Image

സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

Published on 14 September, 2021
സിനിമ താരവും, ഡബ്ബിങ് ആർട്ടിസ്റ്റുമായ റിസബാവയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

ദമ്മാം: നാടകം, സിനിമ, ടെലിവിഷൻ എന്നിവയിൽ അഭിനേതാവായും, സിനിമയിൽ ഡബ്ബിങ് ആർട്ടിസ്റ്റുമായും തിളങ്ങിയ മലയാള നടൻ റിസബാവയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി കലാവേദി അനുശോചനം അറിയിച്ചു.

 നാടകവേദികളിലൂടെ തന്റെ പ്രതിഭ തെളിയിച്ച ശേഷമാണ്, സിനിമയിൽ എത്തി നൂറിലേറെ ചിത്രങ്ങളിൽ വില്ലനായും, സ്വഭാവ നടനായും റിസബാവ തിളങ്ങിയത്. ഡോക്ടർ പശുപതി എന്ന സിനിമയിലൂടെ നായകനായി മലയാള സിനിമ പ്രേക്ഷകരുടെ മുന്നിൽ ആദ്യമായി എത്തിയ അദ്ദേഹം, സിദ്ദിഖ്-ലാൽ  കൂട്ടുകെട്ടിൽ പിറന്ന ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലൻ കഥാപാത്രത്തിലൂടെയാണ് ജനപ്രീതി നേടിയത്. മലയാള സിനിമാസ്വാദകരുടെ മനസിൽ ഭയത്തിന്റെ പുതിയ തലങ്ങൾ സൃഷ്ടിച്ച ജോൺ ഹോനായിക്ക് ശേഷം, ഒട്ടേറെ വില്ലൻ കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള കച്ചവട സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. നായകൻ, വില്ലൻ, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം വെള്ളിത്തിരയിൽ തന്റെ കൈയൊപ്പ് പതിപ്പിച്ചു.

"കർമയോഗി" എന്ന സിനിമയിലൂടെ മികച്ച ഡബ്ബിങ്ങിനുള്ള സംസ്ഥാനപുരസ്കാരവും റിസബാവ നേടിയിട്ടുണ്ട്.
 ശ്രീരാഗം, ബന്ധുക്കൾ ശത്രുക്കൾ, ആനവാൽ മോതിരം, കാബൂളിവാല, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, അനിയൻ ബാവ ചേട്ടൻ ബാവ, ഊമപെണ്ണിന് ഉരിയാടാ പയ്യൻ, പോക്കിരി രാജ, സിംഹാസനം തുടങ്ങി നിരവധി സിനിമകളിലും, ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം വേഷമിട്ടു.

അദ്ദേഹത്തിന്റെ നിര്യാണത്തിൽ നവയുഗം കലാവേദി കേന്ദ്രകമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി.










 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക