Image

പുറത്താക്കാനിരിക്കേയാണ് രാജിയെന്ന് കെ.സുധാകരന്‍; കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍

Published on 14 September, 2021
പുറത്താക്കാനിരിക്കേയാണ് രാജിയെന്ന് കെ.സുധാകരന്‍; കെ.പി അനില്‍കുമാര്‍ സി.പി.എമ്മില്‍


തിരുവനന്തപുരം: കെ.പി അനില്‍കുമാറിനെ പുറത്താക്കിയിരുന്നുവെന്നും തീരുമാനം പരസ്യപ്പെടുത്താന്‍ ഇരിക്കേയാണ് അദ്ദേഹത്തിന്റെ രാജിപ്രഖ്യാപനമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റെ പേരിലാണ്  അച്ചടക്ക നടപടി സ്വീകരിച്ചത്. പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ഒരാള്‍ നടത്തിയതില്‍ അച്ചടക്ക ലംഘനമില്ലെന്ന് സമര്‍ത്ഥിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഇത്രയും ഗുരുതരമായ അച്ചടക്ക ലംഘനം ഒരു സാധാരണ പ്രവര്‍ത്തകന്റെ ഭാഗത്തുനിന്നാണെങ്കില്‍ അത് ക്ഷമിക്കാം. വളരെ ഉത്തരവാദിത്തവും കടപ്പാടും പാര്‍ട്ടിയോട് കാണിക്കാന്‍ കടപ്പെട്ട പ്രവര്‍ത്തകന്റെ ഭാഗത്തുനിന്ന് വന്നിരിക്കുന്നത്. അദ്ദേഹത്തെ പുറത്താക്കാനുള്ള തീരുമാനം വ്യക്തമാക്കാനിരിക്കേയാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

താനുമായി അനികുമാറിന് നല്ല ബന്ധമാണ്. പാര്‍ട്ടിയില്‍ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്നതുകൊണ്ടാണ് അച്ചടക്ക നടപടി. സംഘടനാ തിരഞ്ഞെടുപ്പ് നടക്കണമെന്ന് തന്നെയാണ് ഇപ്പോഴും തന്റെ ആവശ്യം. നേതൃത്വത്തെ കാണുമ്പോള്‍ എപ്പോഴും താന്‍ ഉന്നയിക്കുന്ന ആവശ്യമാണ്. പാര്‍ട്ടിനേതൃത്വം ഏല്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കുന്നതുകൊണ്ട് താന്‍ സംഘടനാ വിഷയത്തില്‍ ഇടപെട്ടിട്ടില്ല എന്നര്‍ത്ഥമില്ല.

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് സ്ഥാനം അനില്‍കുമാര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജില്ലയില്‍ നിന്ന് ആരും ആ നിര്‍ദേശം ഉന്നയിച്ചില്ല. അദ്ദേഹത്തെ എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. ആ തീരുമാനം അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും സുാധകരന്‍ പറഞ്ഞു. 

അതിനിടെ, കോണ്‍ഗ്രസ് വിട്ട അനില്‍കുമാര്‍ സി.പി.എമ്മില്‍ ചേരുമെന്നാണ് സൂചന. വൈകാതെ അനില്‍കുമാര്‍ എ.കെ.ജി സെന്ററില്‍ എത്തും. കോടിയേരി ബാലകൃഷ്ണന്‍ തന്നെ അദ്ദേഹത്തെ സ്വീകരിക്കും. ജനാധിപത്യ മതേതര പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അനില്‍കുമാര്‍ അറിയിച്ചു. നേരത്തെ പുറത്താക്കിയ പി.എസ് പ്രശാന്തിനെ സി.പി.എമ്മില്‍ സ്വീകരിച്ചിരുന്നു. 


കെ.പി അനില്‍കുമാറിനെ നിരുപാധികമായാണ് സി.പി.എമ്മിലേക്ക് സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.എം പി.ബി അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. വരുംനാളുകളില്‍ കൂടുതല്‍ ആളുകള്‍ വരും. വരുന്നവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും. കോണ്‍ഗ്രസിലെ സ്ഥിതി ഇപ്പോള്‍ തന്നെ വഷളായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

സി.പി.എമ്മിലും ഇടതുമുന്നണിയിലുമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ. കോണ്‍ഗ്രസ് ഒരു സെമി കേഡര്‍ പാര്‍ട്ടിയാക്കുമെന്ന് പറയുന്നു. എന്താണ് സെമി കേഡര്‍ എന്ന് തനിക്കു മനസ്സിലാകുന്നില്ലെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക