Image

ടാങ്ക് നിറഞ്ഞാല്‍ കുറച്ച്‌ വെള്ളം പുറത്തുപോകും; ടാങ്കിന് അതുകൊണ്ട് കുഴപ്പമൊന്നുമില്ല: അനില്‍കുമാറിനെ പരിഹസിച്ച്‌ കെ. മുരളീധരന്‍

Published on 14 September, 2021
ടാങ്ക് നിറഞ്ഞാല്‍ കുറച്ച്‌ വെള്ളം പുറത്തുപോകും; ടാങ്കിന് അതുകൊണ്ട് കുഴപ്പമൊന്നുമില്ല: അനില്‍കുമാറിനെ പരിഹസിച്ച്‌ കെ. മുരളീധരന്‍
കോഴിക്കോട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ സി.പി.എമ്മില്‍ ചേര്‍ന്ന കെ.പി അനില്‍കുമാറിനെ പരിഹസിച്ച്‌ മുതിര്‍ന്ന നേതാവ് എം.പിയുമായ കെ. മുരളീധരന്‍. പുകഞ്ഞ കൊള്ളി പുറത്ത് എന്നായിരുന്നു കെ. മുരളീധരന്‍റെ ആദ്യപ്രതികരണം. ആ ചാപ്​റ്റര്‍ ക്ലോസ് ചെയ്തു. ഇനി അതിനെക്കുറിച്ച്‌ കൂടുതല്‍ പറയേണ്ട കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

 ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടിക വന്നപ്പോള്‍ പെട്ടിതൂക്കികളും കൂട്ടിക്കൊടുപ്പുകാരും എന്നാണ് അനില്‍ കുമാര്‍ പ്രതികരിച്ചത്. അങ്ങനെ പറയുന്ന ഒരാള്‍ക്കെതിരെ നടപടിയെടുക്കാതെ പിന്നെ കെട്ടിപ്പിടിച്ച്‌ ഉമ്മ നല്‍കാനാവുമോയെന്ന് മുരളീധരന്‍ ചോദിച്ചു.

മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ടാങ്ക് ഫുള്‍ ആയിക്കഴിഞ്ഞാല്‍ കുറച്ച്‌ വെള്ളം പുറത്തുപോകും. കുറച്ചുകൂടി വെള്ളം പുറത്തുപോയാലും ടാങ്കിന് ഒന്നും സംഭവിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയവര്‍ പറയുന്ന ഒന്നിനോടും മറുപടി പറയേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞു.

കോണ്‍സില്‍ നിന്ന് രാജിവെച്ച്‌ വളരെ നാടകീയമായാണ് കെ.പി. അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. രാജി പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലുടനീളം കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ രൂക്ഷമായ ഭാഷയിലാണ് അനില്‍കുമാര്‍ വിമര്‍ശിച്ചത്. പാര്‍ട്ടിക്കകത്ത് പുതിയ നേതൃത്വം വന്നതിനുശേഷം ആളുകളെ നോക്കി നടപടിയെടുക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുന്നു. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ താന്‍ തയാറല്ല എന്ന് പറഞ്ഞുകൊണ്ടാണ് കെ.പി അനില്‍കുമാര്‍ രാജി പ്രഖ്യാപിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക