Image

അച്ഛനുണ്ടായിരുന്നു അന്ന് (കഥ : രമണി അമ്മാൾ)

Published on 09 September, 2021
അച്ഛനുണ്ടായിരുന്നു അന്ന് (കഥ : രമണി അമ്മാൾ)
പറമ്പിന്റെ അതിരുമുട്ടിയൊഴുകിയിരുന്ന പുഴ അകത്തേക്ക് ഉൾവലിഞ്ഞുകഴിഞ്ഞു.
തോണിപ്പുരയിൽ  കടത്തുതോണി വിശ്രമത്തിലും.. 
സമാധാനപരമായി പുഴവെളളം പലവട്ടം  കയറിയിറങ്ങിപ്പോകുന്ന പറമ്പിന്റെ ഉയർന്നഭാഗത്താണീ പഴയവീട്.
പേരിനുമാത്രമൊരു വാടകയേയുളളു.
അറയും നിരയുമൊക്കെയുളള തറവാട് ഒരു പുരാവസ്തുപോലേ കാത്തുസൂക്ഷിക്കണം..
കുടുംബത്തെ ഒപ്പംകൊണ്ടുവന്നു താമസിപ്പിക്കാനുളള അച്ഛന്റെ ആഗ്രഹത്തിനു ഓഫീസിലെ മേനോൻ സാറിന്റെ പച്ചക്കൊടി.
സമൃദ്ധമായിട്ടെല്ലാ വർഷവും കായ്ക്കുന്ന രണ്ടു വലിയ കുടംപുളിമരമടക്കം വൃക്ഷനിബിഢമാണ് പറമ്പിന്റെ അതിരുകൾ.
ഓടിവന്നു ചാടിക്കേറാൻ പാകത്തിൽ നിലം തൊട്ട് പടർന്നു പന്തലിച്ചു കിടക്കുന്ന ഒരു പ്രത്യേകതരം മാവ് ഗേറ്റിനരികിലായുണ്ട്.
മാനംമുട്ടെ ഒരുപോലെ ഉയരാൻ മത്സരിക്കുന്ന കമുകുകളാണു പറമ്പിന്റെ നടുഭാഗം മുഴുവൻ..
പഴുത്തു തുടുത്ത അടയ്ക്കാക്കുലകൾ 
അടർത്തിയെടുക്കുന്നതൊരു അഭ്യാസക്കാഴ്ച്ച തന്നെയാണ്..
ഒന്നിൽനിന്ന്, മറ്റൊന്നിലേക്ക്, അവിടുന്ന് അടുത്തതിലേക്ക്  ..
ആയത്തിൽ വില്ലുപോലെ വളഞ്ഞ് ഒരു കമുകിന്റെ തുഞ്ചത്തുനിന്നും 
അവസാനത്തേതിലെത്തും
കാറ്റുവാക്കിന് ആടിയുലഞ്ഞ് ഒടിഞ്ഞു വീഴുമെന്ന് പേടിപ്പിക്കാറുളള 
കമുകുകളുടെ ദൂരക്കാഴ്ച മനോഹരമാണ്...
വവ്വാലീമ്പിയിടുന്ന  അടയ്ക്കാകൾ പെറുക്കിക്കുട്ടിയുണക്കിയെടുത്തുവയ്ക്കും..
"അടയ്ക്കേണ്ടോ...പറങ്ങേണ്ടിയൊണ്ടോന്നൊക്കെ വിളിച്ചുചോയ്ച്ചോണ്ട് 
ആരെങ്കിലും വരും.. വിറ്റുകിട്ടുന്ന കാശ് എത്രയായിരുന്നാലും അതു ഞങ്ങൾക്കുളളതാണ്.
വീട്ടിലേക്കു വേണ്ടുന്ന അല്ലറചില്ലറ സാധനങ്ങൾ വാങ്ങാനും മറ്റും അന്നൊക്കെ എന്നെയാണു കടേലേക്ക് വിട്ടോണ്ടിരുന്നത്.. എനിക്കതു വല്യ സന്തോഷോമായിരുന്നു.. പറ്റുവരവാണ്..
ഒരു കുഞ്ഞു ബുക്കിൽ ആവശ്യമുളള സാധനങ്ങളുടെ പേര് അതിലെഴുതും. 
മിഠായി വാങ്ങാനുളള ചില്ലറപ്പൈസ കയ്യിൽ കരുതും..
നാരങ്ങാമിഠായിയോ ഗ്യാസുമിഠായിയോ തരംപോലെ വാങ്ങും..
വീട്ടിൽ നിന്ന് കടേലേക്ക് ഇച്ചിരി ദൂരമുണ്ട്..
മോനായീടെ കടയാണ്. അച്ഛനു ശമ്പളംകിട്ടുമ്പോൾ
കടവഴിവന്ന് പറ്റു മുഴുവൻ തീർക്കും..  ഒരു സഞ്ചിയിൽ തൂക്കിപ്പിടിക്കാവുന്ന 
സാധനങ്ങളേ എന്നെക്കൊണ്ട് വാങ്ങിപ്പിക്കൂട്ടോ.....
സഞ്ചി കുറച്ചുദൂരം കയ്യിൽ തൂക്കും.... പിന്നെയത് ഏണിലേക്കെടുത്തു വയ്ക്കും. 
മിഠായികൾ ഓരോന്നോരോന്നായി വായിലിട്ടലിയിച്ചുകൊണ്ട്.         
നേരെ നീണ്ടു കിടക്കുന്ന മൺറോഡിലൂടെ കുറച്ചങ്ങു നടക്കുമ്പോൾ വലത്തോട്ടൊരു ചെറിയ ഇടവഴീണ്ട്..
രണ്ടുപേർക്ക് കഷ്ടി ചേർന്നു നടക്കാം..
റോഡിന്റെ രണ്ടുവളവുകളവസാനിക്കുന്നിടത്തേക്ക് നേരേചെന്നു കേറിയാൽ കുറച്ചുദൂരം ലാഭിക്കാം..വെയിലുമില്ല...
കയ്യിലെ നീളമുളള വടി വശങ്ങളിൽ വളർന്നു നില്ക്കുന്ന  പുല്ലിലും ചെടീലുമെല്ലാം വീശിയടിച്ച് ഒരു കറുത്ത, വലിയ എലുമ്പൻ ചെക്കനെ ഞാൻ ചിലപ്പോഴൊക്കെ ആ വഴിയിൽ കാണാറുണ്ടായിരുന്നു. 
അന്ന് സഞ്ചീൽ അരി മാത്രേണ്ടായിരുന്നുളളു..
വായിൽ പതിവുപോലെ മിഠായിയും..അരിയുടെ ഭാരം ഏണിന്നു കൈമാറി വലതുകയ്യും വീശി എതിരേ കടന്നുവരുന്ന അവനെ കടന്നുപോരുമ്പോൾ പെട്ടെന്നാണ് അവന്റെ കൈ എന്റെ നെഞ്ചിന്റെ ഭാഗത്തേക്കു നീണ്ടത്....
നെഞ്ചിലെ കല്ലിപ്പിൽ തുടരെത്തുടരെ അവൻ അമർത്തി.. നന്നായി വേദനിച്ചു.. എന്താണു സംഭവിക്കുന്നതെന്ന വെപ്രാളത്തിനിടയിൽ അരി സഞ്ചി താഴേക്കു വീണു. ഒന്നുമറിയാത്തപോലെ അവൻ മുന്നോട്ടും നടന്നു...
കുരുത്തക്കേടാണവൻ ചെയ്തതെന്നെനിക്കു മനസ്സിലായി... പകുതിയോളം അരി സഞ്ചീന്നൂർന്നിട്ടുണ്ട്.
"അമ്മാ.....ആ എടവഴീക്കൂടെ കേറിവരുമ്പോൾ
ഒരു ചെക്കനെന്റെ 
നെഞ്ചത്തു പിടിച്ചു ഞെരുടി......അവന്റെ കൈ
ഞാൻ തട്ടി മാറ്റിയപ്പോൾ അരിസഞ്ചി താഴെവീണു..കൊറച്ചൊക്കെ വാരിയെടുത്തമ്മാ..."
അമ്മ, ഒരു ഞെട്ടലോടെയാണാ വാർത്ത ശ്രവിച്ചത്.
"ഏതവനാ..അത്..? നീയവനെ നേരത്തെ കണ്ടിട്ടുണ്ടോ മോളേ....ഇനീം നിനക്കവനെ കണ്ടാലറിയാമോ..?
ഒരു നാരങ്ങാമിട്ടായി അമ്മേടെ വായിലേക്കു വച്ചുകൊടുക്കുമ്പോൾ ഓർത്തില്ല, തന്നെ തനിച്ചിനി കടയിലേക്കെന്നല്ല, ഒരിടത്തേക്കും വിടില്ലെന്ന്..
ജോലികഴിഞ്ഞ് അച്ഛൻ വന്നപ്പോഴല്ലേ പുകില്...
തന്നെയും കൂട്ടി ഉടനേയിറങ്ങി കടയിലേക്ക്.
"ഏതവനാണെന്ന് മോളച്ഛനെ കാണിച്ചു തരണം..."
ആ ചെക്കനെ ഇടവഴിയിലെങ്ങും കണ്ടില്ല..മണ്ണിലും പൊടിയിലും ചിതറിക്കിടപ്പുണ്ട്. അരിമണികൾ. 
കിളികളുടെ കണ്ണൊന്നും ഇവിടേക്കിതുവരെയെത്തിയിട്ടില്ല...നേരെ...മോനായീടെ കടയിലേക്കു വച്ചുപിടിച്ചു..
കടയിൽ മറ്റാരുമില്ല.
അച്ഛൻ മോനായിയോടെന്തോ പറഞ്ഞു....."അതാ..രാഘവന്റെ മോനാ...
അവനിച്ചിരി പെശകാ...ആ പരിസരത്തൊക്കെയാ അവനേതുനേരവും..
ചിലപ്പോൾ കൂട്ടുകാരുസെറ്റുമുണ്ടാകും.
പത്താംക്ളാസുതോറ്റുനടക്കുന്നവൻ.."
മോനായി പറഞ്ഞുതീർന്നതും അവൻ കടയിലേക്കു കയറിവന്നതും ഒരുമിച്ചായിരുന്നു...
മോനായി അച്ഛനെ കണ്ണു കാണിച്ചു.
അച്ഛൻ അവന്റെ ചെകിടുനോക്കി ഒരു പൊട്ടിക്കൽ...അവൻ വേച്ചു വീഴാൻ പോയി..
"നിനക്കു മനസ്സിലായോ..
ഇതെന്തിനുളളതാണെന്ന്..
അച്ഛന്റെ പിന്നിൽ പേടിച്ചൊതുങ്ങിനിന്ന എന്നെ അവൻ അപ്പോഴാണു കണ്ടത്...!
കാര്യം മനസ്സിലായതും അടിയുടെ പുകച്ചിൽ തടവി അവൻ തിരിഞ്ഞു നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക