Image

ഒറ്റത്തിരിയിട്ട കല്‍വിളക്ക് (കഥ: സിനി രുദ്ര)

Published on 14 September, 2021
ഒറ്റത്തിരിയിട്ട കല്‍വിളക്ക് (കഥ: സിനി രുദ്ര)
മുഷിച്ചൽ തോന്നുന്ന യാത്രയ്ക്കും, വേഗതയേറിയ നടത്തത്തിനും അവസാനമുള്ളൊരു വിശ്രമത്തിൽ ആയിരുന്നു ഞാൻ. കൃത്യമായി പറഞ്ഞാൽ എന്റെ ഈ യാത്ര തുടങ്ങിയിട്ട് നാല് മാസവും പത്ത് ദിവസവും ആയിരിക്കുന്നു.

മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഞാനെന്റെ 'അമ്മ ചെയ്ത ജോലിയുടെ ബാക്കി ചെയ്യുന്നു. വലിയ ഓഫീസിന്റെ മൂലയിൽ പൊടി പിടിച്ച ഫയലുകൾക്കിടയിൽ എന്റെ അമ്മയുടെ ദേഹത്തെ ചൂടും ആ മനസ്സിന്റെ ആധിയും അടുത്തറിഞ്ഞ  മരകസേരയിൽ ഇരിക്കുമ്പോൾ പലപ്പോഴും അമ്മയുടെ മണം ചുറ്റിലും ഉയരാറുണ്ടായിരുന്നു.

അടുക്കള കോലായിലെ ചാരുപടിയിൽ അവധി ദിവസത്തെ ആലസ്യം മനസ്സിൽ നിറച്ചു കണ്ണടച്ചു ഇരിക്കാൻ ഏറെ സുഖമാണ്. അനിയനും അനിയത്തിയും അച്ഛന്റെ കൂടെ മൂകാംബികാദർശനത്തിനു പോയിരിക്കുന്നു.

കണ്ണടച്ചു ഇരിക്കുമ്പോൾ അടുത്തു കൂടെ അമ്മയുടെ കഞ്ഞി മുക്കി ഉണക്കിയ കോട്ടൺ സാരിയുടെ ഗന്ധം കടന്ന് പോകുന്ന പോലെ.

ഓർമ്മകളിലേക്ക് നോക്കുമ്പോൾ അമ്മ ഇന്നെനിക്ക് അത്ഭുതമാകുന്നു. അമ്മ പല്ലു തേക്കുന്നതോ, കുളിക്കാൻ ഒരുങ്ങുന്നതോ ഒന്നും ഞാൻ കണ്ടിട്ടില്ല. അമ്മ ഉണരുന്നതും ഉറങ്ങുന്നതും ഞങ്ങൾ കണ്ടിട്ടില്ലായിരുന്നു. ഞങ്ങൾ എഴുന്നേറ്റ് വരുമ്പോഴേക്കും അമ്മ കുളിച്ചു നെറ്റിയിൽ ഒരു കുറിയും തൊട്ട് അടുക്കളയിൽ പാത്രങ്ങളോടും ഭക്ഷണങ്ങളോടും മിണ്ടി പറഞ്ഞു നടക്കുന്നുണ്ടാകുമായിരുന്നു. സ്കൂളിലേക്ക് ഞങ്ങൾ പോയതിനു ശേഷം അമ്മയെന്ത് ചെയ്യുകയായിരുന്നെന്നും എനിക്കറിയില്ലായിരുന്നു. അമ്മയെന്നും ഞങ്ങളിലേക്ക് തിരിച്ചു വെച്ച കണ്ണാടിയായിരുന്നു. അതിൽ ഞങ്ങൾ ഞങ്ങളെ മാത്രം എന്നും കണ്ടു വന്നു.

ഇന്നും ഓർമ്മയുണ്ട്, ഒരു പാതിരാവിൽ ടിക് ടിക് എന്നൊരു ശബ്ദം കേട്ടു കണ്ണ് തുറന്ന് നോക്കുമ്പോൾ കട്ടിലിന്റെ അറ്റത്ത് ഒരു കുഞ്ഞു ടോർച്ചു കത്തിച്ചു അമ്മ നഖം വെട്ടുന്നത്. എല്ലാർക്കും സമയം വീതം വെച്ചു കൊടുത്തപ്പോൾ അമ്മയ്ക്കുള്ള സമയം 'അമ്മ എടുത്തത് പാതിരാവിൽ ആയിരുന്നു. നെയിൽ കട്ടർ എടുത്ത് വെച്ച്, മേശപ്പുറത്തെ ഡയറിയിൽ അന്നത്തെ ചിലവ് എഴുതി വെച്ചു അമ്മ അടുത്ത് വന്ന് കിടക്കുമ്പോൾ പൊള്ളുന്ന ഒരു നിശ്വാസം എന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. എന്നിട്ടും അമ്മയുടെ സഹനം ഞങ്ങൾ അറിഞ്ഞില്ല, ഒരു പക്ഷെ അറിയാൻ ശ്രമിച്ചില്ല.

അച്ഛന്റെ പ്രവാസം അമ്മയെ തനിച്ചാകുമ്പോഴും അമ്മ ഞങ്ങൾക്ക് വലിയ ഒരു സംരക്ഷണമതിൽ ആവുന്നുണ്ടായിരുന്നു.

അച്ഛനെത്തുമ്പോൾ സ്വർഗ്ഗമാകുന്ന വീട്ടിൽ അമ്മ ഏറ്റവും മനോഹരമായി ചിരിക്കുന്ന പൂവായി. ജോലി കഴിഞ്ഞു ഓടി വീടെത്തുന്ന അമ്മയെ ചൂട് ചായ കാച്ചി വെച്ചു അച്ഛൻ സ്വീകരിച്ചിരുന്നു. ഞങ്ങൾ കാണാതെ അച്ഛൻ അമ്മയ്ക്ക് നൽകുന്ന നെറ്റിയിലെ ഉമ്മകൾ അമ്മയുടെ കണ്ണിൽ ഒരിറ്റ് കണ്ണീരും ചുണ്ടിൽ നാണത്തിൻ ചിരിയും നൽകിയിരുന്നു.

രണ്ട് വർഷം മുൻപ് പെട്ടെന്നായിരുന്നു അമ്മ ഞങ്ങൾക്ക് ഓർമ്മയായത്. അച്ഛന്റെ അവധിക്കാലത്തെ ഒരു വരവിൽ ഏറെ ക്ഷീണിച്ച അമ്മയെ നിർബന്ധിച്ചു ചെക്കപ്പിന് കൊണ്ട് പോയപ്പോഴായിരുന്നു അമ്മയുടെ രണ്ട് വൃക്കകളും ശരീരത്തോട് പിണങ്ങിയെന്നു ഞങ്ങൾ അറിഞ്ഞത്. അപ്പോൾ, അപ്പോൾ മാത്രമായിരുന്നു ഞങ്ങളുടെ കണ്ണുകളും മനസ്സും അമ്മയെ ശ്രദ്ധിച്ചത്.

ശരീരം ക്ഷീണിച്ചിരുന്നു, രണ്ട് കാല്പാദങ്ങളും നീര് വന്നിരുന്നു. ഇടയ്ക്കിടെ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും പോലെ. ആ നോവിലും അമ്മ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, തനിക്കൊന്നുമില്ലെന്നു കൈകൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. അമ്മയുടെ ആ ഒരു നോവിൽ നിന്നായിരുന്നു അച്ഛനെന്ന തണൽ അടുത്തറിഞ്ഞത്. അച്ഛന് തുണയാവാൻ അമ്മ പറഞ്ഞു കൊണ്ടേ ഇരുന്നു.. യാത്രയ്ക്ക് മുന്നേ ഉള്ള ഒരുക്കം പോലെ അമ്മ എന്തൊക്കെയോ പറഞ്ഞു ചെയ്യിച്ചു കൊണ്ടിരുന്നു.

ഒരു രാത്രിയിൽ അച്ഛന്റെ നെഞ്ചിൽ വാടിയ താമരത്തണ്ട് പോലെ , വിളറി വെളുത്തു കിടന്ന്, ഞങ്ങളെ കണ്ണു നിറയെ കണ്ട് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് അമ്മ ആഴ്ന്നിറങ്ങി.

ജോലിക്കിടയിൽ സമയത്തിന് വെള്ളമോ ഭക്ഷണമോ കഴിച്ചിരുന്നില്ലത്രേ. നെട്ടോട്ടത്തിനിടയിൽ അമ്മ ദേഹം മറന്ന് പോയപ്പോൾ ഞങ്ങൾ ഞങ്ങളെ മാത്രം ശ്രദ്ധിച്ചപ്പോൾ ഞങ്ങളുടെ വിളക്ക് എണ്ണവറ്റി കെട്ടുപോവുകയായിരുന്നു.

കണ്ണിൽ തെളിയുകയാണ് അമ്മയുടെ ഡയറിയിലെ ആ ഒറ്റ വരി..

ഒറ്റത്തിരിയിട്ട "കൽവിളക്ക്"

*******
ഒറ്റത്തിരിയിട്ട വിളക്കിനു പിന്നിലെ ഫോട്ടോയിൽ നിറഞ്ഞ ചിരിയുമായി നിൽക്കുന്ന ഈ ഒരു മുഖമായിരുന്നു മൂന്നു വർഷം മുൻപ്‌ വരെ ഈ വീട്ടിലെ വിളക്ക്.

മൂന്ന് മക്കൾക്കും എനിക്കും വേണ്ടി എന്നും തെളിഞ്ഞു കത്തിയവൾ.

അവസാന നാളുകളിൽ വാടിയ താമരത്തണ്ടായി നെഞ്ചിൽ ചാഞ്ഞു കിടക്കുമ്പോൾ അവളില്ലായ്മ്മയിൽ ചെയ്യേണ്ടതും, ചെയ്യരുത്താത്തതും കുഞ്ഞുങ്ങളോടെന്നപോലെ പറഞ്ഞു തരുമ്പോൾ പടിവാതിൽക്കൽ മരണം അവളെ കാത്തുനിൽക്കും പോലെ തോന്നി.

ഒരു അർദ്ധവിരാമം പോലെ പാതിയിൽ അവൾ നിന്നപ്പോൾ, ഒരു നോവുകടലിന് നടുവിൽ എന്നെ തനിച്ചാക്കി പോയപ്പോൾ ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ട കുഞ്ഞിന്റെ ഭാവമായിരുന്നു തന്റെ മനസ്സിന്.

എന്റെ പ്രവാസം അവളെ നോവിക്കുമ്പോഴും ഒരു ചിരികൊണ്ടു എല്ലാം മറച്ചു വെച്ചു, കത്തിലെ വരികൾക്കിടയിൽ ഒരു നൂറു ഉമ്മകൾ തിരുകി വെച്ചു അവളെന്നും എന്നെ സന്തോഷിപ്പിക്കാൻ ശ്രമിച്ചിരുന്നു. വലിയ ചിറകുള്ള അമ്മ പക്ഷി, അവളിടയ്ക്കിടെ അവളെ തന്നെ വിശേഷിപ്പിക്കുന്നത് അതായിരുന്നു.

ജോലിയും വീടും മക്കളുമായുള്ള നെട്ടോട്ടത്തിൽ അവളും ജീവിക്കാൻ മറന്നുപോയിരുന്നോ. മാറ്റിവെച്ച ചികിത്സകളും, രോഗവും അവളുടെ നിഴലായുള്ളത് ആർക്കും അറിഞ്ഞില്ല. അവളറിഞ്ഞിട്ടും ഞങ്ങളറിഞ്ഞില്ല എന്നതായിരുന്നു നേര്.

അവളങ്ങു പോയപ്പോഴായിരുന്നു അവളുടെയ വലിയ ചിറകിന്റെ വലിപ്പം ഞാനറിഞ്ഞത്. മൂത്തവൾ അമ്മയുടെ ജോലിയിൽ കയറിയപ്പോൾ ഇളയത് രണ്ട്പേരും കോളേജിലും സ്കൂളിലും ആയിരുന്നു. അവരുടെ നിഴലായി നെഞ്ചിൽ ആധി നിറച്ചു വഴിക്കണ്ണുമായി ഇരിക്കുമ്പോൾ അരികിൽ കളിയാക്കിയ ചിരിയോടെ അവൾ നിൽക്കും പോലെ തോന്നും.

അവളില്ലാതിരുന്ന കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും അവളായി ഞാൻ പകർന്നാട്ടം നടത്തുകയായിരുന്നു. മറ്റൊരു ജീവിതത്തെ കുറിച്ചു ചിന്തിക്കാൻ ബന്ധുജനം ധൃതി കൂട്ടിയപ്പോൾ ചുണ്ടിലൊരു പുച്ഛമായിരുന്നു. ഭാര്യ മരിച്ചവനെ കെട്ടിക്കാനുള്ള ഈ തിടുക്കം ഒരു വിധവയെ കെട്ടിക്കാൻ കാണിച്ചിരുന്നെങ്കിൽ.

മൂന്ന് മക്കൾക്ക് മുകളിൽ ചിറക് വിടർത്തിയ തള്ളപക്ഷിയെ പോലെ താൻ അവർക്ക് കാവലിരിക്കുകയായിരുന്നു. പലപ്പോഴും അവളുടെ ആ ചിറകിന്റെ ബലം തനിക്കുണ്ടായിരുന്നില്ല.

അവളില്ലായ്മ്മയുടെ ആഴങ്ങളിൽ വീർപ്പുമുട്ടുമ്പോഴും ആ മുറികളിൽ പലപ്പോഴും നേർത്ത കാറ്റായി, ചന്ദനഗന്ധമായി, ആർദ്രമായൊരു സംഗീതമായി അവളടുത്തുണ്ടെന്നുള്ള ആശ്വാസമായിരുന്നു മനസ്സിൽ.

ഇന്നീ മുറ്റത്ത് ഒരു പന്തലുയരുകയാണ്. അവളുടെ ആദ്യത്തെ കണ്മണിയുടെ വിവാഹമാണ്. മാളു പിച്ചവെച്ചു നടക്കാൻ തുടങ്ങിയത് മുതൽ അവളുടെ കല്യാണം സ്വപ്നം കണ്ടു നടന്നവളാണ് സ്വപ്നം പൂക്കും മുന്നേ വാടിക്കൊഴിഞ്ഞു ഓർമ്മ മാത്രമായത്. മാളുവിനായി വാങ്ങിയ പാലക്കാമാലയും മുല്ലമൊട്ടുമാലയും അലമാരയിൽ നിന്നും എടുക്കുമ്പോൾ കൈകൾ വല്ലാതെ വിറച്ചു. അവൾ സ്വരുക്കൂട്ടിയതാണ് എല്ലാം. അവളുടെ സ്വപ്നങ്ങളാണ് ഇതിന്റെ മാറ്റ് കൂട്ടുന്നത്. അയക്കുന്നതൊക്കെ സ്വരുക്കൂട്ടുമ്പോൾ അവളുടെ കോട്ടൺ സാരിയുടെ നിറം കൂടുതൽ മങ്ങിക്കൊണ്ടിരുന്നു. പിശുക്കിയെന്നു മക്കൾ വിളിക്കുമ്പോൾ  അച്ഛന് നാട്ടിൽ വരുമ്പോൾ ബാധ്യതകളോ കടങ്ങളോ ഒന്നും പാടില്ല എന്നായിരുന്നു അവളുടെ മറുപടി.   സമയം കടന്നു പോവുകയാണ്. അകത്ത് മോളൊരുങ്ങുന്നുണ്ട്. ഇന്നലെ മുഴുവൻ തന്റെ നെഞ്ചിൽ വീണു കരച്ചിലായിരുന്നു. അമ്മയോളം വലിയൊരു തുണയില്ല എന്നു ആ കണ്ണീർ തന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.

വിളക്കിന്റെ വെളിച്ചം ഒന്നാളിയോ.. താൻ കാണുന്നുണ്ടോ എല്ലാം. ഒറ്റയ്ക്കാടോ ഞാൻ. ഹൃദയം പരിഭവക്കെട്ട് അഴിക്കാൻ തുടങ്ങും മുന്നേ ഞാൻ ഇറങ്ങുകയാണ്. ഈ തിരക്കിലേക്ക്.

നീ അരികിലുണ്ടെന്ന വിശ്വാസവുമായി

******

ഒരാഴ്ച മുന്നേ വരെ മകൾ മാത്രമായിരുന്ന സ്ഥാനത്തു നിന്ന് ഇന്ന് ഭാര്യ എന്ന സ്ഥാനപ്പേരും കൊണ്ടാണ് വിരുന്നിനായി ഞാൻ ജനിച്ചുവളർന്ന ഇന്ദീവരത്തിന്റെ പടി കയറുന്നത്. വിരുന്നുകാരിയായി പടി കയറി വരുന്ന തന്നെ സ്വീകരിക്കാൻ വീടും മുറ്റവും ഒരുങ്ങിയത് പോലെ. ഒരാഴ്ചമാത്രമേ ആയിട്ടുള്ളു എങ്കിലും വീടും മുറ്റവും തൊടിയും എന്തേ തനിക്കിത്ര പുതമായുള്ളതാകുന്നു. വേരോടെ പിഴുതെടുത്തു പറിച്ചു നടാൻ കൊണ്ട് പോയ ചെടിയെ പോലെ ആയതു കൊണ്ടാകുമോ.

മുറ്റത്തെ കൊന്ന പൂവിട്ടിരിക്കുന്നുണ്ട്. മുറ്റത്തേക്ക് മഞ്ഞ പൂക്കൾ വീണു നിറഞ്ഞു മെത്തപോലെയായിട്ടുണ്ട്. അരളിയെന്തേ വാടി നിൽക്കുന്നു. വെള്ളം കൊടുക്കാൻ ഞാനില്ലാതെ നീ പരിഭവിച്ചതാണോ. അനുവും അപ്പുവും ചെമ്പകച്ചോട്ടിലെ കുഞ്ഞു കസേര കൊണ്ടു കളഞ്ഞോ.. ? പഠിക്കുമ്പോൾ മടിയിലേക്ക് വീഴുന്ന ചെമ്പകപ്പൂക്കൾ എന്ത് മനോഹരമാണ്.

നീളൻ മുറ്റം നടന്നിട്ട് തീരുന്നില്ലേ മാളു എന്ന വിനുവേട്ടന്റെ കളിയാക്കലിൽ ചമ്മിയ ചിരിയോടെ കോലായിലേക്ക് കയറുമ്പോൾ ചേച്ചിപെണ്ണേ എന്നു വിളിച്ചു ഇടവും വലവും കെട്ടിപ്പിടിക്കാൻ എന്റെ അനുവും അപ്പുവും ഓടിയെത്തിയിരുന്നു.

അപ്പോഴും കണ്ണുകൾ അച്ഛനെ തിരയുകയായിരുന്നു. ആ നോട്ടത്തിനു ഉത്തരം അമ്മുവിന്റെ വിരൽ ചൂണ്ടിയ ഇടമായിരുന്നു. അടുക്കളയിലേക്ക് നീണ്ട അവളുടെ ചൂണ്ടു വിരലിനറ്റത്ത് തലയിൽ ഒരു തോർത്ത് കെട്ടി ഒരു കൈയിൽ കുറെ വാഴയിലയും, മറുകൈയിൽ പാത്രങ്ങളും പിടിച്ചു അച്ഛൻ വന്നു നിന്നു.

ആഹാ എത്തിയോ എന്നൊരു ചോദ്യത്തോടെ എന്റെ കവിളിൽ ഒരു നേർത്ത തലോടലും തന്നു വിനുവേട്ടനൊത്ത് അച്ഛൻ കുശലം പറയുമ്പോൾ അകത്തെവിടെയോ നിന്നു നേർത്തൊരു ചന്ദനഗന്ധം അരികിലേക്ക് വരുന്നുണ്ടായിരുന്നു.

പതിയെ, ഞങ്ങളുടെ വിളക്കുറങ്ങിയ, ഞങ്ങളുടെ പ്രാണനു കാവലിരുന്ന അമ്മയുടെ മുറിയിലേക്ക് പാദങ്ങൾ നേർത്ത വിറയലോടെ നീങ്ങുമ്പോൾ അമ്മ വിളിക്കുന്നുണ്ടായിരുന്നോ.

അമ്മ ഉള്ളപ്പോൾ ഉള്ളതിൽ നിന്ന് ഒരുതരി മാറ്റം പോലും അച്ഛൻ ആ മുറിയ്ക്ക് വരുത്തിയില്ല എന്നത് എന്നും അത്ഭുതമായിരുന്നു ഞങ്ങൾക്ക്. ഇപ്പോഴും അങ്ങനെതന്നെ. ചുമരിൽ നിറഞ്ഞ ചിരിയോടെ ഇന്ദീവരത്തിന്റെ രാജ്ഞി.

അമ്മേ.. പറയാൻ ആയിരം വിശേഷം നാവിലുയരുമ്പോഴും കേൾക്കാൻ അമ്മയില്ലെന്നുള്ള യാഥാർത്ഥ്യം എന്നെ നിശ്ശബ്ദയാക്കുന്നുവല്ലോ. എന്റെ പരിഭവത്തിനും ആ നിറഞ്ഞ ചിരി മറുപടി ആയപ്പോഴായിരുന്നു എന്റെ ചുണ്ടുകൾ ആ വലിയ ഫോട്ടോയിലേക്ക് അമർന്നത്. ആ കവിളിൽ അമർത്തി ഉമ്മ വെക്കുമ്പോൾ എന്നും വയറ്റിൽ ഇക്കിളിയിടാറുള്ള അമ്മയുടെ വിരലുകൾ ഒന്നു എന്നെ തലോടിയോ.

മാളൂ എന്ന വിളിയോടെ പടി കടന്നു വന്ന അച്ഛനും അമർത്തിപ്പിടിച്ച തേങ്ങലോടെ മുറിയിലെ ചുമരിലേക്ക് ചാരി നിന്നു. ചിലതൊക്കെ അങ്ങനെയാ മാളൂ, നമ്മൾ വെറും കാഴ്ചക്കാരായി നിന്നു പോകും. അവളിപ്പോൾ ഇവിടെവിടെയോ നിന്നു ഉള്ളുരക്കത്തോടെ എല്ലാം കണ്ടു നിൽപ്പുണ്ടാകും.

അച്ഛന്റെ ഇടർച്ചയിൽ വീണ്ടും തളരുമ്പോളായിരുന്നു മറ്റുള്ളവരുടെ വരവ്. ചിരി വരുത്തിയ മുഖവുമായി ബാക്കിയുള്ള നിമിഷങ്ങളെ സന്തോഷമായി തള്ളിനീക്കുമ്പോൾ ഒരു നേർത്ത കാറ്റ് അകമുറിയിലൂടെ ഞങ്ങളെ ചുറ്റി തഴുകി പോകുന്നുണ്ടായിരുന്നു.

അനുവിന്റെയും അപ്പുവിന്റെയും കൂടെയുള്ള ചിരിബഹളങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു വിനുവേട്ടൻ എന്നെ അന്വേഷിച്ചു മുറിയിലേക്ക് വന്നത്. അമ്മയുടെ മുറിയിൽ ആ ഫോട്ടോയും നോക്കി നിൽക്കുന്ന എന്റെ കൈകളിലേക്ക് പതിയെ ഒന്നമർത്തി എന്ത് പറ്റിയെടോ എന്ന ചോദ്യത്തിന് അതു വരെ അടക്കി നിർത്തിയ കണ്ണീരായിരുന്നു മറുപടി.

"ഇന്ദീവരത്തിന്റെ രാജ്ഞിക്ക് പ്രൗഢി ഒട്ടും കുറവില്ല. കരുത്തുള്ള അമ്മപക്ഷി ആയിരുന്നെന്ന് ആ കണ്ണുകളിലെ തിളക്കം കണ്ടാൽ അറിയാം. മാളൂ നിന്നെപ്പോലെ ഞാനും നിന്റെ അമ്മയെ മിസ് ചെയ്യുന്നുണ്ട്."  നോവ്‌ നിറഞ്ഞൊരു നോട്ടത്തോടെ ആ ചുമലിലേക്ക് ചാഞ്ഞപ്പോൾ അമ്മ കള്ളച്ചിരി ചിരിക്കും പോലെ.

അച്ഛനെ ഓർത്തപ്പോഴയിരുന്നു താഴെയുള്ള ബഹളങ്ങൾ കേട്ടത്. മേശമേൽ ഭക്ഷണം എടുത്തു വെക്കുകയാണ്. അപ്പുവിനോട് തല്ലു കൂടി മുഖം വീർപ്പിച്ചിട്ടുണ്ട് അമ്മുവും. "രണ്ടിനെയും ഞാൻ തൂക്കിയെടുത്തു വെളിയിലിടും പറഞ്ഞേക്കാം " അമ്മയുടെ സ്ഥിരം ഡയലോഗ് അച്ഛൻ ഏറ്റെടുത്തെന്നു തോന്നുന്നു. മേശയ്ക്കു ചുറ്റിലും എല്ലാരേയും ഇരുത്തി ഇലയിൽ ഓരോന്നും വിളമ്പുമ്പോൾ ഇവളുടെ അമ്മയുടെയത്ര ഒന്നും ആവില്ല എന്റെ പാചകം എന്നു അച്ഛൻ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. ആ നിമിഷങ്ങളിലൊക്കെ അച്ഛന്റെ മനസ്സ്  പിടയ്ക്കുന്നത് അറിയാനാവുന്നുണ്ടായിരുന്നു. അമ്മയുണ്ടെങ്കിൽ ഇപ്പോൾ ഈ നിമിഷങ്ങൾ ഉത്സവം പോലെ ആയേനെ. എന്നും എല്ലാരേയും ഊട്ടാൻ മാത്രം അറിഞ്ഞവൾ ആയിരുന്നല്ലോ ഇന്ദീവരത്തിലെ രാജ്ഞി.  ഇവിടെ എവിടെയോ ഇരുന്ന് ഇതൊക്കെ കാണുന്നുണ്ടാകും അല്ലെ അമ്മേ.. ഹൃദയം വല്ലാതെ കേഴുന്നുവല്ലോ.

ചെവിയോരം അമ്മ പോകും മുന്നേ പറഞ്ഞ വാക്കുകൾ കേൾക്കും പോലെ

"മാളൂ, നിങ്ങളോളം വലുതല്ല എനിക്കൊന്നും, മരണം കൊണ്ട്  പോലും നിങ്ങളിൽ നിന്നും എന്നെ അകറ്റാൻ ആവില്ല  ഈശ്വരന്."

ഇന്ദീവരത്തിന്റെ മുറ്റത്തപ്പോൾ ഒരുപിടി കൊന്നപ്പൂക്കൾ പാറിവീഴുന്നുണ്ടായിരുന്നു. ദൂരെയപ്പോൾ ഒരു വിഷുപക്ഷിയുടെ പാട്ടുയർന്നു തുടങ്ങി.

******

തിരുനെല്ലി ക്ഷേത്രത്തിന്റെ കല്പടവിൽ പുലർകാല മഞ്ഞു നേർത്ത നനവ് പടർത്തിയിട്ടുണ്ട്. പുലർച്ചെ നാലു മണിക്ക് അച്ഛനോടൊപ്പം അമ്പലത്തിലെ വഴിപാട് കൗണ്ടറിൽ ബലി തർപണത്തിനുള്ള ശീട്ടു മുറിക്കാൻ നിൽക്കുമ്പോൾ എന്റെ കണ്ണുകൾ പുറത്തെ കാഴ്ചകളിലേക്കായിരുന്നു. അച്ഛനോട് അപ്പുറത്തുണ്ടെന്നു ആംഗ്യം കാണിച്ചു കൗണ്ടറിനപ്പുറമുള്ള അമ്പലനടയ്ക്ക് നേരെ മുന്നിലുള്ള ഒഴിഞ്ഞ ഇടത്തേക്ക് മാറി നിന്നു. ദൂരെ മഞ്ഞിൽ പുതഞ്ഞു കുന്നുകൾ. നേർത്ത മഞ്ഞിൻ പുക ഉയരുന്നുണ്ട് കുന്നിൻ മുകളിൽ

അപ്പൂ, വാ വേഗം . അച്ഛൻ അതും പറഞ്ഞു  ധൃതികൂട്ടി മുന്നിൽ നടന്നു. അമ്മയുടെ ബലിതർപ്പണം ആണ്. എല്ലാ വർഷവും ഞാൻ ഒറ്റയ്ക്ക് വന്നപ്പോൾ ഇത്തവണ അച്ഛനും കൂടെ വന്നു. ദൂരയാത്രയാണ് എന്നു പറഞ്ഞിട്ടും എന്തിനോ അച്ഛൻ ഇന്നലെ വല്ലാതെ വാശി കാട്ടി.

അച്ഛന്റെ പിന്നാലെ ഉള്ള നടത്തത്തിൽ ഒപ്പമെത്താൻ ഇത്തിരി പാടാണ്. പടവുകൾ ഇറങ്ങി ഇറങ്ങി പാറക്കല്ലുകൾക്ക് മുകളിലൂടെ നടന്നു ചെറിയ നീർച്ചാലുകൾ കടന്നു കാടിനുള്ളിലേക്ക് നീണ്ടു പോകുന്ന ആ വഴി നടക്കാൻ തുടങ്ങി. ബലിതർപ്പണം ചെയ്യാൻ വേറെയും കുറച്ചു പേർ പിന്നാലെ വരുന്നുണ്ട്. ചിലരുടെ കണ്ണുകൾ കരഞ്ഞു ചുവന്നിട്ടുണ്ട്. ചിലരുടെ മുഖത്ത് എല്ലാ സങ്കടങ്ങളും അടക്കി വെച്ച ഗൗരവം. ചിലരുടെ കൈയിൽ ചെറിയ മൺകുടം.

കാഴ്ചകൾ ഹൃദയത്തിൽ നോവ്‌ മാത്രം നൽകുകയായിരുന്നു. ഒരുപിടി ചാരമായി മാറിയ മനുഷ്യ ജന്മങ്ങൾ മോക്ഷം തേടി, പുനർജന്മം തേടി ആ കുടത്തിൽ ആത്മാവുകളായി വീർപ്പുമുട്ടുന്നുണ്ടാകുമോ. അതോർക്കെ തൊട്ടടുത്തു നിൽക്കുന്ന ചേട്ടന്റെ കൈയിലെ കുടത്തിലേക്ക് നോക്കാൻ പറ്റാത്ത ഒരു ഭയം ഉള്ളിൽ കയറിതുടങ്ങി.

അപ്പൂ, എന്താ മോനെ ആലോചനയിൽ, ചെല്ലൂ, പോയി മുങ്ങികുളിച്ചു മുണ്ട് ഉടുത്തു വാ. അരികിൽ അച്ഛന്റെ നേർത്ത ശബ്ദം

ഷർട്ട് അഴിച്ചു അച്ഛന്റെ കൈയിൽ കൊടുത്തു, കൈയിലെ തോർത്ത് പാന്റിന് മുകളിൽ ഉടുത്തു ആ കുത്തിയൊഴുകുന്ന നീർച്ചാലിൽ ഇറങ്ങി. വെള്ളത്തിൽ അരയോളം മുങ്ങി പാന്റ് അഴിച്ചു കരയ്ക്കിട്ടു ആ തണുത്ത വെള്ളത്തിലേക്ക് മുങ്ങി നിവർന്നു. അധികം ദൂരേയ്ക്ക് നീങ്ങി നിൽക്കേണ്ട, മഴക്കാലമാണ്. പെട്ടെന്ന് ഒഴുക്ക് കൂടും. ബലിതർപണത്തിനു സഹായി ആയി നിൽക്കുന്ന ചേട്ടൻ ഉപദേശിച്ചു.

തണുത്തുറഞ്ഞ വെള്ളത്തിലേക്ക് മുങ്ങുമ്പോഴൊക്കെയും അമ്മയുടെ ചിരി മനസ്സിൽ കൂടുതൽ തെളിഞ്ഞു കാണുകയായിരുന്നു.

  ഒറ്റത്തിരിയിട്ട വിളക്കിനു പിന്നിലെ നിറഞ്ഞ ചിരിയുമായി  ആ മുഖം ഇന്ദീവരത്തിന്റെ ചുമരിലെ നിറമുള്ള ചിത്രമായിട്ട് ഇന്നേക്ക്  അഞ്ച് വർഷം. ഉൾക്കൊള്ളാൻ ആവാത്ത സത്യമായി ഒരു വർഷത്തോളം താൻ ആ നോവ്‌ കൊണ്ട് നടന്നു. അപ്പോഴൊക്കെ അമ്മയെ പോലെ ചേർത്ത് പിടിച്ചത് വല്യേച്ചി ആയിരുന്നു. മാളുവേച്ചി അമ്മയുടെ ജോലിയിൽ കയറിയപ്പോൾ, പലപ്പോഴും അവൾ വൈകീട്ട് പടി കടന്നു വരുമ്പോൾ അമ്മ നടന്നു വരുമ്പോലെ തോന്നിയിരുന്നു. അനു അപ്പോൾ ഡിഗ്രി യും താൻ പ്ലസ് ടുവിലും ആയിരുന്നു. മക്കൾക്ക് വേണ്ടി പ്രവാസജീവിതം മതിയാക്കി അച്ഛനും ഇന്ദീവരത്തിന്റെ തണലിലേക്ക് കൂടണഞ്ഞു. പിന്നീടുള്ള ഓരോ ഇരവുപകലുകൾ അമ്മയുടെ ഓർമ്മകൾ കൂടുതൽ ദീപത്മാവുകയായിരുന്നു. അമ്മയുടെ കണ്ണും കാതും കൈകളും ചുവടുകളും തങ്ങളുടെയും ആ വീടിന്റെയും  ഏതൊക്കെ കോണിൽ പതിഞ്ഞിട്ടുണ്ട് എന്നു അറിഞ്ഞു തുടങ്ങിയത് അമ്മയില്ലായ്‌മ്മയിൽ തന്നെയായിരുന്നു. ഇന്ദീവരം വീണ്ടും ഒച്ചയനക്കമുണ്ടായി തുടങ്ങിയത് ചേച്ചിയുടെ കല്യാണത്തോടെ ആയിരുന്നു.

ചേച്ചി പോയാലും അച്ഛന് ബലമായി നീ ഉണ്ടാവണം എന്ന അമ്മയുടെ ഉപദേശമായിരുന്നു അവൾക്കും നല്കാനുണ്ടായത്. നല്ല വാക്കും,നല്ല പ്രവൃത്തിയും, നല്ല ചിന്തകളും കൈവിടരുതെന്ന അമ്മയുടെ വാക്ക് ഹൃദയത്തിൽ കൊത്തിവെച്ചിരുന്നു, മായാതെ.

"ഇന്ദിര, മകം നക്ഷത്രം" ചെവിയോരത്ത് തന്ത്രിയുടെ ശബ്ദം. ഈറനോടെ ഒരു കാൽമുട്ട് മടക്കി വിരലിൽ ദർഭ പുല്ലു കൊണ്ട് പവിത്രമോതിരം ചുറ്റി തന്ത്രിയുടെ മുന്നിൽ ഇരിക്കുമ്പോൾ, നെഞ്ചിൽ ചേർത്ത് വെച്ച കൈകളോടെ, നിറഞ്ഞൊഴുകുന്ന മിഴികളുമായി അച്ഛൻ അടുത്തു നിൽക്കുന്നുണ്ടായിരുന്നു

എല്ലാം കഴിഞ്ഞു തിരിച്ചു വരുമ്പോൾ മഴ തുടങ്ങിയിരുന്നു. കുട അച്ഛന് ചൂടാൻ കൊടുത്തു മഴയിലേക്ക് ഇറങ്ങി നടക്കുമ്പോൾ അച്ഛൻ കാണാതിരിക്കാൻ അത്രയും നേരം അടക്കി വെച്ച കണ്ണുനീർ ആ മഴയ്ക്കൊപ്പം പെയ്തിറങ്ങുന്നുണ്ടായിരുന്നു.

അമ്മയെന്ന ലോകം, ഒറ്റത്തിരിയിട്ട കൽവിളക്കാണ്. അണയുമ്പോൾ മാത്രം , തന്നു പോയ വെളിച്ചത്തെ കുറിച്ചു ചുറ്റുമുള്ളവർ മനസ്സിലാക്കുമ്പോൾ ഓർമ്മകളിൽ വീണ്ടും ആ ദീപം ജ്വലിക്കാൻ തുടങ്ങും. ഒരിക്കലും എണ്ണ വറ്റാത്ത വിളക്ക് പോലെ.....



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക