Image

പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.

Published on 08 September, 2021
പ്രവാസികളെ ചൂഷണം ചെയ്യുന്നവരെ നിലയ്ക്ക് നിർത്തണം: നവയുഗം.
ദമ്മാം: ഏറെ കാലത്തെ വിമാനയാത്ര വിലക്ക് സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഭാഗികമായി നീക്കിയതോടെ, മാസങ്ങളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍, മടക്കയാത്ര ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പല ഭാഗത്തു നിന്നും പല തരത്തിലുള്ള ചൂഷണമാണ് അവര്‍ നേരിടുന്നത്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.

കാല്‍ ലക്ഷത്തിലേറെ രൂപയാണ് വിമാനകമ്പനികള് കുറഞ്ഞ ടിക്കറ്റിന് പോലും ഈടാക്കുന്നത്.  ട്രാവല്‍ ഏജന്‍സികളും, ഇടനിലക്കാരും അമിത ചാര്‍ജ്ജ് അടിച്ചേല്‍പ്പിച്ചു ചൂഷണം നടത്തുന്നു. അതിനെല്ലാം പുറമെയാണ്,വിമാനതാവളത്തിലെ കോവിഡ് റാപ്പിഡ് പിസിആര് പരിശോധനയ്ക്ക് ചുമതല നല്‍കിയ മെഡിക്കല്‍ ഏജന്‍സി യാത്രക്കാരില്‍ നിന്നും അമിതമായ ചാര്‍ജ്ജ് ഈടാക്കുന്നത്.

യാത്രയ്ക്ക് തൊട്ടുമുന്‍പുള്ള കോവിഡ് റാപ്പിഡ് പിസിആര് പരിശോധനയ്ക്ക്, കേരളത്തിലെ വിമാനത്താവളങ്ങളില്‍ ആളൊന്നുക്ക് 2500 രൂപയും, മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ 2500 മുതല്‍ 5000 രൂപ വരെയും ഈടാക്കുകയാണ് ഇപ്പോള്‍. രണ്ടുമക്കളടങ്ങുന്ന കുടുംബത്തിന് ആകെ ചിലവാക്കേണ്ട തുക പതിനായിരം രൂപയോളം വരും. നാട്ടിലെ കോവിഡ് ലാബുകളില്‍ ആയിരം രൂപയില്‍ താഴെ മാത്രം ചാര്‍ജ്ജ് ഈടാക്കുന്ന സ്ഥാനത്താണ്, വിമാനത്താവളങ്ങളില്‍ ഇങ്ങനെ അമിതചാര്‍ജ്ജ് ഈടാക്കി പ്രവാസികളെ പിഴിയുന്നത്.

അവധിക്ക് നാട്ടിലെത്തി, അപ്രതീക്ഷിതമായ വിമാനയാത്രവിലക്കില്‍ പെട്ടു പോയവരാണ് പ്രവാസികളില്‍ ഭൂരിഭാഗവും. സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലേക്കുള്ള യാത്രവിലക്ക് ഒരുവര്ഷത്തിലേറെ നീണ്ടപ്പോള്, കടം വാങ്ങിയും, വട്ടപ്പലിശക്ക് കാശെടുത്തുമാണ് പല പ്രവാസികുടുംബംഗങ്ങളും ദിവസങ്ങള് തള്ളി നീക്കിയത്. ഏറെ കാത്തിരിപ്പിനൊടുവില് മടങ്ങാന് അവസരമൊരുമ്പോഴും, അവരുടെ മേല്‍ ഇമ്മാതിരി ബാധ്യതകള്‍ കെട്ടിവയ്ക്കുന്നത് ശരിയല്ല.

മടക്കയാത്രയ്ക്ക് ഒരുങ്ങുന്ന പ്രവാസികളെ ഇത്തരം ചൂഷണങ്ങളില്‍ നിന്നും രക്ഷിയ്‌ക്കേണ്ട ബാധ്യത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉണ്ട്. ഈ വിഷയത്തില്‍ അധികാരികള്‍ അടിയന്തരമായി ഇടപെടണമെന്ന് നവയുഗം സാംസ്‌ക്കാരിക വേദി കേന്ദ്രകമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടനും, ആക്ടിങ്  സെക്രെട്ടറി ദാസന്‍ രാഘവനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക