Image

സംസ്‌കൃതം മാത്രമല്ല, തമിഴും ദേവഭാഷ: മദ്രാസ് ഹൈക്കോടതി

Published on 13 September, 2021
സംസ്‌കൃതം മാത്രമല്ല, തമിഴും ദേവഭാഷ: മദ്രാസ് ഹൈക്കോടതി
ചെന്നൈ: സംസ്‌കൃതം മാത്രമല്ല, തമിഴും ദേവഭാഷയാണെന്നു മദ്രാസ് ഹൈക്കോടതി. ക്ഷേത്ര പ്രതിഷ്ഠകളില്‍ തമിഴ് മന്ത്രങ്ങള്‍ ഉച്ചരിക്കേണ്ടതാണെന്ന് ജസ്റ്റിസുമാരായ എന്‍ കിരുബകരന്‍, ബി പുകഴേന്തി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

''സംസ്‌കൃതം മാത്രമാണ് ദേവഭാഷ എന്നാണ് നമ്മുടെ നാട്ടിലെ ധാരണ. പല നാട്ടിലും പല വിശ്വാസങ്ങളാണ്. ഇതിന് അനുസരിച്ച്‌ ആരാധനാ കേന്ദ്രങ്ങളിലും മാറ്റം വരും. അവിടെയെല്ലാം പ്രാദേശിക ഭാഷയാണ് ആരാധനയ്ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ നമ്മുടെ നാട്ടില്‍ മാത്രം സംസ്‌കൃതം മാത്രമാണ് ദേവ ഭാഷ എന്നാണ് കരുതപ്പെടുന്നത്. മറ്റൊരു ഭാഷയും അതിനു തുല്യമല്ലെന്നും പറയുന്നു. സംസ്‌കൃതത്തില്‍ അല്ലെങ്കില്‍ ഭക്തരുടെ പ്രാര്‍ഥന ദൈവങ്ങള്‍ കേള്‍ക്കില്ലെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്.''- കരൂര്‍ ജില്ലയിലെ ക്ഷേത്രപ്രതിഷ്ഠയില്‍ തമിഴ് മന്ത്രങ്ങള്‍ ചൊല്ലാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞു.

തമിഴ് പുരാതന ഭാഷ മാത്രമല്ല, ദേവ ഭാഷ കൂടിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഭഗവാന്‍ ശിവന്‍ നൃത്തം ചെയ്യുന്നതിനിടെ തെറിച്ചുവീണ ഉടുക്കില്‍നിന്നാണ് തമിഴ് ഭാഷ ഉണ്ടായത് എന്നാണ് വിശ്വാസം. മറ്റൊരു വിശ്വാസം അനുസരിച്ച്‌ ഭഗവാന്‍ മുരുകനാണ് തമിഴ് ഭാഷ സൃഷ്ടിച്ചത്. ആദ്യ തമിഴ് സംഘം ശിവന്റെ അധ്യക്ഷതയില്‍ ആയിരുന്നുവെന്നാണ് പുരാവൃത്തം. തമിഴ് കവികളുടെ അറിവു പരീക്ഷിക്കാനാണ് ശിവന്‍ തിരുവിളയാടല്‍ നടത്തിയത്. തമിഴിന് ദൈവങ്ങളുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണ് ഇതെല്ലാം. ദൈവങ്ങളുമായി ബന്ധമുള്ള ഭാഷ ദേവഭാഷ തന്നെയാണ്- കോടതി ചൂണ്ടിക്കാട്ടി.

മനുഷ്യര്‍ സംസാരിക്കുന്ന ഏതു ഭാഷയും ദേവ ഭാഷ തന്നെയാണെന്ന് കോടതി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക