Image

ഇരട്ടസൗധങ്ങള്‍ (കവിത: സുധീര്‍ പണിക്കവീട്ടില്‍)

സുധീര്‍ പണിക്കവീട്ടില്‍ Published on 11 September, 2021
ഇരട്ടസൗധങ്ങള്‍ (കവിത: സുധീര്‍ പണിക്കവീട്ടില്‍)
കണ്ണുനീര്‍ ചാലുകള്‍ കീറി ഞാനിന്നെന്റെ
മൗനദുഃഖങ്ങള്‍ ഒഴുക്കികളയട്ടെ 
ആ അശ്രുധാരയില്‍ അര്‍പ്പിച്ചിടട്ടെ -ഞാന-
ജ്ഞലിബദ്ധനായ് അന്ത്യോപചാരങ്ങള്‍. 
ആകുലരാണെന്റെ ചുറ്റിലുമുള്ളവര്‍ 
ഉറ്റവര്‍ വിട്ടുപിരിഞ്ഞവര്‍ ദുഃഖിതര്‍
സാന്ത്വന കൈലേസ്സുകൊണ്ട് -ഞാനീ
ഹതഭാഗ്യര്‍തന്‍ കണ്ണുനീര്‍ ഒപ്പിയെടുക്കട്ടെ
ദുഃഖം ഘനീഭവിച്ചന്ധകാരത്തിന്‍
കരിനിഴലെങ്ങും പരത്തി നിശ്ശബ്ദമായ് 
ചേക്കേറുവാനൊരു ചില്ലയും തേടി-
യങ്ങോര്‍മ്മകള്‍ വട്ടമിടുകയാണെങ്ങുമേ 
കൈനീട്ടി വിണ്ണിനെ പുല്‍കുവാന്‍ നിന്നൊരു
സൗധങ്ങള്‍ കത്തിയമര്‍ന്ന് മറഞ്ഞുപ്പോയ്
ആ അഗ്നി തട്ടിയെടുത്തു സൗധങ്ങള്‍ക്ക് 
ആത്മാവുനല്‍കിയ പാവം ജനങ്ങളെ 
ഏതോ പിശചിന്റെ കോപാഗ്നിയില്‍
വിധി ഹോമിച്ച മര്‍ത്ത്യരും രണ്ടു സൗധങ്ങളും 
മണ്ണിനെ, മാനവരാശിയെ തോരാത്ത 
കണ്ണീരിലാഴ്ത്തികളഞ്ഞു കടന്നുപോയ് 
''അമ്മയിങ്ങെത്താതെന്തേ?' അനുദിനം
ചോദിച്ചിടുന്നു കിടാങ്ങള്‍ നിരാശയാല്‍ 
എല്ലാമറിയും മുതിര്‍ന്നവര്‍ ഉള്ളിലെ 
നൊമ്പരം ഉള്ളില്‍ ഒതുക്കി കഴിയുന്നു. 
കണ്ണുനീര്‍ ചാലിച്ച് ബന്ധുമിത്രാദികള്‍
ദുഃഖമകറ്റാന്‍ പറയും മൊഴികളില്‍
പൊട്ടിച്ചിതറി മുറിയുന്നു വേദന 
വാക്കുകള്‍ ഏങ്ങലായി വിങ്ങി വിതുമ്പുന്നു
കാലമേ ! നിന്റെയദ്രുശ്യ കരങ്ങളീ
ദുഃഖസ്മ്രുതികളെ മാച്ചുപോയീടിലും
 ചോരകിനിയും മുറിപ്പാടുമായി -
അനേകം മനസ്സുകള്‍ നൊന്തു കഴിഞ്ഞിടും
വെള്ളത്താലല്ലിനി അഗ്നികൊണ്ടാണു 
മനുഷ്യനു നാശമെന്നരുളിയ ദൈവമോ 
ആ വാക്ക് തട്ടിപ്പറിച്ചോരിബ്‌ലീസ്സിന്‍ 
ക്രൂരതയോ കൊന്നൊടൊക്കി മനുഷ്യരെ!

ശുഭം

Join WhatsApp News
ജോസഫ് എബ്രഹാം 2021-09-11 12:51:40
മതങ്ങളിൽ നിന്നും ഒരു നൻമയും വരുന്നില്ല,നന്മ മാനവികതയിൽ നിന്ന് മാത്രം എന്ന് ഓര്മിപ്പിക്കുന്നതാണ് ആധുനിക ലോകത്തിന്റെ ചരിത്രം . മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല,ഭ്രാന്ത് പിടിപ്പിക്കുന്ന തിന്മയെന്നു പാഠ ഭേദം. ഇനിയൊരു തിരിച്ചിപോക്കു ഉണ്ടാകുമെന്നു തോന്നുന്നില്ല, സർവനാശത്തിലേക്കു കുതിക്കുകയാണ് ലോകം.
G. Puthenkurish 2021-09-11 15:08:24
മരണത്തിന് ജീവനെ അവസാനിപ്പിക്കാം പ്കഷെ മനുഷ്യ ബന്ധങ്ങളെ അവസാനിപ്പിക്കാൻ ആവില്ല എന്ന ആപ്ത വാക്യമാണ് ശ്രീ. സുധീറിന്റ് കവിത വായിച്ചപ്പോൾ ഓർമ്മയിൽ വന്നത്. ഒരു പ്കഷെ ഇരുപതു വര്ഷങ്ങള്ക്കു മുൻപ് ഇവിടെ മരിച്ചവർ ആരും നമ്മളുടെ ബന്ധുക്കൾ അല്ലെങ്കിൽ തന്നെ നാം മതജാതി ചിന്തകൾക്ക് അപ്പുറം മനുഷ്യത്വത്താൽ ബന്ധിതാരാണ് . ആ ബന്ധത്തിന്റെ തിരിച്ചറിവിൽ നിന്നും ഉയർന്നുപൊങ്ങുന്ന തേങ്ങലുകൾ ഈ കവിതയിൽ ഉടനീളം പ്രതിധ്വനിക്കുന്നത് കേൾക്കാം . “അമ്മയിങ്ങെത്താതെന്തേ “ അത്‌ഭുതം കൂറുന്ന കുഞ്ഞുങ്ങളും എല്ലാം അറിഞ്ഞിട്ടും ഒന്നും പറയാൻ കഴിയാതെ നൊമ്പരപ്പെടുന്ന മുതിർന്നവരും സാധാരണക്കാരായ നമ്മളുടെ എല്ലാം തിങ്ങിവിങ്ങുന്ന ദിഖ്ങ്ങളെയും സങ്കടങ്ങളെയും ഒപ്പി എടുക്കുന്നു . സമൂഹത്തിലെ ഒരു ചെറിയ വിഭാഗം കാട്ടിക്കൂട്ടുന്ന ധർമ്മങ്ങൾ മനുഷ്യജാതിയെന്ന അടിസ്ഥാന ചിന്തയെ ഇളക്കാതിരിക്കട്ടെ. ഇത്തരം കവിതകൾ നമ്മെ ജാതിമതവർഗ്ഗവര്ണങ്ങൾക്കു അധീതമായി ഒന്നിപ്പിക്കുവാൻ ഉതകട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ശ്രീ സുധീറിന് എല്ലാ ആശംസകളും .
abdul punnayurkulam 2021-09-11 15:42:27
Touchy poem during this agonizing 20th anniversary of 9/11.
G. Puthenkurish 2021-09-11 16:13:50
തിരുത്ത് “അമ്മയിങ്ങെത്താതെന്തേ “ എന്ന് അത്‌ഭുതം കൂറുന്ന എന്നും 'അധർമ്മങ്ങൾ' എന്നും തിരുത്തി വായിക്കാൻ അപേക്ഷിക്കുന്നു
Elcy Yohannan 2021-09-12 01:13:21
Very touching poem, brings back the memories of those who are not even affected at the 9/11,the poem coming right from the heart will touch the readers' hearts, Sudhir's poems are as good as his articles/ proses as well, great work!!!
Easow Mathew 2021-09-12 02:36:29
9/11: ഇരുപതു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന ഭീകരമായ ആ സംഭവത്തിന്‍റെ നീറുന്ന ഓര്‍മ്മകളിലേക്ക് ഈ കവിത നമ്മെ കൂട്ടികൊണ്ടുപോകുന്നു. ശ്രീ സുധീറിന് അഭിനന്ദനങള്‍!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക