Image

ചഷകം: (കഥ, ശ്രീരാജ് വി.എസ്)

Published on 12 September, 2021
ചഷകം: (കഥ, ശ്രീരാജ് വി.എസ്)

നഗരത്തിനോട് ചേർന്ന് തിരക്കേറിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ദിവാകരന്‍റെ ചായക്കടയിൽ പലരും വന്ന് പോകാറുണ്ട്. 

മുഷിഞ്ഞ വേഷധാരിയായ ഒരാൾ ആ ചായക്കടയിലേക്ക് കയറിച്ചെന്നു. പോക്കറ്റിൽ തപ്പിയപ്പോൾ കിട്ടിയ കുറച്ച് നാണയങ്ങൾ അയാൾ കടക്കാരൻറെ മുൻപിൽ വച്ചിട്ട് ആശങ്കയോടെ നോക്കി നിന്നു. ഒരു നിമിഷം അയാളെയൊന്ന് നോക്കി നിന്ന ദിവാകരൻ,  കഴുകി വൃത്തിയാക്കി മേശപ്പുറത്ത് കമിഴ്ത്തിവച്ചിരിക്കുന്ന ചായ ഗ്ലാസ്സിലേക്ക് ചൂട് ചായ പകർന്ന് അയാൾക്ക് നേരെ നീട്ടി. ആവി പറക്കുന്ന ഗ്ലാസ് കയ്യിലെടുത്ത് സാവധാനം അയാൾ പുറത്ത് കിടന്നിരുന്ന ബെഞ്ചുകളിൽ ഒന്നിൽ ചെന്നിരുന്നു. കയ്യിലെ ഗ്ളാസ്സിലേയ്ക്കും ദിവാകരന്റെ മുഖത്തേയ്ക്കും ഇടയ്ക്ക് അയാൾ മാറി മാറി നോക്കി. ഒരു ചായകുടിക്കാൻ പോലും നിവൃത്തിയില്ലാത്ത തന്നെ ആട്ടിയിറക്കി വിടാഞ്ഞതിന്റെ നന്ദിയാണ് അയാളുടെ കണ്ണിൽ തിളങ്ങിയത്. ആ ഗ്ലാസ് സ്വയമേ കഴുകി വച്ചിട്ട് അയാൾ ദൂരേയ്ക്ക് നടന്നകന്നു. 'ദൈന്യത' - നടന്ന് മറയുന്ന അയാളെ നോക്കി ദിവാകരൻ ഡയറിയിൽ കുറിച്ചു.   

അയാളെ മറികടന്ന് പോയ ബൈക്കിൽ ഒരു യുവാവും യുവതിയും ചായക്കടയെ ലക്ഷ്യമാക്കി നീങ്ങി. സന്തോഷം നിറഞ്ഞ മുഖത്തോടെ അവർ കടയിലേക്ക് കയറിച്ചെന്ന് ചായയ്ക്ക് ഓർഡർ കൊടുത്തു. ചിരിച്ച മുഖത്തോട് കൂടി തന്നെ ദിവാകരൻ അവർക്ക് ചായ കൊണ്ട് കൊടുത്തു. അവരുടെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ഏതോ ഒരു മുഹൂർത്തത്തിലൂടെയാണ് അവർ കടന്ന് പോകുന്നതെന്ന് സംസാരത്തിൽ നിന്ന് ദിവാകരൻ മനസ്സിലാക്കി. തൻ്റെ പാതിയോടുള്ള സ്നേഹം പകരാൻ അവർ രണ്ട് പേരും കൂടി ഒരു ഗ്ലാസ്സിലാണ് ചായ കുടിച്ചത്. ചായ കുടിച്ച് അവർ പോയശേഷം ഗ്ലാസ് കഴുകി മേശപ്പുറത്ത് വച്ച് ദിവാകരൻ മറ്റ് പണികളിലേക്ക് കടന്നു. 'സന്തോഷം' - പണികൾക്ക് ഇടയിൽ ദിവാകരൻ ഡയറിയിൽ കുറിച്ചിട്ടു.         

കുറച്ച് നേരത്തിന് ശേഷം അവിടേയ്ക്ക് ഒരു മധ്യവയസ്ക്കൻ കടന്ന് വന്നു. എന്തൊക്കെയോ ചിന്തകളിൽ മുഴുകിയാണ് അയാൾ വന്ന് കയറിയത്. വന്ന പാടെ ചായയ്ക്ക് ഓർഡർ കൊടുത്ത് പുറത്തേയ്ക്ക് നോക്കി ഇരുന്നു അയാൾ. ചായ കുടിക്കുമ്പോഴും അയാളുടെ മുഖത്ത് അതിന്റേതായ ഒരു ആശ്വാസവും കണ്ടില്ല. മകളുടെ കല്യാണ ആവശ്യങ്ങൾക്കായി ആരെയോ കാണാൻ പോയ വിവരം അയാൾ ഫോണിൽ കൂടി പറയുന്നുണ്ട്. ശേഷം, തിടുക്കത്തിൽ ചായ കുടിച്ച് അയാൾ എഴുന്നേറ്റ് പോയി. ഗ്ലാസ് കഴുകി വച്ച ശേഷം ദിവാകരൻ ഡയറിയിൽ ഇപ്രകാരം കുറിച്ചു - 'ആശങ്ക'.

പിന്നീട് അവിടേയ്ക്ക് വന്ന് കയറിയത് ഒരു വൃദ്ധയാണ്. നടന്ന് ക്ഷീണിച്ച് കയറി വന്ന അവർക്ക് ചോദിക്കാതെ തന്നെ ഒരു ഗ്ലാസ് ചായ കൊണ്ട് കൊടുത്ത ശേഷം തൻ്റെ ഇരിപ്പിടത്തിൽ പോയി ഇരുന്നു ദിവാകരൻ. തന്റെ അമ്മയാകാൻ പ്രായമുള്ള ആ സ്ത്രീയെ സസൂക്ഷ്മം വീക്ഷിച്ചു കൊണ്ട് അയാൾ അവിടെ ഇരുന്നു. കുറച്ചേറെ നേരമെടുത്ത് ചായകുടി പൂർത്തിയാക്കിയ ശേഷം അവർ വാത്സല്യം നിറഞ്ഞ മുഖത്തോട് കൂടി ദിവാകരനെ നോക്കിയിട്ട് പുറത്തേയ്ക്ക് ഇറങ്ങി നടന്നു. 'വാത്സല്യം' - ദിവാകരൻ തൻ്റെ ഡയറിയിൽ അടുത്തതായി കുറിച്ചിട്ടു. 

വൃദ്ധ നടന്ന് പോയ ദിക്കിന് എതിർവശത്ത് നിന്നും ഒരു ഡെലിവറി വാൻ കടയെ ലക്ഷ്യമാക്കി വന്നു. വണ്ടി നിർത്തി കടയിലേക്ക് കയറിയ സ്ഥിരം വന്ന് പോകുന്ന ഡ്രൈവർ ദിവാകരനോട് കുശലം പറഞ്ഞ്  കുറച്ച് നേരം അവിടെ നിന്നു. നിന്നുകൊണ്ട് തന്നെ ചായ കുടിക്കവേ അയാൾ ഇനിയും തനിക്ക് താണ്ടാനുള്ള ദൂരത്തെപ്പറ്റിയും അത് നൽകുന്ന പ്രതീക്ഷകളെക്കുറിച്ചുമൊക്കെ ദിവാകരനുമായി സംസാരിച്ചു. അല്പ നേരത്തിന് ശേഷം ഗ്ലാസ് മേശപ്പുറത്ത് വച്ചിട്ട് അയാൾ വണ്ടിയിൽ കയറിപ്പോയി. ചായ ഗ്ലാസ് കഴുകി തുടച്ച് വൃത്തിയാക്കി വച്ച ശേഷം ദിവാകരൻ തൻ്റെ ഡയറിയിൽ കുറിച്ചു - 'പ്രതീക്ഷ'.

കുറച്ച് നേരത്തെ ഇടവേളയ്ക്ക് ശേഷം അവിടേയ്ക്ക് ഒരു ആഡംബര കാർ വന്ന് നിന്നു. അതിൽ നിന്നും ഇറങ്ങി വന്നയാൾ ചായക്ക് ഓർഡർ കൊടുത്ത ശേഷം കയ്യിലെ മൊബൈൽ ഫോണിൽ നോക്കിയിരുന്നു.
ചായ കൊണ്ട് കൊടുത്ത് കുറച്ചപ്പുറത്തേയ്ക്ക് മാറി നിന്ന് ദിവാകരൻ  അയാളെ വീക്ഷിച്ചപ്പോൾ,  ഫോണിൽ ചായഗ്ളാസ്സിന്റെ ഫോട്ടോ എടുക്കുകയാണ് അയാൾ. അടുക്കളയിൽ കയറി എന്തോ എടുക്കുന്നതിനിടയിൽ ദിവാകരൻ കേട്ടു അപ്പുറത്ത് ഗ്ലാസ് താഴെ വീണ് ഉടയുന്ന ശബ്ദം. ഫോണിൽ ആരോടോ കയർത്ത് സംസാരിച്ചു കൊണ്ട് ആ ദേഷ്യത്തിൽ തൻ്റെ ചായയെ കുറ്റം പറഞ്ഞ് അയാൾ ആ ഗ്ലാസ്സ് നിലത്തെറിഞ്ഞ് ഉടച്ചിരിക്കുകയാണ്. 

ഗ്ളാസ്സിന്റെ കൂടി കാശ് തന്ന് അയാൾ പോയ ശേഷം ദിവാകരൻ തൻ്റെ ഡയറിയിലെ പേജിൽ ഒന്ന് കൂടി കുറിച്ചിട്ടു. 'ക്രോധം - അയാൾക്ക് മുൻപ് ഇവിടെ പല മുഖങ്ങളുമായി വന്ന മനുഷ്യർക്ക് ഒരു നേരത്തേയ്ക്കെങ്കിലും ആശ്വാസം പകർന്ന, അവരുടെ വികാര വിചാരങ്ങളെ അറിഞ്ഞ
ഒരു ചായ ഗ്ലാസ്, ഒരു നിമിഷത്തെ ക്രോധം തീർക്കുവാൻ വേണ്ടി എറിഞ്ഞ് ഉടച്ച് പോയിരിക്കുകയാണ് അയാൾ. അയാൾക്ക് അത് വെറുമൊരു ചില്ല് കഷണം മാത്രമായിരിക്കും. എന്നാൽ ഇനിയും വരാനിരിക്കുന്ന ഒരുപാട് പേർക്ക് വേണ്ടി അതിവിടെ ഉണ്ടാവണമായിരുന്നു'.

ശേഷം ബുക്കിൽ നിന്നും ആ പേജ് കീറിയെടുത്ത് ചിതറിക്കിടന്നിരുന്ന ചില്ലുകഷണങ്ങൾ അതിലേയ്ക്ക് വാരിയിട്ട് പുറത്തെ ചവറ കൂനയിൽ കൊണ്ടിട്ട് ദിവാകരൻ കടയിലേക്ക് തിരികെ നടന്നു.

തേയിലക്കറ പിടിച്ച് മങ്ങിത്തുടങ്ങിയിരുന്ന ആ ചില്ല് കഷണങ്ങൾ പ്രത്യേകിച്ച് ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു പാഴ് വസ്തുവായി ചവറ് കൂനയിൽ മറഞ്ഞിരുന്നു അപ്പോൾ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക