Image

പുണ്യാളന്റെ വണ്ടി-(ചെറുകഥ : ജോസ് ആലുങ്കല്‍)

ജോസ് ആലുങ്കല്‍ Published on 08 September, 2021
 പുണ്യാളന്റെ വണ്ടി-(ചെറുകഥ : ജോസ് ആലുങ്കല്‍)
കമ്പളിക്കണ്ടത്തുനിന്നും നാല്‍പതു കിലോമീറ്റര്‍ ദൂരം, എ്ന്നു വച്ചാല്‍ തമിഴ്‌നാട് ബോര്‍ഡര്‍. കുന്നും, മലയും താണ്ടി ഞങ്ങളുടെ ജീപ്പ് ആകാശത്തിന്റെ മടിത്തട്ടിലേക്കു നീങ്ങിക്കൊണ്ടിരുന്നു. സ്വര്‍ഗ്ഗതുല്യമായ നാട്ടിലേക്ക്.

തണുപ്പ് കൂടിത്തുടങ്ങി. മഞ്ഞിന്റെ ഈറന്‍ ചേല ചുറ്റിയുടുത്ത മലനിരകള്‍ ദൂരെ കണ്ടു. ചെറുകുന്നുകള്‍ക്കു നടുവില്‍ പ്രകൃതി കനിഞ്ഞു നല്‍കിയ തടാകങ്ങള്‍. ചൂളം വിളിക്കുന്ന ഈറ്റക്കാടുകളും കൊണ്ടു നിറഞ്ഞ രസകരമായ കാഴ്ചകള്‍. സുഹൃത്തിന്റെ ബന്ധുവീട്ടിലായിരുന്നു താമസം. ഒറ്റയ്ക്കു താമസിക്കുന്ന ഒരു വല്ല്യമ്മ മാത്രം. ഞങ്ങളെക്കണ്ടപ്പോള്‍ അവര്‍ക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അവര്‍ക്ക്. അതങ്ങിനെയാണ് പട്ടണത്തില്‍ നിന്നും വന്നവരോടുള്ള ഒരു പ്രത്യേകം സ്‌നേഹം. ഞങ്ങള്‍ വരുന്നതറിഞ്ഞ് ഭക്ഷണമെല്ലാം തയ്യാറാക്കി വച്ചിരുന്നു പാവം. പ്രകൃതിഭംഗി ആസ്വദിക്കുന്ന തിരിക്കിലായിരുന്നു ഞാന്‍. തളിരിലകള്‍ കാറ്റിലാടുന്നതും, കോടമഞ്ഞ് ഒഴുകി നടക്കുന്നതുമൊക്കെ. അപ്പോഴാണ് തോളില്‍ത്തട്ടി സുഹൃത്ത് ചോദിച്ചത്:-
'ജോസേ... നമുക്ക് സ്വല്പമൊന്നു നടന്നാലോ.? എന്റെയൊരു പരിചയക്കാരന്‍ മൂപ്പന്റെ വീടുവരെ. അവിടെ നല്ല വാറ്റുകിട്ടും. ഈ തണുപ്പില്‍നിന്നു രക്ഷപ്പെടാന്‍ നല്ലതാ.'
കേള്‍ക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. നടത്തം തുടങ്ങി. കയറ്റവും, ഇറക്കവുമൊക്കെക്കഴിഞ്ഞ് ചെലവന്‍ മൂപ്പന്റെ കുടിലിലെത്തി. കണ്ടമാത്രയില്‍ സുഹൃത്തിനോടു പറഞ്ഞു:-
'ങാ... പുള്ളേനെ കാണാറില്ലല്ലോ? ഇങ്ങോട്ടൊന്നും വരവില്ലേ....?'
'കുറെയായി. മൂപ്പാ.... ഇതെന്റെ സുഹൃത്ത്. കക്ഷിക്ക് തണുപ്പ് സഹിക്കണില്ല. വല്ല മാര്‍ഗ്ഗവുമുണ്ടോ?'
'പുള്ള ചോദിച്ചാപ്പിന്നെ തരാതിരിക്കാന്‍ പറ്റ്വോ?'
കുടിലില്‍ നിന്നും ചിലവന്‍ മൂപ്പന്‍ കുപ്പിയുമായി വരുന്നതിനിടയില്‍ പറഞ്ഞു:-
'നാട്ടിലേക്കൊന്നു വരണമെന്നു കരുതിയിരിക്വായിരുന്നു. എനിക്കു സ്വല്പം വിഷം വാങ്ങാന്‍.'
ഞാന്‍ അമ്പരപ്പോടെ രണ്ടുപേരേയും നോക്കുന്നതുകണ്ട ചെലവന്‍ മൂപ്പന്‍ പറഞ്ഞു:-
'എന്റെ പറച്ചിലുകേട്ട് പുള്ളേടെ സുഹൃത്ത് മിഴിച്ചു നില്‍ക്കണകണ്ടാ... വിഷമെന്നു പറഞ്ഞാല്‍ പാമ്പിന്‍ വിഷം. നാട്ടില്‍ പേരുകേട്ടൊരു പാമ്പു പിടുത്തക്കാരനുണ്ടല്ലോ? അവന്റെ കൈയ്യിലുണ്ട്.'
'അതെങ്ങിനെയാ മൂപ്പാ പിടിക്കുന്ന പാമ്പിനെ അവന്‍ കാട്ടില്‍ക്കൊണ്ടോയി വിടുകയല്ലേ...?'
അതു നിങ്ങടെ അറിവില്ലായ്മകൊണ്ടു പറയണതാ. അതായത് പിടിച്ച പാമ്പിന്റെ കഴുത്തില്‍ രണ്ടു മിനിറ്റ് ഞെക്കിപ്പിടിച്ചാല്‍ പത്തുദിവസം കഴിയുമ്പോ പാമ്പു ചത്തുപോകും. അക്കാര്യം ഈ പിടുത്തക്കാര്‍ക്കൊക്കെ അറിയാം. നിങ്ങളുടെ ആരുടേയും ശ്രദ്ധയില്‍പ്പെടാതെ അവരതു ഊറ്റിയെടുക്കും. വില്‍ക്കും. അതുകൊണ്ടവന്‍ പിടിക്കുന്നിടത്തുനിന്നും പ്രതിഫലമൊന്നും വാങ്ങാത്തത്.
'വാങ്ങിയിട്ട് മൂപ്പനെന്തിനാ...?'
'മഷിനോട്ടത്തിനുവേണ്ടി.'
'മഷിനോട്ടം. അതു ശുദ്ധതട്ടിപ്പല്ലേ....?'
'തട്ടിപ്പല്ല. ഇവിടെ ഉള്‍വനങ്ങളില്‍ കാണുന്ന ചില പച്ചമരുന്നുകള്‍ ഇടിച്ചു പിഴിഞ്ഞ് അതെല്ലാംകൂടി കൂട്ടിച്ചേര്‍ത്താല്‍ കിട്ടുന്നത് ഉഗ്രവിഷമായിരിക്കും. അതിന്റെ കൂടെ കരിമൂര്‍ഖന്റെ വിഷം കൂടി ചേര്‍ത്താല്‍ കിട്ടുന്ന സാധനം വെറ്റിലയില്‍ തേച്ച് നമുക്കെന്താണോ അറിയേണ്ടത് എന്നു മനസ്സില്‍ വിചാരിച്ചാല്‍ തെളിഞ്ഞുവരും. മുള്ളുവക്കുറമ്പ വിഭാഗത്തില്‍പ്പെട്ട ആദിവാസികളാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ വിദഗ്തര്‍. പക്ഷേ വിഷത്തിനു ക്ഷാമം.'
തണുപ്പുമാറ്റലും, മൂപ്പന്റെ സംസാരവും കേട്ടിരുന്ന് നേരം പോയതറിഞ്ഞില്ല. പിറ്റേന്നു രാവിലെ പോരാന്‍ നേരം പരിചയപ്പെടാന്‍ വല്ല്യമ്മച്ചിവന്നു.
'വല്ല്യമ്മച്ചി ഇവിടെ ഒറ്റയ്ക്കാണോ താമസിക്കുന്നത്. ഭര്‍ത്താവ്?'
'പുള്ളിക്കാരന്‍ മണ്ണുഗവേഷണത്തിനുപോയി.'
'മണ്ണുഗവേഷണമോ...? മനസ്സിലായില്ല.'
'മരിച്ചുപോയെന്ന്. ഇപ്പോ ഒറ്റയ്ക്കായി. എന്റെ വിധി. പോകണ്ടാന്നു പറയാന്‍ പറ്റ്വോ?'
എനിക്കു ചിരിപൊട്ടിപ്പോയി. ചിരി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്കുകയറി സുഹൃത്തു പറഞ്ഞു:-
'ഈ കാണുന്നതൊന്നുമല്ല. നല്ല രസികത്തിയാ. വെള്ളിക്കുരിശെന്നാ നാട്ടുകാരു വിളിക്കണത്! ആ കഥയൊന്നു പറഞ്ഞു കൊടുത്തേ...'
ഇതു പറഞ്ഞു പറഞ്ഞു ഞാന്‍ തോറ്റു. എന്നാലും മോനോടായിട്ടു പറയാം. രാവിലെ പതിനൊന്നു മണിയാകുമ്പോ ആകാശത്തുക്കൂടി അതങ്ങിനെ പറന്നുപോകും. വലിയൊരു ശബ്ദവും കേള്‍ക്കും. ഉടനേ ഞാന്‍ വീടിനു പുറത്തിറങ്ങി മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിക്കും. പിന്നീട് വടക്കേതിലെ ഷേര്‍ളിപ്പെണ്ണാ പറഞ്ഞത്.
'അതു എയ്‌റോപ്ലെയ്‌നാണെന്ന്.'
വീണ്ടുമെനിക്കു ചിരിപൊട്ടി.
'എന്റെ മോനെ.... ഈ കഥ പറച്ചിലാ എനിക്കൊരു ആശ്വാസം. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതിന്റെ വിഷമം നിനക്കറിയില്ല. വട്ടുപിടിച്ചു പോകും. ആദ്യം ഇതിയാന്‍ പോയി. പിന്നെ ആറ്റുനോറ്റു വളര്‍ത്തിയ മോനും.'
'മകനെന്തു പറ്റി....?'
'അതുചോദിക്കണ്ടാ ജോസേ... മകന്‍ ദില്ലിയില്‍ ബ്ലാക്ക് ക്യാറ്റായിരുന്നു. വെടിയേറ്റു മരിച്ചു.'
അവരുടെ മുഖഭാവം മാറിവരുന്നതു ഞാന്‍ കണ്ടു. മനോവിഷമം മാറ്റാനുള്ള ശ്രമമായിരുന്നു പിന്നീട്. ഞാന്‍ പറഞ്ഞു:
'അമ്മച്ചിയുടെ മനസ്സുനിറയെ കഥകളാണെന്നു മനസ്സിലായി അതിലൊരെണ്ണം പറഞ്ഞു തരണം.'
'അങ്ങിനെ പ്രത്യേകിച്ചു കഥകളൊന്നുമില്ല. പണ്ട് എനിക്ക് പറ്റിയൊരു അബന്ധം പറഞ്ഞുതരാം.'
'ങ്ഹാ.... കേക്കട്ടേ.... കേക്കട്ടേ....!!'
അതായത് ഈ നാട്ടിലാദ്യം ബസ്സു വന്ന സമയം. എല്ലാവര്‍ക്കും ഒരതിശയമായിരുന്നു. ബസ്സിന്റെ പേര് 'സെന്റ് സെബാസ്റ്റ്യന്‍.' സെബസ്ത്യാനോസ് പുണ്യാളന്‍ വാങ്ങിയ വണ്ടിയാണെന്നു അതില്‍ കയറി യാത്ര ചെയ്തു ചുറ്റുവട്ടത്തുള്ള പെണ്ണുങ്ങള്‍ പറഞ്ഞു.
പുണ്യാളന്റെ വണ്ടിയില്‍ കയറി യാത്രചെയ്യാന്‍ എനിക്കും അതിയായ മോഹമുദിച്ചു. പക്ഷേ... എനിക്കെവിടെപോകാന്‍? പണ്ട് മലയാറ്റൂരുപള്ളിയില്‍പ്പോയപ്പോ ഞാന്‍ മൂന്നുദിവസത്തെ നൊയമ്പെടുത്താ പോയത്. പുണ്യാളന്റെ വണ്ടിയില്‍ ആദ്യമായി കയറുമ്പോ നൊയമ്പ് എടുക്കാതെ എങ്ങിനെയാ പോണത് അതുകൊണ്ട് ഞാനും എടുത്തു ഒരാഴ്ചത്തെ നൊയമ്പ്.
അങ്ങിനെ ഒരു ദിവസം ഉടുത്തൊരുങ്ങി ബസ്സില്‍ കയറാന്‍ പോയി. ആലത്തൊണ്ടും കഴിഞ്ഞ് ഞാന്‍ ടാറിട്ട റോഡിലേക്കു കയറിയതും അതിശയം പോലെ പുണ്യാളന്റെ വണ്ടി എന്റെ മുന്നില്‍ക്കൊണ്ടുവന്നു നിര്‍ത്തി. കണ്ടപാടെ ഞാന്‍ മൂന്നുപ്രാവശ്യം കുരിശുവരച്ചു പ്രാര്‍ത്ഥന ചൊല്ലി. ബസ്സിന്റെ ചവിട്ടുപടിയില്‍ കപ്യാരു പയ്യന്‍ നില്‍പുണ്ടായിരുന്നു. എന്നെ കണ്ടയുടനെ അവന്‍ പറഞ്ഞു:-
'കയറ് വല്ല്യമ്മേ... വല്ല്യമ്മയ്ക്കുവേണ്ടിയാ വണ്ടി നിര്‍ത്തിയത്.'
പുണ്യാളന്റെ വണ്ടീലോട്ടു കയറുമ്പോ ഭയഭക്തി വേണോല്ലോയെന്നു കരുതി കാലില്‍ക്കിടന്ന ചെരുപ്പു ഊരി റോഡിന്റെ സൈഡില്‍ വച്ച് ബസ്സിന്റെ ചവിട്ടുപടി വന്ദിച്ച് വണങ്ങി ബസ്സിലോട്ടു കയറി. ഞാന്‍ കയറിയതും, എല്ലാവരും കൂടി കൂട്ടച്ചിരി തുടങ്ങി. എനിക്കൊന്നും മനസ്സിലായില്ല. അടുത്തിരുന്ന പെണ്‍കൊച്ചിനോടു പറഞ്ഞു:-
'ഒരു പുണ്യാളന്റെ വണ്ടിയിലിരുന്നു ചിരിക്കുന്നതു പാപമല്ലേ? ഇവരെന്നാ വട്ടന്മാരാണോ..?'
'വല്ല്യമ്മേ.... ഇതു പുണ്യാളന്റെ വണ്ടിയല്ല. കള്ളു കച്ചവടക്കാരന്‍ അന്ത്രോസിന്റെ വണ്ടിയാ.'
എനിക്കങ്ങോട്ടു ദേഷ്യം ഇരച്ചുകയറി. ഞാന്‍ പയ്യനോടു പറഞ്ഞു:-
'എടാ കപ്യാരെ....വണ്ടി നിര്‍ത്ത്....! നിന്നോടാ പറഞ്ഞത് വണ്ടിനിര്‍ത്താന്‍.'
വണ്ടി നിര്‍ത്തി. ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങാന്‍ നേരം മനസ്സിലോര്‍ത്തു. അഞ്ചു ദിവസം നോയമ്പുനോറ്റത് വെറുതെയായല്ലോ എന്റെ പുണ്യാളാ...!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക