Image

മമ്മൂട്ടി സുബ്രന്റെ മരണത്തിൽ വേദനയോടെ മെഗാസ്റ്റാര്‍

Published on 12 September, 2021
മമ്മൂട്ടി സുബ്രന്റെ മരണത്തിൽ  വേദനയോടെ  മെഗാസ്റ്റാര്‍
മമ്മൂട്ടിയുടെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ സുബ്രന്‍ അന്തരിച്ചു. മറ്റുള്ളവര്‍ക്കിടയിലും സ്വയവും മമ്മൂട്ടി സുബ്രന്‍ എന്നു പറയപ്പെടുന്ന അദ്ദേഹം മമ്മൂട്ടിയുമായി വ്യക്തിബന്ധവും കാത്തുസൂക്ഷിച്ചിരുന്നു. 

മമ്മൂട്ടി തന്നെ സുബ്രന്‍റെ വിയോഗ വാര്‍ത്ത പങ്കുവെച്ചിട്ടുണ്ട്. തൃശൂര്‍ പൂങ്കുന്നം ശങ്കരംകുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള ആല്‍ത്തറയിലായിരുന്നു താമസം. മമ്മൂട്ടിയുടെ ഫോട്ടോയും ദേവീദേവന്‍മാരുടെ ഫോട്ടോകളുമാണ് അവിടെ സുബ്രന്‍റെ സമ്ബാദ്യമായി ഉണ്ടായിരുന്നത്.




''വര്‍ഷങ്ങളായി അറിയുന്ന സുബ്രന്‍ വിടവാങ്ങി. എന്നോടുള്ള ഇഷ്ടം കൊണ്ട് സ്വന്തം പേര്‌ 'മമ്മുട്ടി സുബ്രന്‍' എന്നാക്കിയ സുബ്രന്‍റെ വിയോഗം ഒരു വ്യഥ ആവുന്നു, ആദരാഞ്ജലികള്‍', സുബ്രനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികളാണിത്. മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ക്ലാസിക് ചിത്രങ്ങളിലൊന്നായ 'ഒരു വടക്കന്‍ വീരഗാഥ' നൂറിലധികം തവണ കണ്ട സുബ്രന്‍ പലകുറി മമ്മൂട്ടിയെ വീട്ടിലും ഷൂട്ടിംഗ് ലൊക്കേഷനിലും എത്തി കണ്ടിട്ടുണ്ട്.
സുബ്രന്‍റെ വിയോഗ വാര്‍ത്തയറിഞ്ഞ് മമ്മൂട്ടി വിളിച്ചതിനെ കുറിച്ച്‌ പൂങ്കുന്നം ഡിവിഷന്‍ കൌണ്‍സിലറായ ആതിര പങ്കുവെച്ച കുറിപ്പും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

'മമ്മൂട്ടി എന്ന നടനെ എനിക്ക് സിനിമയില്‍ കണ്ട പരിചയം മാത്രമേ ഉള്ളൂ.. അതിലപ്പുറം ഒന്നും എനിക്കറിയില്ല.. ഞാന്‍ അറിയാന്‍ ശ്രമിച്ചിട്ടുമില്ല. പക്ഷേ ഇന്ന് ഞാന്‍ അദ്ദേഹത്തെ ഓര്‍ത്തിരുന്നു.

കാരണം എനിക്ക് ഓര്‍മ വെച്ച കാലം മുതല്‍ മമ്മൂട്ടിയുടെ ഒരു കടുത്ത ആരാധകനെ എനിക്കറിയാം.നാട്ടുകാര്‍ അയാളെ മമ്മൂട്ടി സുബ്രന്‍ എന്ന് വിളിച്ചു. അയാളും സ്വയം അങ്ങനെ തന്നെയാണ് പറയാറ് . വീടൊന്നുമില്ലാതെ അത്യാവശ്യം മദ്യപാനം ഒക്കെ ആയി ശങ്കരംകുളങ്ങര അമ്ബലത്തിന്റെ ജംഗ്ഷനില്‍ ഒരു ആലിന്‍ ചുവട്ടില്‍ മമ്മൂട്ടിയുടെ ഫോട്ടോയും കൂടെ എല്ലാ ദൈവങ്ങളുടെയും ഫോട്ടോസും വെച്ച്‌ അതിന്റെ ചുവട്ടില്‍ ആയിരുന്നു താമസം.അടുത്തുള്ള കട നടത്തുന്നവരും സമീപവാസികളും ഭക്ഷണം കൊടുക്കും.കോവിഡ് ലോക്ക്ഡൌണ്‍ സമയത്ത് ഭക്ഷണം ഞാന്‍ ഏര്‍പ്പാട് ചെയ്തിരുന്നു . എന്ത്‌ പരിപാടി നടക്കുമ്ബോഴും അതിന്റെ മുന്നില്‍ വന്നു നില്‍ക്കും. അടുത്തുള്ള കുളത്തില്‍ ആണ് കുളിയൊക്കെ. അതിന്റെ മതിലുകളിലും മമ്മൂട്ടി എന്ന് എഴുതിയിട്ടിട്ടുണ്ട്. മമ്മൂട്ടിയെ കാണാന്‍ ആയി ചെന്നൈയിലെ വീട്ടില്‍ വരെ പോയിട്ടുണ്ട് പല പ്രാവശ്യം. അതും സോഷ്യല്‍ മീഡിയ വരുന്നതിനു മുന്‍പുള്ള കാലത്ത്. മമ്മൂട്ടി എന്നാല്‍ അയാള്‍ക്ക് അത്രയും ആരാധനയായിരുന്നു. അദ്ദേഹത്തിനെ വെച്ച്‌ സിനിമ എടുക്കുന്നതിനു ഒരുപാട് കാശിനു ലോട്ടറി ടിക്കറ്റുകള്‍ എടുത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നു.
ഇങ്ങനെയുള്ള മമ്മൂട്ടി സുബ്രന്‍ ഇന്നലെ രാത്രി ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരായ ശ്രീജിത്തും അപ്പുവും ജില്ലാ ഹോസ്പിറ്റലില്‍ എത്തിച്ചു കുറച്ച്‌ സമയത്തിന് ശേഷം മരണപ്പെട്ടു. ഇതറിഞ്ഞപ്പോഴാണ് നേരത്തെ പറഞ്ഞത് പോലെ ഞാന്‍ മമ്മൂട്ടി എന്ന നടനെ ഓര്‍ക്കാന്‍ കാരണം.

പക്ഷേ ഈ മനുഷ്യന്‍ മമ്മൂട്ടിക്കു എത്ര പ്രിയപ്പെട്ടവന്‍ ആണെന്ന് ഞാന്‍ മനസിലാക്കാന്‍ വൈകിപ്പോയി. അല്‍പ സമയം മുന്‍പ് മരണവിവരം അറിഞ്ഞു അദ്ദേഹം എന്നെ ഫോണില്‍ വിളിക്കുന്നത് വരെ.
'കഥ പറയുമ്ബോള്‍' സിനിമയിലെ അശോക് രാജ് ബാലനെക്കുറിച്ച്‌ സംസാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് . തെരുവില്‍ കിടന്നിരുന്ന സാധാരണക്കാരനായ ഒരു ആരാധകനോട് പോലും ഇത്രമേല്‍ ആത്മ ബന്ധം പുലര്‍ത്തിയിരുന്നു മലയാളത്തിന്‍്റെ മെഗാസ്റ്റാര്‍ എന്നറിയുമ്ബോള്‍ തികഞ്ഞ ആദരവ് മമ്മൂക്ക.സുബ്രനെ കുറിച്ചുള്ള ഒരുപാട് ഓര്‍മ്മകള്‍ മമ്മൂക്ക പങ്കിട്ടു. ഷൂട്ടിംഗ് സ്ഥലങ്ങളിലും വീട്ടിലും വരാറുണ്ടായിരുന്നതും അവസാനം മദ്യപാനശീലം കൂടിയപ്പോള്‍ വഴക്ക് പറഞ്ഞിരുന്നതുമെല്ലാം അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയോടുള്ള അടുപ്പം ഒരിക്കല്‍ പോലും വ്യക്തിപരമായ നേട്ടത്തിന് സുബ്രന്‍ ഉപയോഗിച്ചില്ല . തികച്ചും അസാധാരണക്കാരനായ ആരാധകനായിരുന്നു സുബ്രന്‍.
സുബ്രനെ ഓര്‍ത്തതിന് , ആ സ്നേഹ വായ്പിന് , കരുതലിന് , ആദരവോടെ നന്ദി മമ്മൂക്കാ
മമ്മൂട്ടി സുബ്രന് ആദരാഞ്ജലികള്‍ '
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക