Image

കേരളത്തില്‍ മതേതരത്വം വളര്‍ത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല(വെള്ളാശേരി ജോസഫ്)

വെള്ളാശേരി ജോസഫ് Published on 14 September, 2021
കേരളത്തില്‍ മതേതരത്വം വളര്‍ത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ല(വെള്ളാശേരി ജോസഫ്)
കല്ലറങ്ങാട്ട് ബിഷപ്പിന്റ്റെ പ്രസംഗവും അതിനെ തുടര്‍ന്നുള്ള പ്രതികരണങ്ങളും ആണല്ലോ കഴിഞ്ഞ കുറെ ദിവസങ്ങളായി മലയാളികള്‍ക്കിടയിലുള്ള ചൂടുള്ള ചര്‍ച്ചാ വിഷയം. ആദ്യമേ പറയട്ടെ, ഉത്തരവാദിത്ത്വമുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തികള്‍ കുറച്ചുകൂടി പക്വതയോടെ സംസാരിക്കണമായിരുന്നു. പക്ഷെ കല്ലറങ്ങാട്ട് ബിഷപ്പിനെ വളഞ്ഞിട്ടാക്രമിക്കുന്ന കേരളത്തിലെ മതേതരവാദികളുടെ പ്രകടനം അത്യന്തം അരോചകമാണ്; തീര്‍ത്തും പരിഹാസ്യവുമാണ്. ഇസ്ലാമിസ്റ്റുകളുടെ ഇക്കാര്യത്തിലുള്ള പ്രകടനം പ്രതികരണം പോലും അര്‍ഹിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.

'കേരളത്തിലെ മത സൗഹാര്‍ദം തകര്‍ന്നേ' എന്നാണ് ചില മതേതരവാദികളുടെ ഇപ്പോഴത്തെ നിലവിളി. ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു വന്ന ആളിന്റ്റെ  കയ്യും കാലും വെട്ടി വിപരീത ദിശയില്‍ എറിഞ്ഞപ്പോള്‍ മത സൗഹാര്‍ദത്തെ കുറിച്ച് ഇവര്‍ക്കൊക്കെ ഓര്‍മ ഉണ്ടായിരുന്നില്ല. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ ഇസ്ലാമിസ്റ്റുകള്‍ മറിച്ചിട്ടപ്പോഴും അത് മത സൗഹാര്‍ദത്തെ ബാധിക്കുമെന്ന് ആരും ഓര്‍ത്തില്ല. ഒരു പ്രോകോപനവുമില്ലാതെയാണ് തോടുപുഴ ന്യൂമാന്‍സ് കോളേജിന് അടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിലെ നാല്‍ക്കവലയില്‍ ക്ഷേത്രക്കാര്‍ നട്ടുവളര്‍ത്തിയിരുന്ന ആലിനു ചേര്‍ന്നു സ്ഥാപിച്ചിരുന്ന ഗരുഡപ്രതിമ മറിച്ചിട്ടത്. അതൊക്കെ ചെയ്തവരെ മലയാളികള്‍ക്ക് നല്ലതുപോലെ അറിയാം. ഇപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. കാരണം ചിലര്‍ക്ക് മതേതരത്വമെന്നാല്‍ ഒരു പ്രത്യേക മതത്തിലെ തീവ്രവാദികളെ പ്രീണിപ്പിക്കല്‍ മാത്രമാണ്.

അല്‍-ഖൊയ്ദ പോലെയോ, ഇസ്ലാമിക് സ്റ്റെയ്റ്റ് പോലെയോ, ബൊക്കൊ ഹറാമിനെ പോലെയോ, താലിബാനെ പോലെയോ ഒരു ഭീകര സംഘടനയും ക്രിസ്ത്യാനികള്‍ക്ക് വേണ്ടി ലോകത്തെവിടേയും പ്രവര്‍ത്തിക്കുന്നില്ല. അല്‍-ഖൊയ്ദയും, ബൊക്കൊ ഹറാമും, ഇസ്ലാമിക് സ്റ്റെയ്റ്റും, താലിബാനും മാത്രമല്ലാ; വേറെ നൂറു-നൂറ്റമ്പതു ഭീകര സംഘടനകള്‍ സജീവമായി ഇസ്ലാമിന്റ്റെ പേരില്‍ ഇന്നീ ലോകത്തുണ്ട്. അതില്‍ ചിലതിലൊക്കെ അംഗത്ത്വമെടുത്ത് മലയാളികളില്‍ ചിലര്‍ ലോകത്തിന്റ്റെ വിവിധ ഭാഗങ്ങളില്‍ പൊട്ടിച്ചിതറിയിട്ടുണ്ട്; അതല്ലെങ്കില്‍ കൊല്ലപ്പെട്ടിട്ടും ഉണ്ട്. അതൊന്നും കാണാതെ ക്രിസ്ത്യാനികളെ വര്‍ഗീയവാദികളാക്കാനുള്ള നമ്മുടെ ലെഫ്റ്റ്-ലിബറല്‍ ടീമുകളുടെ നിലപാട് അങ്ങേയറ്റം പരിഹാസ്യമാണെന്നു മാത്രമേ പറയാനാവൂ.

ക്രിസ്ത്യന്‍ സഭയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന പലരും ഇവിടുത്തെ ഇസ്ലാമിക തീവ്രവാദത്തോട് പ്രതികരിക്കുന്നില്ലെന്നുള്ളത് ശ്രദ്ധേയമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയില്‍ പോയി ചാവേറായി പൊട്ടിത്തെറിച്ച് ഇരുപത് പേരെ കൊന്നത്. സിക്ക് ഗുരുദ്വാരകള്‍ സാഹോദര്യത്തിന്റ്റേയും സഹവര്‍ത്തിത്ത്വന്റ്റേയും കേന്ദ്രങ്ങളാണ്. 'ഇന്റ്റര്‍ ഡൈനിങ്' അതല്ലെങ്കില്‍ പന്തിഭോജനം ജാതിചിന്ത രൂക്ഷമായ കാലഘട്ടങ്ങളില്‍ പോലും സിക്ക് ഗുരുക്കന്മാര്‍ നടപ്പിലാക്കി. ഏതൊരു സിക്ക് ഗുരുദ്വാരയിലും ചെന്ന് വിശക്കുന്ന ഒരാളിന് ഭക്ഷണം കഴിക്കാം എന്നതാണ് സിക്ക് ഗുരുദ്വാരകളുടെ ഒരു പ്രത്യേകത. 8-10 വര്‍ഷം മുമ്പ് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചതും അവിടുത്തെ 'ലങ്ഗറില്‍'  പോയി ഭക്ഷണം കഴിച്ചതും ഇപ്പോഴും ഓര്‍മ്മിക്കുന്നു. 'ലങ്ഗറില്‍' ഭക്ഷണം കഴിക്കുന്നതിന് എന്തെങ്കിലും കൂപ്പണ്‍ എടുക്കണമോ എന്ന് അന്നൊരു സിക്കുകാരനോട് ചോദിച്ചപ്പോള്‍ അയാള്‍ നെഞ്ച് വിരിച്ചുകൊണ്ട്  പറഞ്ഞു: കൂപ്പണൊന്നും വേണ്ടാ; ഭക്ഷണം 'അബ്‌സൊല്യുട്ടിലീ ഫ്രീ' എന്ന്. അങ്ങനെയുള്ള ഒരു സിക്ക് ഗുരുദ്വാരയില്‍ ചെന്നാണ് മലയാളി ബോംബ് പൊട്ടിച്ചത്!

അതു കഴിഞ്ഞും കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ അഫ്ഗാനിസ്ഥാനിലെ ഒരു ജയില്‍ ഭേദനത്തിന്റ്റെ ഭാഗമായി അവിടെ ചെന്നു പൊട്ടിത്തെറിച്ചു. സോഷ്യല്‍ മീഡിയയില്‍ അതൊക്കെ വാര്‍ത്തയായോ? കേരളത്തിലെ ചാനലുകള്‍ അതൊക്കെ ചര്‍ച്ച ചെയ്‌തോ? പല ദേശീയ പത്രങ്ങളിലും ആ സംഭവങ്ങളൊക്കെ നല്ല പ്രാധാന്യത്തോടെ വന്നതാണ്. പക്ഷെ മലയാള മാധ്യമങ്ങളും, സോഷ്യല്‍ മീഡിയയും ആ വാര്‍ത്തകള്‍ അന്ന് തിരസ്‌കരിച്ചു. ഇസ്ലാമിക തീവ്രവാദത്തെ സംരക്ഷിക്കുന്നതില്‍ പലര്‍ക്കുമുള്ള നിഷിപ്ത താല്‍പര്യമാണ് അതൊക്കെ കാണിക്കുന്നത്. മലയാള മാധ്യമങ്ങളുടേയും, സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടേയും നിഷിപ്ത താല്‍പര്യം ഇക്കാര്യത്തില്‍ ശരിക്കും തെളിഞ്ഞു കാണാം. ഒളിഞ്ഞും തെളിഞ്ഞുമല്ലാതെ നഗ്‌നമായി തീവ്രവാദത്തെ പിന്തുണയ്ക്കുന്ന പലരും കേരളത്തില്‍ ഉണ്ട്. 2001-ല്‍ വേള്‍ഡ് ട്രേഡ് സെന്റ്റര്‍-നെതിരെ ആക്രമണം ഉണ്ടായപ്പോള്‍ മധുരം വിതരണം ചെയ്ത ഒരേ ഒരു സ്ഥലമാണ് കേരളം. അന്ന് ഒസാമ ബിന്‍ ലാഡന് വേണ്ടി കേരളത്തില്‍ സിന്ദാബാദ് മുഴങ്ങി. മീഡിയാ വണ്‍ എഡിറ്റര്‍ കെ. പി. അബ്ദു റഹ്മാന്‍ ബിന്‍ ലാഡനെ കുറിച്ച് 'കനല്‍ പഥങ്ങളിലെ സിംഹം' എന്ന് ടൈറ്റിലിട്ട് എഴുതി. എന്തിന് ലാഡനെ കൊന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് ജി സുധാകരന്‍ ഒബാമക്കെതിരെ കവിത വരെ എഴുതി. 'ലാദന്‍! ബിന്‍ലാദന്‍! ഭീരുവാണീയൊബായെന്നോര്‍ക്കുക - എന്നുപറഞ്ഞുകൊണ്ട് ലാദനുവേണ്ടി ഒരു ചരമഗീതം എഴുതിയ ആളാണ് മുന്‍ മന്ത്രി ജി. സുധാകരന്‍. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നതില്‍ ലോകത്ത് ഹര്‍ത്താല്‍ നടത്തിയ ഏക ഇടം കേരളം ആണ്. ഇതൊക്കെ നമ്മുടെ മതേതര വാദികള്‍ ഇപ്പോഴെങ്കിലും ഓര്‍മിക്കുമോ?

ഞായറാഴ്ച കുര്‍ബാന കഴിഞ്ഞിറങ്ങിയ ജോസഫിനെയാണ് പള്ളിയുടെ കവാടത്തിലിട്ടു ഇസ്ലാമിക തീവ്രവാദികള്‍ ദേഹം മുഴുവന്‍ വെട്ടിയത്! ഒരു മുസ്ലീം പള്ളിയില്‍ വെള്ളിയാഴ്ച നമാസ് കഴിഞ്ഞിറങ്ങുന്ന ഒരു ഇസ്ലാമിക വിശ്വാസിയോട് ആരെങ്കിലും അങ്ങനെ ചെയ്താല്‍ എന്തായിരിക്കും ഇസ്ലാം മത വിശ്വാസികളുടെ പ്രതികരണം? കേരളത്തില്‍ അങ്ങനെ വെല്ലതും സംഭവിച്ചാല്‍ സംസ്ഥാനം മുഴുവന്‍ കത്തത്തില്ലേ?

പ്രൊഫസറുടെ ക്വസ്റ്റ്യന്‍ പേപ്പര്‍ വിവാദത്തെ തുടര്‍ന്നു് തൊടുപുഴയില്‍ ഇസ്ലാമിക തീവ്രവാദികള്‍ ഒരു പ്രതിഷേധ പ്രകടനം നടത്തി. തൊടുപുഴക്കപ്പുറത്തുള്ള മറ്റു ജില്ലകളില്‍ നിന്നും വന്ന മുസ്ലീമുകള്‍ ആയിരുന്നു ആ പ്രകടനത്തില്‍ പ്രധാനമായും പങ്കെടുത്തിരുന്നത് എന്ന് മനസിലാക്കിയാല്‍ കേരളത്തിലെ ഇസ്ലാമിക തീവ്രവാദത്തിന്റ്റെ വളര്‍ച്ചയും മനസിലാക്കാം. അന്ന് ഇസ്ലാമിക തീവ്രവാദികളുടെ പ്രകടനം ന്യൂമാന്‍ കോളജ് കവാടത്തില്‍ നിന്നും ഒരു മുന്നറിയിപ്പുമില്ലാതെ ടൗണിലെത്തി. പിന്നീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ബൈപ്പാസിലൂടെ പോവുമ്പോള്‍ ക്ഷേത്രത്തിനു മുന്നിലെ നാല്‍ക്കവലയില്‍ ക്ഷേത്രക്കാര്‍ നട്ടുവളര്‍ത്തുന്ന ആലിനു ചേര്‍ന്നു സ്ഥാപിച്ചിരുന്ന ഗരുഡപ്രതിമ ഇസ്ലാമിക തീവ്രവാദികള്‍ മറിച്ചിട്ടു. ഇതൊക്കെ കേരളത്തില്‍ തന്നെ സംഭവിച്ചതാണ്.

കൈവെട്ട് സംഭവത്തിലേക്ക് നയിച്ച ചോദ്യപേപ്പര്‍ ചോര്‍ന്നതിനു ശേഷം തൊടുപുഴ ഏരിയയിലും പുറത്തും ഉള്ള തീവ്രവാദികളെ ചില ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ സംഘടിപ്പിച്ചു. തൊടുപുഴയില്‍ മൊത്തം അതിന്റ്റെ പേരില്‍ ഒരു കലാപത്തിന്റ്റെ ഭീകരാവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചിരുന്നു. കടകളൊക്കെ അടപ്പിച്ചു. കോളേജ് ആക്രമിക്കാന്‍ ഉള്ള സാധ്യതയും ഉണ്ടായിരുന്നു. തൊടുപുഴയില്‍ സംഭവങ്ങള്‍ നേരിട്ട് കണ്ട പലരും ഇത് പറഞ്ഞിട്ടുണ്ട്. സഭ ജോസഫ് സാറിനെ തള്ളിപറഞ്ഞുകൊണ്ട് സഭയുടെ സ്ഥാപനം ഇസ്ലാമിക തീവ്രവാദികളില്‍ നിന്ന് സംരക്ഷിക്കാന്‍ അപ്പോള്‍ ശ്രമിച്ചു. തീര്‍ച്ചയായും അത് ധാര്‍മികമായി വലിയ തെറ്റ് തന്നെ ആയിരുന്നു. നീതിമാനായ ഒരു മനുഷ്യനെ ഒരിക്കലും ബലി കൊടുക്കാന്‍ പാടില്ലായിരുന്നു. ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കാന്‍ നടക്കുന്നവരെയോ, ഹിന്ദു രാഷ്ട്രം സ്ഥാപിക്കാന്‍ നടക്കുന്നവരെയോ തൃപ്തിപ്പെടുത്താന്‍ ആര്‍ക്കും ആവില്ലെന്നുള്ള കാര്യം കത്തോലിക്കാ സഭ അന്ന് തിരിച്ചറിയണമായിരുന്നു.

പക്ഷെ ഇസ്ലാമിക തീവ്രവാദികള്‍ ഉയര്‍ത്തിയ ഭീഷണിയും, അവര്‍ സൃഷ്ടിച്ച ഭീകരാന്തരീക്ഷവും മറന്നുകൊണ്ട് സഭയെ മാത്രം ആ കാര്യത്തില്‍ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു കാര്യവുമില്ല. മൂവായിരത്തിലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനം ആക്രമിക്കപ്പെട്ടാല്‍ കോളേജ് മാനേജ്‌മെന്റ്റ് രക്ഷിതാക്കളോട് എന്തു സമാധാനം പറയും? സഭയേയും മാനേജ്‌മെന്റ്റിനേയും കൈവെട്ട് സംഭവത്തിന്റ്റെ പേരില്‍ ഇന്നും കുറ്റം പറയുന്നവര്‍ അന്ന് സംഭവിച്ച ഭീകരാന്തരീക്ഷം മറന്നുപോകുന്നു. കോളേജ് പ്രിന്‍സിപ്പലിന്റ്റെ മുറി അന്ന് ഇസ്ലാമിക തീവ്രവാദികള്‍ കയ്യേറിയിരുന്നു. ജോസഫ് സാര്‍ അന്ന് ഒളിവില്‍ പോയതുകൊണ്ട് അന്നത്തെ ഭീകാരാന്തരീക്ഷത്തെ കുറിച്ച് അദ്ദേഹത്തിന് നേരിട്ടറിവില്ല. അതുകൊണ്ടാണെന്നു തോന്നുന്നു, ആ സംഭവങ്ങളൊന്നും ആത്മകഥയായ 'അറ്റുപോകാത്ത ഓര്‍മ്മകളില്‍' വരാതിരുന്നത്.

മനുഷ്യന്റ്റെ കയ്യും കാലും വെട്ടി വിപരീത ദിശയില്‍ എറിയുന്ന ഭീകരതയെ ചെറുക്കണമെങ്കില്‍ ഇത്തരത്തിലുള്ള സംഭവം ആസൂത്രണം ചെയ്തവരേയും, അതിന് ആളുകളെ സംഘടിപ്പിച്ചവരേയും തിരിച്ചറിയണം. ഇവിടെയാണ് നമ്മുടെ ഭരണകൂടത്തിന് ഭീമമായ പിഴവ് സംഭവിച്ചത്. ആ ഭീകരതയുടെ യഥാര്‍ത്ഥ പ്രതികള്‍ ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഇന്നും പോലീസിനും, സര്‍ക്കാരിനും, പൊതുജനങ്ങള്‍ക്കും അറിയില്ല. കാരണം കൈവെട്ട് സംഭവത്തിലെ യഥാര്‍ത്ഥ പ്രതികളെ ഇന്നും പിടിച്ചിട്ടില്ല. കൈവെട്ടാനും കാലു വെട്ടാനും നേരിട്ട് പങ്കെടുത്തവരെ മാത്രമാണ് പിടിച്ചത്. അതിന് ഗൂഡാലോചന നടത്തിയവരും, ഫണ്ട് ചെയ്തവരും ഇപ്പോഴും സസുഖം ഒളിവിലാണ്. കാരണം അത്രക്ക് ശക്തവും സംഘടിതവുമാണ് കേരളത്തിലെ ഇസ്ലാമിക തീവ്രവാദം. അതിനു ശേഷം കേരളത്തില്‍ നിന്ന് ഒരാള്‍ അഫ്ഗാനിസ്ഥാനിലെ ഒരു ഗുരുദ്വാരയില്‍ പോയി ചാവേറായി പൊട്ടിത്തെറിച്ചായിരുന്നല്ലോ. കേരളത്തില്‍ ജനിച്ചു വളര്‍ന്നിട്ട് 5000 കിലോമീറ്റര്‍ അപ്പുറത്തുള്ള കാബൂളിലെ ഗുരുദ്വാരയില്‍ പോയി ഇവനൊക്കെ എന്തിന് 20 പേരെ കൊല്ലണം എന്ന് സുബൊധത്തിന്റ്റെ ഒരു കണികയെങ്കിലുമുണ്ടെങ്കില്‍ ആര്‍ക്കും ചോദിക്കാം. പക്ഷെ ചോദിച്ചിട്ട് കാര്യമില്ല. അതിന് മുമ്പ് മലയാളികള്‍ കാശ്മീരില്‍ പോയി കൊല്ലപ്പെട്ടായിരുന്നല്ലോ. സിറിയയിലും യെമനിലും ആട് മേക്കാന്‍ പോയി. അവിടെയൊക്കെ പോയി കൊല്ലപ്പെടുകയും ചെയ്തു. കൈവെട്ട് സംഭവത്തെ കുറിച്ച് അന്നത്തെ DGP ജേക്കബ് പുന്നൂസ് പറഞ്ഞത് കേരളത്തില്‍ നടന്ന ഏറ്റവും സംഘടിതമായ കുറ്റകൃത്യം എന്നായിരുന്നു. സമീപകാല കേരളത്തില്‍ നടന്ന ഏറ്റവും സംഘടിതമായ കുറ്റകൃത്യം ആസൂത്രണം ചെയ്തവരെ നിഷ്‌കളങ്കരും ലോല ഹൃദയരും ആക്കാന്‍ ഇന്നും ഇവിടെ ഇഷ്ടം പോലെ ആളുകളുണ്ട്; സോഷ്യല്‍ മീഡിയയില്‍ കണ്ടമാനം പേരുണ്ട്.

അവരാണിപ്പോള്‍ പാലാ ബിഷപ്പിനെതിരെ അരയും തലയും മുറുക്കി രംഗത്തു വന്നിരിക്കുന്നത്. പാലാ ബിഷപ്പ് ഇസ്ലാമിക തീവ്രവാദികളെ കുറിച്ചാണ് പറഞ്ഞത്; തീവ്രവാദം ജീവിതശൈലി ആക്കാത്ത സാധാരണ മുസ്ലീമുകളെ കുറിച്ചല്ല. ഉടനടി ഇസ്ലാമിസ്റ്റുകളും, ഇടതുപക്ഷവും, ലിബറലുകളും പാലാ ബിഷപ്പിനെതിരെ തിരിഞ്ഞത് ഇവര്‍ തമ്മിലുള്ള അവിശുദ്ധ ബന്ധം വ്യക്തമാക്കുന്നു. കേരളത്തില്‍ അല്ലെങ്കിലും ഇസ്ലാമിക തീവ്രവാദികളുടെ എല്ലാ പ്രവര്‍ത്തനങ്ങളും വെള്ളപൂശാന്‍ ഇടതുപക്ഷവും, ലിബറലുകളും മുന്‍പന്തിയില്‍ തന്നെ ഉണ്ടല്ലോ.

കല്ലറങ്ങാട്ട് ബിഷപ്പിന്റ്റെ പ്രസംഗത്തിന്റ്റേ പേരില്‍ ക്രിസ്ത്യന്‍ സഭയെ അതിരൂക്ഷമായി വിമര്‍ശിക്കുന്ന പലരും ഇവിടുത്തെ ഇസ്ലാമിക തീവ്രവാദത്തെ മിക്കപ്പോഴും വെള്ളപൂശാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളതെന്നുള്ള  കാര്യം ഓര്‍മിക്കണം. വസ്തുതകള്‍ പറയുമ്പോള്‍ അത് മുസ്ലീം വിരുദ്ധത ആണെന്ന് പറയുന്നതില്‍ കാര്യമില്ല. സാധാരണക്കാരായ മുസ്ലീങ്ങളല്ല; ഫ്യുഡല്‍-വരേണ്യ വര്‍ഗത്തിലുള്ളവരാണ് ഇസ്ലാമിക തീവ്രവാദത്തിന്റ്റെ വക്താക്കളെന്നുള്ളത് കേരളത്തിലെ വര്‍ഗ വിശകലനം നടത്തുന്ന ഇടതുപക്ഷക്കാര്‍ പോലും കാണുന്നില്ലെന്നുള്ളതാണ് ഏറ്റവും പരിഹാസ്യമായ കാര്യം.

അല്‍ ഖൊയ്ദയിലും, ഇസ്ലാമിക് സ്‌റ്റൈയ്റ്റിലും, ഇപ്പോള്‍ താലിബാനിലും ഉള്ള ഇസ്ലാമിക തീവ്രവാദികള്‍ ഭക്തിയും ആത്മീയതയും ലക്ഷ്യമാക്കി ആ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരല്ല. ഒരു മിനിമം സുബോധമുള്ളവര്‍ക്ക് ഇത്തരം ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ലല്ലോ. അപ്പോള്‍ അവരുടെ പ്രവര്‍ത്തനത്തിന് 'മോട്ടിവേഷണല്‍ ഫാക്റ്റര്‍' അതല്ലെങ്കില്‍ പ്രേരകശക്തി എന്താണ്? ലൈംഗികതയും, മയക്കുമരുന്നും ഒക്കെ അല്ലേ ഇത്തരം ഇസ്ലാമിക തീവ്രവാദികളുടെ 'മോട്ടിവേഷണല്‍ ഫാക്റ്റര്‍' അതല്ലെങ്കില്‍ പ്രേരകശക്തി? തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുവാന്‍ പലര്‍ക്കും 'ഡ്രഗ്‌സ്' കൊടുക്കാറുണ്ടെന്നുള്ളത് അറിവുള്ളതാണ്. കേരളത്തില്‍ നിന്നാകട്ടെ, അനേകം പേര്‍ ഇസ്ലാമിക തീവ്രവാദ സംഘടനകളില്‍ ചേര്‍ന്നിട്ടുമുണ്ട്. അപ്പോള്‍ അതൊക്കെ അന്വേഷിക്കുന്നതില്‍ എന്താണ് തെറ്റ് പറയാനുള്ളത്?

കേരളീയ സമൂഹത്തില്‍ സഹിഷ്ണുതയേയും  മതേതരത്ത്വത്തേയും കുറിച്ച് ക്രിസ്ത്യാനികള്‍ മാത്രം ചിന്തിച്ചാല്‍ മതിയോ? ക്രിസ്ത്യാനികള്‍ ക്രിസ്തു പഠിപ്പിച്ച ക്ഷമയെ കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നല്ലതു തന്നെയാണ്. പക്ഷെ കൈവെട്ട് കേസിലെ ഒരു പ്രതി ആ സംഭവത്തിനു ശേഷം നടന്ന ബ്ലോക്ക് പഞ്ചായത്ത് ഇലക്ഷനില്‍ മുസ്ലിം ഭൂരിപക്ഷ ബ്ലോക്കില്‍ മത്സരിച്ച് മൂന്ന് മുന്നണികളേയും അതിദയനീയമായി തോല്‍പ്പിച്ച് മൃഗീയ ഭൂരിപക്ഷത്തില്‍ ജയിച്ചത് എങ്ങിനെയാണെന്നുള്ളത് ഇസ്ലാമിക വിശ്വാസികള്‍ കേരളത്തിലെ ജനങ്ങളോടൊന്ന് വിശദീകരിക്കേണ്ടതുണ്ട്. ഇസ്ലാമിക വിശ്വാസികള്‍ക്കിടയില്‍ നിന്ന് തീവ്രവാദികള്‍ക്ക് ലഭിക്കുന്ന പിന്തുണ ആരും കാണാതെ പോകരുത്.
 
'ഞങ്ങളുടെ റസൂലിനെ പറഞ്ഞാല്‍ ഇങ്ങനെയൊക്കെയിരിക്കും' എന്നുപറഞ്ഞു ജോസഫ് സാറിന്റ്റെ ദൗര്‍ഭാഗ്യത്തെ ആഘോഷമാക്കുന്ന ഒരു കൂട്ടരുണ്ട് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും. സാറിന്റ്റെ ഭാര്യ മരിച്ചപ്പോള്‍ ഇവര്‍ ലഡു വിതരണം ചെയ്തു. കൈവെട്ട് കേസില്‍ കോടതി വിധി വന്നപ്പോള്‍ അശ്ലീലമായ ചിരി ചിരിച്ചു കോടതിയില്‍ നിന്ന് ഇറങ്ങി വന്നവരുമാണിവര്‍. ഇവര്‍ ആരാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൈവെട്ട് കേസിലെ കോടതി വിധി കേട്ട് തീവ്രവാദികളുടെ ഒരു ചിരിക്കുന്ന ഫോട്ടോ പത്രത്തില്‍ വന്നത് ഇന്നും ആര്‍ക്കും കാണാം. ഇന്ത്യന്‍ ന്യായവ്യവസ്ഥയേയും ഭരണഘടനയേയും പുച്ഛിക്കുന്ന പോലെയുള്ള ചിരിയായിരുന്നു അത്. തീര്‍ത്തും അശ്ലീലമായിരുന്നു ആ ചിരി. അന്ന് അങ്ങനെ ചിരിക്കാന്‍ അവര്‍ക്ക് എങ്ങനെ ധൈര്യം കിട്ടി? കൈ വെട്ടിയ തീവ്രവാദികള്‍ക്ക് പുറത്ത് വന്‍ സപ്പോര്‍ട് ഉണ്ട്. അതാണ് അത്തരത്തില്‍ അശ്ലീലമായി ചിരിക്കാന്‍ അവര്‍ക്ക് അന്ന് ധൈര്യം കിട്ടിയത്

മതം തലക്ക് പിടിച്ച ഇത്തരക്കാരോട് രമ്യപ്പെടാന്‍ പോയതാണ് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് സഭ ചെയ്ത ഏറ്റവും വലിയ അബന്ധം. ഒരാളുടെ കൈ വെട്ടി വിപരീത ദിശയില്‍ എറിഞ്ഞ മഹാപാപികളെപ്പറ്റി സംസാരിക്കുന്നതിനു പകരം ക്രൈസ്തവ പുരോഹിതന്മാരെ പറ്റി മാത്രം ചിലര്‍ ഇപ്പോള്‍ സംസാരിക്കുന്നത് മഹാ കഷ്ടമാണ്. ജോസഫ് സാറിനോടുള്ള സഹതാപത്തേക്കാള്‍ പള്ളിക്കാരെയും പുരോഹിതരേയും തെറി പറയാനുള്ള ഒരവസരമായിയാണ് ചിലര്‍ ജോസഫ് സാറിന്റ്റെ ആത്മകഥയെ ശരിക്കും വിനിയോഗിക്കുന്നത്. കൈ വെട്ടിയ മത ഭ്രാന്തരെ വിസ്മരിച്ച് പുരോഹിതരെ മൊത്തമായി അധിക്ഷേപിക്കുന്ന ചിലരുടെ അപഹാസ്യമായ നിലപാടിനോട് യോജിക്കാനാവില്ല. ഏതാനും പുരോഹിതരുടെ വീഴ്ച്ച ഒരു സഭയുടെ നിലപാടായി ചിത്രീകരിക്കരുത്. ഇനി ജോസഫ് സാറിനെ തള്ളിപറയുന്നതിന് പകരം ഇസ്ലാമിക തീവ്രവാദികളേയും, മദനിന്ദക്ക് കേസെടുത്ത സര്‍ക്കാറിനേയും രൂക്ഷമായി വിമര്‍ശിക്കുക ആയിരുന്നുവെങ്കില്‍ ഇവിടെ എന്താകുമായിരുന്നു നടക്കുക? 'മതനിന്ദ ഞങ്ങളുടെ മൗലികാവകാശമാണ്' എന്നു പറഞ്ഞതിന് ഫ്രഞ്ചു പ്രസിഡന്റ്റിനെതിരെ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും വരെ പടുകൂറ്റന്‍ പ്രകടനങ്ങള്‍ നടന്നു.
പാക്കിസ്ഥാനിലും ബംഗ്ലാദേശിലും പ്രശ്‌നങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ ചിലര്‍ ഫ്രാന്‍സിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഏറ്റുപിടിക്കുന്നത്? കേരളത്തിലിരുന്ന് താലിബാനെ 'വിസ്മയം' ആയി പുകഴ്ത്തുന്നത് ആരാണ്? മാധ്യമവും മീഡിയാ വണ്ണുമൊക്കെ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വന്നതോടെ ശരിക്കും 'എക്‌സ്‌പോസ്ഡ്' ആയി. സ്ത്രീ വിരുദ്ധവും മനുഷ്യവിരുദ്ധവും ആയ താലിബാനെ പുകഴ്ത്തുക വഴി ചിലരുടെ തീവ്ര മതബോധം തന്നെയാണ് പുറത്തുവന്നത്.

'താലിബാന്‍ അഫ്ഗാനിസ്ഥാന്  സ്വാതന്ത്ര്യം നേടിക്കൊടുത്തു' എന്ന് എഴുതിയ മാധ്യമം പത്രത്തിന്റ്റെ പ്രചാരം ആറര ലക്ഷത്തിന് അടുത്താണ്. അതെഴുതി കഴിഞ്ഞിട്ട് നാളിത്ര ആയിട്ടും മാധ്യമം അതേ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മാധ്യമം പത്രത്തിന്റ്റെ പ്രചാരം എത്ര ഇടിഞ്ഞു? വെല്‍ഫെയര്‍ പാര്‍ട്ടിയും പോപ്പുലര്‍ ഫ്രണ്ടും കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ പച്ച തൊടുന്നില്ലായിരിക്കും, പക്ഷെ അവര്‍ പ്രതിനിധാനം ചെയ്യുന്ന ജമായത്തിന്റ്റെ ഐഡിയോളോജിയെ അംഗീകരിക്കാനും ആദരിക്കാനും പിന്തുണക്കാനും കേരളത്തില്‍ ലക്ഷകണക്കിന് ആളുണ്ട് എന്നതാണ് മാധ്യമത്തിന്റ്റേയും മീഡിയാ വണ്ണിന്റ്റേയും ശക്തി. ഒസാമാ ബിന്‍ ലാഡനെ രക്തസാക്ഷി ആക്കി മുഖചിത്രം അച്ചടിച്ച 'തേജസിനെ' പോലുള്ള പ്രസിദ്ധീകരണങ്ങളുടെ കാര്യമാണെങ്കില്‍ പറയുക പോലും വേണ്ടാ.

കേരളത്തില്‍ ഇസ്ലാമിക വര്‍ഗീയത വളര്‍ന്നത് ഗള്‍ഫ് പണത്തിന്റ്റെ കുത്തൊഴുക്കിന് ശേഷം അബ്ദുള്‍ നാസര്‍ മദനിയുടെ പ്രസംഗങ്ങളിലൂടെയും എം. എം. അക്ബറിന്റ്റെ പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. മുജാഹിദ് ബാലുശ്ശേരി എന്ന ആളുടെ ഒരൊറ്റ പ്രസംഗം കേരള മുസ്ലിങ്ങള്‍ക്ക് ഉണ്ടാക്കിയ കോട്ടം ചില്ലറയല്ല. മുജാഹിദ് ബാലുശേരി. പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തെ ഇസ്ലാമിക രാഷ്ട്രം അക്കുമെന്നു പരസ്യമായി പറഞ്ഞു; ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നത് തെറ്റാണെന്നും പറഞ്ഞു. ഇതുപോലെ അന്യമതസ്ഥരെ കണ്ടാല്‍ ചിരിക്കരുത്; അവരോട് സംസാരിക്കരുത്; അവരോട് ഇടപെഴക്കരുത് എന്ന് പറഞ്ഞ ഒത്തിരി മത യാഥാസ്ഥിതികര്‍ ഉണ്ട്. എം. എം. അക്ബറിന് 'നിച് ഓഫ് ട്രൂത്' സംഘടന ഉണ്ട്. എം.എം. അക്ബറിന്റ്റെ തന്നെ പീസ് ഫൗണ്ടേഷന്‍ എന്ന പേരും പറഞ്ഞു നടത്തുന്ന സ്‌കൂളുകളില്‍ ഒരുപാട് കുട്ടികളെ ചേര്‍ക്കാന്‍ പറ്റുന്നുണ്ട്. ഇവര്‍ നല്‍കുന്ന ഓഫര്‍ മതവിദ്യഭ്യാസവും സ്‌കൂളും ഒരുമിച്ച് കൊണ്ടുപോകും എന്നതാണ്. സാധാരണ വിശ്വാസികള്‍ക് ഇത് വല്യ കാര്യമാണ്. മദ്രസ-സ്‌കൂള്‍ കോമ്പിനേഷന്‍ രണ്ടു സ്ഥലത് ആണ് മറ്റുള്ള ഇടങ്ങളില്‍. എം എം അക്ബറിന്റ്റെ പീസ് ഫൗണ്ടേഷനില്‍ ആണെങ്കില്‍ സമയ പ്രശ്‌നം ഇല്ലാതെ രണ്ടും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കും എന്നതാണ് ഇസ്ലാമിക വിശ്വാസികള്‍ക്ക് ആശ്വാസകരം. എം.എം. അക്ബറിന്റ്റെ സ്‌കൂളിലെ രണ്ടാം ക്ലാസ്സിലെ പാഠ പുസ്തകത്തില്‍ മറ്റു മതത്തിലെ കുട്ടികളെ എങ്ങിനെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം നടത്താം എന്ന് വന്നപ്പോള്‍ അതിനെതിരെ പ്രതികരിക്കുവാന്‍ മതേതര വാദികളെ കണ്ടില്ല. 'എളന്തളര്‍ മഠത്തിലേക്ക് വാമാക്ഷിയെ കൊടുത്തപ്പഴേ പിഴച്ചു; ഇനി പറഞ്ഞിട്ടെന്താ' എന്ന് വലിയ കണ്ണപ്പ ചേകവര്‍ 'ഒരു വടക്കന്‍ വീരഗാഥയില്‍' ചോദിക്കുന്നതുപോലെയാണ് കേരളത്തിലെ ഇപ്പോഴത്തെ കാര്യങ്ങള്‍. മതേതര വാദികള്‍ വേണ്ടപ്പോള്‍ വേണ്ട രീതിയില്‍ പ്രതികരിച്ചു കണ്ടിട്ടില്ലാ. അതുകൊണ്ട് അവര്‍ക്ക് ഇപ്പോള്‍ വലിയ രീതിയില്‍ പ്രതികരിക്കാനുള്ള ധാര്‍മിക അവകാശമില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം. മതേതരത്വം വളര്‍ത്തുക എന്നത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം ബാധ്യതയല്ലെന്നുള്ളത് എല്ലാവരും ഓര്‍മിക്കേണ്ടതുണ്ട്.

(ലേഖകന്റ്റെ ഈ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരമാണ്. അതിന് ലേഖകന്റ്റെ ജോലിയുമായി ഒരു ബന്ധവുമില്ലാ.)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക