EMALAYALEE SPECIAL

കണ്ണീരുണങ്ങാത്ത 20 വർഷങ്ങൾ; 9/11 സ്‌മരണ

Published

on

ഇരുപതു വർഷങ്ങൾ. ഒരു പുരുഷായുസ് കടന്നുവെന്നു പറയാം. എങ്കിലും 9/11 ഓർമ്മകളും കണ്ണീരും ഇല്ലാതാകുന്നില്ല. 
 
വേൾഡ് ട്രേഡ് സെന്ററിലും പെന്സിൽവേനിയയിലും പെന്റഗണിലുമായി മൂവായിരത്തോളം പേരാണ് അന്ന്  മരിച്ചത്. പലരും ചെറുപ്പക്കാർ. 
 
അന്ന്  ലോകം നടുങ്ങി. അതിന്റെ അലയൊലികൾ ഇന്നും ലോകത്ത്  തുടർന്ന് കൊണ്ടിരിക്കുന്നു.
 
ഓർമയുണ്ടോ?
 
മരിച്ച ചെറുപ്പക്കാരുടെ ഭാര്യമാര്‍/ഭർത്താക്കന്മാര്‍  മിക്കവരും പുനര്‍വിവാഹിതരായി. മക്കളും കുടുംബവുമായി. മിക്കവരും അമേരിക്കയില്‍ തന്നെ തുടരുന്നു. പഴയ ഓര്‍മ്മകള്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ മിക്കവരും വിസമ്മതിക്കുന്നു.
 
ഇരുപത്  വര്‍ഷം കഴിഞ്ഞിട്ടും ഡോ. സ്‌നേഹ ആന്‍ ഫിലിപ്പിന്റെ പിക്കപ്‌സിയിലുള്ള  (ന്യൂയോര്‍ക്ക്) വീട്ടിലെ മുറി അന്നത്തെപ്പോലെ സൂക്ഷിച്ചിക്കുന്നു. ഡോ. സ്‌നേഹയുടെ ഏതാനും ചിത്രങ്ങളും ബിരുദങ്ങളും ചുമരില്‍ തൂക്കിയിരിക്കുന്നു എന്നതാണ് ഏക വ്യത്യാസം- അമ്മ അന്‍സു ഫിലിപ്പ് പറഞ്ഞു.
 
ഡോ. സ്‌നേഹ ആന്‍
 
ഡോ. സ്‌നേഹ (31) ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മധ്യവയസിലെത്തിയേനെ. പക്ഷെ മുപ്പത്തൊന്നാം വയസ്സില്‍ കാലം സ്‌നേഹയ്ക്കു മുന്നില്‍ നിശ്ചലമായി. 'ഫോര്‍ എവര്‍ 31' ആയി സ്‌നേഹ മനസ്സില്‍ ജീവിക്കുന്നു.
 
9/11 -ന്റെ പത്താം വാര്‍ഷികത്തിന് അമ്മയും ഫ്‌ളോറിഡയിലുള്ള മൂത്ത സഹോദരന്‍ അശ്വിന്‍ ഫിലിപ്പും, ഇളയ സഹോദരന്‍ കെവിന്‍ ഫിലിപ്പും പഴയ വേള്‍ഡ് ട്രേഡ് സെന്റര്‍ നിന്ന സ്ഥലത്തുയര്‍ന്ന സ്മാരകവും റിഫ്‌ളക്ടിംഗ് പൂള്‍സും സന്ദര്‍ശിച്ചിരുന്നു. അവിടെ 2750-മത്തെ പേരായി ഡോ. സ്‌നേഹയുടെ ഓര്‍മ്മ കൊത്തിവെച്ചിരിക്കുന്നു.
 
അടുത്തയിടക്ക് ഡോ. സ്നേഹയുടെ പിതാവ് ഡോ. കൊച്ചിയില്‍ ഫിലിപ്പ് അന്തരിച്ചു.  
 
സ്‌നേഹ ആൻ  ഫിലിപ്പ് -ലീബർമാൻ സ്മാരകമായി  കുടുംബം  കർണാടകയിലെ ശാന്തിഭവൻ ചിൽഡ്രൻസ് പ്രൊജക്ടിൽ പ്രത്യേക ഫണ്ട് ഏർപ്പെടുത്തി.
 
സ്‌നേഹയുടെ ഭര്‍ത്താവ് ഡോ. റോണ്‍ ലീബര്‍മാന്‍ ഒരു ദശാബ്ദത്തോളം കഴിഞ്ഞ് വിവാഹിതനായി. സ്‌നേഹയുടെ വീട്ടുകാരുടെ നിര്‍ബന്ധമായിരുന്നു പ്രധാന കാരണം. എല്‍സാല്‍വഡോര്‍കാരിയാണ് ഭാര്യ.  ഡോ. റോണ്‍  തങ്ങളുടെ  മരുമകനല്ല, മകൻ  തന്നെയായിരിക്കുമെന്നവര്‍ പറഞ്ഞു.
 
വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തമുണ്ടാകുന്ന സെപ്റ്റംബര്‍ 11 -നു തലേന്ന്  അമ്മ സ്‌നേഹയുമായി ബന്ധപ്പെട്ടിരുന്നു. മൂന്നു ദിവസത്തെ അവധിയുടെ തുടക്കമാണ്. വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഏതാനും ബ്ലോക്ക് അകലെ ബാറ്ററി പാര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സ്‌നേഹയും റോണും താമസിച്ചിരുന്നത്. അന്ന് (സെപ്റ്റംബര്‍ 10) വൈകിട്ട് വേള്‍ഡ് ട്രേഡ് സെന്ററിന്റെ മുന്നിലെ സെന്‍ച്വറി 21- കടയില്‍ നിന്ന് സ്‌നേഹ ഏതാനും സാധനങ്ങള്‍ വാങ്ങി ക്രെഡിറ്റ് കാര്‍ഡ് കൊടുത്തു. പിന്നീട് സ്‌നേഹയെപ്പറ്റി ഒരു വിവരവുമില്ല.
 
രാത്രി വൈകി വന്ന റോണ്‍ വീട്ടില്‍ സ്‌നേഹയെ കണ്ടില്ല. രണ്ടു ബ്ലോക്ക് അകലെ താമസിക്കുന്ന സഹോദരന്‍ കെവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ പോയിരിക്കുമെന്നു കരുതി. പലപ്പോഴും അങ്ങനെ ചെയ്യാറുണ്ട്. പിറ്റേന്ന് റോണ്‍ ജോലിക്കു പോയി.
 
 
വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നപ്പോഴും സ്‌നേഹ അവിടെ പോയിരിക്കുമെന്ന് ആദ്യമൊന്നും കരുതിയില്ല. അപ്പാര്‍ട്ട്‌മെന്റ് ബില്‍ഡിംഗിലെ കാമറയില്‍ സ്‌നേഹയെപ്പോലെ തോന്നിക്കുന്ന ഒരു രൂപം 9/11 രാവിലെ പ്രവേശിക്കുന്നതും മടങ്ങുന്നതും കാണുന്നുണ്ട്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ വിവരം അറിഞ്ഞ് ഡോക്ടറായ സ്‌നേഹ വീട്ടില്‍ കയറാതെ രക്ഷാപ്രവര്‍ത്തനത്തിനു പോയതാണെന്നാണ് പിന്നീടുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. ബില്‍ഡിംഗിലേക്ക് കയറിയ നൂറുണക്കിന് പോലീസ് ഉദ്യോഗസ്ഥരേയും ഫയര്‍ ഫൈറ്റര്‍മാരേയും പോലെ സ്‌നേഹയും അവിടെ അന്ത്യം കണ്ടു.
 
പക്ഷെ അതു വിശ്വസിക്കാന്‍ കുടുംബം ആദ്യമൊന്നും തയാറായില്ല. അവര്‍ അന്വേഷണം തുടര്‍ന്നു. ഒടുവില്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിവന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സ്‌നേഹയ്ക്കുവേണ്ടി സംസ്കാര ശുശ്രൂഷ നടത്തി.
 
സ്‌നേഹയുടെ പേര് മരിച്ചവരുടെ ലിസ്റ്റില്‍ ചേര്‍ത്ത് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ലിസ്റ്റില്‍ നിന്നു പേര് നീക്കി. കാരണം സ്‌നേഹ അവിടെയാണ് മരിച്ചതെന്നതിന് തെളിവില്ല!  സ്‌നേഹ അവിടെ  മരിച്ചുവെന്ന്   പറഞ്ഞു പോലീസ് അന്വേഷിക്കുക പോലും ചെയ്തില്ല. പിന്നീട് മരിച്ചതിനു തെളിവില്ലെന്ന് ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍!
 
സ്‌നേഹയുടെ കുടുംബം കോടതിയെ സമീപിച്ചു. സിംഗിള്‍ ജഡ്ജി മെഡിക്കല്‍ എക്‌സാമിനറുടെ നിലപാട് ശരിവെച്ചു. അപ്പീലില്‍ അതു റദ്ദാക്കി. സാഹചര്യ തെളിവുകളെല്ലാം വ്യക്തമാക്കുന്നത് സ്‌നേഹ അവിടെ മരിച്ചുവെന്നാണെന്നു കോടതി വിധിക്കുകയും മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.  
------------------
വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച മറ്റൊരു മലയാളിയായ വത്സാ രാജുവിന്റെ ഭര്‍ത്താവ് രാജു തങ്കച്ചന്‍ പത്താം വാര്‍ഷികം കഴിഞ്ഞപ്പോള്‍ നിര്യാതനായി. മക്കളായ സോണിയ, സഞ്ജയ് എന്നിവരോടൊപ്പം ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്ററില്‍ നിന്നു ടെക്‌സസിലെ ഷുഗര്‍ലാന്റിലേക്ക് കുടുംബം താമസം മാറ്റിയിരുന്നു.
 
file photo
 
വത്സ രാജുവിന്റെ ഇളയ സഹോദരൻ സജിൽ ജോർജ് ഈയിടെക്ക് വിടപറഞ്ഞത് ഏറെ ദുഃഖമായി.
 
വേള്‍ഡ്‌ ട്രേഡ്‌ സെന്ററിന്റെ 92ാം നിലയില്‍ കാര്‍ ഫ്യൂച്ചേഴ്‌സ്‌ എന്ന ഇന്‍വസ്‌റ്റ്‌മെന്റ്‌കമ്പനിയില്‍ ഉദ്യോഗസ്‌ ഥയായിരുന്നു വത്സ രാജു. 1985 ല്‍ ബികോമിനു ശേഷം റാന്നിയില്‍ നിന്ന്‌ ഇവിടെയെത്തിയ വത്സ പഠനം തുടര്‍ന്നു. ഏതാനും ജോലിക്കു ശേഷം കാര്‍ ഫ്യൂച്ചേഴ്‌സില്‍.  
 
വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്‌ മുമ്പുളള ദിവസങ്ങളില്‍ ഓഫിസില്‍ നടന്ന സെക്യൂരിറ്റി ഡ്രില്ലിനെപ്പറ്റി വത്സ പറഞ്ഞത്‌ സഹോദരി  ഓര്‍ക്കുന്നുണ്ട്‌. കെട്ടിടത്തിനു തീ പിടിച്ചാല്‍ കടലില്‍ ചാടുമെന്നായിരുന്നു തമാശയായി പറഞ്ഞത്‌. സെക്യൂരിറ്റി ഡ്രില്ലില്‍ പങ്കെടുത്തവര്‍ കെട്ടിടം വീണാലും തീപിടിച്ചാലും ഓരോരുത്തരും എന്തു ചെയ്യുമെന്നതിനെക്കുറിച്ച്‌ പറഞ്ഞ്‌ ചിരിച്ച കാര്യവും വത്സ പറഞ്ഞതോര്‍ക്കുന്നു.
 
ആദ്യ വിമാനം വന്നിടിച്ചപ്പോള്‍ ഏതു ടവറിലാണ്‌ വത്സ ജോലി ചെയ്യുന്നതെന്ന്‌ വീട്ടുകാര്‍ക്ക്‌ സംശയമായി. ആന്റിനയുളള ടവറിലാണ്‌ അമ്മ ജോലി ചെയ്യുന്നതെന്ന്‌ സ്‌കൂളിലായിരുന്ന സോണിയ അധ്യാപകരോട്‌ പറഞ്ഞു. നോര്‍ത്ത്‌ ടവര്‍ ആയിരുന്നു അത്‌.
 
ഒരുവര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ വത്സയുടെ ശരീരഭാഗങ്ങള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന്‌ വെസ്‌റ്റ്‌ചെസ്‌റ്ററിലെ വല്‍ഹാലയില്‍ സംസ്‌കാരം നടത്തി.
 
9/11-ല്‍ മരിച്ച ബോസ്റ്റണിലുള്ള ജോസഫ്  മത്തായിയുടെ പുത്രന്‍ ഗ്വാണ്ടനാമോയില്‍ നിന്നുള്ള ഒരു തടവുകാരന് വിമാനത്തില്‍ വച്ച് പ്രഥമശുശ്രൂഷ നല്‍കിയത് ഏതാനും വര്‍ഷംമുമ്പ് വാര്‍ത്തയായിരുന്നു.
 
തൃശൂര്‍ സ്വദേശിയായ വിനോദ് പാറക്കാട്ട്  രണ്ട് മാസം ഗര്‍ഭിണിയായ ഭാര്യയെ ഡോക്ടറെ കാണിക്കാന്‍  വേണ്ടി നേരത്തെ വരാമെന്നു പറഞ്ഞാണ് അന്നു പോയത്. പക്ഷെ പിന്നീട് വിനോദ് മടങ്ങിവന്നില്ല.
 
പിന്നീട് ഭാര്യ ജയശ്രീ മകൾ കൃപക്ക് ജന്മം നൽകി.
 
കണക്കിലെ നോബല്‍ പ്രൈസ് എന്നു പറയുന്ന ഏബല്‍ പ്രൈസ് നേടിയ ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ വരദരാജന്റെ പുത്രനും ട്രേഡ് സെന്ററില്‍ കൊല്ലപ്പെട്ടിരുന്നു. പതിനഞ്ചു വര്‍ഷം കഴിഞ്ഞിട്ടും അതേപ്പറ്റി  അദ്ദേഹം പ്രതികരിക്കുകയുണ്ടായില്ല..
 
ന്യൂജേഴ്‌സിയിലുള്ള നരസിംഹകുമാര്‍ സട്ടല്ലൂരി ഭാര്യ ദീപികയുടെ  മരണശേഷം പുനര്‍വിവാഹിതനായില്ല. ഏക പുത്രന്‍ അമിഷിന് 9/11 നടക്കുമ്പോള്‍ ഏഴു വയസ്സ്. കാര്യങ്ങള്‍ അത്യാവശ്യം ബോധ്യമാകുന്ന പ്രായം. പഠനത്തില്‍ സമര്‍ത്ഥനായിരുന്ന അമിഷ് അമ്മയുടെ മരണത്തിനുശേഷം പഠനത്തില്‍ പിന്നോക്കംപോയി. എങ്കിലും പിന്നീട് തിരിച്ചു വന്നു.
 
ഏഴുമാസം ഗര്‍ഭിണിയായിരിക്കെ എഴുപത്തൊമ്പതാം നിലയില്‍ നിന്നു താഴേയ്ക്ക് ഇറങ്ങിവന്ന ജ്യോതി വ്യാസിന്റെ  കഥ പ്രചോദനകരമാണ്. എണ്‍പതാം നിലയില്‍ ജോലിയിലായിരുന്ന ജ്യോതി ഭര്‍ത്താവിനെ വിളിക്കാന്‍ അടുത്ത  നിലയില്‍ വന്നതാണ്. കാരണം മുകളിലത്തെ ടെലിഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയില്ല. അപ്പോഴേയ്ക്കും എണ്‍പതാം നിലയില്‍ വിമാനം വന്നിടിച്ചു. അവിടെയുണ്ടായിരുന്ന നാലു സഹപ്രവര്‍ത്തകര്‍ മരിച്ചു. താഴത്തെ നിലയില്‍ വന്നതുകൊണ്ട്  ജ്യോതി രക്ഷപെട്ടു. 79­-മത്തെ നിലയില്‍നിന്ന് വലിയ വയറുമായി താഴെയ്ക്കിറങ്ങാന്‍ ജ്യോതിയെ സഹപ്രവര്‍ത്തകരും പോലീസും സഹായിച്ചു.
 
സഹായിച്ച പോലീസ് ഓഫീസര്‍ തിരിച്ചുപോയി അവിടെ വച്ചു മരിച്ചു.
 
പുത്രി ജനിച്ചപ്പോള്‍ ശൈലജ എന്നു പേരിട്ടു. ഹിമവാന്റെ പുത്രി പാര്‍വ്വതിയുടെ പര്യായം. ആദ്യമൊക്കെ ഇരുട്ടും ഉയരവുമൊക്കെ ഭയമയിരുന്നുവെന്ന് ജ്യോതി പറഞ്ഞു. ഇപ്പോള്‍ അതു മാറി.
 
ഇതൊക്കെ 2750 കഥകള്‍...അതില്‍ 1100 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അവ സെപ്റ്റംബര്‍ 11 മ്യൂസിയത്തിനടുത്ത് സൂക്ഷിച്ചിരിക്കു­ന്നു.
-----------------
കാലത്തിന്റെ കവിളിലൂടെ ഒഴുകുന്ന കണ്ണീര്‍ച്ചാലുകള്‍ പോലെ രണ്ടു ജലപാതങ്ങള്‍. ചരിത്രത്തിന്റെ ഗതിമാറ്റിയ ദുരന്തഭൂവില്‍ മൂവായിരത്തോളം മനുഷ്യരുടെ നിലവിളിയായി ആഴത്തിലേക്കു നിപതിക്കുന്ന പ്രവാഹം. നിലയ്‌ക്കാത്ത ദു:ഖത്തിന്‌ സ്‌മാരകം.
 
റിഫ്‌ളക്‌ടിംഗ്‌ പൂളുകള്‍
 
വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ടവറുകള്‍ തകര്‍ന്നുവീണ സ്ഥാനത്ത്‌ സ്‌മാരകമായി ഒരേക്കര്‍ വീതം വിസ്‌തീര്‍ണ്ണമുള്ള ആഴത്തിലുള്ള വെള്ളച്ചാട്ടം. മധ്യത്തിലായി നഷ്‌ടപ്പെട്ട ടവറുകളെ അനുസ്‌മരിപ്പിക്കുന്ന ശൂന്യത. ചുറ്റിലും വെള്ള ഓക്ക്‌ മരങ്ങള്‍ തണല്‍വിരിച്ച ഉദ്യാനം.
 
ദുരന്തത്തിന്റെ ആഴവും പരപ്പും ഉള്‍ക്കൊള്ളുന്ന സ്‌മാരകം- പത്താം വാര്‍ഷികം പ്രമാണിച്ച്‌ തുറന്ന 9/11 മെമ്മോറിയല്‍ സന്ദര്‍ശിച്ച കുടുംബാംഗങ്ങള്‍ പറയുന്നു. റിഫ്‌ളക്‌ടിംഗ്‌ പൂളുകള്‍ക്ക്‌ ചുറ്റിലുമായി പിത്തളയില്‍ മരിച്ചുവീണവരുടെ പേരുകള്‍ കൊത്തിവെച്ചിരുന്നു. ഒട്ടേറെ ഇന്ത്യന്‍ പേരുകള്‍ക്കിടയില്‍  മലയാളികളുടെ പേരും ജോസഫ്‌ മത്തായി, ഡോ. സ്‌നേഹ ആന്‍ ഫിലിപ്പ്‌, വത്സ രാജു, വിനോദ് പാറക്കാട്ട്  എന്നിവര്‍.
 
വേള്‍ഡ്‌ ട്രേഡ്‌ സെന്ററില്‍ മരിച്ചവര്‍ക്കു പുറമെ പെന്റഗണ്‍, പെന്‍സില്‍വേനിയയിലെ ഷാങ്ക്‌സ്‌വില്‍ എന്നിവിടങ്ങളില്‍ മരിച്ചവരുടേയും, 1993-ലെ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തില്‍ മരിച്ചവരുടേയും പേരുകള്‍ കൊത്തിവെച്ചിട്ടുണ്ട്‌.  
 
മെമ്മോറിയല്‍ എന്തുകൊണ്ടും കാണേണ്ട ദൃശ്യംതന്നെ. ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ മരിച്ചിവീണ മണ്ണാണത്‌. അത്തരമൊരു സ്ഥലം ലോകത്ത്‌ വെറെ ഒരിടത്തുമില്ല.
 
വിമാനം വന്നിടിച്ച 8.46 -ന്‌ ആദ്യത്തെ മണി . ഒരു മിനിറ്റ്‌ നിശബ്‌ദത. 9.03-ന്‌ രണ്ടാമത്തെ വിമാനം വന്നിടിച്ചതിന്റെ ഓര്‍മ്മ.
 
പത്താം വാർഷികത്തിൽ പങ്കെടുത്ത അന്നത്തെ പ്രസിഡന്റ്‌ ബറാക്ക് ഒബാമ നാല്‍പ്പത്തിയാറാം സങ്കീര്‍ത്തനം വായിച്ചു. ദൈവം നമ്മുടെ സങ്കേതമാകുന്നു.......എന്നു തുടങ്ങിയ ഭാഗം. മുൻ പ്രസിഡന്റ്  ജോര്‍ജ്‌ ബുഷ്‌ ഏബ്രഹാം ലിങ്കന്റെ കത്താണ്‌ വായിച്ചത്‌. സിവില്‍ വാറില്‍ അഞ്ചു മക്കളെ നഷ്‌ടപ്പെട്ട അമ്മയ്‌ക്ക്‌ എഴുതിയ കത്തായിരുന്നു അത്‌.
 
പെന്റഗണില്‍ ആക്രമണം അനുസ്മരിച്ചു 9.37-ന്‌ മൗനം ആചരിക്കുന്ന. ഷാങ്ക്‌സ്‌ വില്ലില്‍ ഫ്‌ളൈറ്റ്‌ 93 വീണത്‌ അനുസ്‌മരിച്ചു 10.03 ന്‌ മൗനാചരണം 
 
see also 

9/11 -ലേക്കൊരു തിരിഞ്ഞുനോട്ടം-2

https://emalayalee.com/vartha/245025

ഫ്രീഡം ടവര്‍ സുരക്ഷിതം, ഇനിയൊരു വിമാനാക്രമണ സാധ്യത ഇല്ല

https://emalayalee.com/vartha/245013

ഗ്രൗണ്ട്‌ സീറോയിലെ കണ്ണീര്‍ച്ചാലുകള്‍

https://www.emalayalee.com/vartha/4411

വേര്‍പാടിന്റെ ദുഖവും പേറി

https://pravasi.com/vartha/4380

ഒരു കടംകഥ പോലെ മാഞ്ഞുപോയ നക്ഷത്രം

https://mail.emalayalee.com/vartha/4379

 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മേഘങ്ങളിലെ വെള്ളിരേഖ (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 14)

മുല്ലപ്പെരിയാറിൽ ഒഴുകി നിറയുന്നു ആശങ്കകൾ: (ലേഖനം, സിൽജി ജെ ടോം)

ഇന്‍ഡ്യന്‍ ക്‌ളാസിക്കല്‍ ഡാന്‍സും യൂറോപ്യന്‍ ബാലെയും (ലേഖനം:സാം നിലമ്പള്ളില്‍)

MULLAPERIYAR DAM- A CONSTANT THREAT ON KERALA ( Dr. Mathew Joys, Las Vegas)

നാദവിസ്മയങ്ങളില്ല.... വാദ്യ മേളങ്ങളില്ല... മഹാമാരി വിതച്ച മഹാമൗനത്തിലാണ് മഹാനഗരത്തിലെ വാദ്യകലാകാരന്മാർ....(ഗിരിജ ഉദയൻ മുന്നൂർകോഡ് )

കോട്ടയം പുഷ്പനാഥും ഞാനും (ജിജോ സാമുവൽ അനിയൻ)

സോഷ്യല്‍ മീഡിയയുടെ അനിയന്ത്രിതമായ കടന്നു കയറ്റം (പി.പി.ചെറിയാന്‍)

മരുമകൾ (ഇള പറഞ്ഞ കഥകൾ -11:ജിഷ യു.സി)

എണ്ണൂറു ഭാഷ സംസാരിക്കുന്ന ഇരുളർ; വെളിച്ചം വീശാൻ ഒരേ ഒരു മലയാളി മെത്രാൻ (കുര്യൻ പാമ്പാടി)

ചലച്ചിത്ര അവാർഡ്; മാറുന്ന സിനിമാസംസ്കൃതിയുടെ അംഗീകാരം : ആൻസി സാജൻ

Drug free Kerala: The mission of political parties (Prof. Sreedevi Krishnan)

ജീവനതാളത്തിന്റെ നിശബ്ദമാത്രകൾ (മായ കൃഷ്ണൻ)

മയക്കുന്ന മരുന്നുകള്‍ (എഴുതാപ്പുറങ്ങള്‍ -89: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ )

മഴമേഘങ്ങൾക്കൊപ്പം വിഷം ചീറ്റുന്ന മന്ത്രവാദികൾ (ജോസ് കാടാപുറം)

ഡിബേറ്റിൽ ഡോ. ദേവിയുടെ തകർപ്പൻ പ്രകടനം; നിലപാടുകളിൽ വ്യക്തത

ഡോ. ദേവിയെ പിന്തുണക്കുക (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 13)

കേരള പ്രളയം ഒരു തുടര്‍കഥ (ലേഖനം: സാം നിലമ്പള്ളില്‍)

കേരളം ഇക്കാലത്ത് വാസ യോഗ്യമോ? പ്രകൃതിയെ പഴിച്ചിട്ടു കാര്യമുണ്ടോ?(ബി ജോണ്‍ കുന്തറ)

ഡാമുകൾ തുറന്നുവിട്ട് ഇനിയും പ്രളയങ്ങൾ സൃഷ്ടിക്കണമോ: പദ്മകുമാരി

മലയാളത്തിലെ ആദ്യ അച്ചടിക്ക് 200 വയസ്സ് (വാൽക്കണ്ണാടി - കോരസൺ)

ചില പ്രളയ ചിന്തകൾ (നടപ്പാതയിൽ ഇന്ന്- 12: ബാബു പാറയ്ക്കൽ)

പുരുഷധനവും ഒരു റോബോട്ടും (മേരി മാത്യു മുട്ടത്ത്)

എവിടെയാണ് ഇനി കേരളം തിരുത്തേണ്ടത് (അനിൽ പെണ്ണുക്കര)

ഇത്രയും നീണ്ട ഇടവേള, വേദനിപ്പിക്കുന്ന അനീതി (ഷിജോ മാനുവേൽ)

പ്രകൃതി വർണങ്ങളിൽ മുങ്ങുമ്പോൾ (സാക്ക്, ന്യു യോർക്ക്)

ക്രോധം പരിത്യജിക്കേണം ബുധജനം (മൃദുല രാമചന്ദ്രൻ-മൃദുമൊഴി- 29)

സാലുങ്കേ ജീവിത കഥ പറയുന്നു, ഒരു മലയാളിയുടെ സ്‌നേഹക്കൈപിടിച്ചു നടന്ന തന്റെ ജീവിതം (ഗിരിജ ഉദയന്‍ മുന്നൂര്‍ക്കോട്)

ഇടിത്തീ (ഇള പറഞ്ഞ കഥകൾ- 10 - ജിഷ.യു.സി)

'വെള്ളം:' മദ്യവിരുദ്ധർ പോലും കാണേണ്ട ചിത്രം (എസ്. അനിലാൽ)

വരകളിലെ യേശുദാസന്‍, ഓര്‍മ്മകളിലെയും (ദല്‍ഹികത്ത് : പി.വി. തോമസ്)

View More