുന്നു ഞാൻ. അമ്മവീട്ടിൽ വല്യമ്മമാരുടെ രണ്ടു മക്കൾ എന്നെക്കാൾ മൂത്തവരായി ഉണ്ടായിരുന്നു. എങ്കിലും ഇത്തിരി കുരുത്തക്കേട് ഉണ്ടായിരുന്നതുകൊണ്ട് എവിടെയും ലീഡർ ഞാൻ ആയിരുന്നു. ഒരുപക്ഷേ വളർന്നു വന്ന സാഹചര്യങ്ങൾ ആകാം.
ആറാം ക്ലാസ്സുവരെ പഠിത്തത്തിൽ മാത്രം ശ്രദ്ധിച്ച ഒരു പാവം കുട്ടി.  ഏഴാംതരത്തിൽ എത്തിയപ്പോൾ സ്കൂൾ മാറി. പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ചു. അതോടൊപ്പം എല്ലാ ആക്ടിവിറ്റികളിലും പങ്കെടുത്തു. സ്പോർട്സ് ഉൾപ്പെടെ.  എഴുത്ത്, വായന അന്നേ ഇഷ്ടമായിരുന്നു.  

കുടുംബത്തെ കുറിച്ച് പറയുകയാണെങ്കിൽ  ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലൂടെയും കടന്നു പോന്നിട്ടുണ്ട്. വിശപ്പ് എന്തെന്ന് നന്നായി അറിയാം. അതുകൊണ്ട് വിശക്കുന്നവരെ കാണുന്നത് സങ്കടമാണ്.
മുത്തച്ഛൻ രാവുണ്ണി ഒരു ബസ്സ് പാട്ടത്തിനെടുത്ത് ഓടിച്ചിരുന്നു.  ശ്രീകൃഷ്ണ. തൃശൂർ മാന്ദാമംഗലം റൂട്ടിൽ. അച്ഛനും മുത്തച്ഛനും ആ ബസ്സിൽ തന്നെയായിരുന്നു. ആ ബസ്സ്  ഒരിടിക്കലും രണ്ട് മറച്ചിലും കഴിഞ്ഞപ്പോൾ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന സ്നേഹവും സൗരഭ്യവും നിറഞ്ഞ ആ വീട് ഓർമ്മകൾ മാത്രമായി. സൗരഭ്യവും എന്ന് എടുത്തു പറയാൻ കാരണമുണ്ട്. ഒരു പാട് ചെടികൾ ഉണ്ടായിരുന്നു. നിറയെ പലതരം റോസ്, മുല്ല, പിച്ചകം , ഗന്ധരാജൻ,  അങ്ങനെ കുറെ നാടൻ പൂക്കൾ. പൂക്കളുടെ ഉന്മത്തഗന്ധം അറിഞ്ഞത് അവിടെയാണ്.
പിന്നെ കൈനൂരിൽ കല്ലുകുന്ന് എന്നറിയപ്പെടുന്ന കുന്നുംപുറത്ത്. പെട്ടെന്ന് വീടുവിട്ട് പോന്നതിനാൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഒരു വീടായിരുന്നു അത്. പിന്നീട് അച്ഛനു ജോലിസംബന്ധമായി കോയമ്പത്തൂരിലേക്ക് മാറേണ്ടി വന്നപ്പോൾ അമ്മ വീടായ ചെറുവാളൂരി ലേക്ക് പോയി . ഏഴാംക്ലാസ്  മുതലുള്ള വിദ്യാഭ്യാസം അവിടെയായിരുന്നു. എൻഎസ് എച്ച് എസ് വാളൂർ. അവിടെവച്ചാണ്  ഭാഷയോടുള്ള എൻ്റെ പ്രണയം ആരംഭിച്ചത്. എൻ്റെ പ്രിയഗുരുനാഥൻ ദാമോദരൻ മാസ്റ്റർക്ക് പ്രണാമം.

അജയ് നാരായണൻ -
ചോദ്യങ്ങളിലേക്ക് കടക്കുംമുൻപേ ദർശനയെ നന്നായി പരിചയപ്പെടട്ടെ ആദ്യം. എഴുത്തുകാരി, കവിതകളെ ഗഹനമായി അവലോകനം ചെയ്യുന്ന വായനക്കാരി, ഉദ്യോഗസ്ഥ, കുടുംബിനി. സർവോപരി തൃശ്ശൂർ പുകാസയിലെ സവിശേഷ വ്യക്തിത്വം.

സ്വന്തം വാക്കുകളിൽ ചുരുക്കി പറയാമോ  ആരാണ്, എന്താണ് ദർശന?
ദർശന –
ഞാൻ ദർശന. വെങ്ങിണിശ്ശേരി സർവീസ് സഹകരണ ബാങ്കിൽ അക്കൗണ്ടൻറ് ആയി ജോലിനോക്കുന്നു.
 എഴുതുക എന്നതാണ് എന്റെ ദൗത്യം. പ്രസിദ്ധീകരിക്കപ്പെടുക എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല.
ഭർത്താവ് അജയഘോഷ്  ഗ്രാമ സ്വരം എന്ന പേരിൽ പ്രാദേശിക പത്രം നടത്തിവരുന്നു. അത്യാവശ്യം കൃഷിയും ഉണ്ട്. രണ്ടു മക്കൾ. മകൾ കലാമണ്ഡലം അമൃത കൂടിയാട്ടത്തിൽ പിജി കഴിഞ്ഞു. മകൻ മകൻ ആദർശ്  തിരുവനന്തപുരം ടെക്നോപാർക്കിൽ ആനിമേറ്റർ ആയി ജോലി ചെയ്യുന്നു. മരുമകൻ കലാമണ്ഡലം സുജിത്ത്. ഒരു കൊച്ചു മകളുണ്ട് ഭൂമി. ഭർത്താവിന്റെ അച്ഛനുമമ്മയും എന്റെ അമ്മയും അടങ്ങുന്നതാണ് ഇപ്പോൾ എന്റെ കുടുംബം.

എന്താണ് ഞാൻ?
ഞാൻ ഒരു സാധാരണ കുടുംബിനിയാണ്. സമൂഹത്തിലേക്ക്, ജീവിതത്തിലേക്ക് സദാ കണ്ണുകൾ തുറന്നു വച്ചിരിക്കുന്ന ഒരു സാധാരണ സ്ത്രീ. അതുകൊണ്ട് തന്നെയാണ് ചുറ്റുപാടുമുള്ളവരുടെ വ്യഥകളിൽ നോവുന്നതും അസഹിഷ്ണുതകളിൽ പൊട്ടിത്തെറിക്കുന്നതുംചിന്തകളിൽ വേവുന്നതും . എന്റെ ചിന്തകൾ, അസ്വസ്ഥതകൾ കുറച്ച് വരികളിലൂടെ ഞാൻ പകർത്തി വെക്കുന്നു. നിങ്ങൾ അതിനെ കവിതയെന്നോ ലേഖനമെന്നോ കുറിപ്പുകളെന്നോ പേരിട്ട് വിളിച്ചോളൂ. ഞാൻ കൃതാർത്ഥയാവുന്നത് നിങ്ങൾ അത് വായിച്ചു എന്നറിയുമ്പോഴാണ്. അതിനെ കുറിച്ച് എന്തെങ്കിലും ഒരു അഭിപ്രായം  അനുകൂലിച്ചോ പ്രതികൂലിച്ചോ പറയുമ്പോൾ മാത്രമാണ്.

അജയ് നാരായണൻ - ദർശനയുടെ എഴുത്തുരീതികളിലേക്ക് വരുംമുൻപേ, എനിക്ക് പുകാസയിലെ ദർശനയുടെ സവിശേഷസാന്നിധ്യത്തെക്കുറിച്ചറിയാൻ ആഗ്രഹമുണ്ട്.
പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ഈ വേദി പലർക്കും മാർഗദർശനമേകുന്നുവല്ലോ.
അതിലേക്കു കടന്നുവന്ന വഴി വിശദീകരിക്കുമോ? കൂട്ടത്തിൽ ചോദിക്കട്ടെ,    എന്താണ് ദർശനയ്ക്ക് പുകാസ എന്ന വേദി?

ദർശന   – എന്റെ എഴുത്തിന്റെ വിശാലമായ ഭൂമിക എന്ന് ഞാൻ കരുതുന്നത് കാവ്യശിഖയാണ്. രാവുണ്ണിയേട്ടൻ നേതൃത്വം കൊടുക്കുന്ന കാവ്യശിഖയിൽ എന്നെ എത്തിച്ചത്, ഡോ. K. അരവിന്ദാക്ഷൻ ആണ്. എന്റെ പുസ്തകത്തിന് അവതാരിക എഴുതിയത് അദ്ദേഹമാണ്.  എഴുതാൻ കൊടുത്തപ്പോൾ അദ്ദേഹം തിരക്കിലായിരുന്നു. സുഹൃത്തായ ജയപ്രകാശ് മാഷിനെക്കൊണ്ട് എഴുതിക്കാം എന്നാണ് ആദ്യം പറഞ്ഞത്. പിന്നെ രണ്ടു ദിവസം കഴിഞ്ഞ് വിളിച്ചു. കവിത വായിച്ചപ്പോൾ ഇഷ്ടമായി. അദ്ദേഹം തന്നെ എഴുതാമെന്ന്.  ഒരു സ്പാർക്ക് എവിടൊക്കെയോ ഫീൽ ചെയ്യുന്നുണ്ടെന്ന്.  അദ്ദേഹം പറഞ്ഞിട്ട് കുറച്ചു ദിവസം കഴിഞ്ഞപ്പോൾ  പ്രസാദ് കാക്കശ്ശേരി മാഷ് വിളിച്ചു. അങ്ങനെ ഞാൻ കാവ്യശിഖയിൽ അംഗമായി. അന്നുമുതൽ പുകസയുമായി ചേർന്നു സാധാരണ മെമ്പർ ആയി പ്രവർത്തിക്കുന്നു. എന്റെ പുസ്തകം പ്രകാശനം ചെയ്തത് രാവുണ്ണിയേട്ടൻ ആണ്. അദ്ദേഹത്തെ അന്നാണ് ആദ്യമായി കാണുന്നത്. കവികളെക്കുറിച്ച് എഴുതുന്ന പംക്തി ചെയ്തുവരുന്നു. കാവ്യ ജാലകം.  പ്രഗൽഭമതികൾ ചെയ്തുവരുന്ന ഈ പംക്തി എന്നെപ്പോലെ ഒരു സാധാരണ എഴുത്തുകാരിക്ക് ചെയ്യാൻ പറ്റുമോ എന്ന സംശയം ദൂരീകരിച്ചത് രാവുണ്ണിയേട്ടനാണ്. രാവുണ്ണി ഏട്ടൻ പറഞ്ഞു. ചെയ്യാൻ പറ്റുമെന്ന്. അതാണെന്റെ ആത്മവിശ്വാസം.

അജയ് നാരായണൻ  - പ്രഗത്ഭരുടെ എഴുത്തടക്കം കാവ്യജാലകത്തിലൂടെ പലേ കവികളെയും പരിചയപ്പെടുത്തുന്ന ദർശനയുടെ സാഹിത്യപ്രവർത്തനത്തെ പ്രത്യേകിച്ചും സ്വന്തം കവിതകളെ എങ്ങനെ വിലയിരുത്തുന്നു?

ദർശന - അങ്ങനെ പല എഴുത്തുകാരെയും വായിക്കാൻ അവസരം ലഭിച്ചതോടെയാണ്, ഞാൻ എഴുതുന്നത് ഒന്നുമല്ല എന്ന ബോധം ഉണ്ടായത്. എന്റെ കൃതികളുടെ  ആദ്യ വായനക്കാരൻ എന്റെ ഭർത്താവാണ്.
ചിലത് വായിച്ചാൽ ഒന്നും  മിണ്ടാതെ ഇരിക്കുന്നതുകാണാം. അപ്പോഴറിയാം ഇത് വായനക്കാർക്കും മനസ്സിലാവില്ല എന്ന്. എങ്കിലും മോശമാണ് എന്ന അഭിപ്രായം പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കാൻ അയച്ചുകൊടുക്കുന്നത് ഒന്നും പ്രസിദ്ധീകരിച്ചു വന്നിട്ടില്ല. അതുകൊണ്ടിപ്പോൾ  പണി നിർത്തി. അത്രയൊന്നും  പ്രസക്ത മല്ലാത്ത  മറ്റെഴുത്തുകൾ പ്രസിദ്ധീകരിച്ചു കാണുമ്പോൾ ആദ്യമൊക്കെ വിഷമം തോന്നിയിട്ടുണ്ട്. പിന്നെ ഇപ്പോൾ അതും തോന്നാറില്ല. ഗ്രാമസ്വരം  പത്രത്തിലൂടെ യാണ് എന്റെ വാക്കുകൾ പുറംലോകം അറിഞ്ഞത്. ആരെയും തൃപ്തിപ്പെടുത്താൻ എഴുതുക എന്നൊരു ശീലം ഇല്ലാത്തത് കൊണ്ട് വിമർശനങ്ങളും ധാരാളം വന്നിട്ടുണ്ട്. എന്റെ വിമർശനങ്ങൾക്ക്  ഇരയായവരിൽ നാട്ടിലെ പ്രധാനികൾ ഉണ്ടായിരുന്നതുകൊണ്ട് ഇനി അങ്ങനെ തുറന്നെഴുതി അപകടത്തിൽപ്പെടേണ്ട എന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇലക്ഷൻ സമയത്ത്  അത് കഴിയുന്നത് വരെ എഴുതരുത് എന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ അർത്ഥം എന്റെ വാക്കുകൾ ആളുകൾ ശ്രദ്ധിക്കുന്നു എന്ന് തന്നെയല്ലേ. അപ്പോഴെല്ലാം എന്റൊപ്പം നിന്നത് എന്റെ ഭർത്താവ് മാത്രമായിരുന്നു.  എന്നും എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതും അദ്ദേഹമാണ്. എന്റെ ആദ്യപുസ്തകം അദ്ദേഹത്തിനാണ് സമർപ്പിച്ചിട്ടുള്ളത്.

അജയ് നാരായണൻ – ചുറ്റും കാണുന്ന കാഴ്ചകളിൽ, അസമത്വങ്ങളിൽ, സ്ത്രീകളുടെ പാർശ്വവൽക്കരണത്തിൽ അസ്വസ്ഥയാകുന്ന ദർശനയുടെ എഴുത്തുകളിൽ തീവ്രമായ നിലപാടുകൾ, രോഷം നിറഞ്ഞ ചോദ്യശരങ്ങൾ കാണാം.
സാഹിത്യകാരന് സമൂഹത്തോടുള്ള പ്രതിബദ്ധത ഇന്നത്തെ കാലത്തെ രാഷ്ട്രീയപരിസ്ഥിതിയിൽ ഒരു ബാധ്യതയല്ലേ? പ്രത്യേകിച്ചും സ്ത്രീകൾ എഴുത്തുവഴിയിലേക്ക് കടന്നുവരുമ്പോൾ നെറ്റിചുളിക്കുന്ന ഒരു സമൂഹത്തിനുമുൻപിൽ? എങ്ങനെയാണ് ഈ ബാധ്യതയെ മറികടക്കുക

 ദർശന - തീർച്ചയായും ബാധ്യത തന്നെയാണ്. ഞാൻ പറഞ്ഞല്ലോ  ഞാൻ ഒരു സഹകരണബാങ്ക്  ജീവനക്കാരി ആണെന്ന്. ഞങ്ങളുടെ നാട്ടിൽ സൊസൈറ്റി എന്നാണ് പറയുക. ഒരു നാടിന്റെ ആവശ്യകതകൾ, സ്പന്ദനങ്ങൾ അറിയുന്നതാണ് ഒരു സംഘം അഥവാ society. പക്ഷേ ആളുകൾക്ക് പുച്ഛമാണ്. ഇതാണ് മലയാളികളുടെ പ്രത്യേകത.  ബാധ്യതകൾ മറികടക്കേണ്ടത് ആസ്തികൾ വർദ്ധിപ്പിച്ചു കൊണ്ടായിരിക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. പക്ഷേ എന്റെ പ്രതിബദ്ധത സമൂഹത്തോട് അല്ല ഈ പ്രകൃതിയോടാണ്. മാഫിയകളെ ഞാൻ എന്നും എതിർത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്നവരെല്ലാം കൊഴിഞ്ഞു പോയിട്ടും ഒറ്റയ്ക്ക് നിന്ന് ഇത്തരം പ്രവർത്തനങ്ങളെ എതിർത്ത ഭർത്താവിനു  പിന്തുണ നൽകിയാണ് എന്റെ എഴുത്തുകൾ വളർന്നിട്ടുള്ളത്. അഞ്ചു കുന്നുകളുടെ നാട് ആയിരുന്നു ഇത്. ഇന്ന്  ഒന്ന് മാത്രമാണ് നിലനിൽക്കുന്നത്. അതിനുമുകളിൽ ഒരു ആശ്രമമാണ്. മറ്റു കുന്നുകൾ നികത്തിയപ്പോൾ  അതിനെതിരെ വിധി സമ്പാദിച്ച ആൾ തന്നെയാണ് ആശ്രമാധിപതി. എന്നിട്ടും ആശ്രമത്തോട് ചേർന്ന് നിൽക്കുന്ന കുന്ന് നികത്തി അന്നദാന മണ്ഡപം പണിയാൻ  തീരുമാനിച്ചപ്പോൾ അതിനെതിരെ ഒരു ലേഖനം എഴുതിയിരുന്നു. ചെങ്കൽപ്പാറകളാൽ സമൃദ്ധമായ ഈ കുന്നിൻ മുകളിൽ നിർമ്മാണ പ്രവൃത്തികൾ നടത്താൻ സാധ്യമല്ല എന്ന് ജിയോളജി വകുപ്പിൻ്റെ റിപ്പോർട്ട് വച്ചാണ് അവർ അന്ന് ആവിധി നേടിയത്. എന്നിട്ട് അവർ തന്നെ അത് ലംഘിക്കുന്നു. എങ്ങനെ എതിർക്കാതിരിക്കും. അതിനു പ്രമുഖ രാഷ്ട്രീയ പാർട്ടികളും പ്രാദേശിക ജില്ലാ ഭരണകൂടങ്ങളും ഒത്താശ ചെയ്തു കൊടുക്കുന്നു എന്നതാണ് ഖേദകരം.

അജയ് നാരായണൻ  - സമൂഹത്തിലെ അനീതിക്കെതിരെ, അസമത്വങ്ങൾക്കെതിരെ നിരന്തരം എഴുത്തിലൂടെ പോരാടുന്ന ദർശന എഴുതുമ്പോൾ, താങ്കളുടെ ചിന്തയിലും അതിന്റെ അനുരണനങ്ങൾ കാണുമല്ലോ. എഴുത്തിലൂടെ കടന്നുപോകുമ്പോൾ ഉണ്ടാകുന്ന വികാരവിചാരങ്ങൾ എന്താണ്?

ദർശന - എൻറെ എഴുത്ത് പൊടുന്നനെ സംഭവിക്കുന്ന ഒന്നാണ്. ഏതെങ്കിലും ഒരു വിഷയം ദിവസങ്ങളോളം ഉള്ളിൽ കൊണ്ടു നടന്നാലും ഒന്നും എഴുതാൻ സാധിക്കാറില്ല. ചിലപ്പോൾ നല്ല വരികൾ എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുമ്പോൾ മനസ്സിൽ തോന്നും. പുസ്തകത്തിലേക്ക് പകർത്താൻ നേരത്തു മറന്നുപോകും. എല്ലാത്തിനെക്കുറിച്ചും എഴുതണം എന്ന് തോന്നാറുണ്ട്. സമയമാണ് പ്രശ്നം. ഒഴിവായി ഇരിക്കുമ്പോൾ ചെയ്യാം എന്ന് വിചാരിച്ചാൽ തന്നെയും  ഒന്നും എഴുതാൻ സാധിക്കാറില്ല. ഉഷ്ണരാശിയിൽ ഒരമ്മ എന്ന കവിത ഓഫീസ് വിട്ട് പോരാൻ നേരം  വണ്ടി വരുന്നതും കാത്തിരിക്കുമ്പോൾ ഫ്ലാഷ് ന്യൂസ് കണ്ടു പെട്ടന്ന് മനസ്സിൽ തോന്നിയതാണ്,’. ആദ്യം ഒരു പുസ്തകത്തിൽ പ്രസിദ്ധീകരിച്ചു വന്നത്  ഒരു മൗന വിലാപമാണ്. കാശ്മീരിലെ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ക്ഷേത്രത്തിനുള്ളിൽ വച്ച് കൊലപ്പെടുത്തിയ സംഭവം. പൊതുവേ മാസികകൾക്ക് ഒന്നും കവിതകൾ അയക്കാറില്ല.  പുസ്തകം പ്രസിദ്ധീകരിച്ചതിനു ശേഷം ഞാൻ എഴുതുന്ന കവിതകൾ അരവിന്ദാക്ഷേട്ടന് അയച്ചു കൊടുക്കാറുണ്ടായിരുന്നു. ഭരണഘടനാ ഭേദഗതി ബിൽ , പൗരത്വം എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുതിയ ‘വെറുതെ’ എന്ന കവിത  അദ്ദേഹത്തിന് വലിയ ഇഷ്ടമായി ചന്ദ്രികയിൽ പ്രസിദ്ധീകരണത്തിന് അയച്ചു. പ്രസിദ്ധീകൃതമായ മറ്റു കവിതകൾ ‘ഓർമ്മകളുടെ ഗന്ധം’, ‘മീൻപിടുത്തക്കാരൻ’, ‘തെരുവിൽ അകപ്പെട്ട ഒരുവൾ’ നിഗൂഢം എന്നിവയാണ്. ഇതിൽ ഓർമ്മകളുടെ ഗന്ധവും തെരുവിൽ അകപ്പെട്ട ഒരുവളും വീടുപേക്ഷിച്ച്  വീണ്ടുവിചാരമില്ലാതെ പ്രണയത്തിനൊപ്പം ഇറങ്ങിപ്പോകുന്ന ചതിക്കുഴികളിൽ അകപ്പെടുന്ന പെൺകുട്ടികളെ കുറിച്ചാണ്. മീൻപിടുത്തക്കാരൻ  ചിന്തകളാൽ ഉന്മാദി ആക്കപ്പെടുന്ന മനുഷ്യരുടെ പ്രതീകങ്ങളാണ്. ഇവിടത്തെ പ്രാദേശിക പത്രമായ ഗ്രാമ സ്വരത്തിൽ ന: സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന പേരിൽ ഒരു ലേഖനം എഴുതിയിരുന്നു. സ്ത്രീകൾ പൊതുവിൽ സമൂഹത്തിലും വീടുകളിലും നേരിടുന്ന പ്രശ്നങ്ങൾ ആയിരുന്നു അതിൽ സൂചിപ്പിച്ചിരുന്നത്. അതിന് ഒരാൾ കത്തുകളിലൂടെ വളരെ രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. അതിൽ പ്രതിഷേധിച്ച് ഞാൻ എഴുതിയ കവിതയാണ് അടുക്കള. ആ കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.

"എന്റെ അടുക്കളയിൽ മാംസം പാകപ്പെടുത്താറുണ്ടെന്ന് കരുതി
നരബലി നടത്താൻ നീ നിർബന്ധിക്കുന്നത് എന്തിന്?
നിന്റെ അടുക്കളയിൽ പാകപ്പെടുന്നതെല്ലാം
എന്റെ അടുക്കളയിലും പാകപ്പെടണം എന്ന്
നീ വൃഥാ ശാഠ്യം പിടിക്കുന്നത് എന്തിന്?"

കവിതയെ പ്രണയിച്ചവൾ എന്നാണ് എന്റെ പുസ്തകത്തിന്റെ പേര് എന്ന് പറഞ്ഞല്ലോ. അതിലെ ഏറ്റവും ഇഷ്ടപ്പെട്ട കവിതയും അത് തന്നെയാണ്.
അതിൽ  ഒരു സ്ത്രീ  കുടുംബിനിയായ അമ്മയായ ഭാര്യയായ എന്നൊക്കെ പറയുന്നുണ്ടെങ്കിലും കുടുംബത്തിലെ എല്ലാ ജോലികളും ചെയ്യുന്ന ഒരുവൾ , തിരക്കിട്ട് ഓഫീസിൽ പോകുന്ന ഒരുവൾ, ഒരുപക്ഷേ അത് ഞാൻ തന്നെയായിരിക്കും  കവിതകൾ എഴുതുന്നു  ചുറ്റുമുള്ളത് മറന്നുപോകുന്നു.  ചെയ്യേണ്ട ജോലികൾ മറന്നുപോകുന്നു.
അവസാനം  ഇഷ്ടപ്പെട്ട എഴുത്ത് അവൾ നിർത്തുന്നു.
പിന്നെ പിന്നെ ഓരോ ജോലികൾക്കിടയിലും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇരുട്ടിൽനിന്നും പോലും എന്നെ മറന്നുവോ എന്ന് എത്തിനോക്കുന്ന കവിതയെ അവളെങ്ങനെ നെഞ്ചോട്ട് ചേർക്കാതിരിക്കും.  അങ്ങനെ നെഞ്ചോട് ചേർത്ത് ഗർഭംധരിച്ച് പ്രസവിക്കുന്ന കവിത ഒരു ചാപിള്ള ആണെന്ന് മറ്റുള്ളവർ വിലയിരുത്തുമ്പോഴോ.
ഈ കവിത വായിച്ച് ഒരുപാട് സ്ത്രീകൾ  അവരുടെ അനുഭവം തന്നെയാണ് ഇത് എന്ന് പറഞ്ഞിട്ടുണ്ട്. തുറന്നെഴുതി എന്ന് പറഞ്ഞു. ഇങ്ങനെ  കുറെ കവിതകൾ ഉണ്ട്

അജയ് നാരായണൻ - അനീതിയെ ചോദ്യം ചെയുന്ന ദർശനയുടെ നിലപാടുകളിൽ സത്യസന്ധതയുടെയും കാഴ്ചപ്പാടുകളുടെയും പ്രകാശമുണ്ട്. എഴുത്തിലൂടെ സമൂഹത്തിൽ എന്തെങ്കിലും ചലനം സൃഷ്ടിക്കാമെന്ന് കരുതുന്നുണ്ടോ? സ്വന്തം അനുഭവം എന്താണ്?

ദർശന - വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാനായില്ലെങ്കിലും ചെറിയ ചർച്ചകൾക്ക് ഇടയാക്കാൻ എന്റെ എഴുത്തിനു കഴിഞ്ഞിട്ടുണ്ട്. ഞങ്ങളുടെ വീടിനടുത്തുള്ള ആശ്രമത്തിന്‍റെ കീഴിലുള്ള അമ്പലത്തിൽ മുൻപ് ഇല്ലാതിരുന്ന പല വഴിപാടുകളും പുതിയതായി സൃഷ്ടിക്കപ്പെട്ടിരുന്നു. അതുപോലെതന്നെ ഇവിടെ ദ്രൗപതി തപസുചെയ്തിരുന്നു  എന്ന് പറഞ്ഞ് ഒരു പാറ, അതുവരെ ആ കുന്നിൻ മുകളിൽ ഇല്ലാതിരുന്ന ഒരു പാറ പെയിൻറ് ചെയ്തു ഭംഗിയാക്കി ഇതിനു മുകളിൽ കയറിനിന്ന് പ്രാർത്ഥിച്ചാൽ ആഗ്രഹിച്ചതെല്ലാം നേടും ഐശ്വര്യം നേടും എന്നു പറഞ്ഞു സ്ത്രീകൾക്കിടയിൽ ഒരു പ്രചാരണം നടത്തിയിരുന്നു. ദ്രൗപദീദിനം എന്നുപറഞ്ഞ് ഒരു ദിവസം  കുന്നിന്‍റെ ഇപ്പുറത്ത് കിഴക്കു ഭാഗത്തു നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് ഗ്രാമം ചുറ്റി ഒരു രഥഘോഷയാത്ര  സ്ത്രീകൾ രഥം വലിച്ചുനടക്കുക അങ്ങനെയുള്ള ചടങ്ങ് പുതിയതായി ആരംഭിച്ചിരുന്നു. രണ്ടു വർഷമേ ആയിട്ടുള്ളൂ ഇത് തുടങ്ങിയിട്ട്. ഇതിനെതിരെ ഞാൻ, ‘ദിനങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ’ എന്ന് ഒരു ലേഖനമെഴുതി പ്രസിദ്ധീകരിച്ചിരുന്നു ഓരോ ദിനങ്ങളുടെ നിരർത്ഥകതയെ ആണ് ഇതിൽ സൂചിപ്പിക്കുന്നത് അമ്മയെ വൃദ്ധസദനത്തിൽ കൊണ്ടാക്കി മാതൃദിനം ആഘോഷിക്കുന്നവരും പഠിക്കുന്ന കാലത്ത് ഗുരുക്കന്മാരെ അധിക്ഷേപിച്ചു ഇപ്പോൾ അധ്യാപകദിനം ആഘോഷിക്കുന്നവരും പ്രകൃതിയെ മുഴുവൻ ചൂഷണം ചെയ്തിട്ട് മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റി പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നട്ട് ഫോട്ടോയെടുത്തു പ്രസിദ്ധപ്പെടുത്തുന്നവരും വാലൻറ്റൈൻസ് ഡേ അങ്ങനെ ഒരുപാട് ദിനങ്ങൾ ആഘോഷിക്കുന്നതിനെ പറ്റി പറഞ്ഞു ഒടുവിൽ ഈ ദ്രൗപതി ദിനത്തെയും സൂചിപ്പിച്ചു. അക്കൂട്ടത്തിൽ ഈ പാറയെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. സ്ത്രീകൾ വളരെ ബുദ്ധിമുട്ടി ഈ പാറയുടെ മുകളിൽ വലിഞ്ഞു കയറി എങ്ങോട്ട് തിരിഞ്ഞു നിന്നാണ് പ്രാർത്ഥിക്കേണ്ടത്, ഐശ്വര്യം ലഭിക്കാൻ എന്ന നിഷ്കളങ്കമായ സംശയം ചോദിക്കുമ്പോൾ എന്താണ് പറയുക . പാവം ദ്രൗപദി 14 വർഷം വനവാസവും ഒരു വർഷം അജ്ഞാതവാസവും ഒക്കെ അനുഭവിച്ച കഥ അവർ മറന്നു പോയെന്ന് തോന്നുന്നു. ഒടുവിൽ യുദ്ധഭൂമിയിലെ കാത്തിരിപ്പും സിംഹാസനം നേടിയപ്പോൾ അതിൽ  ഒരു ദിവസം പോലും ഇരിക്കാനാവാതെ സ്വർഗ്ഗാരോഹണത്തിനു ഇറങ്ങിത്തിരിച്ച കഥയും. ഇതാണോ പാറപ്പുറത്ത് നിന്ന് പ്രാർത്ഥിച്ചു സ്ത്രീകൾ നേടിയെടുക്കേണ്ടത്? പരസ്യമായ ചർച്ചകൾ മറ്റുള്ളവർ പറഞ്ഞു ഞാനറിഞ്ഞു. ഇത്ര തുറന്ന് എഴുതേണ്ടിയിരുന്നില്ല എന്ന് പലരും പറഞ്ഞു.

അജയ് നാരായണൻ - ദർശനയുടെ എഴുത്തുജീവിതത്തിൽ ഭർത്താവിനുള്ള പങ്ക് കൃത്യമായി രേഖപ്പെടുത്തിയല്ലോ. താങ്കളുടെ ആശയങ്ങൾക്ക്, രോഷം കലർന്ന വിപ്ലവാശയക്കവിതകൾക്ക് എവിടെനിന്നാണ് തുടക്കം. ആരാണ് പ്രചോദനം?
ഇപ്പോൾ താങ്കളുടെ എഴുത്തുരീതിയിൽ ആശയങ്ങളുടെ പരിണാമത്തിന്റെ (ഉദാ. സീതായനം)  ചില ലക്ഷണമുണ്ടല്ലോ. എന്തുതോന്നുന്നു?

ദർശന - പ്രധാന പ്രചോദനം എന്റെ വായന തന്നെയാണ്. അച്ഛനും അമ്മയും ആണ് വായനക്കായി വഴിയൊരുക്കി തന്നവർ. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമേ ഉള്ളുവെങ്കിലും അവർ ഒരുപാട് വായിച്ചിരുന്നു. അവർക്കുവേണ്ടി  വായനശാലയിൽ നിന്നും പുസ്തകങ്ങൾ എടുക്കാൻ പോയിരുന്നത് ഞാനായിരുന്നു . അഞ്ചിലും ആറിലും പഠിക്കുമ്പോഴാണ് എന്റെ വായന തുടങ്ങുന്നത്. ലൈബ്രറിയിൽ നിന്നും വീട്ടിലേക്ക് കുറച്ചു ദൂരം നടക്കാനുണ്ട്. കൂടുതലും എം ടി വാസുദേവൻ നായർ, തകഴി, ബഷീർ തുടങ്ങിയവരുടെ കഥകളും നോവലുകളും ആണ് എടുക്കാൻ ഏൽപ്പിക്കുക. ഈ നടന്നു വരുന്ന വഴി  സാധാരണ ഒരു മൺപാതയാണ്. അന്ന് വാഹനങ്ങളൊന്നും ഇത്ര ഇല്ലല്ലോ അതിലൂടെ വല്ലപ്പോഴും വല്ല കാളവണ്ടിയും സൈക്കിളും മാത്രമേ പോകാറുള്ളൂ. സാവധാനം  പുസ്തകം മറിച്ചുനോക്കി നടക്കും. വീട് എത്തിയാൽ വായിക്കാൻ സമ്മതിക്കില്ല എന്നറിയാം പഠിക്കാൻ ഉള്ളതുകൊണ്ട്. പിന്നെ കുട്ടിയും ആണല്ലോ. നോവലുകൾ വായിക്കാൻ ആയിട്ടില്ല. ഞങ്ങൾക്ക് പൂമ്പാറ്റ, ബാലരമ  ഇതൊക്കെയാണ് വായിക്കാൻ തരാറ്. അത് മുടങ്ങാതെ വാങ്ങി തരുമായിരുന്നു. പിന്നെ ഹൈസ്കൂൾ ക്ലാസുകളിൽ എത്തിയപ്പോൾ സ്കൂൾ ലൈബ്രറിയിൽ നിന്ന് ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്നു. ജോലിക്ക് പോയി തുടങ്ങിയപ്പോൾ മാസംതോറും ഇൻസ്റ്റാൾമെൻറ് ആയി സ്ഥിരമായി പുസ്തകങ്ങൾ വാങ്ങിയിരുന്നു. ഇപ്പോൾ എന്റെ വീട്ടിൽ ഉള്ള ലൈബ്രറി അങ്ങനെ ഉണ്ടാക്കിയതാണ്. ഈ വായനയാണ് എന്റെ ശക്തി.

ഇടതുപക്ഷ രാഷ്ട്രീയത്തോട് വ്യക്തമായ ചായ് വുണ്ട്. ആശയത്തോടുള്ള ആഭിമുഖ്യം ആണ്. ആശയങ്ങളെ കച്ചവടം ആക്കുന്ന നേതാക്കന്മാരിൽ വിശ്വാസമില്ല.

എൻ്റെ എഴുത്തുരീതി സ്ഥിരമായി ഉറച്ചു നിൽക്കാത്ത ഒരു രീതിയാണ്. ഒരുപാട് മാറ്റം വന്നിട്ടുണ്ട്. എന്റേതായ കാഴ്ചപ്പാടിലൂടെ നോക്കിക്കാണുമ്പോൾ ആശയങ്ങളിൽ പരിണാമം സംഭവിക്കുക സ്വാഭാവികം. വായനകൾക്ക് അനുസരിച്ച് ഇനിയും മാറ്റം വന്നേക്കാം

അജയ് നാരായണൻ - ദർശനയുടെ എഴുത്തു രീതികളിൽ ഒരു രഹസ്യാത്മക ഭാവം, ഒരു നിഗൂഢത കാണുന്നുവല്ലോ (ഉദാ. മീൻപിടുത്തക്കാരൻ)സാധാരണ വായനക്കാരന് വായിച്ചെടുക്കുവാൻ പ്രയാസമുള്ള ചില ഭാവങ്ങൾ എന്നും തോന്നാം. ആധുനിക സാഹിത്യത്തിൽ, ഇന്നത്തെ ജനകീയരീതിയിൽ എല്ലാവരിലും താങ്കളുടെ എഴുത്തുകളും ആശയങ്ങളും ശരിയായ വിധത്തിൽ എത്തിപ്പെടാൻ തടസ്സമാവില്ലേ ഈ നിഗൂഢഭാവം?

ദർശന - എല്ലാ രചനകളും അങ്ങനെയല്ല. അത്രയ്ക്കും നിഗൂഢമായ പദാവലികൾ സാധാരണ ഞാൻ ഉപയോഗിക്കാറില്ല. നിഗൂഢം, മീൻപിടുത്തക്കാരൻ, നിരാസം അങ്ങനെ അപൂർവം കവിതകളെ ഇത്തരത്തിൽ എഴുതിയിട്ടുള്ളു. അതിൽ തന്നെ നിഗൂഢം കൊവിഡ് മഹാമാരിക്കാലത്ത് തനിച്ചാക്കപ്പെട്ട ഒരുവളുടെ വേദനകളാണ്. അവളുടെ നയനങ്ങളുടെ ആഴങ്ങളിലേക്ക് വേരുകളാഴ്ത്തുന്ന പ്രതീക്ഷകളുടെ നേർത്ത നാരുകൾക്കിടയിൽ നിന്നും കൃഷ്ണമണികൾ അസൂയയോടെ എത്തിനോക്കുന്നത്  പ്രണയത്തൂവൽ പൊഴിക്കുന്ന ഡ്രോംഗോ പക്ഷികളെയാണ്. ഈ കവിതയുടെ പശ്ചാത്തലം ഡൽഹിയാണ് ഒരു വാർത്തയിൽ നിന്നാണ് ഈ കവിത പിറന്നിട്ടുള്ളത് ശ്മശാനത്തിൽ  ഊഴം കാത്തുകിടക്കുന്ന മൃതശരീരങ്ങളെ കുറിച്ചുള്ള ഫോട്ടോസ് പത്രത്തിൽ കണ്ടപ്പോൾ  ഓക്സിജൻ സിലിണ്ടറിനായി പരക്കംപായുന്ന ജനതയുടെ ചിത്രങ്ങൾ കണ്ടപ്പോൾ എഴുതിയതാണ് . ഡ്രോംഗോ പക്ഷികൾ  അതിനായി തിരഞ്ഞെടുത്ത വാക്കാണ് ഡൽഹിയിൽ കൂടുതലായുള്ള കിളികളാണ് നമ്മുടെ കാക്കതമ്പുരാട്ടി പോലെ ചുറ്റിനും മരണം ഉയരുമ്പോൾ തിരക്കേറിയ ജനപഥങ്ങൾ വിജനമായ കാഴ്ചകൾ പറഞ്ഞിട്ടുണ്ട്. അപ്രത്യക്ഷമായ ചേറുമണങ്ങൾ ശ്രദ്ധ നിലച്ചുപോയ കർഷക സമരം ആണ്.
 പ്രണയി തിരിച്ചെത്തുമ്പോഴെയ്ക്കും ഒരുപക്ഷേ അവളും ഫോസിൽ ആയി മാറുമോ എന്ന ഭീതിയുണ്ട്..
ഒറ്റപ്പെടുന്നവരുടെ ആശങ്കകളാണ് ഒറ്റവായനയിൽ ഒരുപക്ഷേ മനസ്സിലാകില്ലായിരിക്കാം. എങ്കിലും  സംഭവങ്ങളെയും  വാർത്തകളെയും കണക്ട് ചെയ്തു വായിച്ചാൽ മനസ്സിലാക്കിയെടുക്കാൻ പ്രയാസമുണ്ടാകില്ല. മീൻപിടുത്തക്കാരനിൽ ചിതറിയ ചിന്തകൾ വഴുതുന്ന മീനുകളാണ് ഒരിക്കലും കൈപിടിയിലൊതുങ്ങാത്തവ. അങ്ങനെ ചിതറിയ ചിന്തകൾ ഉള്ള ഒരുവന്‍റെ ഇരിപ്പ് ഭാവം എങ്ങനെയായിരിക്കും, അയാൾ ഒരു മീൻപിടുത്തക്കാരനെ പോലെ ചിന്തകളെ ചൂണ്ടയിൽ ആക്കാൻ കഷ്ടപ്പെടുകയാണ്. രാത്രിയിലാണ് ഇത് സംഭവിക്കുന്നത് രാവ് മുഴുവൻ ചിന്തകളോടു മല്ലിട്ട് കാൽമുട്ടിൽ മുഖം താഴ്ത്തിയിരുന്നു നേരം വെളുക്കുമ്പോൾ തലയിൽ കുത്തിനിറച്ച ചിന്തകളുമായി തിരക്കുകൾക്കിടയിൽ മയങ്ങുന്ന ഒരാൾ.
ഇത്തരം രചനകൾ കൂടുതൽ വായനക്ക് ഇട നൽകുന്നു എന്നാണ് എനിക്ക് തോന്നുന്നത് നേരിട്ട് കാര്യം പറയുമ്പോൾ അത് അവിടെ അവസാനിക്കുന്നു. കൂടുതൽ ചർച്ച ചെയ്യപ്പെടുന്നില്ല. അധികവായന ആവശ്യമായി വരുന്നില്ല.  വായനക്കാരുടെ തലച്ചോറുകളെ സാധാരണ രചനകൾ ഉണർത്തുന്നില്ല എന്ന തോന്നലിൽ നിന്നും രൂപപ്പെട്ട കവിതകൾ ആണ് ഇത്. മീൻപിടുത്തക്കാരൻ തസ്രാക്കിൽ  978-ഓളം ഷെയർ ചെയ്തു പോയ കവിതയാണ്. എന്റെ ഏറ്റവും കൂടുതൽ ഷെയർ ചെയ്തിട്ടുള്ള കവിതയും അത് തന്നെയാണ്.

 അജയ് നാരായണൻ - സമൂഹത്തിൽ ഇന്ന് സ്‌ത്രീ എഴുത്തുകാരുടെ കുത്തൊലിപ്പ് കാണാം, എങ്കിലും അവരുടെ എഴുത്തുകൾ പൊതുവെ ആശാവഹമല്ലെന്ന് അടച്ചാപേക്ഷിച്ചാൽ, ആരോപിച്ചാൽ എന്താണ് ദർശനയുടെ പ്രതികരണം?

ദർശന - തീർച്ചയായും എതിർക്കും. അടച്ചാക്ഷേപങ്ങൾ നല്ലതല്ലല്ലോ. നന്നായി എഴുതുന്ന ഒരുപാട് സ്ത്രീ എഴുത്തുകാരുണ്ട്. ധാരാളം സ്ത്രീപക്ഷ രചനകൾ വായിച്ചിട്ടുണ്ട്. എങ്കിലും അവരിൽ കൂടുതലും പ്രണയം മാത്രം വിഷയമാക്കുമ്പോഴാണ് മടുപ്പിക്കുന്നത്. എം ആർ രാധാമണി  എനിക്കിഷ്ടപ്പെട്ട ഒരു  എഴുത്തുകാരിയാണ് അവരുടെ തോരാനിടുവോർ,  ലാബ് തുടങ്ങിയ കവിതകൾ . വളരെ വ്യത്യസ്തതയുള്ള കവിതകൾ ആണ്. അവരുടെ സാഹചര്യത്തിൽ നിന്നുള്ള എഴുത്താണ് അത്. തോരാനിടുവോർ ഇതുപോലെ  ജീവിത പ്രാരാബ്ദങ്ങൾ ആണ് വിഷയം. ഇന്നുകൾ ഓർമ്മകൾ ഞളുങ്ങിയ പാത്രങ്ങൾ പോലെയും മുഷിഞ്ഞ തുണികൾ പോലെയും മനസ്സിന്റെ കോലായിൽ പൊടിതട്ടി,  തേച്ചുമിനുക്കി,  കഴുകി വൃത്തിയാക്കി, അയയിൽ ഉണക്കി . പാകമല്ലാത്തവയെ വെട്ടിക്കീറി വിറകു പോലും ആക്കുന്നുണ്ട്. എത്ര രസമായിട്ടാണ് അവർ എഴുതുന്നത്. ലാബിൽ അടുക്കളയാണ് ലാബ്.
ഗിരിജ പാതേക്കര, ഗിരിജ V. M, ചിത്തിര കുസുമൻ, ദത്തു, ദത്തുവിന്റെ ചുംബനസമരം വല്ലാത്തൊരു രചനയാണ് . പട്ടിണി യാണ് വിഷയം. ലോപ, പ്രതിഭ പണിക്കർ വ്യത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സ്മിത  ശൈലേഷ് വല്ലാത്തൊരു ഒഴുക്കാണ് കവിതകൾക്ക് വരികൾ ഇങ്ങനെ ഒഴുകും അജിത ടീച്ചർ, രാധിക സനോജ്, നിഷാ നാരായണൻ, വിദ്യാ പൂവ്വഞ്ചേരി, അമൃത കേളകം , മനീഷ , ഷീജ വൈക്കം മഞ്ജു വൈഖരി,  ഇവരൊന്നും പ്രണയ കവിതകളിൽ മാത്രമായി ഒതുങ്ങുന്നവരല്ല.  ഒരുപാട് നല്ല രചനകൾ ഇവരുടേതായി ഉണ്ട്.

അജയ് നാരായണൻ - എഴുത്തുവഴിയിൽ ഭാവിപരിപാടി എന്താണ്? ചുറ്റുപാടും നടക്കുന്ന മാറ്റങ്ങളുടെ ഗതിവിഗതികളിൽ ദർശനയുടെ ഇടപെടലുകൾ എഴുത്തുകളിലൂടെ പ്രതീക്ഷിക്കാമോ?

ദർശന - എന്തിനോടും പ്രതികരിക്കുന്ന ഒരാളെന്ന നിലക്ക് തീർച്ചയായും പ്രതീക്ഷിക്കാം.
എഴുത്തു വഴികളിലെ ഭാവിപരിപാടികൾ പറയുകയാണെങ്കിൽ  രണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തയ്യാറായിവരുന്നുണ്ട്.  ഒന്ന് ആദ്യസമാഹാരം പ്രസിദ്ധീകരിച്ചശേഷം എഴുതിയിട്ടുള്ള കവിതകളാണ്. കാവ്യശിഖയിൽ വന്നതിനുശേഷം എഴുതിയിട്ടുള്ള കവിതകൾ. മാഷ് വായിക്കാത്ത ഒരുപാട് കവിതകൾ ഉണ്ട് അതിൽ ഒന്ന്  അകെയോ ആണ്. അനിത ശ്രീജിത്തിൻ്റെ പെൺസുന്നത്ത് എന്ന നോവൽ വായിച്ച ശേഷം അതിലെ കേന്ദ്രകഥാപാത്രങ്ങളിൽ ഒന്നിനെ കവിതയിൽ ആവിഷ്കരിച്ചതാണ്. സോമാലിയയിലെ ഗോത്ര വിഭാഗത്തിൽ പെട്ട പെൺകുട്ടി. അങ്ങനെ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ച് എഴുതിയ കുറേ കവിതകൾ.

രണ്ടാമത്തേത്  കാവ്യ ജാലകത്തിൽ പരാമർശിക്കപ്പെട്ട കവികളെക്കുറിച്ച്  എഴുതുന്ന പുസ്തകമാണ്.. കാവ്യജാലകത്തെ ഒന്നു കൂടി വിപുലീകരിച്ച് അടയാളപ്പെടുത്തുന്നു. ഒരു പഠനഗ്രന്ഥം പോലെ. തുടക്കത്തിലെ കവികൾക്ക് അത്ര വലിയ ഇൻട്രൊഡക്ഷൻ കൊടുത്തിരുന്നില്ല അവരുടെ കവിതകളെ കൂടുതൽ വിശകലനം ചെയ്തിരുന്നില്ല അവരെ ഒന്നുകൂടി വായിച്ചു വിപുലപ്പെടുത്തണം എന്നുണ്ട് അതിനുശേഷം പുസ്തകം പ്രസിദ്ധീകരിക്കാനുള്ള വർക്ക് തുടങ്ങും ഏകദേശം 55 ഓളം കവികളെ ഇതുവരെ വായിച്ചിട്ടുണ്ട്. കവിതകളെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.

സ്കൂളിൽ പഠിക്കുമ്പോഴാണ് കഥകളും കവിതകളും ഒക്കെ എഴുതിയിട്ടുള്ളത് അതൊന്നും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നില്ല.
സ്കൂളിൽ സമ്മാനം കിട്ടിയിട്ടുള്ളത് കൂടുതലും കഥയ്‌ക്ക് ആയിരുന്നു. സംസ്ഥാനത്തെ  സഹകരണ സ്ഥാപനങ്ങളിലെ chief executive forum, അഖില കേരള അടിസ്ഥാനത്തിൽ സഹകരണ ജീവനക്കാർക്കായി നടത്തിയ കഥാമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്.
ഞാൻ വീണ്ടും കഥ എഴുതാൻ തുടങ്ങി എന്നതാണ് പുതിയ കാര്യം. കോക്കാത്തിക്കുന്നിലെ പാട്ട് നവതൂലികയിൽ ചർച്ചയ്ക്ക് എടുത്തിരുന്നു. ഇപ്പൊൾ ഒരു കഥ പൂർത്തിയാക്കി  കാവ്യ ശിഖയിൽ ഗംഗ ചേച്ചിക്ക് വായിക്കാൻ കൊടുത്തിരുന്നു. ഉർവി . അഫ്ഗാൻ പശ്ചാത്തലത്തിൽ എഴുതിയതാണ്. നല്ലതാണെന്നാണ് ഗംഗേച്ചിയുടെ അഭിപ്രായം.
ഭർത്താവ് വായനശാല പ്രവർത്തകനായിരുന്നു . ആ സമയത്ത് പുറത്തിറക്കിയ ഒരു കയ്യെഴുത്തുമാസിക ഉണർത്തുപാട്ട്. അതിലൂടെയാണ് ഞാൻ കവിതകളെഴുതി തുടങ്ങിയിട്ടുള്ളത്. ആ മാസിക ഡിജിറ്റലായി പുറത്തിറക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്. സാധിക്കുമോ എന്ന് അറിയില്ല.

അജയ് നാരായണൻ - കൗതുകത്തോടെയാണ് ദർശനയുടെ സ്വരം കേട്ടത്. ഉറച്ച നിലപാടുകളുമായി ഇനിയും ഏറെ മുന്നോട്ട് പോകട്ടേ ദർശന എന്നു ഞാൻ ആശംസിക്കുന്നു.

ദർശനയുടെ ഒരു കവിതയും നമുക്ക് വായിക്കാം.

വെറുതെ
========
ഒരു ഇരുണ്ട  പകലിന്നൊടുവിൽ                        
തീക്ഷ്ണമായ  ഒരാകാശവേരിറങ്ങി                    
ഭൂമിയെ പിളർത്തി.                    
കണ്ണീർമഴപ്പെരുക്കങ്ങളിൽ ചേക്കേറാൻമറന്ന്                                            ഇലപ്പച്ചകളിൽ മറഞ്ഞ  കിളിയൊച്ചകളെ                    
 തട്ടിയുണർത്തി
കാറ്റ് അലറിക്കരഞ്ഞു.                      
മാനത്ത്  കരിമ്പടക്കാറുകണ്ടാൽ
കിളികളിപ്പോൾ ചിലയ്ക്കാറെയില്ല.                    
കാലങ്ങളായി
കറുപ്പു നുണഞ്ഞവരെപ്പോലെ
ഇരുളാഴങ്ങളിൽ പതുങ്ങാറെയുള്ളൂ.
ഞാനപ്പോൾ  സൗഹൃദങ്ങളെക്കുറിച്ച്  
ഓർത്തുപോയി.

സംവത്സരങ്ങൾക്കുമുമ്പ്  
മഞ്ഞുമലകളുടെ                        
നാട്ടിൽനിന്നൊരാൾ...
സ്വപ്നഭൂമിയിലെ
നീലത്തടാകങ്ങളിൽ  
വഞ്ചിവീടുകൾ ഒഴുകാറില്ലത്രെ.
ഉറഞ്ഞമഞ്ഞിനെക്കാൾ റഞ്ഞുപോയ
കാശ്മീരിസുന്ദരികൾ സൂര്യനെ കാണാറില്ല.                      
അകലങ്ങളിലെ
ഉറ്റവരിൽനിന്ന് അവിടേക്ക്
മേഘസന്ദേശങ്ങൾ
ഒഴുകാറില്ല.
ഇരുണ്ട രാത്രികൾപോലെ  
അവരുടെ പകലുകളും                      
കറുത്തുപോയത്രേ.
കരളുരുകി കണ്ണുനിറഞ്ഞു
എല്ലാം ശരിയാകുമെന്നൊരു                      
ഹംസദൂതിൽ അവൻ അലിഞ്ഞുപോയിരിക്കാം.                    
പിന്നെ വിളിച്ചതേയില്ല.
 ഞങ്ങൾക്കിടയിലെ  സന്ദേശങ്ങൾ
നിലച്ചുപോയിരുന്നു.

കുറച്ചുമാസങ്ങൾക്കുമുമ്പ് മേഘങ്ങളുടെ
വീട്ടിൽ നിന്ന്  രു ചങ്ങാതി ...
പെരുകുന്ന തടവറകളെക്കുറിച്ച്                    
പേർത്തും പേർത്തും കരഞ്ഞു .
പൈതൃകങ്ങൾ മുഴുക്കെ                        
തടവറയിൽ ആണത്രേ.                      
അറ്റുപോകുന്ന                        
വേരുകളോർത്തുകേഴുന്ന                        
അവനെ ആശ്വസിപ്പിക്കേ,                      
അവിടേക്കൊരു                        
ആകാശദൂരമുണ്ടല്ലോ                            
മനസ്സുപറഞ്ഞു.

ഇന്നിതാ കടൽച്ചുഴിയിൽ                        
നിന്നൊരു ചങ്ങാതി...                  
തടവറയില്ലാത്ത നാട്ടിലെ                    
പുതിയ തടവറകളെക്കുറിച്ച്,                        
പുതിയ ചങ്ങലകൾ                    
തീർക്കുന്നവരെക്കുറിച്ച്.                    
വാക്കുകൾ പോലും                                              
തടവിലാണത്രേ.                                      
ഞാനെന്തു പറയേണ്ടു,                    
അവിടേയ്ക്കൊരു                    
കടൽദൂരമുണ്ടെന്ന്
സ്വയം ആശ്വസിക്കുമ്പോൾ.

നാളെ ........അറിയില്ല,                      
ഞാനും നീയും
ഈ ഭൂമിയുടെ                            
നിമ്നോന്നതങ്ങളിലേക്ക്                    
ചതുരവടിവിലെയ്യുന്ന വാക്കുകൾ ,
അദൃശ്യ ഭിത്തികളിൽ                  
തടഞ്ഞു തിരികെവരുമോ?                        
എനിക്ക് നിന്നെയും                                        
നിനക്ക് എന്നെയും                                            
വാക്കുകളിൽ പോലും              
തിരയാനാകുന്നില്ലയെങ്കിൽ
നമ്മളൊന്ന് എന്ന്                
പറയുന്നതെങ്ങനെ?

ദർശന

അഭിമുഖം തയ്യാറാക്കിയത്
ഡോ. അജയ് നാരായണൻ


കവിതയെ പ്രണയിച്ചവളുടെ ദർശനങ്ങൾ ( അഭിമുഖം: തയാറാക്കിയത്: ഡോ.അജയ് നാരായണൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക