America

മോബിൻ മോഹൻ മനസ്സുതുറക്കുമ്പോൾ ( അഭിമുഖം: തയ്യാറാക്കിയത് - ഡോ. അജയ് നാരായണൻ Lesotho)

Published

on

സാഹിത്യലോകത്തൊരു സൗമ്യസ്വരവുമായി ഇടുക്കിയിൽ നിന്നും വരുന്നു മോബിൻ മോഹൻ എന്ന യുവസാഹിത്യകാരൻ. സ്വന്തമായൊരു ഇരിപ്പിടം മലയാളസാഹിത്യലോകം ഇദ്ദേഹത്തിനായി കരുതിവച്ചിട്ടുണ്ടെന്നുറച്ചു വിശ്വസിക്കുന്നവരിൽ ഞാനുമുണ്ട്.

മോബിൻ മോഹൻ.
ഇടുക്കി ജില്ലയിൽ കാഞ്ചിയാർ സ്വദേശി. കഥാകൃത്ത്, നോവലിസ്റ്റ്,  സാംസ്‌കാരിക  പ്രവർത്തകൻ  ഗ്രന്ഥശാല പ്രവർത്തകൻ, സംഘാടകൻ.  പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗമാണ്. എഴുത്തുകൂട്ടം ഇടുക്കി ജില്ലാ ഘടകം പ്രസിഡന്റ്‌ ആണ്. ആനുകാലികങ്ങളിൽ കഥയെഴുതുന്നു. പുറമ്പോക്ക്, ആകാശം പെറ്റ തുമ്പികൾ എന്നിങ്ങനെ രണ്ട് കഥാസമാഹാരങ്ങളും  ജക്കരന്ത  എന്ന നോവലും പുസ്തകങ്ങളായി ഇറങ്ങിയിട്ടുണ്ട് . സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഇടുക്കി ജില്ലാ കോർഡിനേറ്റർ ആണ്. അധ്യാപകനാണ്. സഫല ബുക്സിന്റെ ചീഫ് എഡിറ്റർ ആണ് . അക്ബർ കക്കട്ടിൽ നോവൽ പുരസ്കാരം, നളന്ദ പുരസ്കാരം, മലയാള ഐക്യവേദി കൊലുമ്പൻ കഥാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരത്തിന് രണ്ടുതവണ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. ഓഡിയോ കാസറ്റുകൾക്കും ആൽബങ്ങൾക്കും വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ റോസ്മിൻ അധ്യാപികയാണ്. മകൻ ഫിദൽ.


അജയ് നാരായണൻ -
ഇടുക്കിയിൽ ജനിച്ചുവളർന്ന ഒരെഴുത്തുകാരൻ എന്ന നിലയിൽ വായനക്കാരിലേക്ക് താങ്കൾ കടന്നുവന്നത് പ്രൌഢത നിറഞ്ഞ, പൈതൃകമായ ഒരു ഭാവനാസമ്പത്തോടെയെന്നു പറയാമെന്നു തോന്നുന്നു. അധ്യാപകവൃത്തി, പുകാസയിലൂടെ സാഹിത്യലോകത്തു നിരന്തരമായ ഇടപെടലുകൾ, പുരസ്‌കാരങ്ങൾ, അംഗീകാരങ്ങൾ ഈ നേട്ടങ്ങളെല്ലാം ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒന്ന് വിലയിരുത്താമോ?

മോബിൻ മോഹൻ -
ഇടുക്കിയിലേക്ക് വ്യാപകമായ കുടിയേറ്റം തുടങ്ങിയിട്ട്  അഞ്ചോ ആറോ പതിറ്റാണ്ടുകൾ മാത്രമാണ് ആയിട്ടുള്ളത്. അതിനുശേഷം രൂപപ്പെട്ട സാംസ്കാരിക ഭൂമികയാണ് ഈ നാടിനുള്ളത്. മണ്ണിനോടും തണുപ്പിനോടും മലജന്തുക്കളോടും മല്ലിട്ട് പശി മാറ്റുവാനുള്ളത് നട്ടു വിളയിക്കുന്നതിനിടയിൽ കലയും സാഹിത്യവുമൊക്കെ മാറ്റിനിർത്തപ്പെട്ടുണ്ട്. വിശപ്പും തണുപ്പും ആയിരുന്നു അവരുടെ മുന്നിലുള്ള പ്രധാനപ്പെട്ട പ്രശ്നം.
 ഒരുപക്ഷേ അന്നും കലയെയും സാഹിത്യത്തെയും ചേർത്തുപിടിച്ച കുറെ മനുഷ്യർ ഉണ്ടായിരുന്നിരിക്കാം. പട്ടിണി കിടന്നു കൊണ്ടാണ് എഴുതിയതും പാടിയതും എല്ലാം. പ്രാരാബ്ധങ്ങളുടെ ചുമടുതാങ്ങിയാണ് അവർ ഈ മണ്ണിൽ നടന്നു നീങ്ങിയതും അവസാനം അലിഞ്ഞു ചേർന്നതും. പലരുടെയും പേരുപോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പക്ഷേ ഈ കാട്ടിലൂടെ അവർ തെളിച്ച വഴികൾ ആണ് ഞങ്ങളെപ്പോലുള്ളവർക്ക്  സാഹിത്യത്തിലേക്കുള്ള റബറൈസ്ഡ് പാതയായി പിന്നെ മാറിയത്. അതാണ് ഞങ്ങളുടെ ഊർജവും.

അജയ് നാരായണൻ –
അതിജീവനത്തിനുവേണ്ടി കുടിയേറിപ്പാർത്ത ഒരു സമൂഹം ഇടുക്കിയിലെ ഗോത്രവർഗ്ഗവുമായി സമരസപ്പെടുന്ന അനുഭവം, പാർശ്വവൽക്കരിക്കപ്പെടുന്നു എന്ന് കരുതാവുന്ന ഗോത്രസമൂഹത്തിനു തീർച്ചയായും ഒരു പുരോഗതിക്ക് കാരണമായിട്ടുണ്ടാവും.
താങ്കൾ തന്നെ ചില വേദികളിൽ ഇത് രേഖപ്പെടുത്തിയിട്ടുമുണ്ടല്ലോ. ഒരെഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയാണ് ഞാൻ ഇവിടെ കാണുന്നത്.
എന്താവാം ഇത്തരം സംരംഭങ്ങളിൽ മോബിൻ നേരിട്ടിട്ടുള്ള വെല്ലുവിളികൾ? താങ്കളുടെ എഴുത്തുരീതിയെ ഇത്തരം വെല്ലുവിളികൾ എങ്ങനെ സ്വാധീനിച്ചിരിക്കാം?
മോബിൻ മോഹൻ - അപരിഷ്കൃതർ എന്നുപറഞ്ഞ് പലപ്പോഴും നമ്മുടെ സമൂഹം മാറ്റിനിർത്തുന്ന ഗോത്ര വിഭാഗങ്ങളിൽനിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കുവാനുണ്ട്. ഏതൊരു പരിഷ്കൃത സമൂഹത്തോടും കിടപിടിക്കാൻ തക്ക വിധത്തിലുള്ള കലയും സാഹിത്യവും പാരമ്പര്യവും അവർക്കുണ്ട്. കുടിയേറ്റത്തിന്റെ ഭാഗമായി ഒരുപാട് നഷ്ടങ്ങൾ ഗോത്ര വിഭാഗത്തിന് ഉണ്ടായിട്ടുണ്ട്. അതിൽ പ്രധാനം  അവരുടെ കലയും സാഹിത്യവും തന്നെ. പുതിയ മനുഷ്യന്റെ ലാഭക്കണ്ണ് അവർക്കില്ല. മണ്ണും മരവും മഴയും മലയും പുഴയും  ഒക്കെ അടങ്ങുന്ന പ്രകൃതിയാണ് അവരുടെ ദൈവവും ജീവിതവും കലയും സാഹിത്യവും എല്ലാം. കാടിനോട് ചേർന്ന് രൂപപ്പെട്ട ജീവിതമാണ് അവരുടേത്. അതിൽ വലിയ പാഠങ്ങളുണ്ട്, ദർശനങ്ങളുമുണ്ട്. ആധുനിക മനുഷ്യന് എത്ര പറഞ്ഞാലും അത് മനസ്സിലാവണമെന്നില്ല. കടലാസിലെ അക്ഷരപ്പെരുക്കങ്ങൾ തന്നെയാണ് അവനെ സംബന്ധിച്ച് അറിവ്.

അജയ് നാരായണൻ –
നല്ല വളക്കൂറുള്ള മണ്ണാണ് ഇടുക്കി. കർഷകനും കഥാകാരനും ഒരുപോലെ പൊന്നുവിളയിക്കാം, മണ്ണിലും മനസ്സിലും.
കർഷകർ സർക്കാരിനെതിരെ സമരം ചെയ്യുന്ന ഈ കാലഘട്ടത്തിൽ മോബിൻ എന്നവ്യക്തി എവിടെനിൽക്കുന്നു?

മോബിൻ മോഹൻ -
ശരിയാണ്. പൊന്നുവിളയിച്ച ഒരുപാട് കർഷകർ ഉണ്ടെങ്കിലും കഥാകാരന്മാർ കുറവാണ്.
ഇടുക്കിയിലെ എഴുത്ത് ഇവിടുത്തെ കാർഷിക കുടിയേറ്റ സംസ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കുടിയേറ്റ നാടുകളിലെ പീഡകളും പീഡനങ്ങളും സമരങ്ങളും അതിജീവനങ്ങളും എല്ലാമാണ് ഇവിടുത്തെ സാഹിത്യത്തിന്റെ കരുത്ത്.
“ ഉർവ്വിയെ പുഷ്പിപ്പിക്കും
കലപോൽ നമുക്കത്ര
നിർവൃതികരമാം  സർഗ്ഗവ്യാപാരമുണ്ടോ മന്നിൽ? “
എന്ന് ചോദിച്ചത് സാക്ഷാൽ വൈലോപ്പിള്ളി ആണ്. സാഹിത്യത്തിന്റെയും കലയുടേയും എല്ലാം അടിസ്ഥാനം ഈ കാർഷിക സംസ്കാരം ആണ്. കർഷകനെ പോലെ മികച്ച ഒരു കലാകാരൻ ഇല്ല. മണ്ണാണ് എല്ലാത്തിനും അടിസ്ഥാനം. മണ്ണിൽ പണിയെടുക്കുന്നവരുടെ അധ്വാനത്തിന്റെ ബലത്തിലാണ് വിണ്ണിൽ നാം ചരിത്രമെഴുതുന്നത്.
അവനെ പരിഗണിക്കാത്ത എല്ലാ പ്രത്യയശാസ്ത്രത്തോടും ഭരണകൂടത്തോടും യുദ്ധം ചെയ്യുക എന്നതാണ് എഴുത്തുകാരന്റെ കർത്തവ്യം.

അജയ് നാരായണൻ –
ഇടുക്കിയെ ഭൂമികയാക്കി, ഇടുക്കി സമൂഹത്തെ വിഷയമാക്കി കഥ എഴുതാൻ സാധിച്ചില്ലെന്ന് മോബിൻ തന്നെ ഒരു “കുറ്റസമ്മതം” നടത്തിയിട്ടുണ്ട്. എങ്കിലും, ഒരു സാഹിത്യകാരന്റെ സർഗ്ഗാവിഷ്കാരത്തെ സ്വാധീനിച്ച ഘടകങ്ങൾ കാണുമല്ലോ. ‘ജക്കരന്ത’യെ ആസ്പദമാക്കി താങ്കളെ എഴുത്തിൽ സ്വാധീനിച്ച ഘടകങ്ങൾ വിശദീകരിക്കാമോ?

മോബിൻ മോഹൻ -
ഇടുക്കിയെ ഭൂമികയാക്കി ഒരു നോവൽ എന്റെ വലിയൊരു ആഗ്രഹമാണ്. വിവിധ ഘട്ടങ്ങളിൽ ഇവിടെ കുടിയേറിയ പല ഭാഷക്കാരായ പല ദേശക്കാരായ മനുഷ്യരുടെ  ജീവിതം ഏറെക്കുറെ സത്യസന്ധമായി എഴുതണമല്ലോ. അതിനുള്ള ശ്രമം തുടരേണ്ടിയിരിക്കുന്നു. ഒരിക്കൽ എഴുതാനാവുമെന്ന് പൂർണ്ണമായും വിശ്വസിക്കുന്നു.
ജക്കരന്ത ഒരു പ്രണയനോവൽ ആണ്. ഒരു നൂറ്റാണ്ട് മുമ്പുള്ള യൂറോപ്പാണ് കഥാപരിസരം. മതവും മിത്തും ചരിത്രവും എല്ലാം അതിൽ കടന്നുവരുന്നുണ്ട്. ആ പ്രദേശത്തെ അടയാളപ്പെടുത്തുവാൻ നല്ല ഒരു പഠനം ഞാൻ നടത്തിയിട്ടുണ്ട്. അത് ഒരു പരിധിവരെ വിജയിച്ചു എന്ന് തന്നെയാണ് എന്റെ വിശ്വാസം.

അജയ് നാരായണൻ –
നമുക്ക് മോബിന്റെ എഴുത്തുശൈലിയിലേക്ക് വരാം. വായനക്കാരനുമായി എളുപ്പം സംവദിക്കുന്ന സത്യസന്ധമായ, ലളിതമായ ആഖ്യാനശൈലി ഞാൻ വായിച്ചെടുത്ത താങ്കളുടെ ചില എഴുത്തുകളിൽ കാണാം. ആരാണ്, എന്താണ് എഴുത്തിൽ മോബിന്റെ മാതൃക?

മോബിൻ മോഹൻ -
ഫിക്ഷൻ എഴുതുമ്പോൾ അതിൽ പാണ്ഡിത്യപ്രകടനം എഴുത്തിന്റെ ഒഴുക്കിനെ സ്വാഭാവികതയെ തടസ്സപ്പെടുത്തും. അപ്പോൾ തീർച്ചയായും അത് യാന്ത്രികമായി മാറും. സാഹിത്യം ജൈവീകമാകണമെന്നാണ്  എന്റെ വിശ്വാസം.
കുട്ടികളെ പഠിപ്പിക്കലാണ് തൊഴിലെന്നുള്ളതുകൊണ്ട് അവരോട് പരമാവധി ലളിതമായി പറയുന്ന ഒരു ശൈലിയാണ് എഴുത്തിലും സ്വീകരിച്ചിരിക്കുന്നത്. ഒരുപാട് എഴുത്തുകാരുടെ  ഭാഷയും ശൈലിയും എന്നെ സ്വാധീനിച്ചിട്ടുണ്ട്. അവർക്കെല്ലാം അവരുടേതായ ഒരു എഴുത്ത് രീതി ഉണ്ട്.
വിഖ്യാത എഴുത്തുകാരൻ ആൽബേർ കാമുവിന്റെ പ്രസിദ്ധമായ ഒരു വാചകമുണ്ട് “ ഈ ലോകത്തോട് സത്യം വിളിച്ചുപറയാൻ നാം ഉപയോഗിക്കുന്ന നുണകളെ ഫിക്ഷൻ എന്ന് പറയാം “. ഭാവനയുടെ ലോകത്തുനിന്നും നാം സൃഷ്ടിച്ചെടുക്കുന്ന ഒരു കഥാപരിസരം സത്യസന്ധമായിരിക്കണം. എങ്കിൽ മാത്രമേ കാലത്തോടും കുലത്തോടും നീതി പുലർത്താൻ കഴിയൂ.

അജയ് നാരായണൻ  –
നമുക്ക് വീണ്ടും മോബിന്റെ എഴുത്തുശൈലിയിലേക്കു വരാം. കവിത എഴുതുമ്പോൾ ചിലർ അപരന്റെ അനുഭവങ്ങളെ ആത്മാംശമാക്കുന്നു. മറിച്ചും സംഭവിക്കാം, തന്റെ അനുഭവങ്ങളിലൂടെ അപരനെ അറിയുകയുമാവാം.
താങ്കളുടെ എഴുത്തുരീതിയിൽ എന്റെ ഒരു നിരീക്ഷണം പറഞ്ഞാൽ, താങ്കൾ മറ്റുള്ളവരുടെ ഭാവങ്ങളെയും അനുഭവങ്ങളെയും സ്വായത്തമാക്കുന്നു. അതിലൂടെ ഒരു ആശയാവിഷ്കാരം തന്നെനടത്തി അനുവാചകരെ, അതു കുട്ടികളോ മുതിർന്നവരോ ആയ സഹൃദയരെ കയ്യിലെടുക്കുന്നു. ഉദാഹരണം, ഉണ്ണീരി കഥകൾ, ഗൗരിയമ്മയടക്കം ചരിത്രം തിരുത്തിക്കുറിച്ച പലരെയും കണ്ട അനുഭവവിവരണം. ഇത്തരം അനുഭവങ്ങളെ സ്വായത്തമാക്കി മറ്റുള്ളവരിലേക്കെത്തിക്കുന്ന മോബിൻ എന്ന അദ്ധ്യാപകൻ വെറുമൊരു എഴുത്തുകാരനല്ല.
ജീവിതത്തെ അന്യവത്കരിക്കാതെ, തനതാക്കി മാറ്റുന്ന മനുഷ്യസ്‌നേഹി. ഇതാണ് താങ്കളുടെ എഴുത്തിലും ഞാൻ കാണുന്ന ശൈലി. നടന്നുവന്ന സാഹിത്യപാതയെ മുൻനിർത്തി ഈ നിരീക്ഷണത്തെ വിലയിരുത്താമോ?

മോബിൻ മോഹൻ -
ദുർഗ്രഹതയുടെ മതിലുകൾക്കുള്ളിൽ സാഹിത്യത്തെ തളച്ചിടുന്നതിനോട് യോജിക്കാൻ കഴിയില്ല. നാം നമുക്ക് ചുറ്റുമുള്ള പരിസരവുമായി നടത്തുന്ന നിരന്തരമായ ഇടപെടലുകളാണ്  സൃഷ്ടിയായി രൂപം കൊള്ളുന്നത്. ഇനി എഴുതാതെ വയ്യ അല്ലെങ്കിൽ ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥ വരുമ്പോൾ ആണ് എഴുതേണ്ടത്. അങ്ങനെ എഴുതുമ്പോൾ നമ്മുടെ ഭാഷയ്ക്ക് ഒഴുക്ക് ഉണ്ടാവും. ജീവിതത്തിന്റെ ഗന്ധം ഉണ്ടാവും. സ്വാഭാവികമായും അത് ലളിതമാകാതിരിക്കാനുള്ള വഴിയില്ല. എഴുതാൻ വേണ്ടി എഴുതുമ്പോഴാണ് എഴുത്ത് യാന്ത്രികമാകുന്നത്.
നമുക്കു മുന്നിൽ വരുന്ന ജീവിതങ്ങളെയാണ് നാം സാഹിത്യത്തിലൂടെ അടയാളപ്പെടുത്തുന്നത്. അത് സ്വാനുഭവങ്ങളോ മറ്റുള്ളവരുടെ അനുഭവങ്ങളോ ഒക്കെയാവാം. പക്ഷേ ഏത് അനുഭവം എഴുതിയാലും ആത്മാംശത്തിന്റെ അടയാളപ്പെടുത്തൽ അതിലുണ്ടാവും. ഏതൊരു സൃഷ്ടിയും അത് കഥയായാലും കവിതയായാലും അനുവാചകനുമായുള്ള ഒരു സത്യവാങ്മൂലമാണ്. എന്റെ എഴുത്തും ശൈലിയും ഈ ബോധത്തിൽ നിന്നും രൂപപ്പെട്ടതാണ്.
“തുടുവെള്ളാമ്പൽ പൊയ്കയല്ല ജീവിതത്തിന്റെ
കടലേ കവിതയ്ക്കു ഞങ്ങൾക്കു മഷിപ്പാത്രം”
കവിതയ്ക്ക് മാത്രമല്ല ഏതു സാഹിത്യ രൂപത്തിനും അങ്ങനെ തന്നെയാണ്.

അജയ് നാരായണൻ –
ഞാൻ വായിച്ച ചില കഥകളെ പരാമർശിക്കട്ടെ., platonic love (കുടക്കൂട്), ഇളംപ്രാവിന്റെ മാംസത്തിന്റെ സ്വാദിലെ സമാധാനമെന്ന ഉട്ടോപ്പിയൻ ആശയം (വെള്ളരിപ്രാവ്), ആർക്കും മനസ്സിലാകുന്ന ഒരിടത്തൊരിടത്തൊരു - രാജാവ്...? – (പറയാത്തകഥ), ബാല്യകാലചങ്ങാത്തത്തിന്നിടയിൽ മുളച്ച ശത്രുതയ്ക്കൊടുവിൽ ശത്രു ഗാന്ധിയായപ്പോൾ പ്രതികരണശേഷി നഷ്ടപ്പെട്ട ‘ഞാൻ’... (ആന്റപ്പൻ ഗാന്ധി) ഇത്തരം കൊച്ചുകഥകളിലൂടെ വിടർന്നുവരുന്ന ബന്ധങ്ങളുടെ പരിശുദ്ധി, രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങൾ, ബന്ധങ്ങളുടെ ഊഷ്മളത ഇതെല്ലാം മോബിൻ എന്ന എഴുത്തുകാരന്റെ സ്വത്വം വർണ്ണാഭമാക്കുന്നു. ഒപ്പം വായനക്കാരിൽ പരിശുദ്ധിയുടെ ഒരു അനുരണനവും സൃഷ്ടിക്കുന്നു.
താങ്കൾ എഴുതുമ്പോൾ മനസ്സിലുദിക്കുന്ന വികാരവിചാരങ്ങളെ (സംഘർഷങ്ങളും അനുഭൂതികളും) മേൽപ്പറഞ്ഞ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഒന്നു വിശദീകരിക്കാമോ?

മോബിൻ മോഹൻ -
നാം കാണുന്നതും കേൾക്കുന്നതും അനുഭവിച്ചറിയുന്നതും ഒക്കെയാണല്ലോ കഥയായും കവിതയായും വിരിയുന്നത്. തീർച്ചയായും അത്തരം സൃഷ്ടികൾക്ക് ഒരു രാഷ്ട്രീയം ഉണ്ടാവും. അതിനെ എന്തു പേരിട്ടു വിളിച്ചാലും ഏതു ഭാഷയിൽ അഭിസംബോധന ചെയ്താലും അതിന്റെ ആത്യന്തികമായ ലക്ഷ്യം മാനവികതയാണ്. എഴുത്തുകാരനും വായനക്കാരനും മാനവികമായി ശുദ്ധീകരിക്കപ്പെടുന്ന ഒരു പ്രക്രിയയാണ് സാഹിത്യം.
 ഒരു കഥയോ നോവലോ എഴുതുമ്പോൾ വലിയതോതിലുള്ള സമർദ്ദം ഉള്ളിൽ അനുഭവിക്കും. പേനയിലെ മഷിയായി കടലാസിലേക്ക് ഒഴുകുമ്പോഴാണ് അത് ലഘൂകരിക്കപ്പെടുക. ഒരുകണക്കിന് നമ്മിലെ മാനസികസംഘർഷം പലതായി വായനക്കാരന് വീതം വച്ചു കൊടുക്കുക എന്നുള്ളതാണല്ലോ ഒരു എഴുത്തുകാരന്റെ ധർമ്മം.

അജയ് നാരായണൻ –
കഥയെഴുത്തിലൂടെ മുഖ്യധാരയിലെത്തിയ മോബിൻ വളർന്നുവരുന്ന എഴുത്തുകാർക്കുവേണ്ടി മോട്ടിവേഷൻ എന്ന നിലയിൽ ചിലതെല്ലാം ചെയ്യുന്നുവല്ലോ. എന്താണ് യുവസാഹിത്യകാരന്മാർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ?
അനുബന്ധമായി ചോദിക്കട്ടെ, അച്ചടി മാധ്യമങ്ങളിൽ കഥകൾ/കവിതകൾ അച്ചടിച്ചുവരിക എന്നതൊരു മരീചികയായി മാറുന്ന ഈ കാലഘട്ടത്തിൽ ഭാഷാസാഹിത്യമെന്നത് ഒരു സ്വപ്നം മാത്രമായി മാറുന്നുവെന്ന് കരുതുന്നുണ്ടോ?

മോബിൻ മോഹൻ -
എന്റെ ആദ്യ കഥാസമാഹാരത്തിന്റെ പേര് പുറമ്പോക്ക് എന്നാണ്. മുഖ്യധാരാ സാഹിത്യ മണ്ഡലത്തിന്റെ പുറമ്പോക്കിൽ നിൽക്കാനാണ് എനിക്കിഷ്ടം. അവിടെ ആണല്ലോ ജീവിതം. സമാന്തര സാഹിത്യ പ്രസിദ്ധീകരണങ്ങളിലൂടെ ആണ് എന്റെ എഴുത്ത് ആരംഭിച്ചത്. കാര്യമായിട്ട് എഴുതിയിട്ടുള്ളതും അവിടെത്തന്നെ. ഇന്ന് സോഷ്യൽ മീഡിയ വലിയൊരു സാധ്യതയാണ്. എഴുതാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിക്ക് അവന്റെ സർഗ്ഗശേഷി പ്രകടിപ്പിക്കാൻ ഏറ്റവും മികച്ച ഇടം അതുതന്നെയാണ്. നമ്മൾ തന്നെ എഴുത്തുകാരനും പ്രസാധകനും ആവുന്ന സാഹചര്യം.
സാഹിത്യകാരന്മാരുടെ എണ്ണം ഒരുപാട് കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അച്ചടി മാധ്യമങ്ങളിൽ എഴുതുക എന്നത് ഇപ്പോൾ ശ്രമകരമാണ്. മാത്രമല്ല മികച്ച സാഹിത്യം എന്ന പരിഗണനയ്ക്കപ്പുറം മറ്റ് പലതുമാണ് അച്ചടിക്കാനുള്ള ഇപ്പോഴത്തെ മാനദണ്ഡം.

അജയ് നാരായണൻ –
വ്യക്തിപരമായ ഒരു ചോദ്യം കൂടി ചോദിച്ചുകൊണ്ട് നമുക്കീ അഭിമുഖം അവസാനിപ്പിക്കാം. കുടുംബം, അധ്യാപനം, എഴുത്ത് എങ്ങനെ ഇവയെല്ലാം കോർത്തിണക്കി പോകുന്നു? ഈ ആർജ്ജവത്തിന്റെ പിന്നിലുള്ള പ്രചോദനം ആരാണ് (എന്താണ്)?

മോബിൻ മോഹൻ -
നല്ല ഗുരുക്കൻമാർ എല്ലാം നല്ല കഥ പറച്ചിലുകാരുകൂടി ആയിരുന്നുവല്ലോ. ക്രിസ്തു, ശ്രീബുദ്ധൻ...
അധ്യാപനം കഥയെഴുത്തിനെ നന്നായി സഹായിക്കുന്നുണ്ട്. എഴുത്തിനും സാംസ്കാരിക പ്രവർത്തനത്തിനും പ്രോത്സാഹനം നൽകുന്ന  ഒരു കുടുംബ സാഹചര്യമാണ് എനിക്കുള്ളത്. സാംസ്കാരികരംഗത്ത് നിൽക്കുന്ന കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും ഉണ്ടായിരുന്നു. ചെറുപ്പകാലം മുതലേയുള്ള  ഗ്രന്ഥശാലകളും  സാംസ്കാരിക പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം ഈ രംഗത്ത് കൂടുതൽ സഹായിച്ചിട്ടുണ്ട്.
സുഹൃത്തുക്കളുടെയും വീട്ടുകാരുടെയും നാട്ടുകാരുടെയും സഹപ്രവർത്തകരുടെയുമെല്ലാം പിന്തുണ എഴുത്തിനുണ്ട്‌.
എന്നാലും കോടമഞ്ഞിലൂടെയുളള എന്റെ യാത്രയിൽ  ഓരോ ഹിമകണത്തോടും ലയിച്ച് ചേർന്ന ആരുടെയൊക്കെയോ കണ്ണുനീർതുള്ളികളാണ് എഴുത്തിന്റെ പ്രചോദനം.

അജയ് നാരായണൻ -
മോബിൻ, ഏറെ സന്തോഷവും അറിവും പകർന്ന നിമിഷങ്ങളാണ് എനിക്കു ലഭിച്ചത്. താങ്കളുമായുള്ള ഈ ചോദ്യോത്തരവേള ഏതൊരു വായനക്കാരനും ഏറെ പ്രയോജനപ്പെടും. നല്ലൊരു എഴുത്തുജീവിതം ഞാൻ താങ്കൾക്ക് ആശംസിക്കുന്നു.
വായനക്കാർക്ക് വേണ്ടി ശ്രീ മോബിൻ മോഹന്റെ ഒരു കൊച്ചുകഥയും ഇവിടെ ഇടുന്നു.

കഥ –
അതിർത്തി
മോബിൻ മോഹൻ

പട്ടിണിയും കലാപവും രൂക്ഷമായപ്പോഴാണ് അയാൾ രാജ്യം വിടാൻ തീരുമാനിച്ചത് . മുൻപ് നടന്ന കലാപങ്ങളിൽ മറ്റവരും ഉടയവരുമെല്ലാം കൊല്ലപ്പെട്ടിരുന്നു . അരക്ഷിതമായ  പൗരത്വത്തെക്കാൾ നല്ലത് അപരിചിതമായ അഭയാർത്ഥിത്വമാണെന്നയാൾ ഉറപ്പിച്ചു .
തന്നെ കൂടാതെ ആ കുടുംബത്തിൽ ഇനിയും അവശേഷിക്കുന്നത് അയാൾ ഇണക്കി വളർത്തിയിരുന്ന ഒരു പക്ഷി മാത്രമായിരുന്നു . അത്യാവശ്യത്തിന് വേണ്ട സാധനങ്ങൾ ഒരു തുണിസഞ്ചിയിലാക്കി ഒരു തോളിലും മറുതോളിൽ പക്ഷിയേയുമിരുത്തി അയാൾ മരുഭൂമിയിലൂടെ രാജ്യാതിർത്തി ലക്ഷ്യമാക്കി യാത്ര തുടങ്ങി .
പുറമെ നിശബ്ദമെന്നുതോന്നിയ അതിർത്തി ഇരുമ്പിന്റെ മുള്ളുവേലി കൊണ്ട് തിരിക്കപ്പെട്ടിരുന്നു. അവിടേയ്ക്ക് ഓടിപ്പാഞ്ഞടുക്കുമ്പോഴാണ്  അതിർത്തിക്കപ്പുറത്തു നിന്നും ഒരു വെടിയുണ്ട അയാളുടെ നെഞ്ച് തുളച്ച് കടന്നു പോയത് . പിന്നിലേയ്ക്ക് മറിഞ്ഞു വീഴുമ്പോൾ പാതിയടഞ്ഞ അയാളുടെ കണ്ണുകളിൽ പതിഞ്ഞത് അതിർത്തികളില്ലാത്ത ആകാശത്തേക്ക് പറന്നുയരുന്ന തന്റെ പക്ഷിയാണ്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സോളമനും നീതി ന്യായവും (തൊടുപുഴ കെ ശങ്കർ മുംബൈ)

കിരീടമില്ലാത്ത രാജാവ്, (കഥ, മിനി സുരേഷ്)

മാടൻ (കഥ-ഡോളി തോമസ് കണ്ണൂർ)

അന്നമ്മ (ചെറുകഥ: ദീപ ബിബീഷ് നായർ)

ദേവ പ്രകാശിനി (കഥ : രമണി അമ്മാൾ)

നീല ഞെരമ്പുകള്‍ (കവിത : ബിന്ദു ടിജി)

എവിടെ പിശാചുക്കള്‍, മാലാഖമാര്‍ (കവിത: മാര്‍ഗരറ്റ് ജോസഫ്)

ചിരാത് (കഥ: മേഘ നിശാന്ത് )

വിഷം തീണ്ടിയ അരിയാഹാരികളുടെ മേഘസ്‌ഫോടനം അഥവാ മൈക്കുകള്‍ വിദ്യാര്‍ത്ഥികളാവുന്നൂ(കവിത : പി.ഡി ജോര്‍ജ്, നടവയല്‍)

മണ്ണും മനുഷ്യനും (കവിത: ദീപ ബിബീഷ് നായർ)

അഞ്ജലി (ലൗലി ബാബു തെക്കെത്തല)

തോണിക്കാരിയിൽ പെയ്ത മഴ (കവിത: ഡോ. അജയ് നാരായണൻ)

എസ്തപ്പാന്‍ (കഥ: ജോസഫ്‌ എബ്രഹാം)

മില്ലേനിയം മാര്യേജ്: (കഥ, പെരുങ്കടവിള വിൻസൻറ്‌)

പ്രാണന്റെ പകുതി നീ തന്നെ(കവിത: സന്ധ്യ എം)

മോഹം (കവിത: ലൗലി ബാബു തെക്കെത്തല)

പാമ്പും കോണിയും : നിർമ്മല - നോവൽ അവസാന ഭാഗം

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി (നോവൽ : ഭാഗം - 19 )

മരണം (കവിത: ഇയാസ് ചൂരല്‍മല)

സ്നേഹത്തിന്റെ മുഖങ്ങൾ (കഥ: മഞ്ജു രവീന്ദ്രൻ)

സുമിത്രയുടെ സുന്ദരസ്വപ്‌നങ്ങൾ (കഥ: ശ്രീവിദ്യ)

ഇരുട്ടിലാട്ടം ( കവിത: ശ്രീ പട്ടാമ്പി)

The Other Shore (Poem: Dr. E. M. Poomottil)

കിലുക്കാംപെട്ടി: (കഥ, അമ്പിളി എം)

അയ്യപ്പൻ കവിതകൾ - ആസ്വാദനം ( ബിന്ദു ടിജി)

തീ (കഥ: മീര കൃഷ്ണൻകുട്ടി, ചെന്നൈ)

ഹബീബിന്റെ ചാരെ (കവിത: ഫാത്തിമത്തുൽ ഫിദ കെ. പി)

ശാന്തി (കവിത- ശിവൻ തലപ്പുലത്ത്‌)

അവളെഴുത്ത് (മായ കൃഷ്ണൻ)

ശില്പങ്ങൾ ഉണ്ടാകുന്നത് (കവിത -ലീഷാ മഞ്ജു )

View More