Image

കാർത്തിക (കഥ: രമണി അമ്മാൾ)

Published on 03 September, 2021
 കാർത്തിക (കഥ: രമണി അമ്മാൾ)
"കാർത്തി" എന്ന്  എല്ലാരും വിളിക്കുന്ന കാർത്തിക, ഒരാണായിട്ടു ജനിക്കേണ്ടതായിരുന്നുവെന്ന് ആദ്യ കാഴ്ചയില്‍ ആർക്കും തോന്നിക്കൂടായ്കയില്ല...
എനിക്കു തോന്നി..
നല്ല കട്ടിയുളള നീണ്ടു കറുത്ത തലമുടി മാത്രമായിരുന്നു
പ്രത്യക്ഷത്തിൽ അവളെ സ്ത്രീയെന്നു തോന്നിപ്പിക്കുന്ന ഒരേയൊരു വസ്തുത..അതും മെടഞ്ഞു ചുരുട്ടി ക്യാപ്പിനുളളിലേക്കു തിരുകി ടീഷർട്ടും അയഞ്ഞ പാന്റ്സുമിട്ട് സൈക്കിളിൽ പറന്നുപോകുന്നതു കണ്ടാൽ ആണു തന്നെ..
നന്നേ മെലിഞ്ഞ്,  ആറടിപ്പൊക്കത്തിൽ ഉറച്ച മസിലുകളോടെ, പരുക്കൻ ശബ്ദത്തോടെ...!
എന്നും അതിരാവിലെ കിലോമീറ്ററുകളോളം നീളുന്ന സൈക്കിൾ സവാരി..
കല്യാണവും പ്രസവവുമൊക്കെയായി മുടങ്ങിയിരിക്കയായിരുന്നുപോലും..
കാർത്തിയുടെ ഓഫീസിലേക്കുളള വരവ് സാരിയുടുത്തുമാത്രമാണു കേട്ടോ..
വാരിവലിച്ചുളള ഉടുപ്പൊന്നുമല്ല..
കോട്ടൻസാരികൾ മാത്രം.. കഞ്ഞിമുക്കിയുണക്കി തേച്ച്, ഭംഗിയിൽ ഉടുത്തുവരും... 
സൈക്ക്ളിംഗിൽ സ്റ്റേറ്റ് ചാമ്പ്യനായിരുന്നതുകൊണ്ട് സ്പോർട്സ് ക്വാട്ടയിൽ സർക്കാർ സർവ്വീസിൽ എൽ.ഡി.സിയായി
ജോലികിട്ടിയതാണ്..
എവിടെയോ ഒരു ചെറിയ സ്പെല്ലിംഗ് മിസ്റ്റേക്കില്ലേന്നു തോന്നിക്കുന്ന സംസാരവും പെരുമാറ്റവും...
ആളൊരു പഞ്ചപാവമാണ്.. വല്ലപ്പോഴുമൊക്കെ മനസ്സു തുറക്കുന്നത് എന്റെയടുത്തു മാത്രമായിരുന്നു.
എന്റെ സെക്ഷനിൽ ജോയിൻ ചെയ്യുമ്പോൾ കാർത്തി ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. 
മൂന്നുമാസംമാത്രം നീണ്ട ദാമ്പത്യം സമ്മാനിച്ച പെൺകുഞ്ഞിന്റെ..
ഗർഭിണിയായി പ്രസവവും കഴിഞ്ഞശേഷമേ കാർത്തി പെണ്ണാണെന്ന് ചിലരെങ്കിലും വിശ്വസിച്ചിട്ടുണ്ടാവൂ..
ആ കുട്ടിയുടെ ശമ്പളം മാത്രം മതിയായിരുന്നു ഭർത്താവിന്...
അബദ്ധത്തിലൊരു കുഞ്ഞുണ്ടായിപ്പോയതാണുപോലും.. അവഗണനയും സാനേഹരാഹിത്യവും നാൾക്കുനാൾ ബന്ധം മുന്നോട്ടു കൊണ്ടുപോകാമെന്ന പ്രതീക്ഷ ഇല്ലാതാക്കി..
ഭത്തൃവീട്ടിൽനിന്നും മലക്കപ്രായം കുഞ്ഞുമായിറങ്ങേണ്ടിവന്നു.... എങ്ങോട്ട്..!  ഭാര്യയുടെ ശക്തമായ താക്കീതു കാരണം ഒരേയൊരു സഹോദരൻ കുടുംബവീടിന്റെ പടിവാതിൽ അടച്ചുകളഞ്ഞു..
അകന്ന ബന്ധുവീട്ടിലഭയംതേടേണ്ടിവന്നു...എത്രനാൾ..!
വിവാഹത്തിനുമുൻപുളള ശമ്പളം മുഴുവൻ സ്വന്തം വീടിനുവേണ്ടി ചിലവഴിച്ചു.. 
വിവാഹശേഷം ശമ്പളം അതേപടി ഭർത്താവും കൈപ്പറ്റി.. .
കരുതൽ ധനമായി ഒന്നുമില്ല..
ജീവിതം ഇനി ഒന്നേന്നു തുടങ്ങണം..
താമസക്കാരുളള ഒരു വീടിന്റെ പോർഷൻ ആരോ തരപ്പെടുത്തിക്കൊടുത്തു...
വിവാഹമോചനം ആവശ്യപ്പെട്ട് കുടുംബകോടതിയിൽ കേസും ഫയലുചെയ്തു..
കാർത്തിയുടെ കുഞ്ഞ്  നല്ല ഓമനത്തമുളള, ആരോഗ്യമുളള കുഞ്ഞായിരുന്നു.. പ്രസവിച്ചതോടുകൂടി കാർത്തിക്കും 
പെണ്ണിന്റെതായ ശാരീരികമാറ്റങ്ങളുണ്ടായി. ഒട്ടിയ കവിളുകളിൽ ദശവന്നുമൂടി. ഉളളിലേക്കു വലിഞ്ഞിരുന്ന വയർ പുറമേയ്ക്കു പ്രത്യക്ഷമായി..
ആറുമാസം പ്രായമുളള കുഞ്ഞിനെ ഓഫീസിനടുത്തുളള ഡേ കെയറിലാക്കിയ ആദ്യ ദിവസങ്ങളിൽ ഇടയ്ക്കേതെങ്കിലും സമയത്ത്  ഡേകെയറിലേക്കു ചെല്ലും..
ബാങ്കുദ്യോഗസ്ഥരുടേയും മറ്റും മൂന്നുമാസംമാത്രം പ്രായമുളള കുഞ്ഞുങ്ങളും ഇതേ ഡേകെയറിലുണ്ടെന്നുളളത് കാർത്തിക്ക് സമാധാനമായിരുന്നു.
രാവിലത്തെ തിരക്കിനിടയിൽ എനിക്ക് ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാൻ  നേരം കിട്ടാറില്ല..
പാത്രത്തിലെടുക്കുമ്പോൾ 
കാർത്തിക്കുംകൂടി ഞാൻ കരുതും..
കാന്റീനിൽ പോയി ചായയോടൊപ്പമിരുന്നു കഴിക്കുമ്പോൾ കാർത്തിയുടെ വാക്കുകൾക്ക് ഞാനൊരു ശ്രോതാവാകും... 
സ്വന്തമായൊരു ഫ്ളാറ്റു ലോണെടുത്തു വാങ്ങാനുളള ശ്രമത്തിലാണു കാർത്തിക..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക