Image

പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

Published on 14 September, 2021
പ്രത്യേക ഫീസ് അടച്ചാൽ ഗ്രീൻ കാർഡ് ലഭിക്കുന്ന ബിൽ ആദ്യ കടമ്പ കടന്നു 

വാഷിംഗ്ടൺ, ഡി.സി: ഒട്ടേറെ പേർക്ക്  ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള നിയമത്തിന്റെ കരട് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി പാസാക്കി (25-19 വോട്ട്)

പ്രസിഡന്റ് ബൈഡന്റെ 3.5 ട്രില്യൺ ഡോളറിന്റെ രാജ്യ പുനർനിർമ്മാണ ബില്ലിൽ ഉൾപ്പെടുത്തി ഇത് പാസാക്കാനാണ് നീക്കം. പാസായാൽ ഇമ്മിഗ്രീഷൻ രംഗത്തത് വലിയ മാറ്റങ്ങളാണ് ഉണ്ടാവുക. എന്നാൽ നിലവിലെ നിയമങ്ങൾ ഒന്നും മാറ്റുന്നുമില്ല. 

നിയമമാകുന്നതിനുമുമ്പ്, വ്യവസ്ഥകൾ ജുഡീഷ്യറി കമ്മിറ്റി, ഹൗസ് , സെനറ്റ് എന്നിവ പാസാക്കുകയും പ്രസിഡന്റിന്റെ ഒപ്പ് ലഭിക്കുകയും  ചെയ്യണം. അതായത് കടമ്പകൾ പലതു കടക്കണം. അതിനാൽ കാത്തിരുന്നു കാണാം. 

ബിൽ പാസാക്കാനായില്ലെങ്കിൽ അത് അനുരഞ്ജനത്തിന് വിടും  (റെകോൺസിലിയേഷൻ). പക്ഷെ  അനുരഞ്ജന പാക്കേജിൽ ഇമ്മിഗ്രെഷൻ   ഉൾപ്പെടുത്താൻ   സെനറ്റ്   പാര്ലമെന്റേറിയൻ സമ്മതിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്. 

തൊഴിലധിഷ്ഠിത ഗ്രീൻ കാർഡ് (EB) അപേക്ഷ അംഗീകരിച്ച ശേഷം (മിക്കവാറും ഐ-140 പാസായ ശേഷം) വിസ നമ്പറുകൾക്കായി കാത്തിരിക്കുന്നവരെ സഹായിക്കുന്നതാണ് ഒരു നിർദേശം. അപേക്ഷ അംഗീകരിച്ച് രണ്ട് വര്ഷം പിന്നിട്ടവരാണെങ്കിൽ 5000 ഡോളർ നൽകി ഗ്രീൻ കാർഡ് നേടാം. നാലംഗ കുടുംബമാണെങ്കിൽ 20000 ഡോളർ വേണോ എന്ന് വ്യക്തമല്ല. ഇപ്പോൾ 5 ലക്ഷത്തിലേറെ ഇന്ത്യക്കാർ വിസ നമ്പർ ഇല്ലാതെ കാത്തു നിൽക്കുന്നു  എന്നാണ് കണക്ക്. അവർക്കൊക്കെ വിസ നമ്പർ കറന്റ് ആകാൻ കാത്തിരിക്കേണ്ട.

അമേരിക്കയിൽ നിക്ഷേപം നടത്തി ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്കും (EB-5) രണ്ട് വര്ഷം കഴിഞ്ഞാൽ 50,000 ഡോളർ നൽകി ഗ്രീൻ കാർഡിനപേക്ഷിക്കാം. 

ഈ വ്യവസ്ഥകൾ 2031 -ൽ അവസാനിക്കുമെന്ന് ഫോർബ്സ് മാസിക റിപ്പോർട്ട് ചെയ്തു.

കുടുംബ വിസയിൽ (F കാറ്റഗറി) അപേക്ഷിച്ചവരും  2 വർഷത്തിൽ കൂടുതൽ പിന്നിട്ടാൽ,  ഗ്രീൻ കാർഡ് ലഭിക്കുന്നതിന് 2500 ഡോളർ ഫീസ് അടച്ചാൽ മതി.

1986 -ലെ ആംനസ്റ്റി പ്രോഗ്രാമിന് ശേഷം ഇത്രയും ബൃഹത്തായ കുടിയേറ്റ നിയമം  ഉണ്ടായിട്ടില്ല. ഗ്രീൻ കാർഡിനായുള്ള  പരിധി ഒഴിവാക്കുന്നതായോ  എച്ച് -1 ബി വിസയുടെ വാർഷിക ക്വാട്ട വർദ്ധിപ്പിക്കുന്നതായോ  നിയമപരമായ കുടിയേറ്റ സംവിധാനത്തിൽ സ്ഥിരമായ ഘടനാപരമായ മാറ്റങ്ങൾ വരുത്തുമെന്നോ  ബില്ലിൽ പരാമർശമില്ല.

മറ്റു ആനുകൂല്യങ്ങൾ ഇവയാണ്: 

ഗ്രീൻ കാർഡ് അപേക്ഷ അംഗീകരിച്ചിട്ടു രണ്ട് വര്ഷമാകാത്തവർക്കും ഗ്രീൻ കാർഡിന് ഫയൽ ചെയ്യാം-അവർ അമേരിക്കയിലായിരിക്കണമെന്നു മാത്രം. അവർക്ക് 1500  ഡോളർ ഫീ മതി.

ഉപയോഗിക്കാതെ ലാപ്സ് ആയി പോയ രണ്ടേകാൽ ലക്ഷം  ഗ്രീൻ കാർഡുകൾ തിരിച്ചു പിടിക്കാനും വ്യവസ്ഥയുണ്ട്.

അത്യാവശ്യ ജോലിക്കാർക്ക് (എസ്സെൻഷ്യൽ  വർക്കേഴ്സ്) നേരിട്ട് ഗ്രീ കാർഡിന് അപേക്ഷിക്കാമെന്നതാണ് മറ്റൊരു വലിയ മാറ്റം. അവർക്ക് ലേബർ  സർട്ടിഫിക്കേഷനും ഐ-140 യും ഒന്നും വേണ്ട.

മെഡിക്കൽ, ഹെൽത്ത് കെയർ, എന്നിവർക്ക് പുറമെ  ടെലികമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി സംവിധാനങ്ങൾ, പ്രതിരോധം, ഭക്ഷണം, കൃഷി, ഗതാഗതം, ലോജിസ്റ്റിക്സ്, ഊർജ്ജം, വെള്ളം, മലിനജലം, നിയമ നിർവ്വഹണം എന്നിവയെയും  അവശ്യ തൊഴിലായി കണക്കാക്കും. ചുരുക്കത്തിൽ ധാരാളം പേർക്ക് അവസരം ലഭിക്കും.

ഈ വര്ഷം ജനുവരി ഒന്ന് മുതൽ അമേരിക്കയിലുണ്ടായിരിക്കുകയും പതിനെട്ട് വയസിനു മുൻപ് വരികയും ചെയ്തിട്ടുള്ളവർക്ക് 1500 ഡോളർ ഫീ കൊടുത്താൽ ഗ്രീൻ കാർഡിന് അപേക്ഷിക്കാം. ഡ്രീമേഴ്‌സ്, ഗ്രീൻ കാർഡിന് അപേക്ഷിച്ച് 21  വയസ്  പിന്നിട്ടവർ തുടങ്ങിയവർക്കെല്ലാം ഉപകാരപ്പെടുന്നതാണിത്.  

അവിദഗ്ധ തൊഴിലാളികളെ (H 2A)  സഹായിക്കുന്ന  ഒന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നതാണ് ബില്ലിന്റെ പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എന്നാൽ കുട്ടികളായി യുഎസിലേക്ക് വന്ന രേഖകളില്ലാത്ത കുടിയേറ്റക്കാർ, താൽക്കാലിക പരിരക്ഷിത സ്റ്റാറ്റസ് (ടിപിഎസ്) ഗുണഭോക്താക്കൾ, കർഷകത്തൊഴിലാളികൾ,  പാൻഡെമിക് കാലഘട്ടത്തിലെ അവശ്യ തൊഴിലാളികൾ എന്നിവർക്ക്  സ്ഥിരമായ യുഎസ് റെസിഡൻസിക്ക് (ഗ്രീൻ കാർഡിന്) അപേക്ഷിക്കാനാകും.

നിയമം പാസാക്കുമെന്നും അത്  ആയിരക്കണക്കിന് ഇന്ത്യൻ ഐടി പ്രൊഫഷണലുകളെ സഹായിക്കുമെന്നുമാണ് പ്രതീക്ഷ  

ബജറ്റ് അനുരഞ്ജനത്തിന്റെ ഭാഗമായി തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുമായി ബന്ധപ്പെട്ട ഈ  നീക്കത്തെ പിന്തുണയ്ക്കണമെന്ന് ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസംഗം രാജ കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ളവർ   സഹപ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. രാജ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിലുള്ള 40 അമേരിക്കൻ നിയമനിർമ്മാതാക്കൾ സ്പീക്കർക്ക് കത്ത് നൽകിയിരുന്നതായി  ഹൗസ് സ്പീക്കർ  നാൻസി പെലോസിയും സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറും വ്യക്തമാക്കി.
 സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് ഈ ബിൽ ഉപകരിക്കുമെന്നാണ് കരുതുന്നത്.

see also

https://www.forbes.com/sites/stuartanderson/2021/09/13/dreamers-and-legal-immigration-changes-highlight-new-house-bill/?sh=5f640f2469a9

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക