Image

സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)

Published on 13 September, 2021
സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം (ലേഖനം: വാസുദേവ് പുളിക്കല്‍)
"നീലിമയോലുന്ന നിദ്രക്ക് വൈഢൂര്യമണിയിക്കാന്‍ സ്വപ്നങ്ങള്‍, ഉണരുമ്പോള്‍ ചിതറിപ്പോകുന്ന ആ രത്‌നങ്ങള്‍തേടി പകല്‍ മുഴുവന്‍ ഉരുകുന്ന മര്‍ത്യജന്മം'' എന്നു കവിവചനം. സ്വപ്നം കാണാത്തവരായി ആരുമില്ല. മനസ്സിനുസന്തോഷം നല്‍കുന്നസ്വപ്നം കണ്ടുകൊണ്ട് ഉറങ്ങാന്‍സുഖമാണ്. ഒട്ടേറെ ആളുകള്‍ സ്വപ്നം ഒരൂ മധുരാനുഭവമായി വാഴ്ത്താറുണ്ട്. സ്വപ്നത്തിന് എന്തോ ഒരു പ്രവചനശക്തി ഉണ്ടെന്നു കരുതുന്നവരുമുണ്ട്. കണ്ടസ്വപ്നത്തെപ്പറ്റി അവര്‍ ചിന്തിച്ചുകൊണ്ടിരിക്കും.സ്വപ്നം കണ്ടുസന്തോഷിച്ചവരും പരിഭ്രാന്തരായവരും ഒരുപോലെ സ്വപ്നത്തിന്റെ അര്‍ത്ഥം തേടിനടക്കുന്നവരാണ്. സ്വപ്നത്തെപ്പറ്റി ഒട്ടേറെ പുതിയനിഗമനങ്ങള്‍ അവര്‍ ആവിഷ്കരിക്കുന്നു. ചിലപ്പോള്‍ താന്‍ കണ്ട സ്വപ്നം മറ്റുള്ളവര്‍ക്കു വിവരിച്ചുകൊടുക്കാന്‍ തയ്യാറാകുന്നു.അപ്പോള്‍ അവരുടെ സര്‍ഗ്ഗശക്തി ഉണരുന്നതായി കാണാം.അങ്ങനെ സര്‍ഗ്ഗാത്മകമായപ്രചോദനത്തിനുസ്വപ്നം കാരണമായിത്തീരുന്നു.മനസ്സിലൂടെ എപ്പോഴെങ്കിലും കടന്നുപോയ ചിന്തകളാണ്‌സ്വപ്നത്തിന് ആധാരമായിരിക്കുന്നത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ കണ്ട സ്വപ്നത്തെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്ന് അവര്‍ വാദിക്കും. എന്നാല്‍, ഉപബോധമനസ്സില്‍ ഉടലെടുക്കുന്നവിചാരവികാരങ്ങള്‍ എന്തെന്ന് ആരും തന്നെ അറിയുന്നില്ല.

"സ്വപ്നങ്ങള്‍,സ്വപ്നങ്ങളെനിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ, നിങ്ങളീ ഭൂമിയില്‍ ഇല്ലായുരുന്നെങ്കില്‍ നിശ്ചലം ശൂന്യമീലോകം'' എന്നുപാടിയ കവി, ജീവിതം സ്വപ്നത്തില്‍ അധിഷ്ടിതമാണെന്ന് ചിന്തിച്ചിട്ടുണ്ടാകാം. ഉറങ്ങുമ്പോള്‍ മാത്രമല്ല ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നം കാണുന്നവരുണ്ട്.നില്‍ക്കുമ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴും യാന്ത്രികമായിപ്രവൃത്തിയില്‍ മുഴുകുമ്പോഴുമൊക്കെസ്വപ്നം കാണും - ദിവാസ്വപ്നം. അതും വാസ്തവത്തില്‍ സ്വപ്നം തന്നെ.അവരൊക്കെ സ്വപ്നവും തത്ത്വചിന്തയും സമാസമം ചേര്‍ത്തുവെച്ച് മനക്കോട്ടകള്‍കെട്ടിക്കൊണ്ടിരിക്കും.അതുകൊണ്ട്‌സ്വപ്നം എപ്പോഴും നിര്‍ബോധമായ അവസ്ഥയില്‍മാത്രം നടക്കുന്ന സംഗതിയല്ല.നാം ഉറങ്ങുമ്പോള്‍ ആന്തരികമയ സ്വപ്നവും ഉണര്‍ന്നിരിക്കുമ്പോള്‍ ബാഹ്യസ്വപ്നവും കാണുന്നു.ബാഹ്യസ്വപ്നത്തിലെ ഒട്ടേറെ സവിശേഷതകള്‍ ആവിഷ്ക്കരിക്കുന്നത് ഇന്ദ്രിയങ്ങളുടെ ബാഹ്യലോകത്തിലിരിക്കുന്നശരീരങ്ങളുടെ സ്വഭാവമനുസരിച്ചാണ്. ചിലപ്പോള്‍ ഉറക്കത്തില്‍ കാണുന്നസ്വപ്നം  ഭയപ്പെടുത്തുന്നതായിരിക്കും.പരിഭ്രാന്തരായിട്ടാണ് അവര്‍ ഉറക്കത്തില്‍ നിന്നുണരുന്നത്.അവര്‍ക്ക്‌സ്വപ്നം യാതൊരുസുഖവും നല്‍കുന്നില്ല.ഉറക്കത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ത്തന്നെ അവര്‍ അസ്വസ്ഥരായെന്നിരിക്കും.സീതയെ കട്ടുകൊണ്ടുപോയ രാവണന്‍ സീതയുമൊത്തുള്ള സുഖജീവിതം മുന്നില്‍ കാണുമ്പോള്‍, രാമന്‍ ലങ്കയിലെത്തിതന്നെ വധിച്ച് സീതയെ മോചിപ്പിച്ചുകൊണ്ടുപോകുന്നു എന്ന് സ്വപ്നം കാണുന്നതായി രാമായണത്തില്‍പറയുന്നു.'സ്വപ്നം ചിലര്‍ക്ക് ചിലകാലമൊക്കണം'' എന്നും കവി കുറിച്ചിട്ടിരിക്കുന്നത ്‌യാഥാര്‍ത്ഥ്യമാകുന്നു.അതുകൊണ്ട് ഉറക്കത്തില്‍ കാണുന്നസ്വപ്നം യാഥാര്‍ത്ഥ്യമായേക്കാം എന്നു കരുതുന്നവരുണ്ടാകാം.

എന്താണ് സ്വപ്നം?ഭാരതീയ ബോധശാസ്ര്തത്തിന്റെ വെളിച്ചത്തില്‍ സ്വപ്നത്തെ വിശകലനം ചെയ്യാം. ബോധത്തിന് ജാഗ്രത്, സ്വ്പനം, സുഷുപ്തി, എന്നീമൂന്നവസ്ഥകളുണ്ട്. ഇന്ദ്രിയഗോചരമായ വിഷയങ്ങളെ അറിയുകയും അവയോട് പ്രതികരിക്കുകയും ചെയ്യുന്ന വ്യവഹാരത്തെ ജാഗ്രത് എന്നുവിളിക്കുന്നു. സ്വപ്നാവസ്ഥയില്‍ അറിയുന്നവനെന്നും അറിയപ്പെടുന്നതെന്നും ഒരു വ്യ്തത്യാസമുണ്ടെങ്കിലും അറിയുന്നവനില്‍ത്തന്നെയാണ് അറിയപ്പെടുന്നതും വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്. വ്യക്തിത്ത്വത്തിന് ഉണ്ടാകുന്ന അനുഭവം സ്വയംകൃതമെന്നപോലെ ഉണ്ടാക്കി, തന്നില്‍നിന്നും അന്യമായ ഒരു വസ്തുതയെന്നപോലെ അതിനെ അനുഭവിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്നതിനെയാണ്‌സ്വപ്നം എന്നുപറയുന്നത്.മനുഷ്യന്‍ക്രിയാത്മകമായ കല്‍പനയെ കലാവിഷ്ക്കാരം പോലെയോ കവിതപോലെയോ സംഗീതം പോലെയോ ഹൃദ്യയവാര്‍ജ്ജകമായ രീതിയില്‍ പുനരാവിഷ്ക്കാരം ചെയ്യാന്‍സാധിക്കുന്നവനാണ്.

അതുകൊണ്ട് മനുഷ്യനില്‍നടക്കുന്ന ബോധത്തിന്റേയും ഉപബോധത്തിന്റേയും അവബോധത്തിന്റേയും പ്രതീകാത്മക്ഷമമായ സംരചനയായും സ്വപ്നത്തെവിലയിരുത്താം. ആഴത്തിലുള്ള ഉറക്കാമാണ്‌നിദ്ര.ഒട്ടും ബോധമില്ലാതിരിക്കുന്ന ഗാഢമായ നിദ്രയാണ്‌സുഷുപ്തി.സ്വപ്നം ബോധപ്രവാഹത്തില്‍ വന്നുപെടുന്നു.ശരീരത്തില്‍ എപ്പോഴും സജ്ജീവമായിരിക്കുന്ന കര്‍മ്മേന്ദ്രിയങ്ങളും അന്തഃകരണങ്ങളും സ്വപ്നവേളയില്‍ പ്രസക്തിയില്ലാത്തതുപോലെയാകുന്നു. മോട്ടോര്‍ കാറില്‍ ഡ്രൈവര്‍ ആവശ്യാനുസരണം ഗിയര്‍മാറ്റുന്നതുപോലെയാണ് ബോധത്തിന്റെ അവസ്ഥാത്രയങ്ങളായ ജാഗ്രത- സ്വപ്നം-സുഷുപ്തികളില്‍ മസ്തിഷ്ക്കപ്രവര്‍ത്തനത്തിലുള്ളമാറ്റം വന്നുചേരുന്നത്. യന്ത്രം പ്രവര്‍ത്തിക്കുമ്പോഴും അതിന്റെപിന്നിലിരിക്കുന്ന യന്ത്രപാലകനെപ്പോലെ ജാഗ്രത്തില്‍ ഉണര്‍ന്നുചെയ്യുന്ന എല്ലാ ക്രിയകളുടേയും പിന്നില്‍സ്വപ്നം പ്രവര്‍ത്തിക്കുന്നു എന്നുപറയാം.

സ്വപ്നത്തില്‍ എന്തെല്ലാം അവ്യക്തമായതു സംഭവിച്ചാലും സദാചാരഭംഗമുണ്ടായാലും ദുരന്തദൃശ്യങ്ങള്‍ കണ്ടാലും അത്‌നോക്കിയിരുന്നു അശക്തനായ ഒരു കര്‍ത്താവിനെപ്പോലെ വിതുമ്പാനും തേങ്ങാനും ആത്മരോദനം ചെയ്യാനും ഭയന്നുവിളിക്കാനും മാത്രമേസ്വപ്നത്തില്‍ മനുഷ്യനു കഴിയുന്നുള്ളു. സ്വപ്നം സാരമില്ലെന്നും സ്ഥൂലപദാര്‍ത്ഥങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ കഴിയുന്നഭൗതികമായക്രിയ കൂടുതല്‍ യാഥാര്‍ത്ഥ്യമാണെണെന്നും നാം കരുതുന്നു. ഇത്‌വെള്ളത്തില്‍മുങ്ങിക്കിടക്കുന്ന ഐസുകട്ടയുടെ അല്‍പ്പമാത്രമായി കാണാവുന്ന ദൃശ്യമാണ് അതിന്റെ ആകെ ഉത്മ എന്നു കരുതുന്നതുപോലെയാണ്. ഈ തെറ്റിദ്ധാരണയുടെ വെളിച്ചത്തിലാണ്പാശ്ചത്യര്‍, പൊതുവെ ഉണര്‍ന്നിരിക്കുമ്പോഴുള്ള പ്രവൃത്തിമാത്രമാണ് ജീവിതത്തില്‍ പ്രസക്തിയുള്ളത് എന്നു കരുതാന്‍ കാരണമായിട്ടുള്ളത്.

എന്നാല്‍,ഭാരതീയ ബോധശാസ്ര്തത്തില്‍ ജാഗ്രത്തും സ്വപ്നവും സുഷുപ്തിയും മനുഷ്യജീവിതത്തില്‍ പ്രാധാന്യമുള്ളമൂന്നു ബോധാവസ്ഥകളായി എണ്ണുന്നു. ജാഗ്രത്തിന്റെ മാതാവാണ് സ്വപ്നം എന്നു കണക്കാക്കപ്പെടുന്നു. നദിക്ക്‌മേഘം എങ്ങനെയാണോ അതുപോലെയാണ് ജാഗ്രത്തിന് സ്വപ്നം എന്നുപറയേണ്ടിവരുന്നു.ഈ വിഷയത്തില്‍ കൂടുതല്‍വെളിച്ചം വീശാന്‍ കാളിദാസനെപ്പോലുള്ള നാടകകൃത്തുക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കാളിദാസന്റെ വിക്രമോര്‍വ്വശീയത്തില്‍ സ്വപ്നം ജാഗ്രത്തിനേക്കാള്‍ മനുഷ്യജീവിതത്തെ സ്വാധീനം ചെയ്യുന്നതായി കാണിച്ചിട്ടുണ്ട്. ഒരു തരത്തില്‍ ശാകുന്തളത്തിലെ ശകുന്തളയുടെ ദിവാസ്വപ്നവും തുടര്‍ന്ന് ദുഷ്യന്തനില്‍ ഉണ്ടാകുന്ന ഓര്‍മ്മക്കുറവുമെല്ലാം സ്വപ്നാടനത്തിന്റെ വിശദാംശത്തിലേക്ക്‌കൊണ്ടുപോകുന്നതാണ്. മനഃശാത്രജ്ഞന്മാരായ ഫ്രോയിഡും യുങ്ങുമാണ് മനസ്സിന്റെപഠനത്തില്‍ സ്വപ്നത്തിന്റെ പ്രാധാന്യം പാശ്ചത്യലോകത്തിന് പരിചയപ്പെടുത്തിക്കുടുത്തത്.ഫ്രോയിഡും യുങ്ങും മനസ്സിന്റെരോഗഗ്രസ്ഥമായ അവസ്ഥയെ രോഗനിര്‍ണ്ണയത്തിനായി വിശകലനം ചെയ്ത് കൂടുതല്‍ പ്രസക്തമാക്കിയിരുന്നതുകൊണ്ട് സ്വപ്നത്തിന്റെ ന്യായമായ പ്രസക്തിപാശ്ചത്യരുടെ പാഠനത്തില്‍പരിമിതമായിത്തീര്‍ന്നു. ഫ്രോയ്ഡ്‌സ്വപ്നങ്ങളെയെല്ലാം ലൈംഗീകതയോട്  കൂടുതല്‍പ്രസക്തിയുള്ളാതായി കണ്ടപ്പോള്‍യുങ്ങ് കുറെക്കൂടിസാര്‍വ്വത്രികമായ പല ദര്‍ശനങ്ങളും സ്വപ്നം ഉപബോധത്തില്‍ ആവിഷ്ക്കരിക്കുന്നതായി രേഖപ്പെടുത്തി. മനുഷ്യന്റെ എല്ലാസര്‍ഗ്ഗശക്തികളുടേയും പിന്നില്‍സ്വപ്നമുണ്ടെന്ന് യുങ്ങ്പറയുമ്പോള്‍ അദ്ദേഹം കുറെക്കൂടി ഭാരതീയവീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്നു.

സ്വപ്നത്തെ സാക്ഷാത്ക്കരിക്കണമെന്നു പറയുന്നുണ്ട്. അതിന് ജാഗ്രത്തില്‍ വരുന്ന സര്‍വ്വകാര്യങ്ങളും സ്വപ്നത്തെ ആലംബമാക്കേണ്ടിയിരിക്കുന്നു. ഉപനിഷത്തുക്കളുടെ കാഴ്ചപ്പാടില്‍ ഈ പ്രപഞ്ചം ആദ്യവസാനമില്ലാത്ത ഒരു സ്വപ്നമാണ്. ഈ സ്വപ്നത്തെ ദൈവം കാണുന്നസ്വപ്നം, സമഷ്ടി കാണുന്ന സ്വപ്നം വ്യക്തി കാണുന്നസ്വപ്നം എന്നിങ്ങനെതരം തിരിച്ചിരിക്കുന്നു. എല്ലാറ്റിനേയും സ്വപ്നം എന്ന പോലെ പരമേശ്വരന്‍ സൃഷ്ടിച്ചു.സ്വപ്നത്തില്‍രൂപപ്പെടുന്നതെല്ലാം സ്വപ്നം കാണുന്നവന്റെ മനസ്സില്‍നിന്നാണ്. സ്വപ്നം കാണുന്നവനില്‍നിന്നും വേറിട്ട് ഒരു ഉത്മ സ്വപ്നത്തിനില്ല.ഏതെങ്കിലും ഒന്ന് പൂര്‍ണ്ണമായും ഒരുവന്റേതാണെന്ന് പറയണമെങ്കില്‍ അത് അവന്റെസ്വപ്നം മാത്രമാണ്. സ്വപ്നാനുഭവവേളയില്‍ അതിന്റെ കര്‍ത്താവും ക്രിയയും കാര്യവുമായിരിക്കുന്നത് അവന്‍ തന്നെയാണ്. സ്വപ്നത്തില്‍ കാണുന്ന അപുര്‍വ്വ ദര്‍ശനങ്ങള്‍ സ്വര്‍ഗ്ഗവാസികള്‍ക്കെന്നപോലെ ആ സ്ഥാനത്തിലുള്ള സ്ഥാനിയുടെ ധര്‍മ്മം തന്നെയാകുന്നു. ഇവിടെ വഴിനല്ലവണ്ണം പരിചയമുള്ള ഒരാള്‍ ആ വഴിയില്‍ കൂടിപോയിവസ്തുക്കളെ ദര്‍ശിക്കുന്നതുപൊലെ, സ്വപ്നം കാണുന്നവന്‍ സ്വപ്നസ്ഥാനങ്ങളില്‍ േപായിധര്‍മ്മങ്ങളെ കാണുന്നു. സ്വപ്നസ്ഥാനത്ത്മനസ്സുകൊണ്ട് ഉള്ളില്‍സങ്കല്‍പിക്കപ്പെടുന്നതും അകത്തും പുറത്തും ഗ്രഹിക്കപ്പെടുന്നതും സത്തുമാത്രമാണെന്നു വിചാരിക്കുന്നു.എന്നാല്‍ രണ്ടിന്റേയും മിഥ്യാത്വം അനുഭവസിദ്ധമാണ്. സ്വപ്നത്തില്‍ അനുഭവപ്പെടുന്ന സംഭോഗത്തിന്റെ ആസ്വാദ്യതകൊണ്ടും അതുളവാക്കിയ വാസ്തവികമായ ശുക്ലസ്രാവം കൊണ്ടും ലൈഗികമായ പിരിമുറുക്കത്തിന് സ്വപ്നത്തിലും ജാഗരിതത്തിലും ഒരുപോലെ അയവ് അനുഭപ്പെടുന്നു. ഇങ്ങനെസ്വപ്ന ജാഗരിതങ്ങളെ ഭാഗികമായി സൂക്ഷ്മശരീരത്തിലും ഭാഗികമായിസ്ഥൂലശരീരത്തിലും ഒന്നിച്ചനുഭവിക്കാന്‍ കഴിയുന്നു.

സ്വപ്നാനുഭവത്തിന്റെ ഉത്മ സ്വപ്നത്തില്‍നിന്നും ഉണരുന്നനിമിഷം വരേയുള്ളൂ. ഉണര്‍ന്നു കഴിയുമ്പോള്‍ അതുവാരെ കണ്ടിരുന്നസ്വപ്നം മുഴുവന്‍സ്വപ്നം കണ്ടുകൊണ്ടിരുന്നവനില്‍ പോയിമറയം.ഈ ലോകം പരമേശ്വരന്‍ കാണുന്നസ്വപ്നമാണ്.ആ സ്ഥിതിക്ക് പരമേശ്വരന്റെ മനസ്സില്‍മാത്രമേ ഈ ലോകത്തിന് ഉത്മയുള്ളൂ. പരമേശ്വരനും സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ സമസ്തപ്രപഞ്ചവും പരമേശ്വരനില്‍ ത്തന്നെപോയിമറയുന്നു. പരമേശ്വരനില്‍ത്തന്നെമറഞ്ഞു  കഴിഞ്ഞാല്‍ പിന്നെപരമേശ്വരന്‍ മാത്രമേശേഷിക്കൂ. ഇവിടെ പറയുന്നപരമേശ്വരന്‍ പരമശിവനല്ല, പരമമായ ഈശ്വരനാണ്. ഭഗവദ്ഗീതയില്‍പറയുന്നു,' ഊര്‍ദ്ധ്വമൂലമധഃശാഖാമശ്വത്ഥം പ്രാഹൂരവ്യയം, ച്ഛന്ദാംസിയസ്യപര്‍ണ്ണാനി, യസ്തം വേദസവേദവിദ്''. മുകളില്‍വേരും താഴെ കൊമ്പുകളുമായി അടിമുടികളില്ലാത്ത സംസാരമാകുന്ന ഒരു അരയാലുണ്ട്. അതിന്റെപോഷകങ്ങളായ ഇലകള്‍ കര്‍മ്മത്തെബോധിപ്പിക്കുന്നവേദവാക്യമാണ്. ആ മരത്തിന്റെ ഓരോരോ ഭാഗങ്ങളിലും ഓരോ തരത്തിലുള്ള സംസ്കാരങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് എസ്കിമോയുടെ സ്വപ്നമല്ല പിഗ്മിയുടെ സ്വപ്നം.പശുക്കളുടെ തുട പൊരിച്ചുതിന്ന്‌വിസ്കിയും കുടിച്ചു ജീവിക്കുന്ന ന്യൂയോര്‍ക്കുകാരന്റെ സ്വപ്നമല്ല ദിവസവും കാലത്ത് ഗംഗാനദിയില്‍ കുളിച്ച് ഗായത്രിമന്ത്രം ചൊല്ലി ഭക്തിയില്‍ മുഴുകി ജീവിക്കുന്ന ബ്രാഹമണന്റേത്. എന്നാലും സ്വപ്നം എന്ന നിലയില്‍ ചില സമാന സംവിധാനങ്ങള്‍ കാണും.സ്വപ്നത്തില്‍നാം നമ്മേത്തന്നെയാണ് ഒരു കണ്ണാടിയില്‍ എന്ന പോലെ കാണുന്നത്.അതുകൊണ്ട് ഉണര്‍ന്നിരിക്കുന്നസമയത്ത് ഏറ്റവും അധികം നന്മയില്‍ ആമഗ്നനായി കഴിയുകയാണെങ്കില്‍ അത് ഉള്ളിലുണ്ടാക്കുന്ന ആത്മശോഭകൊണ്ടുതന്നെ സ്വപ്നത്തിലെതിന്മയെ ദുബ്ബലമാക്കാന്‍പ്രായേണ കഴിയുന്നതാണ്.അകവും പുറവും ഒരുപോലെയിരിക്കണമെന്നു പറയുന്നതുപോലെ ജാഗരിതത്തിലെ നമ്മുടെ വ്യക്തിത്വത്തിനും അന്തരം ഇക്ലാതിരിക്കുന്നതാണ് നല്ലത്.

ചെടികളില്‍ പൂക്കള്‍മൊട്ടിട്ടുവരുന്നത് അബോധത്തില്‍നിന്നും വാസനാജന്യമായ ഓര്‍മ്മകള്‍ സ്വപ്നങ്ങളായി പുറത്തുവരുന്നതുപോലെയാണ്.മനുഷ്യസ്വപ്നവും സസ്യവര്‍ഗ്ഗത്തിന്റെവസന്തവും ഒരേ ആവേശത്തിന്റെ ഭാഗംതന്നെയാണ്. ഏതു ഷഡ്പദം പൂവില്‍പ്രവേശിച്ച് തേന്‍ കുടിക്കണമെന്നുള്ളത് ചെടികളെസംബന്ധിച്ച് പ്രസക്തിയുള്ള കാര്യമല്ല. പരാഗണം നടക്കണമെന്നുമാത്രം. മനുഷ്യവര്‍ഗ്ഗത്തിനും ലൈംഗിക പ്രസക്തിയുണ്ടായിരിക്കുന്നത് പ്രകൃതിയോട് കടപ്പാട് നിര്‍വ്വഹിക്കുന്നതിനുവേണ്ടിയാണ്. അതില്‍ സദാചാരത്തിന്റെ അല്ലെങ്കില്‍ പാതിവൃത്യത്തിന്റെ നിബന്ധനകള്‍ സമൂഹം ഉണ്ടാക്കിവച്ചത് ആദ്യം മുതലേ പുരുഷന്‍സ്ര്തീയില്‍ ചാര്‍ത്തിവെച്ച ഉടമസ്ഥാവകാശംകൊണ്ടും കുത്തകമനോഭാവം കൊണ്ടും മാത്രമാണ്.ബാഹ്യലോകത്ത് സമൂദായത്തിന്റെ മര്യാദകള്‍ കാത്തുരക്ഷിക്കുന്നതായി തോന്നിപ്പിക്കാന്‍ സ്ത്രീയും പുരുഷനും നാടകീയമായി ജീവിക്കുന്നുണ്ടെങ്കിലും സ്ത്രീക്ക്‌സുന്ദരന്മാരേയും പുരുഷന് സുന്ദരിമാരേയും സ്വപ്നം കാണാതിരിക്കാന്‍സാധ്യമല്ല.സ്വന്തം ഭര്‍ത്താവിന്റെ കൂടെ രമിക്കുമ്പോഴും പലപ്പോഴും സ്ത്രീ തന്റെ ഉള്ളില്‍ കല്‍പന നെയ്തുവയ്ക്കുന്നത്‌സ്വന്തം ഭര്‍ത്താവിനെയല്ല, പ്രിയപ്പെട്ടവനെയാണ്. അതുപോലെസ്വന്തം ഭാര്യയില്‍ സഭോഗനിര്‍വൃതി അനുഭവിക്കുമ്പോഴും മിഥുനസംയോഗത്തില്‍ പുരുഷന്‍ പേരുചൊല്ലിത്തന്നെ തന്റെ ഭാര്യയെപ്രകീര്‍ത്തിക്കുമ്പോഴും അവന്റെ ഉള്ളിലിരിക്കുന്നത് പ്രിയതമയാണ.് അത് പരസ്ര്തീയായിക്കൂടെന്നില്ല.

സ്വപ്നം ആഗ്രഹങ്ങളുടെ നിവൃതിയുടെ പ്രതിഫലനമാണ്. സ്വപ്നത്തിന്റെ മുഖ്യ കാരണം തന്നെ ആഗ്രഹനിവൃതി അനുഭവിക്കുക എന്നതാണ്.പക്ഷെ ദുഃഖസ്വപ്നമാണ് കാണുന്നതെങ്കില്‍ ആഗ്രഹനിര്‍വൃതി അനുഭവിക്കാന്‍ സാധിക്കാതെപോകുന്നു.നിരന്തരമായി ഉപനിഷത്തുക്കളും ഗീതയും ബൈബിളും ഖുറാനും പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് അവര്‍ അറിയാതെതന്നെ ആന്തരികമായ സ്വച്ഛത ഉണ്ടായി ദുഃസ്വപ്നങ്ങളില്‍ നിന്ന് വിമുക്തമാക്കുവാനും കഴിയുന്നു.സുഖമുള്ള സ്വപ്നങ്ങളുടെ വിഹായസ്സില്‍ പറന്നുയര്‍ന്ന്‌സന്തോഷിക്കാന്‍ ഏവര്‍ക്കും സാധിക്കകെട്ട.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക