America

മന്ന പൊഴിയുന്നത് എപ്പോൾ ? (കഥ: പെരുങ്കടവിള വിൻസൻറ്)

Published

on


സമീപത്തെ ഹോട്ടലിൽ കോഴി ബിരിയാണി പാകമാകുന്നതിൻ്റെ നറുമണം മണിവർണ്ണൻ്റെ മൂക്കിൽ, പൂന്തോട്ടത്തിൽ നില്ക്കുമ്പോൾ പൂമണo എന്ന പോലെ ചോദിക്കാതെയും പറയാതെയും കടന്ന് കയറി ധർണ തുടങ്ങി. റോഡിൻ്റെ എതിർവശത്ത് കളക്ട്രേറ്റ് പടിയ്ക്കൽ എന്തിനോ വേണ്ടി ധർണയിലിരുന്നവർ വിശപ്പിൻ്റെ ജൈവഘടികാരം ഒച്ചവച്ചപ്പോൾ ഓരോരുത്തരായി എണിറ്റുപോയി. ഇത്രയും നേരം ധർണക്കാരുടെ ആസനം ക്ഷമയോടെ കാത്തു പോന്ന പ്ലാസ്റ്റിക് കസേരകളെ വാടകക്കാരൻ പെട്ടിഓട്ടോയിൽ അടുക്കുന്നതിനിടയിൽ വല്ലപ്പോഴും ഇങ്ങോട്ട് കണ്ണെറിയുന്നുണ്ടു്. ബിരിയാണി മണം അവനെയും തോണ്ടുന്നുണ്ടാവാം.

     കറുപ്പയ്യ, മണിവർണ്ണൻ്റെ വളർത്തച്ഛൻ പട്ടച്ചാരായം മോന്തി ലക്കുകെട്ട് വന്ന്, പണ്ടെന്നോ സമരക്കാർ ഉപേക്ഷിച്ചു പോയ ഫ്ലക്സ് ബോഡ് കൊണ്ടു മേൽക്കൂരയിട്ട ചായ്പിനുളളിൽ കയറി  ഒരു ചെരിപ്പ് എടുത്ത് തയ്ക്കുവാൻ തുടങ്ങി.

   മണിവർണ്ണൻ്റെ മൂക്കിൻ്റെ വാവട്ടം ബിരിയാണിമണത്തിൻ്റെ തോതിന് അനുപാതത്തിൽ വലുതായിക്കൊണ്ടിരുന്നു. വായ്ക്കുള്ളിൽ കൊതിക്കപ്പൽ നങ്കൂരമിട്ടു.പോളീഷ് ചെയ്തു കൊണ്ടിരുന്ന ഷൂവിന് മുകളിൽ കൊതിത്തേൻക്കട്ട വീണുടഞ്ഞിടം ചെരുപ്പു തുടക്കുന്ന തുണികൊണ്ട് അവൻ തുടച്ചു. ഭാഗ്യം പോലീസുകാരൻ ആരോടോ ഫോണിൽ വർത്തമാനം പറയുകയായിരുന്നു. തേൻക്കട്ട ഷൂവിൽ വീണുടഞ്ഞത് പേലീസുകാരൻ കണ്ടിരുന്നെങ്കിൽ എന്തായേനെ എന്ന് ഭയപ്പെട്ട്, ഇനിയും കൊതിത്തേൻ ഒലിച്ചുവരാതെ ചുണ്ടുകൾ, കീറിയ തോൽച്ചെരുപ്പ് തുന്നിച്ചേർക്കും പോലെ ചേർത്തു വച്ചു.

      ഷൂ പോളീഷ് ചെയ്തതിന് കിട്ടിയ രൂപ അവൻ തകരപ്പെട്ടിയിൽ ഇട്ടു. അവൻ കറുപ്പയ്യനെ നോക്കി, കറുപ്പയ്യ അവനേയും. അവൻ നിനച്ചതും കൊതിച്ചതും കറുപ്പയ്യ മണം കൊണ്ടറിഞ്ഞു.
'എന്താടാ നിനക്ക് ബിരിയാണി വേണോ ?'കറുപ്പയ്യ ചോദിച്ചു. അവൻ തല കുമ്പിട്ടിരുന്നു.
കറുപ്പയ്യ തകര പാത്രത്തിലെ പത്തിൻ്റെ നോട്ടുകൾ തുപ്പൽ തൊട്ടെണ്ണി അവൻ്റെ കൈയ്യിൽ കൊടുത്തു.
 'ഒരു ബിരിയാണി.' അവൻ നോട്ടുകൾ മേശപ്പുറത്തു വച്ചു. കാഷ്യർ രൂപ എണ്ണി നോക്കി പത്ത് രൂപ തിരികെ കൊടുത്തു. അവൻ്റെ സംശയക്കണ്ണിന് മറുപടിയായി കടയുടമ പറഞ്ഞു: 'വല്ലപ്പോഴും ഷൂ ഓസിന് പോളീഷ് ചെയ്ത് തരുന്നതല്ലേ, പത്തു രൂപ കുറച്ചു മതി. ആകാശത്ത് മേഘം മാറി പൂനിലാവ് പരക്കും പോലെ അവൻ്റെ മുഖത്ത് ചിരി പരന്നു.
' ലെഗ് പീസ് വച്ച് തരാമോ ?' അവൻ പരുങ്ങലോടെ ചുണ്ടനക്കി.
' എന്താ, നീ ലഗ് പീസേ കഴിക്കൂ ?' 
അവൻ്റെ മുഖത്ത് നിലാവു് മാറി മേഘം പടർന്നു.
 കടക്കാരൻ അകത്തോട്ടു നോക്കി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: 'മുരുകാ മണിയ്ക്ക് ഒരു ബിരിയാണി പാർസൽ എടുത്ത് കൊടു്, ലെഗ് പീസ് വച്ച്. പൊടിയ്ക്ക് റൈസ് കൂട്ടിയെടുത്തോ. നമ്മുടെ പയ്യനല്ലേ'
        കോഴിബിരിയാണിമുമായി അവൻ ഫ്ലക്സ് ബോഡ് ഭവനത്തിലെത്തി. കുപ്പിയിൽ കൊണ്ടു വച്ചിരുന്ന വെള്ളം കൊണ്ടു് കൈകഴുകി, അവൻ കാലുമടക്കി നിലത്തിരുന്നു. ബിരിയാണിപ്പൊതി  മുമ്പിൽ തുറന്നു വച്ചു. കുമുകുമാ നറുമണം ഉയരുന്ന ബിരിയാണിച്ചോറിൻ്റെ ഇടയിൽ ഗ്രാമ്പു, ഏലക്കാ, അണ്ടിപ്പരിപ്പ്, കിസ്മിസ് തുടങ്ങിയവർ, തീറ്റയുമായെത്തിയ തള്ളക്കിളിയെ കൂട്ടിലിരുന്ന് കിളിക്കുഞ്ഞുങ്ങൾ നോക്കുo പോലെ തല ഉയർത്തി നോക്കുന്നുണ്ടു്. അതിനിടയിൽ കോഴിക്കലിൻ്റെ എലുമ്പൻ അറ്റം,  മീനച്ചലാറ്റിൽ നീന്തുന്ന നീർകാക്കയുടെ ചുണ്ടു പോലെ പുറത്തേയ്ക്ക് ഉന്തി നില്ക്കുന്നു. കോഴിക്കാൽ ഒരു വശത്തേയ്ക്ക് ഒതുക്കി വച്ച് ഒരു പിടി ചോറ് വാരി വായിലേക്ക് വയ്ക്കാൻ തുടങ്ങുന്നനേരം ഒരു കൊച്ചു പെൺകുട്ടിയുടെ കൊതി പടർന്ന കണ്ണുകൾ അതിന് തടസ്സമായി. മാംസം അലിഞ്ഞു എല്ലുപൊതിഞ്ഞ തൊലിച്ചന്തമുള്ള സ്ത്രീയുടെ കൈ പിടിച്ചു് ഒരു പാവം .അഴുക്ക് മെഴുകിയ കീറത്തുണി ചുറ്റിയ അമ്മയുടെ ഉണങ്ങിയ ചുള്ളിക്കമ്പുവിരലിൽ തൂങ്ങി ബിരിയാണിയിൽ കൊതിയോടെ നോക്കി നില്ക്കുന്നു.

     മണിവർണ്ണൻ്റെ വിശപ്പാകെ മീനച്ചലാറിൽ മുങ്ങാംകുഴിയിട്ടു. വായിലേക്കുയർന്ന കൈ കോച്ചിപ്പിടുത്തം പോലെ തിരികെപ്പോന്നു. കൈയ്യിലിരുന്ന വറ്റുകൾ കമ്പിത്തിരിപ്പൊരികൾ പോലെ ചിതറിവീണു. അവൻ്റെ അലിവിൻ്റെ ഹൃദയമുറ്റത്ത് അയ്യോഭാവത്തിൻ്റെ കരുണമഴ ഇടവപ്പാതി പോലെ പെയ്യാൻ തുടങ്ങി. കെട്ടഴിഞ്ഞ ബിരിയാണിപ്പൊതി,  സ്നേഹത്താലത്തിൽ അവൻ അവർക്കു മുമ്പിൽ നീക്കിവച്ചു. കൈവശമുള്ള ഭാണ്ഡക്കെട്ടും, കറുത്ത ഭിക്ഷാപാത്രവും അരികെ വച്ച്, സന്തോഷത്തിളക്കത്തോടെ അവർ ബിരിയാണി കഴിക്കുന്നത് ആത്മനിർവൃതിയോടെ അവൻ നോക്കി നിന്നു. എവിടുന്നോ പറന്ന് വന്ന് അടുത്തിരുന്ന കാക ജോഡിയ്ക്ക് കൊത്തിയെടുക്കാൻ പൊതിയിലെ അവസാന വറ്റുകൾ പോലും ബാക്കി വയ്ക്കാതെ അവർ എണീറ്റു.അമ്മ എച്ചിൽപ്പൊതി ചുരുട്ടി എടുക്കുമ്പോൾ പെൺകുട്ടി നെയ്യ് ഒട്ടിപ്പിടിച്ചിരുന്ന  വിരൽ ഈമ്പി. നിറചിരിയുടെ കാണിക്കയിട്ട്, ഈശ്വര ദർശന തുല്യമായ ഹൃദയഭാവത്തോടെ അവർ യാത്രയായി..

  കാക്ക ഇരയായ കിളിക്കുഞ്ഞിനെ ദയയില്ലാതെ കൊത്തിക്കുടയും പോലെ ഉച്ചച്ചൂട് നഗരത്തെ കൊത്തിക്കുടഞ്ഞു. വിശപ്പും, ദാഹവും ഓടിപ്പോയിട്ടും, ഉച്ചച്ചൂടു പോലുള്ള തപ്ത ചിന്തകൾ തത്വചിന്തകളായി മണിവർണ്ണനെ കൊത്തിക്കുടഞ്ഞു. അന്യനു മുമ്പിൽ കൈ മലർത്തി നീട്ടുന്നതിൽ മാത്രമല്ല, കമഴ്ത്തി നീട്ടുന്നതിലും ഒരു വിശപ്പടങ്ങൽ , വയലിൽ നടവരമ്പോരത്തെ നനവുള്ള മാളത്തിൽ ഞണ്ടെന്നപോലെ ഒളിച്ചിരിപ്പുണ്ടെന്ന് അവൻ അന്നാദ്യമായി തിരിച്ചറിഞ്ഞു. ഉണ്ണാതെ ഊട്ടുന്നതിൻ്റെ രുചി.
    കറുപ്പയ്യൻ്റെ  ഉച്ചകൂർക്കംവലി മണിവർണനെ ചിന്തകകളിൽ നിന്നും വലിച്ചു പുറത്തിട്ടു. അതിഥികൾ എടുക്കാൻ മറന്നു പോയ കറുത്ത കുടുവൻ ഭിക്ഷാപാത്രം അവനെ പേടിയോടെ നോക്കി. 'ഇനിയവർ എങ്ങനെ ഭിക്ഷ യാചിക്ക്കും ? ഭിക്ഷാ പാത്രമല്ലാതെ അവർ വിഷമിക്കില്ലേ ? എത്ര തന്നെ വില കുറഞ്ഞതാണെങ്കിലും ഉടമസ്ഥന് അത് നിധി പോലെയല്ലേ ? ആ നഷ്ടത്തിൻ്റെ വേദന എത്ര വലുതായിരിക്കും' തീമഴയിൽ പൊടിപടലങ്ങൾ കരിഞ്ഞ ഇയ്യാംപ്പാറ്റച്ചിറകുകൾ കണക്കെ അലയുമ്പോലെ ചിന്തകൾ.
    ഭിക്ഷാപാത്രവുമായി അവൻ ജില്ലാ ആശുപത്രിപ്പടി വരെ ഓടി. അവരെ കണ്ടില്ല. അവിടെ നിന്നും പെരുമ്പാമ്പിനെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഗുഡ്ഷെപ്പേഡ് റോഡുവഴി റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തി. എങ്ങും അവരെ കണ്ടില്ല.

    ഇപ്പോഴാകട്ടെ വിശപ്പും ദാഹവും ഒളിവിടങ്ങളിൽ നിന്നുംപുറത്തു വന്ന്  കടിയുറുമ്പായി അവനെ കടിക്കാൻ തുടങ്ങി. ഷർട്ടിടാത്ത തമിഴൻ്റെ കടലത്തട്ടിൽ നിന്ന് ,ചീനച്ചട്ടിയിലെ ചട്ടുകത്തിൻ്റെ തട്ടു മുട്ടു സംഗീതത്തിൻ്റെ അകമ്പടിയോടെ കപ്പലണ്ടിയുടെ വറകുമണം അവനു മുമ്പിൽ കൊട്ടിപ്പാടി. പോക്കറ്റിൽ ഉറങ്ങിക്കിടന്ന പത്തു രൂപയെ കുത്തിയുണർത്തി തട്ടുകാരന് കൊടുത്ത് ,വറുത്ത കടലയുടെ ഗോപുരപ്പൊതി പകരം വാങ്ങി, ഞരടിക്കൊറിച്ചുകൊണ്ടു് അവൻ തിരികെ നടന്നു.

   കറുപ്പയ്യ ഉറക്കത്തിൻ്റെ കയത്തിൽ നീന്തുകയാണ്. നീന്തലിൽ തെറിക്കുന്ന ജലപ്പരപ്പിലെ ഒച്ച പോലെ കൂർക്കംവലി .കുപ്പിയിൽ ബാക്കിയുണ്ടായിരുന്ന വെള്ളം കുടിച്ചു് അവൻ  ആ കറുത്ത പാത്രത്തെ തന്നെ നോക്കിയിരുന്നു. ഒരു മാന്ത്രിക വസ്തുപോലെ അത് തന്നെ നോക്കുന്നതായി അവന് തോന്നി. 'എന്നെങ്കിലും അവർ വരും. അന്ന് കൊടുക്കാം ' എന്ന ചിന്തയിൽ അവൻ ആ പാത്രം , ചെരിപ്പുപണിയ്ക്കു ആവശ്യമുള്ള സാധനങ്ങൾ ഇട്ടുവയ്ക്കുന്ന തുരുമ്പിച്ച റങ്കു പെട്ടിയ്ക്കുമീതെ, ഭക്തൻ ഇഷ്ട വിഗ്രഹം പ്രതിഷ്ഠിയ്ക്കും പോലെ വച്ചു.

കളക്ട്രേറ്റിനു മുമ്പിൽ ധർണകൾ പലതും വന്നു പോയി. കുമിളി വണ്ടി എത്രയോ പ്രാവശ്യം കെ കെ റോഡിനെ നോവിച്ചു. വേനൽക്കാലവും, മഴക്കാലവും കഴിഞ്ഞു പോയി. എന്നിട്ടും ആ അമ്മയോ പെൺകുട്ടിയോ പാത്രം തേടി വന്നില്ല.
 മുനിസിപ്പാലിറ്റിയുടെ നഗര സൗന്ദര്യവത്ക്കണത്തിൽ കുരുങ്ങി ചെരിപ്പു റിപ്പയർ കട നഷ്ടപ്പെടുന്ന അവസ്ഥയായി. മദ്യപിച്ച് വെളിവില്ലാതിരുന്ന കറുപ്പയ്യയുടെ നാക്കിൻ്റെ അരം പോലീസിൻ്റെ ബൂട്ടിൽ ചൊറിച്ചിലുണ്ടാക്കി. അവർ കട പൊളിച്ചു. മണിവർണ്ണനെ മണൽച്ചാക്കു പോലെ തൂക്കിയെടുത്ത് ദൂരോട്ടിട്ടു. പെട്ടിയ്ക്കുള്ളിലെ പണി സാധനങ്ങൾ നൂലു പൊട്ടിയ കല്ലുമാല പോലെ ചിതറി വീണു.

      ആ കറുത്ത പാത്രം തൊട്ടടുത്ത പളളിയിലെ ഓട്ടുമണിയൊച്ച പോലെ ' ണിം.. ണിം ' എന്ന കനത്ത ശബ്ദത്തോടെ റോഡരികിലെ കല്ലിൽ വീണ്, കമഴ്ന്ന് കിടന്നു. മൺപാത്രം എന്ന് കരുതിയ ആ പാത്രം കല്ലിൽ ഉണർത്തിയ നാദവിസ്മയം അവനെ അത്ഭുതപ്പെടുത്തി. തിടുക്കത്തിൽ അവൻ പാത്രം എടുത്ത് കീറിയ ഉടുപ്പിനുള്ളിൽ നെഞ്ചോടു ചേർത്ത് നിധിപോലെ മറച്ചു വച്ചു.

     കറുപ്പയ്യ ഇങ്ങനെ ഒപ്പാരു വയ്ക്കുന്നത് മണിവർണ്ണൻ കണ്ടിട്ടില്ല. ഉരുൾപൊട്ടലിൽ കെട്ടിയോളും കുട്ടിയും മണ്ണിനടിയിൽപ്പെട്ടിട്ടും കറുപ്പയ്യ കരഞ്ഞിരുന്നില്ല. മണ്ണിനടിയിൽ നിന്നും തൻ്റെ കൈ പിടിച്ചുയർത്തിയമ്പോൾ കറുപ്പയ്യ മണിവർണന് അപ്പനായി. ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടവർക്ക് പകരം കാലം തന്ന കൂട്ടു്.
' അപ്പൻ കരയാതെ' അവൻ കറുപ്പയ്യൻ്റെ കണ്ണുനീർ തുടച്ചു.
അവൻ്റെ ചെറുകരത്തിൻ്റെ മാന്ത്രിക സ്പർശത്തിൽ കറുപ്പയ്യയുടെ സങ്കടം,മുരിങ്ങയിലപ്പൂച്ചിൽ തൊലിപ്പുറത്തെ നീരു വലിയുന്നതു പോലെ വലിഞ്ഞു.
     കറുപ്പയ്യ ചെരിപ്പുതയ്ക്കുന്ന കട റയിൽവേ സ്റ്റേഷൻ പരിസരത്തേയ്ക്ക് മാറ്റി. കളക്ടേറ്റ് പടിയെക്കാൾ വരിശുള്ള ഇടമായിരുന്നു പുതിയ സ്ഥലം.

       അങ്ങനെയിരിക്കെ ഒരു നാൾ ചോക്കലേറ്റ് നിറത്തിലുള്ള സിയാസ് കാർ കടയ്ക്കു മുമ്പിൽ വന്ന് നിന്നു. പിൻസീറ്റിലെ ഡോർ തുറന്ന്  ആറടിയിലേറെ ഉയരമുള്ള ഒരു മനുഷ്യൻ തല പുറത്തേയ്ക്ക് നീട്ടി. 'ഷൂവിൻ്റെ അടിഭാഗം വിട്ടുപോയി ശരിയാക്കാമോ ?'
വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയ സാറിനെ തടഞ്ഞുകൊണ്ടു് മണി വർണ്ണൻ പറഞ്ഞു ' ഇറങ്ങണ്ട സർ, കാൽ നീട്ടൂ .ഞാൻ ഷൂ എടുത്ത് ഇപ്പം ശരിയാക്കിത്തരാം.'
  വണ്ടിയിൽ ഷൂവിന് വേണ്ടി കാത്തിരിക്കുമ്പോൾ കടയ്ക്കുള്ളിലെ തകരപ്പെട്ടിയ്ക്ക് മീതെയിരുന്ന് കറുത്ത പാത്രം കൊതിക്കണ്ണോടെ നോക്കുന്നത് ആ ലോകപ്രശസ്ത പുരാവസ്തു സ്നേഹി കണ്ടു.
'ആ പാത്രം എന്നെ ഒന്നു കാണിക്കാമോ ?'
അദ്ദേഹം ചോദിച്ചു. മണിവർണ്ണൻ പാത്രം കൊടുത്തു. അദ്ദേഹം ഒരു രത്നവ്യാപാരിയെപ്പോലെ പാത്രം തിരിച്ചും മറിച്ചും നോക്കി. പാത്രം ഇടതു കൈവെള്ളയിൽ വച്ച് വലതു കൈയ്യിലെ മോതിരവിരൽ മടക്കി, വിരൽ മുട്ടുകൊണ്ടു് പാത്രത്തിൽ കൊട്ടിനോക്കി.
പണിതീർന്ന ഷൂ കാലിൽ ഇടുമ്പോൾ അദ്ദേഹം മണിവർണ്ണനോടു് ചോദിച്ചു: 'ഈ പാത്രം എനിക്കു തരാമോ ? '
മണിവർണ്ണൻ ഒന്നും പറയാനാകാതെ നിന്നപ്പോൾ അദ്ദേഹം പറഞ്ഞു: ഇതൊരു വിലപിടിപ്പുള്ള പുരാവസ്തുവാണ്. നല്ല വില കിട്ടും.' കറുപ്പയ്യൻ മണിവർണ്ണനോട് പറഞ്ഞു: 'നീ അത് സാറിന് കൊടുക്ക്'
മണിവർണ്ണൻ തകരപ്പെട്ടി മേലെ നിന്ന് കറുത്ത പാത്ര പ്രതിഷ്o എടുക്കാൻ തുടങ്ങിയപ്പോൾ പുരാവസ്തു സ്നേഹി ചോദിച്ചു.'ബാങ്ക് പാസ് ബുക്ക് ഉണ്ടോ ?'
കറുപ്പയ്യ പെട്ടിയ്ക്കുള്ളിൽ നിന്ന് മിനിമം ബാലൻസ് മാത്രമുള്ള പാസ് ബുക്ക് എടുത്തു കൊടുത്തു.

                അടുത്ത ദിനം, പാസ് ബുക്ക് തിരികെ കിട്ടുമ്പോൾ അക്കൗണ്ടിൽ, ട്രയിൻ ഇഞ്ചിൻ പോലെ വലിയ ഒരു ഒന്നും അതിന് പിന്നിൽ ബോഗികൾ പോലെ oooooo ങ്ങൾ കണ്ട് അപ്പനും മകനും അന്തിച്ചു നില്ക്കവെ, ആ പുരാവസ്തു സ്നേഹി പാത്രവുമായി, സിയാസിൽ പാഞ്ഞു പോയി. വിധിയുടെ കനത്ത ഭാണ്ഡവും പേറി അമ്മയും മകളും അപ്പോഴും എവിടെയോ അലയുകയായിരുന്നു.
                    .............

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദേവ പ്രകാശിനി (കഥ : രമണി അമ്മാൾ)

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

വലത്തു ഭാഗത്തെ കള്ളൻ (കഥ: വെന്നിയോൻ ന്യുജേഴ്സി)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

സന്ധ്യ മയങ്ങുമ്പോൾ (കവിത: സൂസൻ പാലാത്ര)

ആനന്ദം (കഥ: രമണി അമ്മാൾ)

ഭൂവിൻ ദുരന്തം: (കവിത, ബീന സോളമൻ)

നിത്യകല്യാണി (കഥ: റാണി.ബി.മേനോൻ)

അപ്രകാശിത കവിതകള്‍ ( കവിത : അശോക് കുമാര്‍ കെ.)

View More